
വത്തിക്കാനിലെ ഉദ്യാനങ്ങളിൽ ലെയോ പാപ്പയുടെ പുഷ്പ അങ്കിതം: പ്രകൃതിയുടെയും കലയുടെയും മനോഹരമായ സംയോജനം
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഉദ്യാനങ്ങളിൽ പുതിയൊരു പുഷ്പകലാരൂപം അനാവരണം ചെയ്തു. ലെയോ പാപ്പയുടെ ചിഹ്നം മനോഹരമായ പൂച്ചെടികൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ താഴികക്കുടത്തിൽ നിന്ന് നോക്കുമ്പോളാണ് ഇത് ഏറ്റവും ഭംഗിയായി കാണാൻ കഴിയുന്നത്. ഈ താഴികക്കുടം പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ സാധിക്കും. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ കാലത്താണ് (2005-ൽ) ഇത്തരത്തിൽ പാപ്പയുടെ അങ്കിതം പൂച്ചെടികൾ കൊണ്ട് നിർമ്മിക്കുന്ന രീതിക്ക് തുടക്കമിട്ടത്.
ഗോവർണ്ണർ കൊട്ടാരത്തിനും വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ അപ്സിസിനും ഇടയിലുള്ള ചരിവിലാണ് പതിവുപോലെ ഈ അങ്കിതം സ്ഥാപിച്ചിരിക്കുന്നത്. വത്തിക്കാൻ ഡയറക്ടറേറ്റ് ഫോർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് സർവീസസിന് കീഴിലുള്ള ഗാർഡൻസ് ആൻഡ് എൻവയോൺമെന്റ് വിഭാഗത്തിലെ ജീവനക്കാർക്ക് രണ്ടാഴ്ചയോളം ഈ പദ്ധതിക്കായി പ്രവർത്തിക്കേണ്ടി വന്നു. ദിവസവും രണ്ട് തോട്ടക്കാർ “പാടവത്തോടെയും കലാപരമായ ബോധത്തോടെയും” നൂറുകണക്കിന് ചെടികൾ ഉപയോഗിച്ച് ഈ മൊസൈക്ക് പൂർത്തിയാക്കി.
കുരിശിൽ സ്ഥാപിച്ചിരിക്കുന്ന താക്കോലുകൾക്കിടയിലുള്ള മെത്രാൻ തൊപ്പി (ബിഷപ്പ്സ് മിറ്റർ) ചെത്തിമിനുക്കിയ ബുക്സ്ബാം ചെടി ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്നു. സ്വർണ്ണവും വെള്ളിയുമടങ്ങുന്ന താക്കോലുകൾക്ക് യഥാക്രമം മഞ്ഞയും വെള്ളയും നിറങ്ങളിലുള്ള യൂനോനിമസ് ഓറിയസ് (Euonymus Aureus), ഹെലിക്രിസം ഇറ്റാലിക്കം (Helichrysum italicum) എന്നീ പൂച്ചെടികൾ ഉപയോഗിച്ചു.
പാപ്പയുടെ ഔദ്യോഗിക ചിഹ്നത്തിന്റെ ഷീൽഡ് ഡയഗണലായി രണ്ടായി തിരിച്ചിരിക്കുന്നു: മുകളിലെ ഇടതുഭാഗത്ത് നീല പശ്ചാത്തലത്തിൽ ഒരു വെളുത്ത ലില്ലി കാണാം. ഇത് വിശുദ്ധി, കന്യാത്വം, ദൈവമാതാവായ മറിയം എന്നിവയുടെ പ്രതീകമാണ്. ഫ്രാൻസിസ് പാപ്പയുടെ ചിഹ്നത്തിൽ നിന്ന് സ്വീകരിച്ച നീല നിറമുള്ള 400 അജെറാറ്റം ബ്ലൂ സ്റ്റാർ (Ageratum blu Star) ഇനം ചെടികളാണ് ഇതിനായി ഉപയോഗിച്ചത്. ലില്ലി രൂപപ്പെടുത്താൻ ഹെലിക്രിസം ഇറ്റാലിക്കം ചെടിയുടെ 50 തൈകളാണ് ഉപയോഗിച്ചത്.
താഴെ വലതുഭാഗം വിശുദ്ധ അഗസ്റ്റിനെ സൂചിപ്പിക്കുന്നു: ഒരു അമ്പ് തുളച്ച ഹൃദയം ഒരു അടഞ്ഞ പുസ്തകത്തിൽ വെച്ചിരിക്കുന്നു. ഇത് വിശുദ്ധ ഗ്രന്ഥത്തിലൂടെയുള്ള അദ്ദേഹത്തിന്റെ മാനസാന്തരത്തെ സൂചിപ്പിക്കുന്നു. “നിന്റെ വചനം എന്റെ ഹൃദയത്തെ മുറിപ്പെടുത്തി” (“Vulnerasti cor meum Verbo tuo”) എന്നതാണ് സഭാപിതാവായ അദ്ദേഹത്തിന്റെ യഥാർത്ഥ വാക്യം. ഈ ഭാഗത്തിനായി, തോട്ടക്കാർ ബ്രോൺസ് നിറത്തിലുള്ള 400 ബിഗോണിയ സെംപെർഫ്ലോറൻസ് നൈറ്റ് ലൈഫ് (Begonia semperflorens night life) ചെടികളും ചുവപ്പ് പൂക്കളുള്ള ഐറിസിൻ ലിൻഡെനി (Iresine lindenii) ചെടികളും ഹൃദയത്തിനായി ഉപയോഗിച്ചു.
ഈ ചിഹ്നത്തിലെ ഏക ലോഹവസ്തു പുസ്തകമാണ്. ഇത് ചെടികൾ ഉപയോഗിച്ച് നിർമ്മിച്ചതല്ല, വത്തിക്കാനിലെ ലോഹപ്പണിശാലയിൽ നിർമ്മിച്ചതാണ്. ലാപ്പില്ലിയും വെളുത്ത കല്ലുകളും പുസ്തകത്തിന്റെ പേജുകളെ പ്രതീകപ്പെടുത്തുന്നു. “പ്രകൃതിയുടെ വർണ്ണവൈവിധ്യവും വത്തിക്കാൻ തോട്ടക്കാരുടെ കരവിരുതും ഒരുമിക്കുമ്പോൾ സൗന്ദര്യത്തിന്റെ ഒരു കൊച്ചുകാഴ്ച ഒരുങ്ങുന്നു” എന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിൽ മനോഹരമായി പറയുന്നു