വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ മാർപാപ്പായോടും, സീറോമലബാർ സഭാതലവനോടും സഭയുടെ പരിശുദ്ധ സിനഡിനോടുമുള്ള വിധേയത്വം സീറോമലബാർ സഭയിലെ അല്മായ പ്രതിനിധികളായ ഞങ്ങൾ പ്രഖ്യാപിക്കുന്നു.
സീറോ മലബാർ സഭയിൽ ഏകീകൃത ആരാധനാക്രമം നടപ്പിലാക്കുവാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ 2019 ഓഗസ്റ്റിൽ നടന്ന സിനഡ് സമ്മേളനത്തിൽ പങ്കെടുത്ത പാസ്റ്ററൽ കൗൺസിൽ അല്മായ സെക്രട്ടറിമാർ പിന്തുണ നൽകിയ കാര്യം എല്ലാവരേയും ഓർമ്മപ്പെടുത്തട്ടെ.ഇക്കാര്യം മേജർ ആർച്ച് ബിഷപ്പിന്റെ ഇടയലേഖനത്തിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.പരിശുദ്ധ പിതാവിന്റെ നിർദ്ദേശത്തോടും ഓറിയൻറൽ കോൺഗ്രിഗേഷന്റെ അംഗീകാരത്തോടുകൂടിയുള്ള നവീകരിച്ച കുർബാന ക്രമവും വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണവും 2021 നവംബർ 28, ആരാധനാക്രമവത്സരത്തിന്റെ ആരംഭ ദിവസം മുതൽ എല്ലാ രൂപതകളിലും നടപ്പിലാക്കുവാനുള്ള പരിശുദ്ധ സിനഡിന്റെ തീരുമാനത്തെ സീറോ മലബാർ സഭയിലെ രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഞങ്ങൾ ഈ ഓൺലൈൻ സമ്മേളനത്തിലൂടെ സ്വാഗതം ചെയ്യുന്നു.
ഈ തീരുമാനത്തെ അംഗീകരിക്കുവാനും,സന്തോഷത്തോടെ പ്രാവർത്തികമാക്കി സഭാധികാരത്തോട് ചേർന്നുനിന്നുകൊണ്ട്, സഭാ നിയമങ്ങളോട് വിശ്വസ്തത പുലർത്തി നടപ്പിലാക്കുവാനും നമ്മുടെ സഭയിൽ വിഭാഗീയതയും അനൈക്യവും വളരുവാനും വർദ്ധിപ്പിക്കാനുള്ള സാധ്യതകളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും സീറോമലബാർ സഭയിലെ എല്ലാ വൈദിക,സന്യസ്ത, അല്മായ സഹോദരങ്ങളോടും ഈ സമ്മേളനം ആവശ്യപ്പെടുന്നു.മാർപാപ്പയുടെ പ്രബോധനങ്ങളെ നിസ്സാരവത്കരിക്കുന്ന പ്രവണതകളെയും,സഭയിലെ ആരാധനാ അനുഷ്ഠാനങ്ങളിൽ മാറ്റം വരുവാൻ പോകുന്നു എന്നരീതിയിലുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളെയും ഈ സമ്മേളനം ശക്തമായി അപലപിപിച്ചുവെന്നും സീറോ മലബാർ സഭ ,അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അറിയിച്ചു .