ചെന്നൈ: പട്ടികജാതിയിൽനിന്നു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് പട്ടിക ജാതിക്കാർക്കു തുല്യമായ ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി.
ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനും സഭാ ബഹിഷ്കരണത്തിനുമിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസർക്കാർ പാർലമെന്റിൽ ഭരണഘടന ഭേദഗതി നടത്തി, ദളിത് ക്രൈസ്തവർക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണാനുകൂല്യം നൽകണമെന്നാണു പ്രമേയം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതു മൂലം എസ്സി വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയല്ലെന്നും സ്റ്റാലിൻ പറഞ്ഞു.
സംവരണാനുകൂല്യം ലഭിക്കുകയാണെങ്കിൽ ഇവർക്കു സാമൂഹിക ഉന്നതി ലഭിക്കും. ഏതെങ്കിലും ഒരു മതത്തിലേക്ക് പരിവർത്തനം ചെയ്തതു മൂലം ഇതു നിഷേധിക്കുന്നത് ശരിയല്ല. ഏതൊരു മതം തെരഞ്ഞെടുക്കാനും പൗരന്മർക്ക് അവകാശമുണ്ട്. മതത്തിന്റെ പേരിൽ സംവരണം നിഷേധിക്കുന്നത് അനീതിയാണ്- സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
പട്ടികജാതിയിൽനിന്നു ഹിന്ദു, ബുദ്ധ, സിക്ക് അല്ലാതെ മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് പട്ടിജാതിക്കാർക്കുള്ള ആനുകൂല്യം നൽകണമോയെന്നു പഠിക്കുന്നതിനായി റിട്ട. ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ മൂന്നംഗ കമ്മീഷനെ കേന്ദ്രസർക്കാർ 2022 ഒക്ടോബറിൽ നിയമിച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ കമ്മീഷൻ കേന്ദ്രസർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും.