നോമ്പുകാലം ആറാം ആഴ്ച്ച – ഓശാന ഞായർ ===================
വലിയ ആഴ്ചയുടെ പ്രവേശനകവാടമാണ് ഓശാന ഞായർ. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിത്.പിതാവിനാൽ ഏൽപ്പിക്കപ്പെട്ട ധൗത്യപൂർത്തീകരണത്തിനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞവൻ ജെറുസലേം പ്രവേശനത്തിനായി തിരഞ്ഞെടുത്ത തികച്ചും അനന്യവും എന്നാൽ രാജകീയവുമായ രീതി !
പിതാവിന്റെ തിരുഹിതത്തിന് തന്റെ ഇഷ്ടങ്ങളെയും ജീവിതത്തെത്തന്നെയും വിട്ടുകൊടുക്കുമ്പോഴാണ് താൻ ജയിക്കുകയെന്ന തിരിച്ചറിവാണ് എളിമയോടും വിധേയത്വത്തോടെയും കൂടി ഈ ദിനത്തെ സ്വീകരിക്കാൻ അവനെ പ്രാപ്തനാക്കിയത്.അങ്ങനെ, അനുദിന ജീവിതത്തിൽ ദൈവേഷ്ടം അറിഞ്ഞു ജീവിക്കണമെന്ന് പഠിപ്പിക്കുന്നു അവൻ.
സ്ഥാപിത താല്പര്യങ്ങളോടെ ഈശോ തോറ്റാലും ഈഗോ ജയിക്കണമെന്ന പിടിവാശിയോടെ അവനെ വീണ്ടും തെരുവീഥിയിലേക്കു വലിച്ചിഴയ്ക്കുന്ന, പരസ്യവിചാരണ നടത്തുന്ന, വസ്ത്രാക്ഷേപവും അവഹേളനവും നടത്തുന്ന ഇന്നത്തെ നസ്രാണികൾക്കു പുനർവായന നടത്താനുള്ള വലിയ പുസ്തകം ആണ് ഓശാന ഞായറും അതിന് പിന്നിലെ അനുസരണത്തിന്റെയും സ്വയം വിട്ടുകൊടുക്കലിന്റെയും പാഠങ്ങളും. ഒപ്പം തന്നെ, വരവേറ്റവർ, ആര്പ്പു വിളിച്ചവർ , സ്തുതികൾ പാടിയവർ എല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിൽ കൊലവിളി നടത്തിയപ്പോൾ അത് ലോകത്തിന് എല്ലാ കാലത്തേക്കുമുള്ള ഒരു സന്ദേശം ആയിരുന്നു.
അർത്ഥവും ആത്മാർത്ഥതയുമില്ലാത്ത പ്രോത്സാഹനങ്ങൾ , സ്തുതിപാടകരുടെ സ്ഥാപിതതാല്പര്യങ്ങളോടെയുള്ള സുഖിപ്പിക്കലുകൾ സ്ഥായി അല്ല , അതിൽ വീഴരുതെന്ന സന്ദേശം. മുൻവിധികൾ ന്യായ വിധികളും ആൾക്കൂട്ട അന്യായങ്ങൾ ന്യായങ്ങളുമായി തീരുന്ന കാലഘട്ടത്തിൽ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനുള്ള വിവേകവും അതിനോട് പ്രതികരിക്കാനുള്ള വിവേചനാ ശക്തിയും ആർജ്ജിക്കേണ്ടിയിരിക്കുന്നു.
ഇന്ന് , ആൾക്കൂട്ട വിധിക്കലുകളും ഒച്ചയുള്ളവൻ നേതാവുമാകുന്ന പ്രവണത നാട്ടുനടപ്പായി മാറിയിരിക്കുന്ന കാലഘട്ടത്തിൽ, അപരാധിക്കായി നിരപരാധിയെ കൊലയ്ക്കു കൊടുത്ത ‘ഇരുളിന്റെ നീതി’ ആവർത്തിക്കപ്പെടുന്നു.അവനവനിസത്തിന്റെയും സ്വാർത്ഥതയുടെയും പണകിഴിയുടെ കിലുക്കം സമാധാനരാജാവിനെ തള്ളിപ്പറയാൻ വീണ്ടും പ്രലോഭനകാരണമാകുന്നുവോ എന്ന് ചിന്തിക്കാൻ കൂടി ഈ രാജകീയ പ്രവേശന തിരുനാൾ ദിനം സഹായിക്കട്ടെ.
നമുക്ക് നമ്മെത്തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താം ഞാനല്ല എന്നിലെ ക്രിസ്തുവാണ് ജയിക്കേണ്ടതെന്ന്. പാതയോരത്തെ ഇത്തിരി തണലുകളും ദുരഭിമാനത്തിന്റെ (വികൃത) നിറച്ചാർത്തലുകളും ക്രിസ്തുവിനെ തള്ളിപ്പറയുവാനും സമൂഹത്തിൽ ഉതപ്പിന് കാരണമാകുന്നില്ലായെന്ന് ഉറപ്പ് വരുത്താം, മുൻകരുതലെടുക്കാം.
ഏവർക്കും നേരട്ടെ ഓശാനത്തിരുനാളിന്റെ അനുഗ്രഹങ്ങളും അനുഭവവേദ്യമായ ഒരു വിശുദ്ധ വാരവും. കഠിന വ്രതവും തികഞ്ഞ ബോദ്ധ്യവും നന്മയിലേക്കും ഉയിർപ്പിന്റെ നിറവിലേക്കും നയിക്കട്ടെ.
Ben fr