ഒരു വർഷത്തിലധികം കഴിഞ്ഞു ട്രെയിൻ യാത്ര നടത്തിയിട്ട്. ആദരണീയനായ ഇന്ത്യയുടെ രാഷ്ട്രപതി റാം നാഥ് കോവിന്ദിൻ്റെ ഇന്നലത്തെ ട്രയിൻ യാത്രയെക്കുറിച്ചുള്ള വാർത്തയാണ് ഇക്കാര്യം ഓർക്കാൻ പ്രേരിപ്പിച്ചത്.

5 രൂപയ്ക്ക് ആലുവായിൽ നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്തതും 55 രൂപയ്ക്ക് തിരുവനന്തപുരത്തേയ്ക്കും പോയതും ഓർമ്മയിൽ മിന്നി മറിഞ്ഞു. ഇനി ആ യാത്ര എന്നാണ് സാധ്യമാകുക എന്ന ചോദ്യവും.
2008 വരെ ഉണ്ടായിരുന്ന പ്രത്യേക ട്രെയിൻ “പ്രസിഡൻഷ്യൽ സലൂൺ” എന്ന അനുബന്ധ വാർത്തയാണ് 5 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന പുഷ് പുളളും മെമ്മുവും ഓർമ്മയിൽ എത്തിച്ചത്.
(ചിലവ് കുറഞ്ഞ യാത്രയും സന്തോഷമുള്ള കാര്യമാണല്ലോ?)

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ഇന്ത്യ മുഴുവൻ സഞ്ചരിച്ചത് ട്രെയിനിലാണ്. 1956 ൽ ആരംഭിച്ച പ്രസിഡൻഷ്യൽ സലൂൺ തുടർന്നു വന്ന രാഷ്ട്രപതിമാർ – ഡോ.രാജേന്ദ്രപ്രസാദ്, ഡോ.എസ്.രാധാകഷ്ണൻ, ഡോ.സക്കീർ ഹുസൈൻ, ഡോ.വി.വി.ഗിരി, ഡോ.എൻ.സജീവറെഡ്ഡി എന്നിവരുടെ യാത്രകൾക്കും ഉപയോഗിച്ചു..

1977നുശേഷം ചെങ്കോട്ടയുടെ നിറമുണ്ടായിരുന്ന, കോച്ചുകൾ സവിശേഷ സൗകര്യങ്ങളോടെ രൂപപ്പെടുത്തിയ പ്രസിഡൻഷ്യൽ സലൂൺ ഇന്ത്യൻ റെയിൽവേയുടെ ഗ്യാരേജിലേക്ക്.

പിന്നീട് ഡോ.എ.പി.ജെ അബ്ദുൾ കലാം രാഷ്ട്രപതി പദവിയിലെത്തിയപ്പോൾ പ്രസിഡൻഷ്യൽ സലൂൺ 26 വർഷങ്ങൾക്കു ശേഷം വീണ്ടും ഓട്ടം തുടങ്ങി.
പതിനഞ്ച് വർഷങ്ങൾക്കു മുൻപ് 2006ൽ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഡൽഹിയിൽ നിന്ന് ഡറാഡൂണിലേക്ക് നടത്തിയ ട്രെയിൻയാത്രയോടെ പ്രസിഡൻഷ്യൽ സലൂൺ വീണ്ടും ഗ്യാരേജിൽ കയറി.

ഇപ്പോൾ പതിനഞ്ച് വർഷങ്ങൾക്കു ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദ് കാൻപൂരിലെ തൻ്റെ ജന്മനാട്ടിലേക്കു രണ്ടു ദിവസത്തെ സന്ദർശനത്തിന് ട്രെയിൻ യാത്ര തിരഞ്ഞെടുത്തതോടെ വീണ്ടും വാർത്തകളിൽ രാഷ്ട്രപതിയുടെ ട്രെയിൻ യാത്ര ഇടം നേടി.
കോവിഡാനന്തര യാത്രകൾക്കു തയ്യാറെടുക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്കു രാഷ്ട്രപതിയുടെ ട്രെയിൻയാത്ര ആവേശം പകരുമെന്ന് കേന്ദ്ര റെയിൽമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. കേരളത്തിൽ ഓടുന്ന ട്രെയിനുകളിലെ ബോഗികളുടെ ശോച്യാവസ്ഥയും സൗകര്യങ്ങളും ഓർത്തപ്പോൾ ആ ആവേശം എന്നിൽ ഒട്ടും തലപ്പൊക്കിയില്ല. മാത്രമല്ല കോച്ച് ഫാക്ടറിയ്ക്കുവേണ്ടി 1980ൽ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയ ആർ.ബാലകൃഷ്ണപിള്ള എൻ്റെ ഓർമ്മയിലേക്ക് ഓടിയെത്തുകയും ചെയ്തു.മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയ പ്രസംഗം 2O21മെയ് 3ന് അദ്ദേഹത്തിൻ്റെ ചരമദിനത്തിൽ പലരും ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു.
ഇന്ത്യൻ റെയിൽവേയ്ക്കു ലാഭം മാത്രം നൽകിയിട്ടുള്ള കേരളത്തിന് കൂടുതൽ വിഹിതവും മെച്ചപ്പെട്ട സേവനങ്ങളും ലഭിക്കണമെന്ന ആവശ്യം ഇനിയും ഉറക്കെ പറയുക തന്നെ വേണം.

ഷാജിജോർജ്