തിരുവനന്തപുരം: പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 13 മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതിനാലാണ് യൂണിഫോം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
കൊവിഡ് കാരണം വൈകിയാണ് സ്‌കൂളുകള്‍ തുറന്നതെങ്കിലും ജൂണില്‍ തന്നെ യൂണിഫോം തുണി വിതരണം പൂര്‍ത്തിയാക്കിയിരുന്നു. 38.02 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴ് വരെയും എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കൈത്തറി തുണി നല്‍കിയത്. ആകെ 9.39 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ലഭിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ജോഡിയാണ് നല്‍കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കൈത്തറി വകുപ്പ് 42 ലക്ഷം മീറ്റര്‍ തുണി നിര്‍മ്മിച്ചിരുന്നു. ഇതില്‍ 38.02 ലക്ഷം മീറ്ററാണ് വിതരണം ചെയ്‌തത്. ആവശ്യമുള്ളതിന്റെ 10 ശതമാനം അധികം തുണി കൈത്തറി വകുപ്പ് നിര്‍മ്മിക്കാറുണ്ട്. 2022- 23 അദ്ധ്യയന വര്‍ഷത്തേക്ക് 46.50 ലക്ഷം മീറ്റര്‍ കൈത്തറിയാണ് യൂണിഫോമിനായി നിര്‍മ്മിക്കുന്നത്.