ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു കാര്യങ്ങളാണ്, പ്രാർത്ഥനയും വിശ്വാസത്തിലൂടെയുള്ള പ്രത്യാശയും. എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് ഈശോ നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിലൊന്നാണ് ദൈവത്തോടുള്ള പ്രാർത്ഥന. എന്നാൽ ഒട്ടേറെ വിശ്വാസികൾക്ക്, പ്രാർത്ഥന അവരുടെ തിരക്കേറിയ ജീവിതത്തിലെ അവസാന കാര്യമാണ്. മറ്റെല്ലാം ചെയ്തതിനുശേഷം, പിന്നീട് സമയമുണ്ടെങ്കിൽ മാത്രം ചെയ്യുന്ന ഒന്നായി പ്രാർത്ഥന പലപ്പോഴും മാറാറുണ്ട്.

ജീവിതത്തിൽ പലപ്പോഴും നാം നമ്മുടെ മോഹങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് തീരുമാനമെടുക്കുന്നവരായിരിക്കും. പലപ്പോഴും നാം എടുക്കുന്ന തീരുമാനങ്ങൾക്ക് നമ്മുടെ ആദ്യനോട്ടത്തിൽ പ്രശ്നങ്ങളൊന്നും കാണുകയില്ല. എന്നാൽ പലപ്പോഴും മുന്നോട്ടുള്ള ജീവിതപാതയിൽ പ്രശ്നങ്ങളുണ്ടാകുകയും, നാം പലപ്പോഴും തളർന്നു പോകാൻ ഇടയാവുകയും ചെയ്യും. അപ്പോഴായിരിക്കും നാം ദൈവത്തിൽ ആശ്രയിക്കുന്നത്തും നാം ഓരോരുത്തരും ജീവിതത്തിൽ ചെറുതും വലുതുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവത്തിന് ഹിതം എന്താണെന്ന് അറിയുവാൻ നാം പ്രാർത്ഥിക്കണം . നമ്മുടെ തീരുമാനങ്ങൾ നടക്കാതെ ദൈവത്തിൻറെ തീരുമാനങ്ങൾ ജീവിതത്തിൽ നടക്കുവാൻ നാം പ്രാർത്ഥിക്കുക.

നാം ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും ദൈവഹിതത്താൽ ഉത്തരം നൽകുന്നവനാണ് കർത്താവ്. എന്നാൽ ജീവിതത്തിൽ ദൈവത്തിൻറെ ഹിതം എന്താണെന്ന് പ്രാർത്ഥിക്കുമ്പോൾ തന്നെ മറുപടി ഉണ്ടാവുകയില്ല. ദൈവത്തിൻറെ മറുപടിക്ക് ഒരു കാത്തിരിപ്പ് ആവശ്യമാണ്. ദൈവത്താൽ തീരുമാനങ്ങൾ ക്രമീകരിക്കുമ്പോൾ നമുക്ക് സമാധാനവും സന്തോഷവും ജീവിതം ശുഭവും ആയിരിക്കും. പ്രാർത്ഥനയിലൂടെ ദൈവവുമായി സജീവബന്ധം പുലർത്തുന്ന ഒരു വ്യക്തി, തനിക്കു കിട്ടാതെ പോയതിനെ ഓർത്തു പരിഭവിക്കുകയല്ല ചെയ്യേണ്ടത്. നമ്മൾ ചോദിക്കാതെ തന്നെ ദൈവം നമ്മളിലേയ്ക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്