വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്. പിന്നീട് ആലോചിച്ചപ്പോഴാണ് മനസിലായത് അതില്‍ അമ്പരക്കേണ്ട കാര്യമില്ലെന്ന്. കാരണം, പോലീസ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന ‘ഗ്രാമീണ’ ഭാഷയുമായി താരതമ്യം ചെയ്താല്‍ ചുരുളിയിലെ ഭാഷാപ്രയോഗങ്ങളൊക്കെ എത്ര നിസാരമെന്നും ഇതിനൊക്കെയാണോ ആളുകള്‍ പരാതിപ്പെടുന്നതെന്നും സമിതിക്ക് തോന്നിയിട്ടുണ്ടാകാം.
ഭാഷ സഭ്യമല്ലാത്തതിനാല്‍ ഒടിടി പ്ലാറ്റ്ഫോമില്‍നിന്നും സിനിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.
കേസ് ആദ്യം പരിഗണിച്ചപ്പോള്‍ അതിലെ പ്രയോഗങ്ങള്‍ കേട്ട് കോടതി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പദപ്രയോഗങ്ങള്‍ അതിഭീകരമെന്നായിരുന്നു ജസ്റ്റിസ് എന്‍. നാഗരേഷ് നിരീക്ഷിച്ചത്. ചിത്രത്തില്‍ അസഭ്യവാക്കുകളുടെ അമിത പ്രയോഗം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം വാക്കുകള്‍ വീടുകളില്‍ ആരും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടില്ലെന്നുമായിരുന്നു കോടതി അന്ന് വാക്കാല്‍ പറഞ്ഞത്.പരസ്യമായി തെറിപറയാനുള്ള ആഗ്രഹം നിറവേറ്റാന്‍ നിര്‍മിച്ച സിനിമയാണോ ഇതെന്ന് കാണുന്ന സാധാരണക്കാര്‍ക്ക് സംശയം ഉണ്ടാകുമെന്നതില്‍ സംശയമില്ല.
മനുഷ്യന്റെ ഹോബികളൊക്കെ ഇപ്പോള്‍ പലവിധത്തിലാണല്ലോ. ഇനി ഒരുപാടു ബുദ്ധിയുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. ഈ സമിതി ഇങ്ങനെ ബുദ്ധിപൂര്‍വം ഒരു തീരുമാനം എടുക്കാന്‍ മറ്റൊരു കാരണംകൂടി ഉണ്ടെന്നുതോന്നുന്നു. ചുരുളിയിലെ ഭാഷ മോശമാണെന്നു റിപ്പോര്‍ട്ടു നല്കിയാല് പോലീസ് സ്റ്റേഷനുകളിലെ ആ ഭാഷകളും പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും ‘സാമൂഹ്യദ്രോഹികള്‍’ കേസുമായി കോടതിയെ സമീപിച്ചെങ്കിലോ എന്ന് പേടിച്ചാണോ എന്നറിയില്ല. സര്, മാഡം എന്നൊക്കെ വിളിച്ച് ചായയൊക്കെ നല്കി വളരെ മാന്യമായിട്ടാണ് പോലീസ് സ്റ്റേഷനുകളിലെ ഇപ്പോഴത്തെ ഇടപെടലുകള്‍ എന്ന് പോലീസ് പറഞ്ഞാലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സംഗതി കുഴയുമെന്ന് ആര്‍ക്കാണ് അറിയാത്തത്?
ഒടിടി പൊതു ഇടത്തിന്റെ പരിധിയില്‍ വരില്ലെന്ന പോലീസിന്റെ കണ്ടെത്തലിന് ഒരു സല്യൂട്ട് നല്കാതിരിക്കാനാവില്ല. അതൊരു ഭയങ്കര കണ്ടെത്തലായിപ്പോയി. നമ്മുടെ നിയമങ്ങളുടെ ചിലസമയത്തെ ഫ്ളെക്സിബിളിറ്റിയേയും വിശാലമനസ്കതയേയും എങ്ങനെയാണ് അഭിനന്ദിക്കാതിരിക്കാനാവുക. വരിക്കാര്‍ക്ക് മാത്രമേ ഒടിടിയില്‍ പ്രവേശനമുള്ളൂ എന്നതിനാല്‍ അതു പൊതു ഇടമാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ മാനദണ്ഡം തിയേറ്ററുകള്‍ക്കും ബാധകമാക്കണമെന്ന് ആരെങ്കിലും നാളെകളില്‍ ആവശ്യപ്പെട്ടാല്‍ അവരെ കുറ്റംപറയാന്‍ കഴിയുമോ? തീയേറ്ററില്‍ സിനിമ കാണുന്നവര്‍ പണം നല്കി ടിക്കറ്റ് എടുത്താണ് സിനിമയ്ക്ക് കയറുന്നത്. അല്ലാതെ വഴിയെ പോകുന്ന ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ലല്ലോ. ഒടിടിക്ക് ഓണ്‍ലൈനില്‍ പണം അടക്കാനെ കഴിയൂ എന്നൊരു വ്യത്യാസം ഉണ്ട്.
ചുരുളി തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിലും വലിയ അപകടമാണ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തപ്പോള്‍ ഉണ്ടായിരിക്കുന്നത്. അവിടെയാണ് കര്‍ശനമായ നിയമവ്യവസ്ഥകള്‍ ഉണ്ടാകേണ്ടത്. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ചില സിനിമകളില്‍ 18 വയസില്‍ താഴെയുള്ളവര്‍ കാണരുതെന്ന് രേഖപ്പെടുത്താറുണ്ട്. ഇനി 18 വയസിനു താഴെയുള്ളവര്‍ ചെന്നാല്‍ തീയേറ്ററുകാര്‍ അവരെ പിന്തിരിപ്പിക്കാനും സാധ്യതയുണ്ട്. കോവിഡിനെ തുടര്‍ന്ന് മൊബൈലുകള്‍ കുട്ടികളുടെ കൈകളില്‍ ആയിക്കഴിഞ്ഞ ഈ കാലത്ത് അവര്‍ സ്വന്തമായി മെയില്‍ ഐഡികള്‍ ഉണ്ടാക്കി നെറ്റ്ഫ്ളിക്സ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കയറി സിനിമ കാണില്ലേ? ഐഡി ഉണ്ടാക്കുമ്പോള്‍ നല്കുന്ന ജനനതീയതി കൃത്യമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമൊന്നും നിലവില്‍ ഇല്ലല്ലോ. അതിനാല്‍ ഒടിടി പ്ലാറ്റ്ഫോമിലാണല്ലോ ചുരുളി എന്ന് ആശ്വസിക്കുന്നതിനുപകരം ഗൗരവം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. അവിടെയാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിയേണ്ടത്.
ചുരുളിയിലെ ഭാഷയും സംഭാഷണവും കഥാസന്ദര്‍ഭത്തിന് യോജിച്ചതും കലാകാന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെറി പറയുന്നതൊക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടുള്ള അവകാശമാണെന്നതൊക്കെ സത്യത്തില്‍ പുതിയ അറിവാണ്. ആ കഥാപാത്രങ്ങള്‍ തെറിപറയുന്നത് കഥാസന്ദര്ഭത്തിനുവേണ്ടിയാണെന്നു പറയുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ചുരുളി കൈകാര്യം ചെയ്തതിന് സമാനമായ കഥകള്‍ പറഞ്ഞ നിരവധി മലയാള സിനിമകള്‍ മുമ്പ് പുറത്തുവന്നിട്ടുണ്ട്. കൂട്ടിക്കെട്ടിയ മാലപ്പടക്കങ്ങള്‍ പൊട്ടുന്നതുപോലെ അതിലൊന്നും തെറി പറയുന്നതു കേട്ടിട്ടില്ല. ആഫ്രിക്കയിലെ കൊടുംവനാന്തരങ്ങളില് കഴിയുന്ന ഗോത്രസമൂഹത്തിന്റെ കഥയാണെന്ന് പറഞ്ഞ് അവതരിപ്പിച്ചിരുന്നെങ്കില്‍ ബലംപിടിച്ചെങ്കിലും വിശ്വസിക്കാമായിരുന്നു (അവരുപോലും ഇത്തരം തെറികള്‍ പറയുമെന്ന് തോന്നുന്നില്ല).
മലയാളികളെ മുഴുവന്‍ അപമാനിക്കുന്ന രീതിയില്‍ ഒരു സിനിമ ഇറക്കിയിട്ട് അതിന് ഏതൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും വെള്ളംതൊടാതെ വിഴുങ്ങാന്‍ സാമാന്യബോധമുള്ളവര്‍ക്ക് അല്പം പ്രയാസമുണ്ട്.
ജോസഫ് മൈക്കിള്‍