സുപ്രധാനം എന്നാൽ, അപകടകരം’- അന്താരാഷ്ട്ര നിരീക്ഷകർ മുതൽ 93 വയസ് പിന്നിട്ട പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻവരെ നടത്തിയ ഈ പ്രതികരണങ്ങൾ മാത്രം മതി, ഇപ്പോഴും നീറിപ്പുകയുന്ന ഇറാഖിലേക്കുള്ള പേപ്പൽ പര്യടനം കൈവിട്ട കളിയാണെന്ന് തിരിച്ചറിയാൻ. എന്നിട്ടും എന്തുകൊണ്ട് ഈ അപ്പസ്‌തോലിക യാത്രയ്ക്ക് കളമൊരുങ്ങി? അതിന് ഒരു ഉത്തരമേയുള്ളൂ, ഫ്രാൻസിസ് പാപ്പയുടെ നിശ്ചയദാർഢ്യം അഥവാ, പതിവുകൾ തെറ്റിക്കുന്ന പാപ്പ ഫ്രാൻസിസ്‌കോ ശൈലി!
ഒരു രാഷ്ട്രത്തലവൻ വിദേശപര്യടനത്തിന് ഒരുങ്ങുമ്പോൾ ആദ്യം പരിഗണിക്കുന്നത് അവിടത്തെ സുരക്ഷാകാര്യങ്ങളാവും. അങ്ങിനെ നോക്കുമ്പോൾ, സ്ഥിതി ഒരൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അത്ര സുരക്ഷിതമല്ല ഇറാഖിലെ സാഹചര്യം. പേപ്പൽ പര്യടന വാർത്ത സ്ഥിരീകരിച്ചതിൽ പിന്നെയായിരുന്നു, 32 പേർ കൊല്ലപ്പെട്ട ഇരട്ട ചാവേർ ബോംബ് സ്‌ഫോടനങ്ങൾ നടന്നത്. അതും പാപ്പയുടെ പര്യടന പട്ടികയിൽ ഉൾപ്പെട്ട ബാഗ്ദാദിൽ. പടിഞ്ഞാറൻ ഇറാഖിലെ അൽ അസാദ് എയർബേസിൽ ഇക്കഴിഞ്ഞ ദിവസവും സംഭവിച്ചു റോക്കറ്റ് ആക്രമണം.
സുരക്ഷാ പ്രശ്‌നങ്ങൾക്കൊപ്പം മഹാമാരിയുടെ രണ്ടാം തരംഗവും രൂക്ഷമാണ്. ഇതിന് പുറമെ, ന്യൂനപക്ഷമെങ്കിലും പാപ്പയുടെ പര്യടനത്തെ എതിർക്കുന്ന തീവ്രചിന്താഗതിക്കാരുടെ പ്രതിഷേധവും ശക്തം. യാത്ര ഒഴിവാക്കാൻ ന്യായമായ കാരണങ്ങൾ നിരവധിയുണ്ടെങ്കിലും പിന്മാറാൻ പാപ്പ തയാറല്ല എന്നതുതന്നെയാണ്, ഈ യാത്ര യാഥാർത്ഥ്യമാകാൻ കാരണം. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു എന്നതുകൊണ്ടുമാത്രം അന്നാട്ടിലെ സഹോദരങ്ങൾക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ ഈ തടസങ്ങൾ എത്രയോ നിസാരം!
ദൈവഹിതത്തിന് അപ്പുറം ഇറാഖ് പര്യടനത്തിൽ മറ്റൊന്നും പാപ്പയ്ക്ക് പരിഗണനാ വിഷയമേ അല്ലെന്ന് വ്യക്തമാക്കാൻ, ഇക്കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച വാക്കുകൾ മാത്രം മതി: ‘ദൈവം തിരുഹിതമായാൽ മൂന്ന് ദിവസത്തെ ഇറാഖ് പര്യടനത്തിനായി അടുത്ത ദിവസം ഞാൻ യാത്ര തിരിക്കും.’ അതെ, അപ്പസ്‌തോലിക യാത്ര എന്നതിനപ്പുറം, പീഡനങ്ങൾ ഏറ്റുവാങ്ങിയ മക്കളെ മാറോടണക്കാൻ ഒരു സ്‌നേഹപിതാവ് നടത്തിയ ‘അപകടം പിടിച്ച യാത്ര’ എന്ന വിശേഷണത്തോടെയാവും ഈ പര്യടനം ചരിത്രത്തിൽ ഇടംപിടിക്കുക.
ഇതിനുമുമ്പ് ലോകം ഒരിക്കലും നേരിട്ടിട്ടില്ലാത്ത ആരോഗ്യപ്രതിസന്ധി ഉണ്ടായില്ലായിരുന്നെങ്കിൽ 2019ൽതന്നെ ഫ്രാൻസിസ് പാപ്പ ഇറാഖിൽ എത്തുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, അതിനും വളരേമുമ്പുതന്നെ, ഇറാഖിലെ പീഡിത ജനതയ്ക്ക് അരികിലെത്താൻ പാപ്പ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. 2013ൽ ആരംഭിച്ച ഐസിസിന്റെ പോരാട്ടത്തിന് 2017 ഡിസംബറിലാണ് സഖ്യസേന കടിഞ്ഞാണിട്ടത്. അധികം താമസിയാതെതന്നെ ഫ്രാൻസിസ് പാപ്പ ഇറാഖ് പര്യടനത്തിന് സന്നദ്ധത അറിയിച്ചെന്നും സാഹചര്യം അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടി ഇറാഖി സഭതന്നെ അത് നിരുത്‌സാഹപ്പെടുത്തിയെന്നും അന്നുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.ഈ വാർത്തയുടെ ഉറവിടത്തെ സംശയിക്കേണ്ടതില്ല എന്നതിന് തെളിവാണ് പാപ്പയുടെ നിർദേശപ്രകാരം 2018ൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ നടത്തിയ ഇറാഖ് സന്ദർശനം. ഐസിസിന്റെ വീഴ്ചയ്ക്കുശേഷമുള്ള ക്രിസ്മസ് നാളുകളിൽ (ഡിസം. 24-28) തന്നെയായിരുന്നു ആ പര്യടനം. തന്റെ ആശങ്കകൾ കർദിനാളിലൂടെ അറിയിച്ച പാപ്പ, വെറുപ്പിനെ മറികടക്കുന്ന ഇറാഖി ക്രൈസ്തവരുടെ സാക്ഷ്യത്തെ ‘ലോകത്തിലെ മുഴുവൻ ക്രൈസ്തവർക്കുമായുള്ള ജീവിക്കുന്ന സാക്ഷ്യം’ എന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.
സ്‌നേഹപിതാവിനെ കാത്തിരുന്ന ഇറാഖിലെ പ്രിയ മക്കളും മക്കളെ മാറോട് ചേർത്ത് ആശ്വസിപ്പിക്കാൻ ആഗ്രഹിച്ച സ്‌നേഹപിതാവും തമ്മിലുള്ള സമാഗമത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഈ സമാഗമം സൃഷ്ടിക്കാവുന്ന ചലനങ്ങളെക്കുറിച്ചുള്ള ചർച്ചകളിലേക്ക് ലോകം പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ, ഏറെ പ്രസക്തമാണ് ബാഗ്ദാദിലെ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ പറയുന്ന വാക്കുകൾ:‘പാപ്പയുടെ സന്ദർശനത്തോടെ രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന ചിന്ത തെറ്റാണ്. വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്ത ക്രൈസ്തവർ മടങ്ങിവരികയോ അവരുടെ സ്വത്ത് തിരിച്ചുപിടിക്കുകയോ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കടമയല്ല. അവരുടെ തിരിച്ചുവരവിന് അനുയോജ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.’
കടപ്പാട്: സൺഡേഷാലോം
സിസ്റ്റർ സോണി തെരേസാ