ശ്യാമള ജീവിതപോരാട്ടം തുടരുകയാണ്!
ശ്യാമള ! പത്തനംതിട്ടയിലെ കുന്നന്താനത്തെ അഞ്ചു സെൻ്റിൽ ഒരു ജീർണ്ണിച്ച വീടുണ്ട്. അതിൽ തളർന്നു കിടക്കുന്ന 60 വയസ്സിനോടടുക്കുന്ന രണ്ടാങ്ങളമാർക്കും 63 വയസ്സുള്ള അവൾ ഏക വെല്യേച്ചിയാണ്.ഹൃദ്രോഗിയായ പിതാവിനും (അദ്ദേഹം മരണമടഞ്ഞു) അവശനിലയിൽ കിടക്കുന്ന അമ്മയ്ക്കും അവൾ ഏകമോളൂട്ടിയാണ്.

എന്നാൽ, അവൾക്കോ?ആരുമില്ലതാനും, സാരമില്ലെന്നു പറയാൻ ഒപ്പമുണ്ടെന്നു ചൊല്ലാൻ.ഒന്നു ചേർത്തണച്ചാശ്വസിപ്പിക്കാൻ! അസാമാന്യ പെൺകരുതലിൻ്റെ മറുവാക്കായ ശ്യാമളയുടെ കണ്ണീർലോകത്തിൻ്റെ കരളലിയിക്കുന്ന കഥ ലോകത്തോടു പറഞ്ഞത് ഇന്നത്തെ (2021 വെള്ളി, 2 ജൂലൈ ) മാതൃഭൂമിയാണ്
ശ്യാമള ! സമ്പൂർണ്ണംതളർന്ന സഹോദരങ്ങളെയും അവശനിലയിലായ മറ്റു കുടുംബാംഗങ്ങളെയും കൈകളിലെടുത്ത് പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനുപോലും സഹായിക്കുന്നതിനിടയിൽ വിവാഹമുൾപ്പടെയുള്ള സ്വകാര്യസ്വപ്നങ്ങളെല്ലാം ഹോമിച്ച ഒരു സ്ത്രീരത്നമാണവൾ!നീണ്ട നാല്പത്തിമൂന്നു വർഷങ്ങളായി,പെൺകരുതലിൻ്റെയും, മനക്കരുത്തിൻ്റെയും പ്രതീകമായി, അവർക്കുവേണ്ടി അവളങ്ങനെഉരുകിയുരുകിത്തീരുകയാണ് ! കത്തിയുരുകിയൊലിച്ച് നല്ല പ്രായവും കടന്നു പോയിക്കഴിഞ്ഞു.ഇപ്പോൾ വയസ്സ് അറുപത്തിമൂന്ന്!
തൻ്റെ സ്വകാര്യസ്വപ്നങ്ങൾ അവർ വേണ്ടെന്നുവച്ചതാകാൻ വഴിയില്ല. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സ്വപ്നം കാണാൻപോലും സ്നേഹനിധിയായ ആ വല്യേച്ചിക്ക് നേരമില്ലായിരുന്നു – അതല്ലേ കൂടുതൽ ശരി? ഏതായാലും, ഇനിയെന്ത്? സമൂഹത്തിന് ഉത്തരവാദിത്വമില്ലേ?പതിനാലാം പിറന്നാൾ കഴിഞ്ഞാണ് തൻ്റെ പ്രിയ സഹോദരന് കൈകാലുകളിലെ മാംസപേശികൾ ശോഷിക്കുന്ന രോഗം പിടിപെട്ടത്. രോഗത്തിൻ്റെ പേര്: പ്രോഗ്രസീവ് മസ്ക്കുലറി ഡിസ്ട്രോഫി’.എട്ടാം വയസ്സിൽത്തന്നെ അടുത്ത ആങ്ങളയ്ക്കും അതേ രോഗം ! അതിനിടെ അച്ഛനും ഹൃദ്രോഗിയായി. അവരെ കട്ടിലിൽ വിധിക്ക് വിട്ടു കൊടുത്തിട്ട് സ്വന്തം കാര്യം നോക്കിപ്പോകുകയെന്നത് സ്നേഹനിധിയായ അവൾക്ക് അചിന്തനീയമായിരുന്നു. നിത്യവൃത്തിക്കും ചികിത്സയ്ക്കും മരുന്നിനും പണം വേണം. അങ്ങനെ അവൾ അതിജീവനത്തിൻ്റെ ഒരൊറ്റയാൾ പോരാട്ടത്തിലേർപ്പെട്ടു.
അത് ഒരു പോരാട്ടം തന്നെയായിരുന്നു.തന്നെ മുച്ചൂടും മുക്കാനെത്തിയ ദുർവിധിയുടെ ബലിമൃഗമായിത്തീരാൻ മനസ്സില്ലാതെ സകല ശക്തിയുപയോഗിച്ച് അസാമാന്യ മനക്കരുത്തോടെ പടപൊരുതുകയായിരുന്നവൾ. അനന്യസാധാരണമായ മാതൃപിതൃസഹോദര സ്നേഹത്തിനു മുമ്പിൽ പ്രതിബന്ധമായി നിന്നതൊക്കെ അവൾ ഒറ്റയ്ക്ക് തട്ടിമാറ്റി – സ്വന്തം ഭാവിസ്വപ്നങ്ങൾ ഉൾപ്പെടെ!ചെറുപ്പം മുതൽ ഒഴിയാതെത്തിയ ദുരിതപർവ്വങ്ങൾക്കിടയിലും നിശ്ചയദാർഢ്യത്തോടെ ശ്യാമള പഠിച്ചു, ബിരുദം നേടുകയും നാട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുത്ത് ശ്യാമള ടീച്ചറാകുകയും ചെയ്തു.
അങ്ങനെ കിട്ടുന്നതും, സഹോദരങ്ങളുടെ വികലാംഗ പെൻഷനും ചേർത്തുള്ള തുച്ഛമായ വരുമാനം കൊണ്ടവർ രണ്ടറ്റവും കൂട്ടിമുട്ടിച്ചു. കോവിഡ്പൂട്ടിൽ ട്യൂഷൻ വരുമാനവും നിലച്ചു.2005 – ൽ അച്ഛൻ മരിച്ചതോടെയാണ് അമ്മ രത്നമ്മയും അവശതയിലായത്. അതുവരെ അമ്മയുണ്ടായിരുന്നു കൂട്ടിന്. ഇപ്പോൾ അവൾ അക്ഷരാർത്ഥത്തിൽ ഒറ്റയ്ക്കാണ് പോരാടുന്നത്, മറ്റ് മുതിർന്ന മൂന്നു പേർക്ക് വേണ്ടി!സമൂഹത്തിനും സർക്കാരിനും അവരെ സഹായിക്കാനാകും എന്നത് പ്രത്യാശ പകരുന്നുണ്ട്.അച്ഛൻ്റെ കുടുംബസ്വത്തായി ചമ്പക്കുളത്ത് 32 സെൻറ് സ്ഥലമുണ്ട്. നോക്കി നടത്താൻ ആളില്ല. വിറ്റു കിട്ടുന്ന തുക കുടുംബ സംരക്ഷണത്തിനും ചികിത്സയ്ക്കും ഉപകാരപ്പെടും. അച്ഛൻ മരിച്ചു പതിനാറു വർഷം കഴിഞ്ഞിട്ടും ഇത് സ്വന്തം പേരിലാക്കാൻ ആ മകൾക്ക് കഴിഞ്ഞിട്ടില്ല. അച്ഛൻ്റെ പോലീസിലെ സേവന കാലം കണക്കാക്കി കുടുംബപെൻഷൻ കിട്ടാനുള്ള അവസരവുമുണ്ട്. ഒന്നു പൊട്ടിക്കരയാൻ പോലും നേരമില്ലാത്ത, പ്രായമേറിയ ഒരു സ്ത്രീ എങ്ങനെ ഇതിൻ്റെയൊക്കെ പുറകെ പോകും -ബന്ധപ്പെട്ടവർ കനിയുമോ?
നീണ്ട 43 വർഷമെടുത്തു ഒരു പത്രത്തിന് ഈ വാർത്ത കണ്ടെടുക്കാൻ . ഒത്തിരിതാമസിച്ചാലെന്താ അർഹിക്കുന്ന പ്രാധാന്യത്തോടെ മാതൃഭൂമി അതു പ്രസിദ്ധീകരിച്ചുണ്ട്. “ലേറ്റായാലും…..!” മാതൃഭൂമിയുടെ മനുഷ്യത്വം പ്രകടമാക്കുന്ന പല സ്റ്റോറികളിൽ പ്രധാനപ്പെട്ടയൊന്നായി ഇതു വിളങ്ങുന്നു. ഈ വാർത്ത അവളുടെ കദനജീവിതത്തിന് അനല്പമായ ആശ്വാസം പകരാൻ ഇടയാക്കുമെന്നാണ് പ്രതീക്ഷ..
കടപ്പാട്:- ഫാ. സൈമൺ

