അമേരിക്കൻ ഫെഡറൽ ഏവിയേഷൻ ഏജൻസിയുടെ ചീഫ്‌ ആയി അന്ന് രാവിലെ ചുമതലയേറ്റ ബെൻ സ്ലൈനിക്ക്‌ (Ben Sliney) ചാർജ്ജെടുത്ത പാടേ ആദ്യം കിട്ടിയ വാർത്ത അമേരിക്കൻ ഏവിയേഷന്റെ നാല്‌ വിമാനങ്ങൾ തീവ്രവാദികൾ ഹൈജാക്ക്‌ ചെയ്തിട്ടുണ്ടെന്നും കൂടുതൽ വിമാനങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു.

അപ്പോൾ അമേരിക്കയുടെ വ്യോമപരിധിയിൽ ഏതാണ്ട്‌ നാലായിരത്തിലധികം വിമാനങ്ങൾ സർവ്വീസ്‌ നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിൽ ഏതോ നാലെണ്ണമാണ്‌ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ബാക്കിയുള്ളവയും ഉടൻ ഹൈജാക്ക്‌ ചെയ്യപ്പെട്ടേക്കം. അതിന്‌ മുമ്പ്‌ ആ നാലായിരം വിമാനങ്ങളും ഗ്രൗണ്ടിലിറക്കണമെന്ന് ബെൻ സ്ലൈനി അഭിപ്രായപ്പെട്ടപ്പോൾ അത്‌ തീർത്തും അസാധ്യമാണെന്നും ഇത്രയും കുറഞ്ഞ സമയം കൊണ്ട്‌ നാലായിരത്തിലധികം വരുന്ന വൈമാനികരുമായി ബന്ധപ്പെട്ട്‌ അത്രയും വിമാനങ്ങൾ താഴേയിറക്കുക എന്നത്‌ നടപടിയാകുന്ന കാര്യമല്ല എന്നുമായിരുന്നു മറ്റു ടീമംഗങ്ങളുടെ അഭിപ്രായം. എന്നാൽ ബെൻ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. മാത്രമല്ല, അദ്ദേഹം തന്നെ അതിന്‌ നല്ലൊരു ആശയം പറഞ്ഞു കൊടുക്കുകയും ചെയ്തു.

ഉടൻ തന്നെ എയർ ട്രാഫിക്‌ കണ്ട്രോളർമാർ പൈലറ്റുമാർക്ക്‌ സന്ദേശങ്ങൾ കൈമാറാൻ തുടങ്ങി. എല്ലാ വിമാനങ്ങളും അവരുടെ അപ്പോഴത്തെ പൊസിഷനിൽ നിന്നും ഏറ്റവും അടുത്തുള്ള എയർപ്പോർട്ടുകളിൽ എത്രയും പെട്ടെന്ന് ലാൻഡ്‌ ചെയ്യണം എന്നതായിരുന്നു നിർദ്ദേശം. അത്ഭുതമെന്ന് തന്നെ പറയാം വെറും നാല്‌ മണിക്കൂർ സമയം കൊണ്ട്‌ നാലായിരത്തിലധികം വരുന്ന വിമാനങ്ങൾ അമേരിക്കയുടെ പല ഭാഗങ്ങളിലായി സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചു.

അവിടുന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ്‌ തീവ്രവാദികൾ റാഞ്ചിയ വിമാനങ്ങൾ കൊണ്ടിടിപ്പിച്ച്‌ ന്യൂയോർക്കിലെ വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ രണ്ട്‌ ആകാശഗോപുരങ്ങളും സൈനികാസ്ഥാനമായ പെന്റഗണും തകർത്തു കളഞ്ഞത്‌. നാലാമത്തെ വിമാനം അതിലെ യാത്രികരെല്ലാവരും ചേർന്ന് തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിൽ പെനിസിൽവാനിയക്കടുത്തുള്ള ഒരു മലഞ്ചെരിവിൽ ഇടിച്ചിറക്കി. ഈ സംഭവം ലോകചരിത്രത്തിൽ 9/11 എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

ഏതാണ്ട്‌ ഒരു മാസത്തിനു ശേഷം അമേരിക്കൻ പ്രസിഡണ്ടിന്റെ വസതിയിൽ ബെൻ സ്ലൈനിക്കും കൂട്ടർക്കും നൽകിയ അനുമോദനച്ചടങ്ങിൽ വെച്ച്‌ അന്നത്തെ പ്രസിഡണ്ടായ ജോർജ്ജ്‌ ബുഷ്‌ ബെൻ സ്ലൈനിയോട്‌ ചോദിച്ചു.

“നിങ്ങൾക്ക്‌ ആകെ രണ്ടായിരത്തിൽ താഴെ വൈമാനികരുമായി മാത്രമേ ബന്ധപ്പെടാൻ കഴിഞ്ഞുള്ളൂ എന്നാണ്‌ എനിക്ക്‌ മനസ്സിലാക്കാൻ സാധിച്ചത്‌. എന്നിട്ടും എങ്ങനെയാണ്‌ വെറും നാല്‌ മണിക്കൂറിനുള്ളിൽ നാലായിരത്തിലധികം വിമാനങ്ങൾ താഴെയിറക്കാൻ സാധിച്ചത്‌?”

“സംഗതി വളരെ സിമ്പിളാണ്‌ സർ.” ബെൻ പറഞ്ഞു. “ഒരോ പൈലറ്റിനും തങ്ങളുടെ വ്യോമപരിധിക്ക്‌ വളരെയടുത്തായി പറന്നുകൊണ്ടിരിക്കുന്ന മറ്റു വിമാനങ്ങളിലെ പൈലറ്റുമാരുമായി ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങൾ കോക്ക്പിറ്റിനകത്തുണ്ട്‌.

ഒരോ പൈലറ്റിനെയും വിളിച്ച്‌ ഏറ്റവും അടുത്തുള്ള എയർപ്പോർട്ടിൽ ഉടനെ ലാൻഡ്‌ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ ഞങ്ങൾ അവർക്ക്‌ ഒരു നിർദ്ദേശം കൂടി നൽകിയിരുന്നു. എത്രയും പെട്ടെന്ന് ഈ സന്ദേശം അവരുടെ തൊട്ടടുത്തുകൂടി പറന്നുകൊണ്ടിരിക്കുന്ന മറ്റു പൈലറ്റുമാരിലേക്ക്‌ കൂടിയെത്തിക്കാൻ. അത്‌ പ്രകാരം ലാൻഡിംഗിനായി ഏറ്റവും അടുത്ത വിമാനത്താവളങ്ങളുമായി ബന്ധപ്പെടുന്നതിനൊപ്പം തന്നെ അവർ മറ്റു പൈലറ്റുമാരുമായും ബന്ധപ്പെട്ടു. അങ്ങനെ ഒരു വലിയ നെറ്റ്‌വർക്ക്‌ പോലെ സന്ദേശം കൈമാറപ്പെട്ടത്‌ കൊണ്ടാണ്‌ അത്‌ വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ എല്ലാവരിലേക്കും എത്തിയതും എല്ലാ വിമാനങ്ങളും സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചതും.”

ബെൻ പറഞ്ഞ മറുപടി കേട്ട്‌ വിസ്‌മയഭരിതനായി അദ്ദേഹത്തെ നെഞ്ചോട്‌ ചേർത്തു പിടിച്ചുകൊണ്ട്‌ ജോർജ്ജ്‌ ബുഷ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌.

ഗ്രേറ്റ്‌…. റിയലി ഗ്രേറ്റ്‌…”

ഇതാണ്‌ നെറ്റ്‌വർക്കിംഗിന്റെ ശക്തി. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക്‌ കൈമാറപ്പെടുന്ന വസ്തുക്കളും, ആശയങ്ങളും, സന്ദേശങ്ങളും, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളുമൊക്കെ തന്നെയാണ്‌ ഈ ലോകത്തെ മുമ്പോട്ട്‌ നയിക്കുന്നത്‌. മനുഷ്യർ തമ്മിലുള്ള ഈ ഇഴയടുപ്പമാണ്‌ ലോകമാനവികതയെ വഴിനടത്തുന്ന ചാലകശക്തി. ബിസിനസ്സിലായാലും വ്യക്തി ജീവിതത്തിലായാലും ഈ നെറ്റ്‌വർക്കിംഗിന്റെ പവർ ഒന്ന് വേറെ തന്നെയാണ്‌.

പഴമക്കാർക്കിടയിൽ ഒരു ചൊല്ലുണ്ട്‌. ‘ഒറ്റമരം കാവാവില്ല’ എന്ന്. അത്‌ പോലെ ഒറ്റക്ക്‌ വിജയിക്കുക എന്നത്‌ തീർത്തും അപ്രാപ്യമായ ഒന്നാണ്‌. ഒരു വ്യക്തിക്ക്‌ ഒറ്റക്ക്‌ ചെയ്യാവുന്ന കാര്യങ്ങൾക്ക്‌ ഒരു പരിധിയുണ്ട്‌. എന്നാൽ നെറ്റ്‌ വർക്കിംഗിലൂടെ പരസ്പരം കൈകോർത്ത്‌ മുമ്പോട്ട്‌ നീങ്ങിയാൽ എത്തിപ്പിടിക്കാവുന്ന ഉയരങ്ങൾക്കും കൈപ്പിടിയിലൊതുക്കാവുന്ന നേട്ടങ്ങൾക്കും പരിധിയില്ല.

നിങ്ങൾ വിട്ടുപോയത്