എറണാകുളം പച്ചാളത്തെ സത്യസന്ധതയുടെ അടയാളമായി മലയാള മനോരമ വിശേഷിപ്പിച്ച പത്രഏജന്റും പൊതുപ്രവർത്തകനുമായ ഡോണൽ പീറ്റർ വിവരയുടെ സന്തോഷത്തിൽ ഞാനും പങ്കാളിയായി. റിപ്പബ്ലിക് ദിനത്തിലെ മനോരമ കൊച്ചി എഡീഷനിലാണ് ഡോണലിന്റെ വീട്ടിലെ പത്രവില്പനയെക്കുറിച്ച് ആന്റണി ജോൺ എഴുതിയ വിശദമായ വാർത്തയുള്ളത്. ആറ് വർഷങ്ങളായി ഡോണൽ വെളുപ്പിന് 5 മണിയ്ക്ക് വീട്ടുമുറ്റത്ത് നടത്തുന്ന “ഓണസ്റ്റി ഷോപ്പ്” നേരിന്റെ പുലരിയാണ് നാട്ടുകാർക്ക് സമ്മാനിക്കുന്നത്. മേശപ്പുറത്ത് നിരത്തിവച്ചിട്ടുള്ള പ്രസിദ്ധീകരണങ്ങളിൽ നിന്ന് ആവശ്യമുള്ളത് എടുത്ത് പണം അവിടെ വച്ചിട്ടുള്ള പാത്രത്തിൽ നിക്ഷേപിക്കാം. ബാക്കിയെടുക്കാൻ ചില്ലറ പൈസ നിറച്ച പാത്രവും മേശയിലുണ്ട്. വില്പനക്കാരനില്ലാത്ത കട.
ഡോണലിന്റെ നേരിന്റെ, നന്മയുടെ പാത വളർന്നു വലുതാക്കട്ടെ. ഡോണലിന്റെ വീട് സന്ദർശിച്ച് ഞാനും ഉണ്ണിമാഷും ആശംസകൾ നേർന്നു.
ഡോണലിനെ വർഷങ്ങളായി എനിക്കറിയാം.നീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്നും മുന്നണിപ്പോരാളി. വിവരാവകാശ നിയമത്തിന്റെ സാധ്യതകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയ പൊതുപ്രവർത്തകൻ. താൻ ജനിച്ച സമുദായത്തിന് നീതി കിട്ടാനും ആ നിയമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു. ഭരണഘടനയിലെ 334 B അനുച്ഛേദം വഴി ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ഇന്ത്യൻ പാർലമെന്റിലും 11 സംസ്ഥാനങ്ങളിലെ നിയമസഭകളിലും ലഭിച്ചു കൊണ്ടിരുന്ന പ്രാതിനിധ്യം കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത് രണ്ട് വർഷം മുൻപാണ്.
അന്ന് കേന്ദ്രമന്ത്രി ലോകസഭയിൽ പറഞ്ഞത് ഇന്ത്യയിൽ ആകെ 165 ആംഗ്ലോ ഇന്ത്യൻ സമുദായ അംഗങ്ങളേ ഉള്ളൂവെന്നാണ്. കേരളത്തിൽ മാത്രം ഒരു ലക്ഷത്തോളം ആംഗ്ലോ ഇന്ത്യൻ വംശജർ ഉണ്ട്.
കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ആംഗ്ലോ ഇന്ത്യൻ സമുദായ സംഘടനകൾ നടത്തിയ സമരപരിപാടികളിലും രാജ്ഭവൻ മാർച്ചിലും ആയിരക്കണിനാളുകൾ പങ്കാളികളായി. ആ പ്രക്ഷോഭങ്ങളുടെ സംഘാടനത്തിൽ ഡോണൽ വിവേര മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.കൊച്ചി കോർപ്പറേഷൻ 73-ാം ഡിവിഷനിലെ BLO കൂടിയാണ് ഡോണൽ.
Shaji George