കൊച്ചി ;പാലാ രൂപതയിലെ കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന കേന്ദ്രത്തിലെ വിശ്വാസികളെ, മെത്രാനെന്ന നിലയിലുള്ള പ്രബോധനാധികാരം ഉപയോഗിച്ച് പ്രബുദ്ധരാക്കിയ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകളെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ അഭിനന്ദിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു .
‘അഭിവന്ദ്യ മാർ കല്ലറങ്ങാട്ട് പിതാവ് ചൂണ്ടിക്കാണിച്ചതും പൊതു സമൂഹത്തിൽ വരും നാളുകളിൽ, കടുത്ത വെല്ലുവിളികൾ ഉയർത്തുന്നതുമായ ഇത്തരം വിഷയങ്ങളിൽ സഭാ മക്കൾ ജാഗ്രത പുലർത്തണമെന്നും,ഇത്തരം യാഥാർത്ഥ്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി,സമൂഹത്തിന്റെ സുസ്ഥിതിക്കായി അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും,തീവ്രവാദ,മയക്കുമരുന്ന് സംഘങ്ങളെ പരോക്ഷമായി പിന്തുണച്ച് സാമുദായിക മൈത്രി തകർക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും ബന്ധപ്പെട്ട രാഷ്ട്രീയ,സാമുദായിക സംഘടനാ നേതൃത്വങ്ങളോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു.’- സീറോ മലബാർ സഭ ,അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അറിയിച്ചു .