നമ്പർ പച്ചകുത്തിയ സ്ത്രീ
2021 മെയ് 26 ബുധനാഴ്ച.
വത്തിക്കാനിലെ ജനറൽ പൊതുദർശനത്തിനു ശേഷം ജനങ്ങൾക്കിടയിലൂടെ നടക്കുകയാണ്
ഫ്രാൻസിസ് പാപ്പ.
എൺപതു വയസുകാരി
ലിദിയ മാക്സിമോവിസ്
(Lidia Maksymowicz) എന്ന സ്ത്രീയെ പാപ്പ ആ തിരക്കിനിടയിലും പരിചയപ്പെട്ടു. ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ പാപ്പയെ കാണിച്ചു.
അവരുടെ കരം പിടിച്ച് പച്ചകുത്തിയ ഭാഗത്ത് പാപ്പ ചുംബിച്ചു. പിന്നീട് ആലിംഗനത്തിനു ശേഷം നിറുകയിൽ കരം വച്ച് അനുഗ്രഹിച്ചു.
ആ നിമിഷത്തെക്കുറിച്ച് ലിദിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:
”ഞങ്ങൾ തമ്മിൽ അധികം സംസാരിച്ചില്ല. എൻ്റെ കൈയിലെ
ആ നമ്പർ കണ്ടതേ പാപ്പയ്ക്ക് കാര്യം മനസിലായി. അദ്ദേഹം എൻ്റെ കരം ചുംബിച്ച് അനുഗ്രഹിച്ചു….
എൻ്റെ മിഴികൾ നിറഞ്ഞിരുന്നു.”
ഇത് വായിക്കുന്ന നിങ്ങളും ആ നമ്പറിൻ്റെ പൊരുൾ തേടുകയായിരിക്കും. വർഷങ്ങൾക്കു മുമ്പ് ഹിറ്റ്ലറുടെ നാസി തടങ്കൽ പാളയത്തിലെ അംഗമായിരുന്നു ലിദിയ.
അന്ന് അവർക്ക് മൂന്നു വയസ്. ആ ക്യാമ്പിൽ പ്രവേശിക്കുന്നവർക്ക് പേരുകളില്ല. നമ്പർ മാത്രം. പച്ചകുത്തപ്പെട്ട നൊമ്പരത്തിൻ്റെ
ആ ഓർമയിലാണ് ഫ്രാൻസിസ് പാപ്പ ചുംബിച്ചത്.
ഓഷ്വിറ്റ്സിലെ കോൺസൺട്രേഷൻ ക്യാമ്പ് ഞാനും സന്ദർശിച്ചിട്ടുണ്ട്.
മനുഷ്യന് സഹജീവികളോട് ഇത്രമാത്രം ക്രൂരതകാണിക്കാൻ എങ്ങനെ കഴിയും എന്ന ചിന്തയായിരുന്നു മനം നിറയെ.
ഓഷ്വിറ്റ്സ് എന്നു കേൾക്കുന്നതേ ഏവരുടെയും മനസിൽ വരിക ഹിറ്റ്ലർ ആയിരിക്കും. ഓർക്കേണ്ട മറ്റൊരു വ്യക്തി കൂടിയുണ്ട്, ‘മരണത്തിൻ്റെ മാലാഖ’ എന്നറിയപ്പെട്ടിരുന്ന ജോസഫ് മെൻഗളെ എന്ന ശാസ്ത്രജ്ഞൻ.
അദ്ദേഹമായിരുന്നു തടവുകാരിൽ മരുന്നുകൾ പരീക്ഷിച്ചിരുന്നത്.
ഇരട്ട കുട്ടികളിൽ ഒരേ സമയം വിഷം കുത്തി വച്ച് അവർ ഒരുമിച്ച് മരിക്കുമോ എന്ന ക്രൂര പരീക്ഷണം പോലും അയാൾ നടത്തിയിട്ടുണ്ട്.
ഇന്നിവ ഓർക്കാൻ കാരണം ആ സുവിശേഷ ഭാഗമാണ്.
മുന്തിരിത്തോട്ടത്തിൻ്റെ അവകാശം സ്വന്തമാക്കാൻ ഭൃത്യന്മാരെയും യജമാനൻ്റെ ഏകമകനെയും കൊന്ന കൃഷിക്കാരുടെ ഉപമ (Ref മർക്കോ 12:1-12). അക്രമത്തിലൂടെ ഒന്നും സ്വന്തമാക്കാൻ കഴിയാതെ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ കൃഷിക്കാരെയാണ് ഉപമയുടെ അവസാനത്തിൽ നമ്മൾ കാണുക.
ഒരു പ്രത്യേക ആശയത്തിൻ്റെ പേരിൽ ലക്ഷക്കണക്കിന് മനുഷ്യരെ വധിച്ച ഹിറ്റ്ലറിന് മനുഷ്യമനസുകളിൽ ക്രൂരതയുടെ പര്യായമായ് മാറാനേ കഴിഞ്ഞുള്ളൂ.
തിന്മയുടെ വിജയം താത്ക്കാലികമാണ്.
അത് നൽകുന്ന സന്തോഷമാകട്ടെ നൈമിഷികവും…
തിരുവചനം ഓർമ്മിപ്പിക്കുന്ന
ഈ ലഘു ചിന്തയിലേക്ക് നമ്മുടെ ഹൃദയങ്ങൾ ചേർന്ന് നിൽക്കട്ടെ!
ഫാദർ ജെൻസൺ ലാസലെറ്റ്