വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന ശോശപ്പ അതായത് കാസയും പീലാസയും മൂടുന്ന തിരുവസ്ത്രം ഈശോമീശിഹായുടെ കബറിടത്തിന്റെ മൂടിയാണ്. ഈ പ്രതീകാത്മകത മനസിലാക്കിയിട്ടില്ലാത്തവർക്ക് ശോശപ്പയുടെ ഉപയോഗം പാഴ്വേലയായി അനുഭവപ്പെട്ടേക്കം. അതുകൊണ്ടൂ തന്നെയായിരിക്കണം പലരും ഇത് ഉപയോഗിക്കാത്തതും. എന്നാൽ സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ പഠിച്ച് ദൈവാരാധനയിലെ തിരുക്കർമ്മങ്ങളുടെ പ്രതീകാത്മകത മനസിലാക്കിയിട്ടൂള്ളവർക്ക് ഈ അവഗണന ഒരുതരത്തിലും സഹിക്കാനാവില്ല.
ശോശപ്പയുടെ ഉപയോഗത്തിൽ യാതൊരു ശ്രദ്ധയും കാണിക്കാത്തവർ തന്നെ മറ്റു ചില അവസരങ്ങളിൽ അറിയാതെയാണെങ്കിലും ഈ തിരുവസ്ത്രത്തിന്റെ പ്രതീകാത്മകത ഏറ്റുപറയായുണ്ട്. പള്ളിയിൽ മരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസ് നടത്തുന്ന അവസരങ്ങളിൽ നടുവിൽ കുരിശുള്ള കറൂത്ത തിരുവസ്ത്രം വിരിച്ചിടാറൂണ്ടല്ലോ. സിമിത്തേരിയിൽ അഥവാ കുഴിമാടത്തിൽ ഒപ്പീസ് നടത്തുമ്പോൾ അങ്ങനെ ചെയ്യാറുമില്ല. സിമിത്തേരിയിലെ കുഴിമാടത്തെ പ്രതീകാത്മകമായി പള്ളിയിലേയ്ക്ക് മാറ്റുന്നതിനാണിങ്ങനെ ചെയ്യുന്നത്.
നമ്മുടെ ആരാധനാ ചൈതന്യമനുസരിച്ച് വി.കുർബാനയിൽ ഉപയോഗിച്ച ശോശപ്പതന്നെയാണ് ഒപ്പീസിനു വിരിക്കേണ്ടത്. മിശിഹായുടെ കബറിടത്തിൽ കൂടീയേ മെശയാനികരുടെ കുഴിമാടങ്ങൾ വിലയുള്ളതായി തീരുന്നുള്ളൂ. ഈ ദൈവശാസ്ത്ര യാഥാർത്ഥ്യങ്ങളെല്ലാം സമ്യക്കായവതരിപ്പിക്കുന്ന വിശിഷ്ടമായ പ്രതീകമാണ് പള്ളിയിൽ വിരിക്കുന്ന ശോശപ്പ.
16ആം നൂറ്റാണ്ടിനു ശേഷം മറ്റെല്ലാക്കാര്യങ്ങളിലും എന്നപോളെ നമ്മുടെ ആരാധനാ വസ്ത്രങ്ങളിലും ലത്തീൻ സഭയുടെ രീതികൾ അടിച്ചേൽപ്പിക്കപ്പെട്ടു. അങ്ങനെ കറുത്ത തിരുവസ്ത്രങ്ങൾ നമ്മുടെ സഭയിലും കടന്നു കൂടി. മറ്റു പല കാര്യങ്ങൾക്കുമെന്നതു പോലെ ലത്തീൻ സഭ ഈ രീതി ഉപേക്ഷിച്ചിട്ടും നമ്മുടെ പല പ്രമുഖ വ്യക്തികൾക്കും അത് ഉപേക്ഷിക്കാനാവുന്നില്ല. അങ്ങനെ കറൂത്ത ശോശപ്പയുമുണ്ടായി. അതു കൂടുതൽ വലുപ്പപ്പെടുത്തി ഇന്നുപയോഗിക്കുന്ന വിരിപ്പുണ്ടായി. ശോശപ്പ മോശമാകും എന്ന ചിന്തയാണെങ്കിൽ വേറൊരു വെള്ളത്തുണിമേൽ അതു വിരിക്കാവുന്നതാണ്.
കൂദാശാഭാഗം ആരംഭിക്കുമ്പോൾ ശോശപ്പാ ചുരുട്ടി കാസായ്ക്കും പീലാസായ്ക്കും ചുറ്റുമായി വയ്ക്കുന്നതു കാണാറുണ്ടല്ലോ. ഇവിടെ ശോശപ്പാ ഈശോമിശീഹായുടെ തലയിൽ കെട്ടിയിരിക്കുന്ന തൂവാലയായി മാറുകയാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈ വസ്തുത നാം പലവുരു വായിച്ചിട്ടൂള്ളതാണ്. പിന്നീട് അയാളുടെ പിന്നാലെ വന്ന കേപ്പാ ശവകുടീരത്തിൽ കടന്നു. കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടിയല്ലാതെ തനിയേ ഒരിടത്തു ചുരുട്ടീ വച്ചിരിക്കുന്നതും അദ്ദേഹം കണ്ടു. മറ്റേ ശിഷ്യനും അകത്തു കടക്കുകയും കണ്ടൂ വിശ്വസിയ്ക്കുകയും ചെയ്തു. (20: 7-8) ഈശോമിശീഹായുടെ ഉത്ഥാനത്തിൽ വിശ്വസിക്കുന്നതിനു പ്രേരിപ്പിച്ച ഒരടയാളമായിട്ടാണ് ചുരുട്ടീ വച്ചിരിക്കുന്ന തൂവാല സുവിശേഷകൻ കണക്കാക്കുന്നത്. അതും നേരിൽ കണ്ടൂ വിശ്വസിച്ച സുവിശേഷകൻ തന്നെ.
നമ്മുടെ കുർബാനയിൽ ചുരുട്ടീ വച്ചിരിക്കുന്ന ശോശപ്പായും ഇതേ വിശ്വാസപ്രഖ്യാപനത്തിന്റെ പ്രതീകമാണ്. ഉത്ഥിതനായ മിശീഹായുടെ ദിവ്യരഹസ്യങ്ങളാണ് ഇവിടെ പരികർമ്മം ചെയ്യപ്പെടൂന്നത് എന്ന് ഈ കർമ്മം സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.വിശുദ്ധ കുർബാനയുടെ അവസാനത്തിലെത്തുമ്പോൾ ദിവ്യരഹസ്യങ്ങൾക്കു ചുറ്റുമായി ചുരുട്ടി വച്ചിരുന്ന ശോശപ്പ നിവർത്തി വയ്ക്കുന്നുണ്ട്. ദിവ്യരഹസ്യങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. വിസ്വാസികൾ വന്നു സ്വീകരിക്കുന്നതിനുള്ള സമയമായി എന്നു പ്രഖ്യാപിക്കുന്ന ഒരു കർമ്മമായി ഇതിനെ മനസിലാക്കാം.
ഇങ്ങനെ പലവിധ പ്രതീകാത്മകതയുള്ള തിരുവസ്ത്രമാണ് ശോശപ്പ. ഇതു മനസിലാക്കിക്കഴിഞ്ഞാൽ പിന്നെ എങ്ങിനെ ഇത് വേണ്ടന്നു വയ്ക്കാനാകും.
മലങ്കര സഭയിലെ കുർബാനക്രമത്തിൽ ശോശപ്പ ആഘോഷം എന്ന ഒരു കർമ്മമുണ്ട്. ഈ അവസരത്തിൽ കാർമ്മികൻ രഹസ്യത്തിൽ ചൊല്ലുന്ന പ്രാർത്ഥനയിൽ ശോശപ്പായുടെ പ്രതീകാത്മകത മുഴുവൻ അടങ്ങിയിട്ടൂണ്ട്. “ഇസ്രായേലിന്റെ പന്ത്രണ്ടൂ ഗോത്രങ്ങൾക്കുവേണ്ടീ പന്ത്രണ്ടൂ നദികൾ ഒഴുക്കിക്കൊടൂത്ത തീക്കനൽ പാറ നീ ആകുന്നു. ഞങ്ങളുടെ രക്ഷകന്റെ കബറിങ്കൽ വയ്ക്കപ്പെട്ട അഅ തീക്കനൽ പാറയും നീ തന്നെയാകുന്നു.”
ദാഹിച്ചു വലഞ്ഞ ഇസ്രായേൽ ജനത്തിനു ജീവന്റെ പാറ പിളർന്നു വെള്ളം നൽകി അവരുടെ ജീവൻ പരിരക്ഷിച്ച കഥ നാം പുറപ്പാടിന്റെ പുസ്തകത്തിൽ(17: 1-7) വായിക്കുന്നുണ്ട്. ഒരിക്കലും മരിക്കാനിടയില്ലാത്ത വിധത്തിൽ ജീവന്റെ ജലം നല്കിയ മിശിഹായുടെ ആദിരൂപമായി ഇതിനെ വ്യാഖ്യാനിക്കാറുണ്ടല്ലോ. അതുകൊണ്ടാണ് ആ പാറയുടേയും ജീവന്റെ ജലം നൽകിക്കൊണ്ട് മിശിഹാ ഉയർത്തെണീറ്റ കല്ലറയുടെ മൂടിയായ പാറയുടേയും പ്രതീകമായി ശോശപ്പയെ എടുത്തു കാണിക്കുന്നത്.