MAUNDY THURSDAY
അക്ഷരാര്‍ത്ഥത്തില്‍, മാര്‍ച്ചു പാസ്റ്റിന്റെ ദിനമാണ് പെസഹാ വ്യാഴം. ‘കടന്നുപോകല്‍’ എന്നര്‍ത്ഥമുള്ള പെസഹാ ഇസ്രായേല്‍ക്കാര്‍ ആദ്യമായി ആചരിച്ചത് ഈജിപ്തിലാണ.് സംഹാരദൂതന്റെ കടന്നുപോകല്‍ കുഞ്ഞാടിന്റെ രക്താഭിഷേകവുമായി ബന്ധപ്പെട്ടിരുന്നു. കട്ടിളപ്പടികളില്‍ രക്തം തളിക്കപ്പെട്ടിട്ടില്ലാതിരുന്ന വീടുകളിലേക്ക് സംഹാരദൂതന്‍ കടന്നുചെന്നു! എന്നാല്‍ ഇസ്രായേല്‍ക്കാരാകട്ടെ, ആ രാത്രി അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയിലേന്തി തിടുക്കത്തില്‍ കുഞ്ഞാടിന്റെ ചുട്ടെടുത്ത മാംസം പുളിപ്പില്ലാത്ത അപ്പവും കയ്പ്പുള്ള ഇലകളും കൂട്ടി ഭക്ഷിച്ചു. അവര്‍ക്കും കടന്നുപോകേണ്ടിയിരുന്നു – അടിമത്തത്തില്‍ നിന്ന് സ്വതന്ത്ര്യത്തിലേക്ക്.
തന്റെ അന്ത്യ അത്താഴം ആചരിക്കാനായി യഹൂദരുടെ പെസഹാ ദിനം കര്‍ത്താവു തിരഞ്ഞെടുത്തു. യേശുവിന്റെ മഹാ കടന്നുപോകലിന്റെ അനുസ്മരണമാണ് അന്ത്യ അത്താഴം! ‘ഇത് എന്റെ ശരീരമാണ്; ഇത് എന്റെ രക്തമാണ്’ എന്നു തെളിച്ചു പറഞ്ഞുകൊണ്ട് അവ വാങ്ങി ഭക്ഷിക്കാനും കുടിക്കാനും ശിഷ്യസമൂഹത്തെ അവിടന്നു ക്ഷണിച്ചു. ‘ഇതു നിങ്ങള്‍ എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍’എന്നു കല്പിക്കാന്‍ അവിടന്നു പ്രത്യേകം ശ്രദ്ധിച്ചു. തന്റെ കടന്നു പോകലിന്റെ നിത്യസ്മരണയായും സ്വാര്‍ത്ഥതയില്‍ നിന്ന് പരാര്‍ത്ഥതയിലേക്കു കടന്നുപോകാന്‍ ശിഷ്യര്‍ക്കുള്ള നിത്യപ്രബോധനമായും അങ്ങനെ പരിശുദ്ധ കുര്‍ബാന മാറി. പരിശുദ്ധ കുര്‍ബാനയുടെയും, ഒപ്പം പൗരോഹിത്യത്തിന്റെയും സംസ്ഥാപന ദിനമായി പെസഹാ വ്യാഴം തീര്‍ന്നു.
പാദക്ഷാളന വിവരണത്തിലൂടെ പരിശുദ്ധ കുര്‍ബാനയുടെ ആന്തരികാര്‍ത്ഥം വ്യക്തമാക്കാന്‍ ശ്രമിച്ച വി. യോഹന്നാന്റെ സുവിശേഷത്തിന്റെ ചുവടുപിടിച്ച് ഈ ദിനംതന്നെയാണ് ആരാധനക്രമത്തില്‍ പാദക്ഷാളന കര്‍മ്മം നമ്മള്‍ ആചരിക്കുന്നത്.
തന്നെത്തന്നെ സ്‌നേഹത്തിന്റെ മാനദണ്ഡമാക്കിക്കൊണ്ട് ‘നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍’ എന്നു കല്പിച്ച ക്രിസ്തുവിനെ ഇന്നു നാം തീക്ഷ്ണതയോടെ ധ്യാനിക്കുന്നു. Maundy Thursday എന്ന് ഈ ദിനം വിളിക്കപ്പെടുന്നതു തന്നെ Mandatum novum do vobis (ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന തരുന്നു) എന്ന ലത്തീൻ പ്രസ്താവനയിലെ ആദ്യ പദത്തിൻ്റെ ചുരുക്കരൂപമായിട്ടാണ്. ”ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ” എന്നതിലെ ‘പോലെ’ എന്ന പ്രയോഗത്തിന്റെ ആഴം അചിന്തനീയമാണ്. സ്‌നേഹത്തിന്റെ കൂദാശയ്ക്കുമുന്നില്‍ ആരാധനയോടെ നാം നിലകൊള്ളുമ്പോള്‍ മനസ്സിലേക്ക് ഇരച്ചുകയറിവരുന്നതും ആ ‘പോലെ’ തന്നെയത്രേ!
ജോഷിയച്ചൻ മയ്യാറ്റിൽ