കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന

കൊച്ചി: കോവിഡ്-19 ന്റെ വ്യാപനം വളരെ ശക്തമായ പശ്ചാത്തലത്തിൽ, കേരള സർക്കാരും സന്നദ്ധ പ്രവർത്തകരും കേരള കത്തോലിക്കാ സഭയിലെ രൂപതകളും സമർപ്പിതസമൂഹങ്ങളും വിവിധ ഏജൻസികളും ചെയ്തുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കെ. സി. ബി. സി സമ്മേളനം വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ ജാഗ്രത എല്ലാവരുടെയും ‘ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ അത് ഏറെ ബാധിക്കാൻ സാധ്യതയുള്ളത് കുട്ടികൾക്കാണ്. അവരുടെ പരിരക്ഷയ്ക്കു വേണ്ട മുൻകരുതൽ എല്ലാവരും സ്വീകരിക്കുകയും പ്രാദേശികതലങ്ങളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യണം.

വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തി എല്ലാ വിഭാഗം ജനങ്ങൾക്കും വാക്‌സിൻ എടുക്കാൻ സർക്കാർ സൗകര്യം ഒരുക്കണം.

ലോക്ഡൗണിൽ ക്രമാനുഗതമായി വരുത്തുന്ന ഇളവുകളിൽ ദൈവാലയങ്ങളിലെ കർമ്മങ്ങൾ നിശ്ചിത ജനപങ്കാളിത്തത്തോടെയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചും നടത്തുന്നതിനുള്ള അനുവാദവും ഉൾപ്പെടുത്തണം.


രാഷ്ട്രനിർമ്മിതിയിൽ സ്തുത്യർഹമായ സേവനം നല്കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മേഖലയെ ഹാനികരമായി ബാധിക്കുന്ന തരത്തിൽ സ്വാശ്രയ കോളേജ് അധ്യാപക-അനധ്യാപക നിയമനം, സേവന വ്യവസ്ഥ എന്നിവ സംബന്ധിച്ച പുതിയൊരു ഓർഡിനൻസ് 2021 ഫെബ്രുവരി 19-ന് സർക്കാർ അസാധരണ ഗസറ്റ് വഴി പുറപ്പെടുവിച്ചത് സ്വാശ്രയ കോളേജുകളുടെ പ്രവർത്തനങ്ങളെ വലിയ തോതിൽ പ്രതിസന്ധിയിലാക്കും. ആയതിനാൽ പ്രസ്തുത ഓർഡിനൻസ് നിയമമാക്കുന്നതിനുമുമ്പ് മാനേജുമെന്റുകളുമായി ചർച്ച നടത്തി ആശങ്കകൾ ദുരീകരിച്ച് ആവശ്യമായ ഭേദഗതി കൊണ്ടുവരണം.

ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് ഈ അടുത്ത കാലത്ത് ഉണ്ടായ കോടതിവിധിയുടെ വിവിധ വശങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി എല്ലാ ന്യൂനപക്ഷങ്ങൾക്കും ഉറപ്പുവരുത്തുന്നതാണ് ബഹുമാനപ്പെട്ട കോടതിയുടെ ഈ വിധി. എല്ലാ ന്യൂന—പക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളിലും ഇതരപദ്ധതികളിലും അർഹമായ വിഹിതം ജനസംഖ്യാടിസ്ഥാനത്തിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ബഹുമാനപ്പെട്ട കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂനപക്ഷ അവകാശങ്ങളും സംവരണാവകാശങ്ങളും വേർതിരിച്ചുകാണണമെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിച്ചുകൊണ്ട് ഈ വിഷയത്തെ കൂടുതൽ ക്രിയാത്മകമായി സമീപിക്കണം. അതോടൊപ്പം തന്നെ പ്രത്യേകമായ അവശതകൾ അനുഭവിക്കുന്ന ദളിത് ക്രൈസ്തവർ, ലത്തീൻ കത്തോലിക്കർ തുടങ്ങിയവർക്ക് സവിശേഷ പരിഗണന നല്കുന്ന മാർഗനിർദേശം നല്കണം.

എല്ലാ ന്യൂനപക്ഷങ്ങളെയും തുല്യരായി കണ്ടുകൊണ്ട് അർഹമായ അവകാശങ്ങൾ നൽകുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. രാഷ്ട്രീയമായും വർഗീയമായും വൈകാരികമായും ഈ വിഷയത്തെ സമീപിക്കുമ്പോഴാണ് സമൂഹത്തിൽ വിഭജനമുണ്ടാകുന്നത്. ഈ വിഷയത്തിൽ വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഭിന്നതകളുണ്ടാകരുത്.

കേരളത്തിന്റെ തനിമയും പാരമ്പര്യവും മതസൗഹാർദത്തിന്റേതാണ്. ഈ കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തിനു ഹാനികരമാകുന്ന വിധത്തിലുള്ള പ്രസ്താവനകളോ അഭിപ്രായപ്രകടനങ്ങളോ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ആഗ്രഹിക്കുന്നു.


കേരളത്തിന്റെ തീരദേശങ്ങളിൽ ജീവിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സർക്കാരിനുണ്ട്. ഈ അടുത്ത നാളുകളിലുണ്ടായ ടൗക്‌ടേ, യാസ ചുഴലിക്കാറ്റുകളുടെയും കടൽക്ഷോഭത്തിന്റെയും കെടുതികൾ അനുഭവിക്കുന്ന ചെല്ലാനത്തും മറ്റു തീരദേശങ്ങളിലും വസിക്കുന്നവരോടൊപ്പം കേരള കത്തോലിക്കാസഭ ചേർന്നുനിൽക്കുന്നു.

ചെല്ലാനത്തിനു വേണ്ടത് ശാശ്വത പരിഹാരമാണ്. തീരസംരക്ഷണത്തിനായി ഇതിനകം സർക്കാർ മുന്നോട്ടുവച്ച പദ്ധതികളെകുറിച്ചു ജനങ്ങൾക്കു പ്രതീക്ഷയുണ്ട്. എത്രയുംവേഗം അവ നടപ്പിലാക്കണം. ഇത്തരം ദീർഘകാലപദ്ധതികൾ ആവിഷ്‌ക്കരിച്ചു ചെല്ലാനം പോലെ കടലാക്രമണം നേരിടുന്ന മറ്റു പ്രദേശങ്ങളും സംരക്ഷിക്കുകയും ചെയ്യണം.

അതിവർഷം മൂലം കുട്ടനാടുപോലുള്ള പ്രദേശങ്ങളിൽ സംഭവിച്ചിരിക്കുന്ന കൃഷി നാശത്തിൽ ബുദ്ധിമുട്ടിലായ കർഷകർക്ക് ആശ്വാസ ധനസഹായം സർക്കാർ നല്കണം. മാത്രമല്ല, കനാലുകളുടെയും തോടുകളുടെയും ആഴം വർധിപ്പിച്ച് തടസ്സം കൂടാതെ നീരൊഴുക്ക് സാധ്യമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം.

കുട്ടനാട്ടിലും തീരപ്രദേശങ്ങളിലും പ്രകൃതിദുരന്തങ്ങൾ മൂലം വീടുകൾ നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകി സഹായിക്കേണ്ടതാണ്.


പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്നതാണ് സഭയുടെ എക്കാലത്തേയും നിലപാട്. എന്നാൽ, കർഷകരുടെ ജീവിതം ദുസ്സഹമാക്കുന്ന നിയമനിർമാണങ്ങളിൽ കടുത്ത ആശങ്കയുണ്ട്. പരിസ്ഥിതിലോലപ്രദേശങ്ങൾ പ്രഖ്യാപിക്കുമ്പോൾ ‘കാലാകാലങ്ങളായി ഭൂമിയുടെ മേൽ ഉടമസ്ഥാവകാശമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അവിടെ കൃഷിചെയ്യുന്നവരുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നില്ലായെന്നു സർക്കാർ ഉറപ്പുവരുത്തണം. ബഫർ സോണുകൾ വനാതിർത്തിക്കുള്ളിൽത്തന്നെ ഒതുക്കി നിർത്തണം.

കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം തുടങ്ങി നിരന്തരമായി കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും നടപടികൾ ഉണ്ടാകണം. പട്ടയം ഇതുവരെ ലഭിച്ചിട്ടില്ലാത്ത എല്ലാ കർഷകർക്കും പട്ടയം നൽകുകയും മലയോര മേഖലകളെ സാരമായി ബാധിക്കുന്ന 1964-ലെയും 1993-ലെയും ഭൂപതിപ്പു ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയും ചെയ്യണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

കാർഡിനൽ ജോർജ് ആലഞ്ചേരി
പ്രസിഡന്റ്, കെസിബിസി

ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ്
വൈസ് പ്രസിഡന്റ്, കെസിബിസി സെക്രട്ടറി ജനറൽ, കെസിബിസി

നിങ്ങൾ വിട്ടുപോയത്