ഓണം: ഐതീഹ്യം, ചരിത്രം, ക്രൈസ്തവർക്കിടയിലെ വിവാദങ്ങൾ!
സമത്വസുന്ദരമായ സമൂഹത്തെ സ്വപ്നം കാണാന് പ്രേരിപ്പിക്കുന്ന ഉത്സവമാണ് ഓണം.
ഓണത്തിനോട് തുലനം ചെയ്യാവുന്ന യൂറോപ്പിലെ ഉത്സവം കാർണിവലാണ്. കാർണിവലിൽ പലരും മുഖം മൂടി ധരിച്ചും പ്രശ്ചന്നവേഷത്തിലും വരുന്നതുകൊണ്ട് ഓണം നിദർശനം ചെയ്യുന്ന ഈ സമത്വവും ഒരുമയും ഓണം പ്രതിഫലിപ്പിക്കുന്നതുപോലെയോ ഇതിലും കൂടുതലായോ കാർണിവലിൽ പ്രകടമാകും എന്നാണ് എന്റെ അനുഭവം. വർഷത്തിലിരിക്കൽ ഘോഷിക്കപ്പെടുന്ന കാർണിവലിൽ യൂറോപ്പിൽ ഇരുപത്തിയഞ്ചിലധികം പ്രാവശ്യം ഭാഗകമാകാൻ അവസരം എനിക്കുണ്ടായതുകൊണ്ടാണ് ഈ താരതമ്യത്തിന് ധൈര്യപ്പെടുന്നത്.
ക്രൈസ്തവർക്ക് വിലക്കപ്പെട്ടതോ ഓണം?
1599-ലെ ഉദയംപേരൂർ സൂനഹദോദിന്റെ കാനോനകളുടെ പോർട്ടുഗീസ് /ഇഗ്ളീഷ് / ലാറ്റിൻ പതിപ്പുകളിൽ ക്രിസ്ത്യാനികൾ ഓണം ഘോഷിക്കരുതെന്ന് നിർദേശിക്കുന്നുണ്ട്. ഈ നിർദേശത്തെ ഉദ്ധരിച്ചും ഓണത്തിന്റെ ഐതീഹ്യം ഓർമ്മിപ്പിച്ചും ഇന്നും ചിലരൊക്കെ ഓണം ക്രൈസ്തവരുടേതല്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഉദയംപേരൂർ സൂനഹദോസിൽ ഓണം വിലക്കാൻ കാരണമായി പറയുന്നത് ഓണത്തിന് അമ്പും വില്ലും ഉപയോഗിച്ചു പരസ്പരം എയ്യുന്ന കളിയിൽ മരിച്ചു വീഴിന്നവർ സ്വർഗ്ഗത്തിൽ പോകുമെന്ന പ്രാകൃതമായ വിശ്വാസം “കൊല്ലരുത്” എന്ന പ്രമാണത്തിന്റെ ലംഘനമാണെന്ന തിരിച്ചറിവായിരുന്നു.
ഓണത്തിന്റെ ഐതീഹ്യവും ചരിത്രവും ഒന്നും ക്രൈസ്തവർക്കിടയിൽ ഒരിക്കലും ഓണാഘോഷം നിരുത്സാഹപ്പെടുത്തുന്നതിന് കാരണമായി ഒരു രേഖയിലും കാണാൻ കഴിഞ്ഞിട്ടില്ല. വിളവെടുപ്പിന്റെ ഉത്സവമായി ഘോഷിക്കപ്പെട്ട ഓണത്തിന്റെ പല പ്രാകൃത ആചാരങ്ങളും കാലക്രമേണ ഇല്ലാതാകുകയും ഓണം എല്ലാവരുടെയും ഉത്സവമാകുകയും ചെയ്തു.
ഐതീഹ്യം
പ്രാകൃതാചാരങ്ങൾ ഓണത്തോടനുബന്ധിച്ചുണ്ടായതിന്റെ കാരണം ഓണത്തിന്റെ ഐതീഹ്യത്തിൽ തന്നെ വ്യക്തമാണ്. അതായത് പ്രജാപ്രിയനും സത്യാലുവും മഹാനുമായ ബലിയെന്ന രാജാവിനെ വാമനൻ ചതിവിൽ കൊല്ലുന്നതിന്റെ അനുസ്മരണമാണ് ഓണം. അങ്ങനെയെങ്കിൽ ഓണാഘോഷത്തിൽ പ്രക്രുതാചാരങ്ങൾ ഉണ്ടായിരിക്കുക സ്വാഭാവികം.
ഓണപ്പാട്ടിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും
കാലക്രമേണ സംസ്കാരത്തിലും സഹിഷ്ണതയിലും മനുഷ്യൻ വളരുകയും ഓണപ്പാട്ടിൽ പറയുന്നതുപോലെ സമത്വസുന്ദരമായ നാട് സ്വപ്നം കണ്ടും “കളവും ചതിവും എല്ലോളമില്ലാത്ത, നല്ല മഴയും നല്ല വിളവുകളും ഉള്ള, ആധിയും വ്യാധിയും ഇല്ലാത്ത, ബാലമരണങ്ങളില്ലാത്ത, ദുഷ്ടരെ കാണാൻ കിട്ടാത്ത, കള്ളത്തരങ്ങളില്ലാത്ത, നീതിയുള്ള നല്ല ഭരണമുള്ള, തീണ്ടലും തൊടീലുമില്ലാത്ത,
വേണ്ടാതനങ്ങള് ഒന്നുമില്ലാത്ത, ചോറുകള്വച്ചുള്ള പൂജയില്ലാത്ത,
ജീവിയെക്കൊല്ലുന്ന യാഗമില്ലാത്ത,
…മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ എന്നനുസ്മരിക്കുന്ന ഓണം: ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പൻ ഈ ഉള്ളടക്കം ഉൾക്കൊണ്ട ഓണപ്പാട്ട് 1934-ൽ ആണ് എഴുതിയത്. ഇതിന്റെ പൂർവരൂപമായ പതിനാറാം നൂറ്റാണ്ടിൽ പാക്കനാർ രചിച്ച ഓണപ്പാട്ടിന്റെ പല വകഭേദങ്ങളിൽ ഒരെണ്ണമാണ് ഇത് എന്നും നിഗമനം ഉണ്ട്. സഹോദരൻ അയ്യപ്പന്റെ ഓണപ്പാട്ടിലെ ഏതാനും വരികൾ ഓണത്തിന്റെ തീവ്രവും തീവ്രവാദപരവും എന്ന് വിശേഷിപ്പിക്കാവുന്നതും ആണ്: ഹൈന്ദവമതത്തെക്കുറിച്ചു സഹോദരൻ അയ്യപ്പൻ പറയുന്നു: “ആ മതത്തിന്നു നാം ചത്തിടേണം
വാമനദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം”.
തന്റെ ഓണപ്പാട്ടിലൂടെ സഹോദരൻ അയ്യപ്പൻ വാമനനെ നിന്ദിച്ചത് പക്ഷെ പൊതുവെ സ്വീകാര്യമായ ഓണപ്പാട്ടായി മാറി എന്നതും എന്നാൽ രണ്ട് വർഷങ്ങൾക്കുമുന്പ്
നെടുംകുന്നം സെന്റ് തെരേസാസ് സ്കൂളിലെ പ്രധാന അധ്യാപിക ആയ സി. ദിവ്യ whatsapp വഴിയും തോമസ് ഐസക്ക് mla യും ഹൈബി ഈഡൻ എംപിയും ട്വീറ്റർ വഴിയും ഓണത്തിന് സമത്വത്തിന്റെ സന്ദേശം കൊടുക്കാനുള്ള ശ്രമത്തിലും ചിലരെ വിമർശിച്ചത് വാമനനിന്ദയായി വ്യാഖ്യാക്കപ്പെട്ടു എന്നതും പ്രതിഷേധങ്ങൾ ഉയർന്നു എന്നതും വിരോധാഭാസം. എന്തായാലും എത്ര സമത്വം എന്ന് പറഞ്ഞാലും സഹോദരൻ അയ്യപ്പനും അയ്യപ്പനെപോലുള്ളവർക്കും ഓണം വന്നുചേരേണ്ട മാവേലിവാഴ്ചയുടെ പ്രതീക്ഷകളുണർത്തുന്ന ഉത്സവവും വാമനന്റെ വംശത്തിൽ പെട്ടവർക്ക് മാവേലിയെ കൊന്നു പാതാളത്തിലേക്ക് അയച്ച വാമനന്റെ ജയന്തിയുമാണ്. അവർക്ക് വാമനരാജ്യം വന്നുചേർന്നതിന്റെ ഓർമ്മകളുണർത്തുന്ന ഉത്സവമാണ് ഓണം. ഈ വൈരുദ്ധ്യതയും വിരോധാഭാസവുമാണ് അന്നും ഇന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും നമ്മളും ഭ്രാന്താലയം എന്ന് മഹാനായ വിവേകാനന്ദനും വിളിക്കുന്ന നമ്മുടെ സ്വന്തം കേരളത്തിന്റെ പ്രത്യേകത. ഈ ദൈവത്തിന്റെ ഭ്രാന്താലയമായ കേരളത്തെയും കേരളത്തിന്റെ രീതികളെയും അംഗീകരിക്കയും ആഘോഷിക്കയാണ് എല്ലാ വർഷവും നമ്മൾ ഓണം ഘോഷിച്ചുകൊണ്ട്.
ഐതീഹ്യത്തിന് പിന്നിലെ ചരിത്രം അഥവാ ഓണത്തിന്റെ DNA
കാർണിവലായാലും ഓണമോ ഹോളിയോ പൊങ്കലോ ആയാലും ഇത്തരം ജനകീയ ഉത്സവങ്ങൾക്ക് പിന്നിൽ ഇത്തരം ഐതീഹ്യങ്ങളും ഐതീഹ്യങ്ങൾക്കു പിന്നിൽ ചരിത്രത്തിന്റെ കിരണങ്ങളും ഉണ്ട്.
മാവേലിയെന്ന അസുര മഹാരാജാവിന്റെ സൽഭരണവും വിഷ്ണുവിന്റെ അവതാരമായ വാമനന്റെ വരവും മാവേലിയെ വാമനൻ പാതാളത്തിലേക്ക് അയക്കുന്നതുമെല്ലാം ഐതീഹ്യമാണ്. ഈ
ഐതീഹ്യത്തിൽ ചരിത്രത്തിന്റെയും സത്യത്തിന്റെയും കിരണങ്ങൾ ഉണ്ട്.
ആധുനികശാസ്ത്രം വളരുംതോറും ചരിത്രത്തിന്റെ കൃത്യത കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് രക്തബന്ധങ്ങളുടെ പൂർവചരിത്രം ഏതാണ്ട് പതിനായിരം വര്ഷങ്ങൾക്കും അപ്പുറത്തേക്ക്, പിന്നിലേക്ക് എവിടെയെല്ലം ഏതെല്ലാം സങ്കരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അറിയാനും രക്തബന്ധുക്കളുമായി ബന്ധം കണ്ടെത്താനും നിലനിർത്താനും ഉപകരിക്കുന്ന ടെസ്റ്റും തുടർന്നുള്ള കർമ്മപരിപാടികളും ഇന്ന് നിലവിലുണ്ട്. അതായത് നമ്മുടെ പൂർവികരിൽ ഏതെല്ലാം സങ്കരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടുപിക്കാൻ ഇന്ന് മാർഗ്ഗമുണ്ട്. നമുക്ക് ലേശം തുപ്പലോ മുടിയോ രക്തമോ കൊടുത്ത് പരിശോധിച്ച് നമ്മുടെ പൂർവികർ ആരെന്ന് അറിയാൻ സാധിക്കുന്നപോലെ പരിശോധിക്കാൻ വാമനന്റെയോ മഹാബലിയുടെയോ രക്തസാമ്പിളോ തുപ്പലോ ഒന്നും ഇന്ന് നമുക്ക് ലഭ്യതമല്ല. ലഭ്യമായ കാര്യങ്ങൾ ഉപയോഗിച്ച് മഹാബലിയുടെയും വാമനന്റെയും ചരിത്രം അന്വേഷിക്കുക തികച്ചും ന്യായമാണ്. എന്തായിരിക്കും വാമനന്റെയും മഹാബലിയുടെയും dna.
ഹൈന്ദവപുരാണങ്ങളാനുസരിച്ച വാമനന് മറ്റു പേരുകളും ഉണ്ട്: ബലിയെ കൊന്നവൻ എന്ന അർത്ഥത്തിൽ ബലിബന്ധന; ഇന്ദ്രന്റെ അനുജൻ എന്ന അർത്ഥത്തിൽ ഉപേന്ദ്രൻ; മൂന്ന് ചുവടു വച്ചവൻ എന്ന അർത്ഥത്തിൽ ത്രിവിക്രമ; വലിയ ചുവടു വക്കുന്നവൻ എന്ന അർത്ഥത്തിൽ ഉരുക്രമ എന്നിങ്ങനെ. ദശാവതാരത്തിലെ അഞ്ചാമത്തെ അവതാരവും ത്രേതയുഗത്തിലെ ആദ്യത്തെ അവതാരവുമാണ് വാമനൻ (. 1. ). ത്രേതയുഗത്തിൽ ജീവിച്ച കശ്യപന്റെ സന്തതിപരമ്പരയിൽപെട്ട അസുര രാജാവായിരുന്നു ബലി. കൃതയുഗം(സത്യയുഗം) 2. ത്രേതായുഗം 3. ദ്വാപരയുഗം 4. കലിയുഗം. എന്നിങ്ങനെ നാലാണ് യുഗങ്ങൾ, അഥവാ സ്വർണ്ണയുഗം, വെള്ളിയുഗം, പിച്ചളയുഗം, ഇരുമ്പു യുഗം എന്നിങ്ങനെ: ഭഗവത്പുരാണത്തിൽ പറയുന്നതനുസരിച്ചു 1728000 വർഷങ്ങളായിരുന്നു സത്യയുഗം. 1296000 വര്ഷങ്ങളായിരുന്നു ത്രേതയുഗം. ദ്വാപരയുഗം 864000 വർഷങ്ങളും കലിയുഗം 432000 വർഷങ്ങളും. ഇപ്പോൾ നമ്മൾ ഏറ്റവും മോശവും അവസാനത്തേതുമായ കലിയുഗത്തിൽ ജീവിക്കുന്നു എന്നാണ് സങ്കല്പം. എന്നാൽ നമ്മുടെ ശാസ്ത്രീയ കണ്ടുപടുത്തങ്ങളനുസരിച്ച് വെറും 60000 വർഷങ്ങള്ക്കു മുൻപാണ് മനുഷ്യൻ അഫ്രിക്കയിൽനിന്നും ഇന്ത്യയിലേക്ക് കുടിയേറിയത്. അതിന് മുന്പ് ഇന്ത്യയിൽ മനുഷ്യവാസം ഇല്ലായിരുന്നു. അതായത് പുരാണങ്ങളിൽ പറയുന്ന രണ്ടാമത്തെ യുഗമായ ത്രേതായുഗത്തിൽ ജീവിച്ച ബലിയും ബലിയെ കൊല്ലാൻ അവതരിച്ച ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നീ ത്രിമൂർത്തികളിൽ ഒരാളായ വിഷ്ണുവിന്റെ അവതാരമായ വാമനനും ഇന്ത്യയിൽ മനുഷ്യവാസം ഉണ്ടാകുന്നതിന് മിനിമം 1300000 വർഷങ്ങൾ മുൻപ് ജീവിച്ചരുന്നു എന്ന സങ്കൽപം ചരിത്രമല്ല; ഭാവനയാണ്. ത്രേതയുഗത്തിന്റെ ആരംഭത്തിയിരുന്നു ഇവർ ജീവിച്ചിരുന്നതെങ്കിൽ 1300000 എന്നത് 2500000 ആയി ഉയരും. ഈ ഐതീഹ്യം വിവരിക്കുന്ന ഗ്രന്ഥങ്ങളായ പുരാണങ്ങൾ എഴുതപ്പെട്ടത് ക്രിസ്തുവർഷം 700 നും 900 നും ഇടക്കാണ്; അതായത് ആയിരം ർഷങ്ങൾക്ക് മുൻപ് 13 ലക്ഷം വർഷങ്ങൾക്കു മുൻപ് നടന്നു എന്ന് പറഞ്ഞു കഥകൾ ഉണ്ടാകണമെങ്കിൽ ക്രിസ്തുവർഷം 700 നും 900 നും ഇടയിൽ അതിനാധാരമായി ഇവിടെ എന്തോ നടന്നിരിക്കണം.
പുരാണങ്ങളിൽ പറയുന്നതനുസരിച്ചു
അസുരന്മാർക്കിടയിലെ ദൈത്ത്യാ വംശത്തിൽ പെട്ട രാജാവും കശ്യപമഹർഷിയുടെ പിന്തുടർച്ചക്കാരനുമായിരുന്നു മഹാബലി. കശ്യപൻ അസുരനായിരുന്നു. അസുരൻ എന്ന് പറഞ്ഞാൽ ദ്രാവിഡനോ ദളിതോ ആദിവാസിയോ എന്നർത്ഥം. ദേവൻ എന്നാൽ ആര്യവംശത്തിൽ പെട്ടവൻ എന്നും. ഹരിവംശപുരാണത്തിൽ കശ്യപന്റെ വംശചരിത്രം വിവരിക്കുന്നുണ്ട്.
ഋഗ്വേദത്തിലെ ഏഴു മഹർഷിമാരിൽ ഒരാളാണ് കശ്യപമഹർഷി. സപ്തമഹർഷിമാരെന്നാണ് അവരെ വിളിക്കുന്നത്. വളരെ ആദരിക്കപ്പെടുന്ന മഹർഷിയാണ് കശ്യപൻ. പല ഹിന്ദു ബുദ്ധിസ്റ്റ് കൃതികളിലും പ്രത്യേകിച്ച് ബ്രഹദാരണ്യക ഉപനിഷത്തിലും കശ്യപനെക്കുറിച്ച പ്രതിപാദനമുണ്ട്. കാശ്മീർ എന്ന പദം ഉത്ഭവിക്കുന്നത് കശ്യപൻ എന്ന മഹർഷിയിൽ നിന്നാണ്. കശ്യപ മിർ അഥവാ കശ്യപന്റെ തടാകം എന്നാണു കാശ്മീർ എന്ന പദത്തിന്റെ അർത്ഥം. കാശ്മീർ താഴ്വരകളെ ജനവാസയോഗ്യമാക്കാൻ മണ്ണുവെട്ടി നീക്കിയത് കശ്യപനാണെന്ന് പുരാണങ്ങളിൽ പ്രതിപാദനമുണ്ട്. കശ്യപനപുരം എന്ന കശ്യപന്റെ നഗരം ഇൻതുസ് നദീതീരത്തായിരുന്നു. അതിന്നത്തെ പാകിസ്ഥാനിലാണ് സ്ഥിതിചെയ്യുന്നത്. കശ്യപൻ അസുരനായിരിക്കുന്നതുപോലെ ദേവന്മാരുടെ അഥവാ ആര്യൻമാരുടെ മഹാഗ്രന്ഥമായ മഹാഭാരതം എഴുതിയ വ്യാസനും രാമായണം എഴുതിയ വാല്മീകിയും അസുരന്മാരായിരുന്നു, അഥവാ ദ്രാവിഡനോ ദളിതോ ആദിവാസിയോ ആയിരുന്നു.
ബലിയും വാമനനും (ഓണം) കേരളത്തിനതീതം
കേരളത്തിൽ ഒതുങ്ങി നിൽക്കുന്ന ഒരു സങ്കല്പമല്ല ബലിയും വാമനനും. മഹാഭാരതത്തിലും രാമായണത്തിലും വിഷ്ണുപുരാണത്തിലും കശ്യപമഹർഷിയെക്കുറിച്ചു പ്രതിപാദനമുണ്ട്. എന്നാൽ കശ്യപൻ ഒരു ഇൻഡോ യൂറോപ്യൻ പദമല്ല. അതായത് അത് ഒരു ആര്യൻ അഥവാ സംസ്കൃത പദമല്ല. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും പ്രതിപദിക്കപ്പെടുകയും ആദരിക്കപ്പെടും ചെയ്യുന്നുണ്ടെങ്കിക്കും കശ്യപൻ ആര്യന്മാരുടെ വരവിനു മുൻപുള്ള പദവും ദർശനവും ഭാഷയും ആണ്. ഋഗ്വേദത്തിന്റെ പല ഗീതങ്ങളും കശ്യപൻ എഴുതിയതാണെന്ന് അംഗീകരിക്കപ്പെടുന്നു, പ്രത്യേകിച്ച് രിഗ്വെദം ഒൻപതാം മണ്ഡലത്തിലെ ഗീതങ്ങൾ. സോമയജ്ഞത്തിൽ പാടിയിരുന്ന ഗീതങ്ങൾ കശ്യപനും ശിഷ്യരും രചിച്ചവയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. B .C 1000 -ൽ രചിക്കപ്പെട്ട അഥർവ വേദത്തിൽ കശ്യപനെക്കുറിച്ചു പ്രതിപാദനമുണ്ട്. മഹാഭാരതത്തിലും വിഷ്ണുപുരാണത്തിലും പറയുന്നതനുസരിച്ച് കശ്യപൻ ദക്ഷയുടെ പതിമൂന്ന് പെൺകുട്ടികളെ കല്യാണം കഴിച്ചു. മൊത്തം 21 ഭാര്യമാർ കശ്യപന് ഉണ്ടായിരുന്നതായാണ് പുരാണപണ്ഡിതർ പറയുന്നത്. കശ്യപന് ദിതി എന്ന ഭാര്യയിൽ ഉണ്ടായ മകനാണ് വാമനന്റെ അവതാരം എന്ന് വായുപുരാണത്തിൽ പറയുന്നുണ്ട്.
അതായത് അസുരനായ ബലിയും ദേവഗണത്തിൽ പെടുന്ന വാമനനും കശ്യപന്റെ കുടുംബത്തിൽ പെടുന്നവർ എന്ന സൂചന നല്കുന്നത് കശ്യപന് ദേവഗണത്തിൽനിന്നും അസുരഗണത്തിൽനിന്നും ഭാര്യമാർ ഉണ്ടായിരുന്നു എന്നാണ്. അതിപുരാതനകാലത്തു മാത്രവുമല്ല എല്ലാ കുടിയേറ്റങ്ങളിലും ഇത് ശ്രദ്ധേയമാണ്. 500 വർഷങ്ങൾ മുന്പാരംഭിച്ച അമേരിക്കൻ കുടിയേറ്റത്തിന്റെ ഫലമായി റെഡ് ഇന്ത്യൻസിന് സായ്പ്പിൽ ഉണ്ടായ മക്കളുടെ സന്തതിപരമ്പരകൾ ഇന്ന് ഒട്ടനവധിയുണ്ട്. ഇന്ത്യയിലേക്കുള്ള വെറും 500 വർഷങ്ങള്ക്കു മുൻപുള്ള പോർച്ചുഗീസുകാരുടെയും സ്പെയിൻകാരുടെയും വരവിലും ബ്രിട്ടീഷുകാരുടെ വരവിലും ആംഗ്ലോ ഇന്ത്യൻ, പോർട്ടുഗീസ് ഇന്ത്യൻ വംശങ്ങൾ ഉണ്ടായതിലും ഇത് ദൃശ്യമാണ്. മുഗളന്മാരുടെ വരവിലും ആര്യന്മാരുടെ വരവിലും ഇന്ത്യയിൽ ഇത് പ്രകടംമാണ്.
കശ്യപന് അദിതിയിൽ ഉണ്ടായ മകനായ ദേവന്മാരുടെ രാജാവായ ഇന്ദ്രനെ അസുരരാജാവായ ബലി പരാജയപ്പെടുത്തിയതിൽ ക്ഷോഭിച്ചു ദേവന്മാർ വിഷ്ണുവിന്റെ അടുത്ത് സഹായം തേടിയെന്നും ബലിയെ വധിക്കാൻ വിഷ്ണു വാമനായി അവതരിച്ചു എന്നും പുരാണങ്ങളിൽ പറയുന്നു. ബലി അസുരൻമാരുടെ വലിയ യജ്ഞം സംഘടിപ്പിച്ചപ്പോൾ വാമനൻ അക്കൂട്ടത്തിൽ വന്നിരിക്കയും ദാനസമ്പുഷ്ടനായ ബലിയോട് മൂന്നു ചുവടു ഭൂമി ചോദിച്ചു എന്നുമാണ് ഐതീഹ്യം:
വേർപിരിക്കാനാകാത്ത സങ്കരങ്ങളും സങ്കരിക്കാത്ത പിന്തുടർച്ചക്കാരും
അതായത് കശ്യപന്റെ ഒരു ഭാര്യയിൽ ഉണ്ടായ ഇന്ദ്രൻ, മറ്റൊരു ഭാര്യയിൽ ഉണ്ടായ വാമനൻ, സന്തതികളിൽ ഒരുവനായ ബലി എന്നൊക്കെ പറയുമ്പോൾ അസുരരാജാവായ ബലിയും വിഷ്ണുവിന്റെ അവതാരമായ വാമനനും ബലി യുദ്ധത്തിൽ പരാജയപ്പെടുത്തിയ ദേവന്മാരുടെ രാജാവായ ഇന്ദ്രനും രക്തബന്ധുക്കളാണ്. ചരിത്രപരമായി വാമനന്റെ വംശവും ബാലിയുടെ വംശവും വ്യത്യസ്തമായിരുന്നെങ്കിലും ഈ വംശങ്ങൾ തമ്മിൽ വിവാഹബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. സ്വയം വരം, ഗാന്ധർവം, രാക്ഷസം തുടങ്ങിയ വിവിധ വിവാഹരീതികൾ അംഗീകരിക്കപ്പെട്ടിരുന്നു എന്നതിൽ സങ്കരം അത് ബലപ്രയോഗത്തിലൂടെ ആണെങ്കിൽ പോലും അതിന് നിയമപരിരക്ഷ ഉണ്ടായിരുന്നു എന്നർത്ഥം.
മേധാവിത്തം നിലനിർത്താനുള്ള ഐതീഹ്യങ്ങളും കഥകളും
കശ്യപ ജ്ഞാനകാണ്ഡം പോലുള്ള ഗ്രന്ഥങ്ങൾ എഴുതിയിരിക്കുന്നത് ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടിലാണ്. പതിനെട്ട് പുരാണങ്ങളിൽ ഒന്നായ വായു പുരാണം ഏഴാം നൂറ്റാണ്ടിനു ശേഷവും വിഷ്ണുപുരാണം ഒൻപതാം നൂറ്റാണ്ടിലും ആണ് എഴുതപ്പെട്ടതെന്നാണ് പൊതുവെയുള്ള അഭിപ്രായം. കശ്യപനെക്കുറിച്ച് പ്രതിപാദനമുള്ള ഹരിവംശപുരാണം എഴുതപ്പെട്ടത്ത് എട്ടാം നൂറ്റാണ്ടിന്റ ആരംഭത്തിലാണ്. അതായത് വടക്കേ ഇന്ത്യയിൽ മാത്രമല്ല തെക്കേ ഇന്ത്യയിലും ആര്യവംശ മേധാവിത്തം സ്ഥാപിതമായതിനു ശേഷമാണ് വാമനന്റെയും ബലിയുടെയും അവരുടെ പൂര്വികരുടെയും ഒക്കെ കഥകൾ ഭാവന ചെയ്യപ്പെടുന്നതും എഴുതപ്പെടുന്നതും. അതിൽ നിന്നും വ്യക്തമാണ്, ഈ കഥകളുടെ ഉദ്ദേശ്യം എന്തെന്ന്. നിലവിലുള്ള വ്യവസ്ഥിതി നിലനിർത്തി സമൂഹത്തിൽ സമാധാനാന്തരീക്ഷം പുലർത്താനുള്ള മാർഗ്ഗങ്ങളിൻ ഒന്നായിരുന്നു അത്. എന്നാൽ മാവേലിയുടെ സന്തതിപരമ്പരകൾ അസുരന്മാരായും വാമനന്റെയും ഇന്ദ്രന്റെയും സന്തതിപരമ്പരകൾ ദേവന്മാരായും തുടർന്നു. ഇതുപോലുള്ള കുടിയേറ്റങ്ങളും പിടിച്ചടക്കലുകളും സങ്കരങ്ങളും യൂറോപ്പിലും ഉണ്ടായിട്ടുണ്ടെങ്കിലും കാലക്രമേണ വംശങ്ങളും ജാതിയും തമ്മിലുള്ള വ്യത്യാസം അവിടെ വളരെ കുറഞ്ഞു. ഇന്ത്യയിലാകട്ടെ എന്തൊക്കെ സങ്കരങ്ങളുണ്ടായാലും അതൊന്നും സമത്വത്തിന് കരണമായില്ല.
സമത്വം എന്ന അവകാശം
മാവേലിയുടെ സന്തതിപരമ്പരകളും അനുയായിളും ഇന്ന് മാവേലിനാട് തിരിച്ചുപിടിക്കണമെന്നു തീരുമാനിച്ചാൽ ഇവിടെ ഉണ്ടാകുന്നത് ആഭ്യന്തരയുദ്ധമാണ്. അതൊന്നും ചിന്തനീയമല്ല. എന്നാൽ മേലാളൻ-കിഴാളൻ എന്നചിന്ത വെടിയാനും മേധാവിത്തങ്ങൾ ഇല്ലാതാക്കാനും ഇന്ദ്രനും വാമനനും മഹാബലിയും കശ്യപന് പല വംശങ്ങളിൽപെട്ട സ്ത്രീകളിൽ ഉണ്ടായ മക്കളെന്ന നിലയിൽ രക്ത ബന്ധുക്കളാണെന്ന പുരാണം ഇവിടെ നമ്പൂരിയും നായരും ഈഴവനും ദ്രവീഡനും ദളിതും ആദിവാസിയും തമ്മിൽ രതബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്ന പച്ചപരാമർത്ഥത്തിന്റെ സാഹിത്യപരമായ ആവിഷ്ക്കാരമായി പുരാണങ്ങളിലെ പ്രതിപാദനത്തിൽ നിന്നും മനസിലാക്കി സമത്വം അംഗീകരിക്കാൻ തയ്യാറായാൽ നമ്മൾ ഒരുപാട് നേടി.
ഇത്തരം സങ്കരങ്ങളൊക്കെ ഉണ്ടായതുമൂലം പലരെയും ഒഴിവാക്കാനും അകറ്റിനിർത്താനുമുള്ള മേധാവിത്തമനോഭാവങ്ങൾ അവസാനിപ്പിച്ച് പരസ്പരം അംഗീകരിക്കാൻ തുടങ്ങിയതിന്റെ ആഘോഷമായി ഓണത്തെ മനസിലാക്കാം.
ഉപസംഹാരം
ഏതു വംശത്തിൽപെട്ടവരാണെങ്കിലും സമരാണെന്ന സന്ദേശം ഓണം ഘോഷിച്ചു പ്രചരിപ്പിക്കാൻ സാധിക്കട്ടെ. അന്നത്തെപോലെ വിവിധ വംശങ്ങളിൽപെട്ടവർ പരസ്പരം ആകർഷിക്കപ്പെടുന്നത് ഇന്നും സമൂഹത്തിൽ കാണുമ്പോൾ അതൊക്കെ മനസിലാക്കാനും അംഗീകരിക്കാനുമുള്ള സമത്വത്തിന്റെയും സഹിഷ്ണതയുടെയും ആൽമാവിനെ ഓണാഘോഷം നൽകട്ടെ എന്ന് ആശംസിക്കുന്നു. ഏതെങ്കിലുമൊരു ജാതിയോ വംശമോ കുറഞ്ഞതോ കൂടിയതോ ആയി കാണാതെ, എല്ലാവരെയും തുല്യരായി കാണാനും എല്ലാവർക്കും തുല്യ അവസരവും മെച്ചപ്പെട്ട സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധിയും ഉണ്ടാകാനും ഓണം പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മഹാബലിയുടെ വരവ് ക്രിസ്തുവിന്റെ രണ്ടാം വരവ്പോലുള്ള പുനർസന്ദർശനമോ വാമനജയന്തിയോ എന്നതിലുപരി സങ്കരവിവാഹത്തിലൂടെ ബലിയും വാമനനും ഇന്ദ്രനും ഒരേ സന്തതിപരമ്പരയിൽ പെട്ടവരാണെന്ന ചിന്ത പരസ്പരം അംഗീകരിക്കാനും സാഹോദര്യം പുലർത്താനും മേധാവിത്വചിന്തകൾ വെടിയാനുമുള്ള ആഹ്വാനമായി ഓണത്തെ കാണാം. എല്ലാവർക്കും ഓണത്തിന്റെ സന്തോഷവും സംതൃപ്തിയും സാഹോദര്യവും നേരുന്നു.
ഫാ . ജോസഫ് പാണ്ടിയപ്പള്ളിൽ