The Lord your God himself will go over before you. (Deuteronomy 31:3) 🛐

മനുഷ്യന്റെ കൂടെ വസിക്കുകയും ഒരു സഹചാരിയായി കൂടെ നടക്കുകയും ചെയ്യുന്നവനാണ് ദൈവം. അതുപോലെ നാം ഓരോരുത്തരുടേയും ജീവിതത്തിൽ വഴിയൊരുക്കുവാനായി, കാര്യങ്ങള്‍ ക്രമീകരിക്കുവാനായി, തടസങ്ങള്‍ മാറ്റുവാനായി മനുഷ്യന്റെ മുമ്പേ പോകുന്നവനാണ് ദൈവം. ഉന്നതരായ ഭരണാധികാരികള്‍ക്ക് മുന്‍പില്‍ പോകുന്ന പൈലറ്റ് വാഹനങ്ങളുടെ ചിത്രം നമുക്ക് സുപരിചിതമാണല്ലോ. വിശിഷ്ട വ്യക്തികൾക്ക് സഞ്ചരിക്കാൻ റോഡിലുണ്ടാകുന്ന തടസം മാറ്റുവാനാണ് മുൻപേ സഞ്ചരിക്കുന്നത്. അതുപോലെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്ന തടസ്സങ്ങളെ മാറ്റുവാനാണ് ദൈവം നമുക്കു മുൻപേ സഞ്ചരിക്കുന്നത്

സര്‍വശക്തനായ ദൈവം തന്നെ നമുക്ക് വഴിയൊരുക്കുവാന്‍ മുന്‍പേ പോകുന്നുവെന്ന ചിന്ത എത്രയോ ആശ്വാസപ്രദമാണ്. അവിടുത്തേക്ക് എല്ലാം സാധ്യമാണ്. മനുഷ്യന്‍ പകച്ച് വീണുപോകുന്ന പ്രതിബന്ധങ്ങളാകുന്ന കോട്ടകള്‍ ദൈവം മുമ്പില്‍ പോകുമ്പോള്‍ തകര്‍ന്ന് തരിപ്പണമാകും. ദൈവത്തെ പൂര്‍ണമായും വിശ്വസിച്ചുകൊണ്ട് അനുഗമിക്കുന്ന ഒരു വിശ്വാസിയുടെ യാത്ര എത്രയോ ആയാസരഹിതവും ആനന്ദകരവുമാണ്. ഓരോ അനുഗ്രഹവും നല്കുവാനായി ദൈവം കണ്ടെത്തിയിരിക്കുന്ന ഒരു സമയമുണ്ട്. ആ സമയംവരെ ക്ഷമാപൂര്‍വം കാത്തിരിക്കുവാന്‍ സാധിക്കുന്ന ഒരു വിശ്വാസിക്ക് ദൈവസ്‌നേഹത്തിന്റെ മാധുര്യം ഓരോ ദിവസവും അനുഭവിക്കുവാന്‍ സാധിക്കും. കര്‍ത്താവില്‍ പൂര്‍ണമായി ആശ്രയിക്കുന്നവര്‍ ഒരു കാലത്തും ലജ്ജിക്കേണ്ടി വരുകയില്ല.

മനുഷ്യന്‍ അവന്റെ സ്വഭാവത്താല്‍ത്തന്നെ അക്ഷമനാണ്. ചോദിക്കുന്ന കാര്യങ്ങള്‍ ഉടനെ കിട്ടണമെന്നാണ് അവന്റെ ആഗ്രഹം. അത് ഉടനെ ലഭിച്ചില്ലെങ്കില്‍ അവന്‍ അസ്വസ്ഥനും നിരാശനുമാകും. അവന്റെ വിശ്വാസവും ക്ഷയിച്ചുപോകും. ഇവിടെ ദൈവം നല്കുന്ന ഒരു മുന്നറിയിപ്പ് ശ്രദ്ധിക്കുക: ”നിങ്ങള്‍ തിടുക്കം കൂട്ടേണ്ട; വേഗം ഓടുകയും വേണ്ട. കര്‍ത്താവ് നിങ്ങളുടെ മുമ്പില്‍ നടക്കും” (ഏശയ്യാ 52:12). അതിനാല്‍ ദീര്‍ഘക്ഷമയോടെ കാത്തിരിക്കുവാന്‍ നാം പരിശീലിക്കണം. ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് എന്ന ഉറച്ച ബോധ്യത്തില്‍നിന്നാണ് ദീര്‍ഘക്ഷമയുണ്ടാകുന്നത്. നാം ഓരോരുത്തർക്കും കർത്താവിനെ അനുഗമിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ

നിങ്ങൾ വിട്ടുപോയത്