കുടമാളൂർ പള്ളിയിൽ നീന്തുനേർച്ച ആരംഭിച്ചു
കുടമാളൂർ പള്ളിയിലെ അനേകായിരങ്ങൾ അനുഗ്രഹം പ്രാപിക്കുന്ന ഒരു ഭക്താനുഷ്ഠാനമാണ് നീന്തുനേർച്ച.പള്ളിയുടെ ആരംഭകാലം മുതൽ തന്നെ ദുഃഖവെള്ളിയാഴ്ച പുലർച്ചെ ചെമ്പ കശേരി രാജകൊട്ടാരത്തിൽനിന്നും വന്ന് പള്ളിക്കു വലംവച്ച് പള്ളിയിൽ പ്രവേശിച്ച് തിരുസ്വരൂപം വണങ്ങി കൈക്കുമ്പിൾ നിറയെ കാണിക്ക അർപ്പിച്ചുവന്നിരുന്നു. ഈ രീതി അനുകരിച്ച് വിശ്വാസികൾ മുട്ടിന്മേൽ നീന്തി പ്രാർത്ഥിക്കുന്ന രീതിയാണ്.
വിശുദ്ധ വാരത്തിൽ, പ്രത്യേകിച്ച് പെസഹാവ്യാഴം, ദുഃഖ
വെള്ളി ദിവസങ്ങളിൽ ജാതിമത ഭേദമന്യേ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന ഒരു ഭക്താനുഷ്ഠാനമാണിത്.
പഴയപള്ളിക്ക് അഭിമുഖമായി മൈതാനത്തിനു പടിഞ്ഞാറുഭാഗത്തുള്ള കൽക്കുരിശിൻ ചുവട്ടിൽ തിരി കത്തിച്ചു സ്വയം പ്രാർത്ഥനയ്ക്ക് ശേഷം മുട്ടിന്മേൽ നീന്തി മുക്തിമാതാ ദേവാലയത്തിൽ പ്രവേശിച്ച് പങ്കപ്പാടിന്റെ തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയോടു പ്രാർത്ഥിച്ചുമാണ്
ഈ നേർച്ച പൂർത്തിയാക്കുന്നത്. ഇതിനായെത്തുന്നവരിൽ നല്ലൊരു ശതമാനം ആളുകളും അന്നേദിവസം ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നു.
പ്രത്യേക നിയോഗങ്ങൾക്കും
ആരോഗ്യത്തിനും രോഗശമനത്തിനയുമാണ് ഈ നേർച്ച അനുഷ്ഠിച്ചുവരുന്നത്. വലിയ ആഴ്ചയിലല്ലാതെതന്നെ മറ്റവസരങ്ങളിലും മുക്തിമാതാ ദേവാലയത്തിനു ള്ളിൽ നീന്തുനേർച്ച നടത്തുന്ന ഭക്തരെ എപ്പോഴും കാണാം.
പെസഹ വ്യാഴാഴ്ച രാവിലെ കല്ല് കുരിശിന്റെ ചുവട്ടിൽ പ്രത്യേക പ്രാർത്ഥനയോടെ വൈദികരുടെ നേതൃത്വത്തിൽ നേർച്ച ആരംഭിക്കുന്നു തുടർന്ന് ദുഃഖവെള്ളി വരെ പ്രായഭേദമന്യെ ജാതിമതഭേദമെന്യേ അനേകായിരം വിശ്വാസികൾ നേർച്ച നിർവഹിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുന്നു, നോമ്പിന്റെ നാളുകളിൽ ആത്മീയ അനുതാപത്തിന്റെ പരിഹാര പരിത്യാഗ അനുഷ്ഠാനങ്ങളിൽ ഒന്നാണ് നീന്ത നേർച്ച.