നഴ്സിംഗ് പ്രൊഫഷനെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. ഓർമ്മയുള്ളപ്പോൾ മുതൽ നഴ്‌സുമാരെ അറിയാം. ജീവിതത്തിൽ ഏറ്റവും കടപ്പാടും നഴ്‌സുമാരോടാണ്.

ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ്റെ അകാല മരണം ഒഴിവാക്കിയത് കുടുംബസുഹൃത്തായ ഒരു നഴ്സിൻ്റെ മാത്രം ഇടപെടൽ ആണ്. കൗസല്യ ആൻ്റി.

ഒരു സ്വകാര്യാശുപത്രിയിൽ ശരിയായ രോഗനിർണയവും ചികിത്സയും കിട്ടാതെ അബോധാവസ്ഥയിൽ കഴിഞ്ഞ അച്ഛനെ ആശുപത്രിയുടെ എതിർപ്പിനെ മറികടന്ന് ഒരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് കൗസല്യ ആൻ്റിയായിരുന്നു. അതിനാലാണ് അച്ഛനെ തിരിച്ചു കിട്ടിയത്. ഡോ: സി.കെ. ഗോപി എന്ന വലിയ ദിഷഗ്വരൻ്റെ കഴിവായിരുന്നു പിന്നീടുള്ള രോഗനിർണയവും ചികിത്സയും. അദ്ദേഹം വളരെ മുമ്പേ മരിച്ചു പോയെങ്കിലും മക്കളായ ഡോക്ടർ മീര ഗോപിയും ജയൻ ഗോപിയും അവരുടെ ജീവിതപങ്കാളികളും അടുത്ത സുഹൃത്തുക്കളാണ്. അന്ന് കൗസല്യ ആൻ്റിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ മരണശേഷവും ഞങ്ങൾക്ക് പറഞ്ഞഭിമാനിക്കാൻ കഴിയുന്ന വലിയ മനുഷ്യനായി അച്ഛൻ വളരില്ലായിരുന്നു. എൻ്റെ വലിയ ആഗ്രഹങ്ങൾ എല്ലാം ഏഴാം ക്ലാസിൽ അവസാനിച്ചേനേ.

അമ്മയ്ക്കൊപ്പം കൊല്ലത്ത് കോളേജിൽ പഠിച്ച രണ്ട് പേർ നഴ്സിംഗ് പഠിച്ച് പിൽക്കാലത്ത് ഞാൻ മെഡിസിന് പഠിക്കുമ്പോൾ തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽമാരായി. മറ്റ് വിദ്യാർത്ഥികൾ നിൽക്കുമ്പോൾ അവർ എന്നെ ലാലേ എന്നും ഒറ്റയ്ക്കുള്ളപ്പോൾ മോനേ എന്നും വിളിച്ചിരുന്നു. എം.ബി.ബി.എസ് ക്ലാസ്മേറ്റ് ആയ പ്രിയ സുഹൃത്ത് ഡോ: ഹേമചന്ദ്രൻ്റെ അമ്മ നഴ്സിംഗ് സൂപ്രണ്ടായിരുന്നു. ഞങ്ങളുടെയെല്ലാം അമ്മയായിരുന്നു. നാട്ടുകാർക്ക് നഴ്സമ്മയും.

മെഡിക്കൽ കോളേജിൽ കൂടെപ്പഠിച്ച ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ പലരും ഇപ്പോഴും സുഹൃത്തുക്കളാണ്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ചെറിയ മാർക്കിൻ്റെ വ്യത്യാസത്തിലാണ് എം.ബി.ബി.എസ് അഡ്മിഷൻ ആഗ്രഹിച്ച പലരും അന്ന് നഴ്‌സിംഗിന് ചേർന്നത്. അവരിൽ പലർക്കും പ്രീഡിഗ്രിക്ക് ഞങ്ങളേക്കാൾ മാർക്കുണ്ടായിരുന്നു. ഇതിൽ ചിലർ പിന്നീട് വലിയ പദവികളിൽ എത്തി. ചിലർ പ്രൊഫസർമാരായി. മറ്റു ചിലർ അമേരിക്കയിൽ നഴ്സ് പ്രാക്ടീഷണർമാരായി. ഇനിയും ചിലർ അമേരിക്കയിൽ എം.ഡി എടുത്ത് ഡോക്ടർമാരായി. പുതിയ ഒരു കാര്യവും പറയാം. കേരളത്തിലെ ആനിസ് ജോയ് ആണ് ഐ.എ.എസ് നേടിയ ആദ്യ നഴ്‌സ്. വളരെ സമർത്ഥരായ വിദ്യാർത്ഥികളാണ് അന്നും ഇന്നും നഴുസുമാരായിരുന്നത്.

എം.ബി.ബി.എസ്-ന് നാലര വർഷത്തെ പഠനശേഷം ഹൗസ് സർജൻ ആകുമ്പോൾ പ്രായോഗികമായ പല കാര്യങ്ങളും ഞങ്ങൾ പഠിക്കുന്നത് സീനിയർ നഴ്സുമാരിൽ നിന്നാണ്. ഉച്ച കഴിയുമ്പോൾ പ്രധാന ഡോക്ടർമാർ ഒഴിയുന്ന വാർഡുകളിൽ മുതിർന്ന നഴ്‌സുമാരാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ചികിത്സാരംഗത്ത് നന്മകൾ നിലനിർത്തുന്നതിൽ പ്രധാനികൾ അവരാണ്.

ഞാൻ പ്രസിദ്ധീകരിച്ച ‘വൈറ്റ് കോട്ട് ജംഗ്ഷൻ’ എന്ന നോവലിൽ വായനക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ എലിക്കുട്ടി സിസ്റ്ററിൻ്റെ സ്ഥാനം ഏറ്റവും മൂന്നിലാണ്. ആറാം വാർഡിലെ യഥാർത്ഥ ജീവിതത്തിൽ നിന്ന് എനിക്ക് കിട്ടിയ കഥാപാത്രം. ഒപ്പം സാവിത്രി സിസ്റ്ററും മറ്റു ചില നഴ്സുമാരും.

നഴ്‌സുമാരെ ഇത്രയും ബഹുമാനിക്കുകയും സ്നേഹിക്കുകയും അവരോടുള്ള കടപ്പാട് ഓരോ നിമിഷവും ഓർക്കുകയും ചെയ്യുന്ന ഞാൻ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ക്രൂരമായ റാഗിംഗ് നടത്തിയ ക്രിമിനലുകൾ ഒരിക്കലും നഴ്‌സിംഗ് തൊഴിലിന് അർഹരല്ല. കലർപ്പില്ലാത്ത ക്രിമനലുകളാണ് അവർ.

പല നല്ല പ്രൊഫഷനുകളിലും ഇതുപോലെ കൊടും ക്രിമിനലുകൾ എത്തിപ്പെടും. കാരണം, പ്രവേശന പരീക്ഷകൾക്ക് പാഠ്യ വിഷയങ്ങളിലെ ഓർമശക്തി മാത്രമേ പരീക്ഷിക്കാൻ കഴിയൂ. ക്രിമിനൽ സ്വഭാവം തിരിച്ചറിയാൻ കഴിയില്ല.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നാളെ കേസിനെ ഏത് വഴിക്ക് തിരിച്ചുവിട്ടാലും, കുറ്റവാളികൾ നാളെ പുറത്തിറങ്ങിയാലും, നഴ്സിംഗ് സമൂഹം അവരെ ഉൾക്കൊളളരുത്. പുറന്തള്ളണം. അവർ കൊടും ക്രിമിനലുകളാണ്.

മറ്റുള്ളവരുടെ വേദനകൾ പരിഹരിക്കാനായി ജീവിതം മാറ്റിവയ്ക്കേണ്ട ആതുര ശുശ്രൂഷയിൽ നമുക്ക് ക്രിമിനലുകളെ വേണ്ട. ബാക്കിയുള്ളവർ മതി.

ഡോ: എസ്.എസ്. ലാൽ

നിങ്ങൾ വിട്ടുപോയത്