ദൈവം പ്രവർത്തിക്കുമ്പോൾ എതിർക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പ്രവണത മനുഷ്യ സഹജമാണ്. ദൈവം പറഞ്ഞിട്ടുപോലും ദൈവീക വെളിപാട് ലഭിച്ച പൗലോസിനെതിരെ വാദിക്കുന്ന അനാനിയാസിനെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. അല്പം കൂടി കടത്തിപ്പറഞ്ഞാൽ സഹായിക്കാൻ വിളിക്കപ്പെട്ട സഹോദരനെ പൊട്ടക്കിണറ്റിൽ എറിഞ്ഞവരുടെ ആത്മാവാണ് ഇവരെ നയിക്കുന്നത്. വെളിപാടിനെതിരായ വെല്ലുവിളി ബൈബിളിലും സഭാചരിത്രത്തിൽ ഉടനീളവും കാണാം. എന്നാൽ സ്വർഗ്ഗത്തിന്റെ സന്ദേശം അവയെ അതിജീവിക്കും
കരുണയുടെ വെളിപാട് : ദൈവകരുണയെക്കുറിച്ചു ഫൗസ്റ്റീനമ്മയ്ക്കു ലഭിച്ച വെളിപാട് എത്രയോ പേരെയാണ് അനുദിനം സ്പർശിച്ചുകൊണ്ടിരിക്കുന്നത്. ദൈവ കരുണയിലേക്കു പാപികൾ ഓടി അണയുന്നതുകാണുമ്പോൾ അതിൽ സന്തോഷിക്കാനാകാത്തവരിലൂടെ, അഥവാ എന്തെങ്കിലും സ്വാർത്ഥ താത്പര്യതയിൽ അത് വേണ്ടെന്നു പറയുന്നവരിലൂടെ ഫരിസേയരുടെ ചിന്താ രീതി ഇന്നും നമ്മുടെ മുന്നിൽ അനാവൃതമാകുകയാണ്. നിരോധനത്തെയും അധികാര ദണ്ഡിനെയും അതിജീവിച്ചു ജനകോടികളിലേക്കെത്തിയ സന്ദേശത്തെ ഇനിയും എതിർക്കാമെന്നു വിചാരിക്കുന്നവർ എത്ര തോറ്റാലും ഒന്നുകൂടെ എതിർക്കാൻ നോൽക്കുന്ന തിന്മശക്തികളുടെ അതെ സ്വഭാവം എങ്ങനെ എടുത്തു പിടിക്കുന്നു എന്ന് അതിശയം തോന്നും
ഗോഡലുപ്പേ മാതാവ് : പത്തു ദശലക്ഷം പേരെ ഒറ്റയടിക്ക് മനസാന്തരപ്പെടുത്തിയ ഗോഡലുപ്പേ മാതാവിന്റെ സ്വകാര്യ വെളിപാടും അവിടുത്തെ അത്ഭുത ചിത്രവും ഇന്നും സ്വർഗ്ഗത്തിന്റെ സന്ദേശം മനുഷ്യർക്ക് എത്തിക്കുമ്പോൾ ഫരിസേയ പ്രമുഖർ സ്വർഗത്തെ തടഞ്ഞുനിർത്താൻ കേട്ടാൽ യുക്തഭദ്രമെന്നു തോന്നുന്നവ നിരത്തി മനുഷ്യരെ പിന്തിരിപ്പിക്കുന്നു. ഒരുപദ്രവവും ചെയ്യാത്ത നന്മ മാത്രം ചെയ്യുന്ന ആ അത്ഭുതത്തോടു കലിപ്പ് തോന്നാൻ എന്താവും കാരണം ?
ഫാത്തിമ മാതാവ് : കമ്യുണിസ്റ്റ് നിരീശ്വരത്തെ തടഞ്ഞു നിർത്താൻ ഒരു സുദീർഘ പ്രക്രിയയയുടെയും ശിബിരങ്ങളുടെയും സഹായമില്ലാതെ സഭയ്ക്ക് സാധിച്ചത് ലോകത്തെ പിടിച്ചു കുലുക്കിയ ഫാത്തിമ സന്ദേശം നിമിത്തമാണ്. ഇന്നും ദശലക്ഷങ്ങൾ ആകര്ഷിക്കപ്പെടുമ്പോൾ പക്ഷെ ആർക്കോ കടുത്ത നിരാശയും അമർഷവും. എന്താകും ആ ആത്മാവിന്റെ രഹസ്യം ?
ലൂർദ് മാതാവ് : വര്ഷം അറുപതു ലക്ഷത്തോളം തീർത്ഥാടകർ എത്തുന്ന ദർശനക്കാരിയുടെ അഴുകാത്ത ശരീരം അടയാളമായി നിൽക്കുന്ന സ്വകാര്യ ദർശനം പക്ഷെ ആരെയോ ചുമ്മാ അലോസരപ്പെടുത്തുകയാണ്. എങ്ങനെയെങ്കിലും വിശ്വാസികളെ പിന്തിരിപ്പിക്കണം. അത്രയേയുള്ളൂ
മെഡ്ജുഗോറി : സഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നുവെങ്കിലും അഭൗമമായ ശാന്തിയും അനേകർക്ക് മനസാന്തരവും ഏകുന്ന തീർത്ഥാടന കേന്ദ്രമാണ് മെഡ്ജുഗോറി. യൂറോപ്പിലെ അനേകം യുവാക്കൾ ആ സ്ഥലത്തെക്കുറിച്ചു കേൾക്കുന്നതുകൊണ്ടു മാത്രം മനസാന്തരപ്പെടുമ്പോൾ മറ്റുചിലർഅസ്വസ്ഥരാകുന്നു. എന്തായിരിക്കും ?
കൃപാസനം : കേരളത്തിൽ മാനസാന്തരത്തിന്റെ സന്ദേശം നൽകി അടയാളങ്ങളോടെ ദൈവം സംസാരിച്ച ഇടമാണ് കൃപാസനം. സഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ഈ സ്ഥലം സഭയുടെ പരമ്പരാഗത വിശ്വാസ അനുഷ്‌ടാനങ്ങളെയും പുത്തൻ സമ്പ്രദായങ്ങളെയും സമന്വയിപ്പിക്കുന്ന ഒരു ന്യൂ ജെൻ തീർത്ഥാടന കേന്ദ്രമാണ് എന്ന് പറയാം. മനുഷ്യരെ നന്മയിലേക്ക് നയിക്കുന്ന അനേകരെ കത്തോലിക്കാ ജീവിതത്തിൽ ഉറപ്പിക്കുന്ന ഈ ഇടപെടലിനെ സഭയുടെ ശത്രുക്കളോടൊപ്പം ചേർന്ന് എതിർക്കാനാണ് ചിലർക്ക് കമ്പം
ചില വ്യാജ പ്രവചനങ്ങളാണ് അല്ലാതെ നല്ല വെളിപാടുകൾ അല്ല തങ്ങളുടെ എതിർപ്പിന്റെ മൂലകാരണം എന്ന് അവർ വെറുതെ ഒന്ന് വിശദീകരിക്കും. എന്നാൽ ഞാൻ പറയട്ടെ നിങ്ങളുടെ ബുദ്ധി ശൂന്യത എന്താണെന്ന് ? പണ്ട് വിശ്വാസികൾ ബൈബിൾ വായിക്കേണ്ട എന്ന് പറഞ്ഞവരെക്കുറിച്ചു കേട്ടിട്ടുണ്ടോ ? എലിയെപ്പേടിച്ചു ഇല്ലം ചുടുന്നവരെ കേട്ടിട്ടുണ്ടോ ? ആ അവസ്ഥയിൽ ആണ് നിങ്ങൾ. വെറുതെ സമയം കളയാതെ നിങ്ങൾ സത്യമുള്ളവരാണെങ്കിൽ നല്ല നല്ല സ്വകാര്യ വെളിപാടുകളെ ഏതൊക്കെയാണെന്നും എങ്ങനെ തിരിച്ചറിയാമെന്നും ഒക്കെ പഠിപ്പിക്കൂ.
ദൈവമാണ് അത് ചെയ്യുന്നതെങ്കിൽ നിങ്ങൾ അതിനെ എതിർക്കുന്നത് എത്ര അപകടമാണെന്ന് ആലോചിച്ചു നോക്കൂ. അത് ചെയ്യുന്ന ദൈവത്തെ ആലോചിക്കാതെ പ്രവർത്തിക്കുന്ന മടയൻ എന്ന് വിശേഷിപ്പിക്കുന്ന പ്രവർത്തിയല്ലേ നിങ്ങൾ ചെയ്യുന്നത്. അല്ലയോ ബുദ്ധിമാനെ .. ദൈവം അങ്ങനൊന്നും ചെയ്യില്ല എന്ന് ഹൃദയത്തിൽ വിശ്വസിക്കുന്ന നിങ്ങൾ സഭ അംഗീകരിച്ച വിഷയങ്ങളെ വേണമെങ്കിൽ സ്വീകരിച്ചാൽ മതി എന്നൊക്കെ നയിസായി പറഞ്ഞു എങ്ങനെയെങ്കിലും തട്ടി മാറി പോകുന്നെങ്കിൽ പോട്ടെ എന്ന് കരുതി പ്രവർത്തിക്കുന്നതാണ്.
ദൈവം പറയുന്നുവെങ്കിൽ കേൾക്കാൻ ഞങ്ങൾക്കിത്തിരി ഇഷ്ടം കൂടുതലാണ്. വഴിതെറ്റാതെ നോക്കാൻ സഭാ സംവിധാനങ്ങൾ ഉണ്ടല്ലോ ? സഭ ആശ്ലേഷിച്ച ദൈവ കരുണയെ വരെ എതിർക്കുന്ന നിങ്ങളെ കേൾക്കാൻ ബുദ്ധിമുട്ടാണ്. മനസ് മാറ്റുമോ ?
ജോസഫ് ദാസൻ