തൃശൂർ: സിസ്റ്റർ ദയയുടെ ജീവിതാഭിലാഷമായിരുന്നു സമ്പൂർണ ബൈബിൾ തന്റെ മിഴിവാർന്ന കൈയക്ഷരത്തിൽ എഴുതുകയെന്നത്. ആറുമാസത്തിനകം ഈ സ്വപ്നം സാക്ഷാത്കരിച്ചതോടെ അടുത്ത മോഹമുദിച്ചു. ഇനി ഇംഗ്ലീഷ് ബൈബിൾകൂടി എഴുതിയാലോ… അതുകൂടി യാഥാർഥ്യമായതോടെ ഇരുഭാഷയിലെയും സമ്പൂർണ ബൈബിൾ പകർത്തിയെഴുതിയ ആദ്യ വ്യക്തിയായി സിസ്റ്റർ ദയ സിഎച്ച്എഫ്. ഒരു മാസമായി തിരുവനന്തപുരം തിരുവല്ലം ഹോളിഫാമിലി കോൺവന്റിലെ സുപ്പീരിയറാണു സിസ്റ്റർ.
ലോക്ഡൗൺ കാലത്തു ബൈബിൾ വായിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു അഭിലാഷം അങ്കുരിച്ചത്. സന്യാസവ്രതം സ്വീകരിച്ചതിന്റെ രജതജൂബിലി ഈ വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഉദ്യമം പൂർത്തിയാക്കണമെന്നു മനസിലുറച്ചു. അന്നു കോവളത്തിനടുത്തു വെങ്ങാനൂർ മുട്ടക്കാവ് കൃപാതീർത്ഥം ഓൾഡ് ഏജ് ഹോമിലെ അസിസ്റ്റന്റ് സുപ്പീരിയറായിരുന്നു.
അഗതികളായ അമ്മമാരെ പരിചരിക്കുന്ന ജോലിയെല്ലാം കഴിഞ്ഞ് രാത്രി പത്തോടെയാണു ബൈബിളെഴുത്ത് ആരംഭിക്കുക. ഇതു പുലർച്ചെ രണ്ടും മൂന്നും മണിവരെ നീളും. എന്താണെന്നറിയില്ല, യാതൊരു ക്ഷീണമോ ഉറക്കമോ വരാറില്ല. വല്ലാത്തൊരു അഭിനിവേശം. അങ്ങനെയാണു 3765 പേജുകളിലായി മലയാളം സമ്പൂർണ ബൈബിൾ പൂർത്തിയാക്കിയത്. പിന്നെ, ഇംഗ്ലീഷ്. ഇതിന് 2500 ഓളം പേജുകളേ വേണ്ടിവന്നുള്ളൂ. ബൈബിളിനെ കുറച്ചുകൂടി ആഴത്തിൽ മനസിലാക്കാൻ ഈ പകർത്തിയെഴുത്ത് ഇടയാക്കിയെന്ന് സിസ്റ്റർ പറഞ്ഞു.
മലയാളത്തിൽ എഴുതിയ പഴയനിയമം രണ്ടു പുസ്തകമായും പുതിയ നിയമം ഒരു പുസ്തകമായുമാണ് ബൈൻഡ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷാകട്ടെ പഴയ നിയമവും പുതിയ നിയമവും ഒന്നു വീതവും. എഴുതാനായി 236 പേനകൾ ആവശ്യമായി വന്നു.
ബൈബിൾ കൈയെഴുത്തു പ്രതികളുടെ പ്രകാശനം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു. കോട്ടയം അയ്മനം പുലിക്കുട്ടിശേരി പായിപ്പാട്ടുതറയിൽ വർക്കി-മറിയം ദമ്പതികളുടെ ഇളയ മകളാണു സിസ്റ്റർ ദയ.
സഹോദരങ്ങൾ: ബാബു, ഏലമ്മ.