സീറോ മലബാർ സഭയുടെ അതിരൂപതയായ ചങ്ങനാശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും, ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ. പ്രിൻസ് ആന്റണി പാണേങ്ങാടനെയും തിരഞ്ഞെടുത്തു.
സീറോ മലബാർ സഭയുടെ അതിരൂപതയായ ചങ്ങനാശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും, ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ. പ്രിൻസ് ആന്റണി പാണേങ്ങാടനെയും തിരഞ്ഞെടുത്തു
കേരളത്തിലെ അതിപുരാതന അതിരൂപതകളിൽ ഒന്നായ ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി, സഹായമെത്രാനായി ശുശ്രൂഷ ചെയ്തു വന്നിരുന്ന മാർ തോമസ് തറയിലിനെയും, തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാനായി അദിലാബാദ് രൂപതയുടെ മെത്രാനായി ശുശ്രൂഷചെയ്തു വന്നിരുന്ന മാർ. പ്രിൻസ് ആന്റണി പാണേങ്ങാടനെയും സിറോമലബാർ സഭയുടെ മുപ്പത്തിരണ്ടാമത് സിനഡ് സമ്മേളനത്തിൽ തിരഞ്ഞെടുത്തു. സിനഡ് അംഗങ്ങളുടെ തീരുമാനങ്ങൾ ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചതോടെയാണ് പുതിയ നിയമനങ്ങൾ ആഗസ്റ്റ് മാസം മുപ്പതാം തീയതി നിലവിൽ വന്നത്.
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പെരുംതോട്ടം 75 വയസ് പൂർത്തിയായതോടെ രാജി സമർപ്പിച്ചതിനെ തുടർന്നാണ് പുതിയ മെത്രാപ്പോലീത്തയായി മാർ. തോമസ് തറയിൽ നിയമിതനായത്. 1972 ഫെബ്രുവരി മാസം രണ്ടാം തീയതി ജനിച്ച മാർ. തോമസ് തറയിൽ, 2000, ജനുവരി മാസം ഒന്നാം തീയതി വൈദികനായി അഭിഷിക്തനായി. തുടർന്ന് വിവിധ ഇടവകകളിൽ സഹ വികാരിയായും, വികാരിയായും സേവനം അനുഷ്ഠിച്ച അദ്ദേഹം, റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. തുടർന്ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തു വരികയായിരുന്നു.
ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന മാർ. റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ മെത്രാനായി മാർ. പ്രിൻസ് ആന്റണി പാണേങ്ങാടനെ സിനഡ് തിരഞ്ഞെടുത്തത്. 1976 മേയ് 13ന് തൃശൂരിലെ അരിമ്പൂരിൽ ജനിച്ച മാർ. പ്രിൻസ് 2007 ഏപ്രിൽ 25-ന് വൈദികനായി അഭിഷിക്തനായി. തുടർന്ന് വിവിധ ഇടങ്ങളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം, റോമിലെ ഉർബാനിയൻ സർവകലാശാലയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2015 ഓഗസ്റ്റ് 6 നാണ് അദിലാബാദ് രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്.




ഷംസാബാദ് പുതിയ മെത്രാൻ .മാർ പ്രിൻസ് പാണെങ്ങാടൺ.
{-Bishop Antony Prince Panengaden}
അഭിനന്ദങ്ങളും പ്രാർത്ഥനയും.






