തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2019-2020 , 2020-2021 വർഷങ്ങളിലെ പ്രതിനിധി മണ്ഡലയോഗം ഒക്ടോബർ 13 , 14 , 15 തീയതികളിൽ നടക്കും. സൂം വെബിനാറിലൂടെ യാണ് യോഗം നടക്കുക.

സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും . സഫ്രഗൻ മെത്രാപ്പോലിത്താമാരായ ഡോ . യൂയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ് , എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ് , ഡോ . ഐസക് മാർ ഫിലക്സിനോസ് , ഡോ . ഏബ്രഹാം മാർ പൗലോസ് , ഡോ . മാത്യൂസ് മാർ മക്കാറിയോസ് , ഡോ . ഗ്രിഗോറിയോസ് മാർ ഫാനോസ് , ഡോ .തോമസ് മാർ തീത്തോസ് എന്നിവരും ഔദ്യോഗിക ഭാരവാഹികൾ ഉൾപ്പെടെയുള്ള നിലവിലുള്ള സഭാ കൗൺസിൽ അംഗങ്ങളും മാത്രമാകും തിരുവല്ല ഡോ.അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്താ സ്മാരക ഓഡിറ്റോറിയത്തിൽ വച്ചുള്ള യോഗത്തിൽ പങ്കെടുക്കുക . മറ്റ് മണ്ഡലാംഗങ്ങൾ സും വെബിനാറിലൂടെ യോഗത്തിൽ പങ്കെടുക്കും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇടവകകളിൽ നിന്നായി 1451 മണ്ഡലാംഗങ്ങൾ ആണ് മണ്ഡലത്തിലുള്ളത് .

ഒക്ടോബർ 13ന് വൈകുന്നേരം 4 മണിക്ക് ആരാധനയോടെ യോഗനടപടികൾ ആരംഭിക്കും . സഭാ സെക്രട്ടറി റവ . കെ.ജി.ജോസഫ് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും സഭാ അത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് ബജറ്റും അവതരിപ്പിക്കും. രണ്ടാം ദിവസത്തെ യോഗം 14 നു രാവിലെ 10 മണിക്ക് ആരംഭിക്കും

.15 -ാം തീയതി രാവിലെ 7.30 മണിക്ക് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബ്ബാന ശുശ്രൂഷ ആരംഭിക്കും . തുടർന്ന് സഭയിലെ സജീവ സേവനത്തിൽ നിന്നു വിരമിച്ച വൈദികരെ ആദരിക്കും . സഭയിലെ വിവിധ തലങ്ങളിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകളായ മാർത്തോമ്മാ മാനവ സേവ അവാർഡ് , കർഷക അവാർഡ് , പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹരിത അവാർഡ് , അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള മെറിറ്റ് അവാർഡ് , ഗ്രന്ഥരചനയ്ക്ക് വൈദികർക്കുള്ള അവാർഡുകൾ , ഇടവക സെമിത്തേരി സംരക്ഷണ പുരസ്ക്കാരം എന്നിവ സമ്മാനിക്കും . വൈദിക ഡയറക്ടറിയുടെ പരിഷ്ക്കരിച്ച പതിപ്പിന്റെ പ്രകാശനം മണ്ഡലത്തിൽ നടക്കും . പുതിയ ഭാരവാഹികളെയും വൈദിക തെരഞ്ഞെടുപ്പു കമ്മറ്റിയെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും 15 -ാം തീയതി നടക്കും .

നിങ്ങൾ വിട്ടുപോയത്