മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്പത്തെ കാര്യമാണ്. ഒരുപക്ഷേ, അത്തരം നിഷ്ഠുര കൊലപാതകങ്ങൾ നടത്താൻ വർഗീയ സംഘങ്ങൾക്കു ധൈര്യം നൽകിയ സംഭവം.
1999 ജനുവരി 22. അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
ഓസ്ട്രേലിയക്കാരനായ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്, മക്കളായ 10 വയസുകാരൻ ഫിലിപ്പിനും ആറു വയസുകാരൻ തിമോത്തിക്കുമൊപ്പം ഒറീസയിലെ കിയോൺജാർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലെ ഒരു വാർഷിക പ്രാർഥനാ സമ്മേളനത്തിനും മെഡിക്കൽ ക്യാന്പിനുമായി എത്തിയതായിരുന്നു. ബാരിപഡയിലെ വീട്ടിലേക്കു മടങ്ങാതെ അന്ന് അവർ അവിടത്തെ ചെറിയ പള്ളിക്കു പുറത്ത് തങ്ങളുടെ ജീപ്പിൽ കിടന്നുറങ്ങാമെന്നു തീരുമാനിച്ചു. ജനുവരിയിലെ അതിശൈത്യമാണ് അതിന് അവരെ പ്രേരിപ്പിച്ചത്.
ഊട്ടിയിലെ സ്കൂളിൽ പഠിക്കുകയായിരുന്ന ഫിലിപ്പ് അവധിക്കു വന്നതായിരുന്നു. എങ്കിലും അവനും അനുജനും സുവിശേഷ പ്രവർത്തനത്തിനുള്ള അപ്പന്റെ യാത്രയിൽ ഒപ്പം കൂടി. അമ്മ ഗ്ലാഡിസും സഹോദരി എസ്തറും ബാരിപഡയിലെ വീട്ടിലായിരുന്നു. അപ്പനും മക്കളും ഉറക്കമായി. പക്ഷേ, ഇരുട്ടിന്റെ മറവിൽ 50 പേരടങ്ങുന്ന ഒരു സംഘം വർഗീയവാദികൾ അവിടേക്ക് എത്തിയിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ദാരാസിംഗായിരുന്നു തലവൻ.
അപ്പോൾ സമയം മൂന്നുമണിയായിരുന്നു
അവർ ജീപ്പിനടുത്തെത്തി മൂന്നുപേരും അകത്തുണ്ടെന്ന് ഉറപ്പുവരുത്തി. സമയം കളയാതെ, കൊണ്ടുവന്നിരുന്ന കോടാലികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ജീപ്പിന്റെ ചില്ലുകൾ പൊട്ടിച്ചശേഷം തീയിട്ടു. ദേഹത്ത് ആളിപ്പടർന്ന തീയുമായി സ്റ്റെയ്ൻസും മക്കളും ജീപ്പിനു പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും പുറത്തുനിന്നവർ അവരെ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് അകത്തേക്കു തള്ളിയിട്ടു. ജീപ്പിനുള്ളിലെ മരണവെപ്രാളം ഏറെ താമസിയാതെ നിലച്ചു.
23ന് പോലീസ് മൃതദേഹം പുറത്തെടുക്കുന്പോൾ അവർ പരസ്പരം ആലിംഗനം ചെയ്തവിധമാണ് കരിഞ്ഞിരുന്നത്. ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയ്ൻസ് എന്ന മിഷനറിയെയും അയാളുടെ മക്കളെയും വർഗീയവാദികൾ ജീവനോടെ കത്തിക്കുന്പോൾ 100 മീറ്റർ അകലെ സന്താൾ ഗോത്രക്കാരായ ആൺകുട്ടികളും പെൺകുട്ടികളും പരന്പരാഗത ദാൻഗ്രി പാട്ടുകൾ ചെണ്ടകൊട്ടി പാടുന്നുണ്ടായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
പക്ഷേ, ദാരാസിംഗും കൂട്ടരും കൊലപാതകം നടത്തുന്നിടത്തേക്ക് ആരും എത്തിയില്ല. അവരുടെ ഒരു പാട്ടിന്റെ സമയം പോലും വേണ്ടിവന്നില്ല, വെറുപ്പിന്റെ ജ്വാലകൾക്ക് ജീപ്പിനുള്ളിലെ മൂന്നു ജീവനുകളെ ചാന്പലാക്കാൻ. പിന്നെയവർ കൊലയാളികളായ മതഭ്രാന്തന്മാർ ലോകത്തെവിടെയും ചെയ്യാറുള്ളതുപോലെ തങ്ങളുടെ ദൈവത്തിനു ജയ് വിളിച്ച് ഇരുട്ടിൽ മറഞ്ഞു.
വർഗീയതയില്ലാത്തവർഅയാളിൽ കുറ്റമൊന്നും കണ്ടില്ല
മതതീവ്രവാദികൾക്കല്ലാതെ ഒരാൾക്കും വെറുക്കപ്പെട്ടവനായിരുന്നില്ല ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് എന്ന ഓസ്ട്രേലിയൻ മിഷനറി. ക്രൈസ്തവരെ ആക്രമിക്കാൻ ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന “നിർബന്ധിത മതപരിവർത്തനം’ എന്ന നുണയാണ് അന്നും വധശിക്ഷയ്ക്കുള്ള കാരണമായി വർഗീയവാദികൾ പ്രയോഗിച്ചത്. എന്നാൽ കേസ് അന്വേഷിച്ച വാധ്വാ കമ്മീഷൻ പറഞ്ഞത് അവിടെ നിർബന്ധിത മതപരിവർത്തനം നടത്തിയതിനു യാതൊരു തെളിവുമില്ല എന്നാണ്. തന്റെ ഭർത്താവ് ഒരു നിർബന്ധിത മതപരിവർത്തനം പോലും നടത്തിയിട്ടില്ലെന്ന് ഗ്ലാഡിസും മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.
2020ൽ മുൻമന്ത്രിയും ബിജെപി എംപിയുമായ സത്യപാൽ സിംഗ് പാർലമെന്റിൽ പറഞ്ഞത്, ഗ്രഹാം സ്റ്റെയിൻസ് ആളുകളെ നിർബന്ധിതമായി മതപരിവർത്തനം നടത്തിയിരുന്നെന്നും ആദിവാസി പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ്.
മുംബൈ പോലീസ് കമ്മീഷണറും ഒന്നാം മോദി സർക്കാരിൽ മാനവവിഭവശേഷി മന്ത്രിയുമായിരുന്ന ഒരു പാർലമെന്റ് അംഗത്തിന് ഇത്തരമൊരു നുണ ലജ്ജയില്ലാത്തവിധം പാർലമെന്റിൽ പറയാനാകുമെങ്കിൽ നിരവധി കേസുകളിൽ പ്രതിയായിരുന്ന ദാരാസിംഗിൽനിന്നും കൂട്ടാളികളിൽനിന്നും എന്താണ് കൂടുതൽ പ്രതീക്ഷിക്കേണ്ടത്? ക്രൈസ്തവരും അല്ലാത്തവരുമായ ആദിവാസികൾക്കിടയിൽ ദാരാസിംഗും കൂട്ടരും ഇത്തരം നുണകളിലൂടെയാണ് വിഭജനമുണ്ടാക്കിയത്. ഈവിധം, വ്യാജവാർത്തകളുടെ ചുവടുപിടിച്ച് ന്യൂനപക്ഷങ്ങളിലെ എത്രയോ മനുഷ്യർ ഇന്നും ആക്രമണങ്ങൾക്കിരയാകുന്നു?
ജനങ്ങളുടെ സായിബോ
ഗ്രഹാം സ്റ്റെയിൻസിനെ മയൂർബഞ്ചിലെ നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന പേരാണ് സായിബോ. 1941ൽ ഓസ്ട്രേലിയയിലെ ഗ്രീൻസ്ലാൻഡിലുള്ള പാംവുഡ്സിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ തൂലികാസുഹൃത്തിനെ കാണാനായി 1965ൽ ഇന്ത്യയിലെത്തിയ സ്റ്റെയിൻസ് ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റി ഓഫ് മയൂർബഞ്ചിൽ അംഗമാകുകയും മയൂർബഞ്ച് ജില്ലയിലെ കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്തു. 1982ൽ മയൂർബഞ്ച് ലെപ്രസി ഹോം എന്ന പേരിൽ ബാരിപഡയിൽ ഒരു കുഷ്ഠരോഗാശുപത്രി രജിസ്റ്റർ ചെയ്യാൻ അദ്ദേഹം മുൻകൈയെടുത്തു. കുഷ്ഠരോഗികൾക്കുവേണ്ടിയുള്ള സേവനത്തിനിടെ 1981ൽ പരിചയപ്പെട്ട ഗ്ലാഡിസ് ജെയ്നെ 83ൽ വിവാഹം കഴിച്ചു.
ഇന്ത്യയെ സ്വന്തം നാടായി കരുതിയ ഗ്രഹാം സ്റ്റെയിൻസിന് ഒറിയ ഭാഷയും ആദിവാസികളായ സന്താളുകളുടെ ഭാഷയും നന്നായി അറിയാമായിരുന്നു. ജാതി-മത വ്യത്യാസമില്ലാതെ ജനങ്ങളെ സഹായിക്കുന്നതിൽ അവർ വ്യാപൃതരായിരുന്നു. ബാരിപഡയിൽ 100 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ സ്ഥലത്തെ ആശുപത്രികളുടെ പരിമിതി ശ്രദ്ധയിൽ പെട്ട സ്റ്റെയിൻസും ഗ്ലാഡിസും പൊള്ളലേറ്റവരെ പരിചരിക്കാൻ ഓടിയെത്തി. നഴ്സിംഗ് പരിശീലനം നേടിയിട്ടുള്ള ഗ്ലാഡിസ് ഊണും ഉറക്കവുമുപേക്ഷിച്ച് പൊള്ളലേറ്റവരെ പരിചരിച്ചു.
പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രഖ്യാപിച്ചപ്പോൾ ജനങ്ങളെ ബോധവത്കരിക്കാനും അവർ മുന്നിലായിരുന്നു. ലഘുലേഖകൾ വിതരണം ചെയ്യാനും ആളുകളെ ബോധവത്കരിക്കാനും സ്റ്റെയിൻസ് നാടാകെ സഞ്ചരിച്ചപ്പോൾ ജീപ്പ് ഓടിച്ചിരുന്നതു ഗ്ലാഡിസായിരുന്നു. അതുപോലെ, പ്രാർഥനാ സമ്മേളനങ്ങളിൽ അവർ ശുചിത്വജീവിതത്തെക്കുറിച്ചും അച്ചടക്കമുള്ള പെരുമാറ്റത്തെക്കുറിച്ചും ആളുകളെ പഠിപ്പിച്ചു.
മരുന്നുകളും സാനിട്ടറി നാപ്കിനുകളും വിതരണം ചെയ്തു. വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ആദിവാസികൾക്കിടയിലെ പോഷകാഹാരക്കുറവും നിരക്ഷരതയും പരിഹരിക്കാൻ ആവുന്നതെല്ലാം ചെയ്തു. വിശ്വാസത്തിന്റെ മാത്രമല്ല, മെച്ചപ്പെട്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദന്പതികൾ ജനങ്ങൾക്കു വഴികാട്ടിയായി.
എസ്തർ, ഫിലിപ്, തിമോത്തി എന്നിവരായിരുന്നു മക്കൾ. മിക്കവാറും സൈക്കിളിൽ സഞ്ചരിക്കുന്ന, സായിബോ ജനങ്ങൾക്കു പ്രിയപ്പെട്ടവനായിരുന്നു. 30 വർഷം അദ്ദേഹം അവർക്കിടയിലുണ്ടായിരുന്നു. രക്തസാക്ഷിയാകുന്പോൾ 58 വയസുണ്ടായിരുന്ന അദ്ദേഹം ജന്മനാട്ടിൽ കഴിഞ്ഞതിലേറെ കാലം ഇന്ത്യയിലാണു ജീവിച്ചത്.
കേന്ദ്രത്തിൽ ബിജെപിയും ഒറീസയിൽ കോൺഗ്രസും ഭരിക്കുന്പോഴായിരുന്നു സംഭവം. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ലാതെ വർഗീയഭ്രാന്തു ബാധിക്കാത്ത സകല മനുഷ്യരെയും അതു വേദനിപ്പിച്ചു. ലജ്ജകൊണ്ടു തലകുനിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പറഞ്ഞത്. “”കാലം തെളിയിച്ച സഹിഷ്ണുതയിൽനിന്നും ഐക്യത്തിൽനിന്നുമുള്ള വ്യതിയാനമാണിത്.
ഈ കൊലപാതകങ്ങൾ, ലോകത്തെ ഇരുണ്ട കർമങ്ങളുടെ പട്ടികയിൽ എഴുതപ്പെട്ടിരിക്കുന്നു.” രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ വിറയ്ക്കുന്ന വാക്കുകളോടെ പറഞ്ഞു. ഗ്രഹാം സ്റ്റെയിൻസിനെ അടുത്തറിയാമായിരുന്ന മയൂർബഞ്ച് ജില്ലാ കളക്ടർ ആർ. ബാലകൃഷ്ണൻ പറഞ്ഞത്, തങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ വിയോഗം പോലെയാണിത് എന്നായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി എൽ.കെ. അഡ്വാനി സുപ്രീംകോടതി ജഡ്ജി ഡി.പി. വാധ്വയെ ജുഡീഷൽ അന്വേഷണ കമ്മീഷനായി നിയമിച്ചു.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യമായിരുന്നു ഉപദേശകൻ. പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോർട്ടുകളിൽ അയാൾ ബജ്രംഗ്ദൾ പ്രവർത്തകനായിരുന്നെങ്കിലും വാധ്വ കമ്മീഷൻ അയാൾക്ക് അത്തരമൊരു ബന്ധമില്ലെന്നു റിപ്പോർട്ട് കൊടുത്തത് ഏറെ വിവാദമായിരുന്നു.
ദാരാസിംഗ്
യുപിയിലെ ഇറ്റാവ സ്വദേശിയായ ദാരാസിംഗ് 1980 മുതൽ സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട് മയൂർബഞ്ച്-കിയോൺജാർ അതിർത്തികളിൽ സജീവമായിരുന്നു. ക്രിസ്തുമതം സ്വീകരിച്ച ആദിവാസികൾ പരന്പരാഗത ആചാരങ്ങൾ ഉപേക്ഷിച്ചതും സാന്പത്തികമായി മെച്ചപ്പെട്ടതും മറ്റുള്ളവർക്കിടയിൽ രോഷമുണർത്തി. ഈ അസംതൃപ്തി സ്റ്റെയിൻസിനെതിരേ തിരിച്ചുവിടാൻ ദാരാസിംഗിനും കൂട്ടർക്കും കഴിഞ്ഞു. 1996ൽ ദാരാസിംഗിനെതിരേ ആദ്യത്തെ പോലീസ് കേസുണ്ടായി. സ്റ്റെയിൻസിനെയും മക്കളെയും കൊന്നതിന്റെ തലേവർഷം ജൂൺമാസത്തിൽ കാലിക്കടത്ത് ആരോപിച്ച് വാഹനത്തിനു തീയിടുകയും ഡ്രൈവറെയും സഹായിയെയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.
കാര്യമായ എതിർപ്പൊന്നും ഉണ്ടാകാതിരുന്നതോടെ രണ്ടു മാസത്തിനകം അയാളും സംഘവും കാലിക്കടത്താരോപിച്ച് ഏഴു മുസ്ലിങ്ങളെ ആക്രമിച്ചു. അതിലൊരാൾ പിന്നീട് മരിച്ചു. ബജ്രംഗ്ദളിന്റെ ബാനറുമായിട്ടാണ് സംഘം ആക്രമണത്തിനെത്തിയിരുന്നതെന്ന് പരാതിക്കാർ പറഞ്ഞിരുന്നു. തുടരെത്തുടരെ ഒന്പതു കേസുകൾ അയാൾക്കെതിരേ ഉണ്ടായി. പള്ളികൾ ആക്രമിക്കുന്നത് ഉൾപ്പെടെ എവിടെ വർഗീയ കലാപം ഉണ്ടായാലും ദാരാസിംഗ് ഉണ്ടായിരുന്നു. അയാൾക്കെതിരേ ഒറിസയിലെ പട്നായിക് സർക്കാരിനു പരാതികൾ ലഭിച്ചിരുന്നെങ്കിലും സർക്കാർ കണ്ണടച്ചു.
ക്ഷമിക്കുന്നു, മടങ്ങുന്നു
തന്റെ ഭർത്താവിനെയും മക്കളെയും കൊന്നവരോടു താൻ ക്ഷമിച്ചിരിക്കുന്നെന്നും തനിക്കാരോടും വെറുപ്പില്ലെന്നും ഗ്ലാഡിസ് പറഞ്ഞു. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ തനിക്കു നൽകിയ പിന്തുണയെ അവർ നന്ദിയോടെ അനുസ്മരിച്ചു. ഭർത്താവിന്റെയും മക്കളുടെയും കൊലപാതകത്തിനുശേഷവും അദ്ദേഹം പരിപാലിച്ചിരുന്ന ജനങ്ങൾക്കിടയിൽ ഗ്ലാഡിസും മകൾ എസ്തറും സേവനം തുടർന്നു. 2004ൽ ഗ്ലാഡിസ് ഓസ്ട്രേലിയയിലേക്കു മടങ്ങി നഴ്സായി ജോലിയിൽ പ്രവേശിച്ചു. 2005ൽ രാജ്യം അവരെ പദ്മശ്രീ നൽകി ആദരിച്ചു.
അവാർഡിനെ തുടർന്നു തനിക്കു ലഭിച്ച സംഭാവനകൾ സമാഹരിച്ച് ഗ്ലാഡിസ് കുഷ്ഠരോഗാശുപത്രി വിപുലീകരിച്ച് അതിന് ഗ്രഹാം സ്റ്റെയിൻസ് മെമ്മോറിയൽ ഹോസ്പിറ്റലെന്നു പേരു നൽകി. 2015ൽ മദർ തെരേസ അവാർഡ് ഫോർ സോഷ്യൽ ജസ്റ്റീസ് ലഭിച്ചു. ഊട്ടിയിൽ പഠിച്ച എസ്തർ പിന്നീട് മെഡിസിനു പഠിക്കാനായി ഓസ്ട്രേലിയയിലേക്കു പോയി. ഗ്ലാഡിസ് ഇപ്പോൾ വിവാഹിതയായ എസ്തറിനും അവളുടെ ഭർത്താവ് റൂബെനും നാലു കൊച്ചുമക്കൾക്കുമൊപ്പം ഓസ്ട്രേലിയയിലെ ടൗൺസ് വില്ലിലാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ദാരാസിംഗ്. അയാൾ വെട്ടിയ വഴിയിലൂടെ സഞ്ചരിക്കാൻ പിന്നീട് നിരവധി പേരെത്തി.
ഗുജറാത്തിന്റെ കണ്ണീർ ഇനിയുമുണങ്ങിയിട്ടില്ല. ഒറീസയിലെ കണ്ഡമാലിൽ 2008ൽ ക്രൈസ്തവർക്കെതിരേ നടന്ന കൊടുംക്രൂരതകളിൽ ഔദ്യോഗിക കണക്കനുസരിച്ച് 39 പേർ കൊല്ലപ്പെട്ടു. അനൗദ്യോഗിക കണക്കനുസരിച്ച് 500. ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയുമെന്നപോലെ പലരെയും ജീവനോടെ കത്തിക്കുകയായിരുന്നു. 40 സ്ത്രീകളെ മാനഭംഗപ്പെടുത്തി. 365 പള്ളികൾ തകർത്തു. 5600-ലേറെ വീടുകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. അര ലക്ഷത്തിലേറെ മനുഷ്യർ പലായനം ചെയ്തു. ബജ്രംഗ്ദൾ, ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് അനുയായികളൊക്കെയായിരുന്നു പ്രതിസ്ഥാനത്ത്. ആരും ചോദിക്കാനില്ലെന്ന നിലയായതോടെ വർഗീയതയുടെ വേലിയേറ്റം മറ്റു സംസ്ഥാനങ്ങളിലേക്കും പടർന്നു. അതിപ്പോൾ മണിപ്പുരിലെത്തി നിൽക്കുന്നു.
ഇന്ത്യ സഹിഷ്ണുതയുടെ പാരന്പര്യങ്ങളെ ചവിട്ടിയരയ്ക്കുന്ന കാഴ്ചകൾക്കിടെയാണ് ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും രക്തസാക്ഷിത്വത്തിന്റെ 25 വർഷങ്ങൾ പിന്നിടുന്നത്. മതേതര ഇന്ത്യയുടെ രക്ഷസാക്ഷിത്വത്തിന്റെ ഓർമദിനംകൂടിയാണ് ജനുവരി 23. സ്റ്റെയിൻസ്, ഫിലിപ്, തിമോത്തി… വെറും മനുഷ്യരല്ല, സ്നേഹത്തിന്റെ അപാര സാധ്യതകളെക്കുറിച്ച് ഓർമിപ്പിക്കുന്നതിനിടെ ഉരുകിയണഞ്ഞ മൂന്നു മെഴുകുതിരികൾ.
ജോസ് ആൻഡ്രൂസ്