നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു നിന്നു നോക്കിയാൽ സ്വർഗത്തിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ബ്രഹ്മാണ്ഡവും മനോഹരവുമായ മുഖവാരവും എല്ലാം പടുത്തുയർത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു എൻജിനീയറിങ് കോളേജിലും പോയി പഠിച്ചിട്ടില്ലാത്ത ഈ മാത്തുച്ചനാണ്.
ഇതുകൊണ്ടും തീർന്നില്ല, രണ്ടുനില ആർച്ചിന്റെ മേൽക്കൂര അതിനെ താങ്ങി നിർത്തുന്ന മധുരയിലെയോ മൈസൂരിലെയോ കൊട്ടാരങ്ങളിൽ മാത്രം കാണുന്ന മാതിരിയുള്ള തൂണുകൾ, മനോഹരവും ഭക്തിരസം തുളുമ്പുന്നതുമായ ബലിവേദി, മുകളിൽ സീലിങ്ങിൽ വച്ചിരിക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ കിരീടധാരണ ചിത്രം, പള്ളിയുടെ പിൻവശത്ത് കാണുന്ന മണിമാളിക, ഫ്രാൻസിൽ നിന്ന് വരുത്തിയ കൂറ്റൻ മണികളെ മുകളിൽ എത്തിക്കാൻ മുതലായ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ആ മണികൾ മണിമാളികയുടെ മുകളിൽ ഉയർത്തി സ്ഥാപിച്ചത് ഇവയെല്ലാം അദ്ദേഹത്തിന്റെ എൻജിനീയറിങ് ഉണ്ടായിരുന്ന വൈദഗ്ധ്യത്തിന്റെ ഉദാഹരണങ്ങളാണ്. പള്ളിയുടെ മുൻവശത്ത് കാണുന്ന ഓട് പൊതിഞ്ഞ് കൊടിമരം, ക്ഷേത്രങ്ങളുടെ ചുറ്റുമതിൽ മാതൃകയിലുള്ള മതിൽ, വിസൃതമായ സിമിത്തേരി, സെമിത്തേരിയുടെ മധ്യത്തിലുള്ള പള്ളി ഇതെല്ലാം ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്കു വഹിച്ചത് മാത്തുച്ചനാണ്.
പള്ളിയുടെ ചുറ്റും കാണുന്ന പുൽത്തകിടി നൂറു വർഷങ്ങൾക്കു മുമ്പ് മാളേക്കൽ മാത്തുച്ചൻ വെച്ചു പിടിപ്പിച്ചതാണ്. പള്ളിയുടെ പടിഞ്ഞാറു വശത്തെ മൂന്ന് ആനവാതിൽ തുറന്നിട്ടാൽ പടിഞ്ഞാറൻ പുഞ്ചയിൽ നിന്നുള്ള ശീതക്കാറ്റ് ഈ പുൽത്തകിടിയിൽ തട്ടി പള്ളി അകത്തേക്ക് പ്രവേശിക്കുമ്പോൾ ഫാനും മറ്റും ഇല്ലാതിരുന്ന കാലത്ത് പള്ളി അകം പൂർണമായും സുഖശീതളമായ ആകുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇദ്ദേഹത്തെ ഇന്ന് ചങ്ങനാശ്ശേരിക്കാർക്ക് എത്രപേർക്കറിയാം? ഇങ്ങനെ ചരിത്രത്തിന്റെ വിസ്മൃതിയിലാണ്ടു പോയ എത്ര എത്ര ആളുകൾ? എന്നാൽ കാലം മായ്ക്കാത്ത ശില്പ ചാരുതയോടെ ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയം പ്രൗഢഗംഭീരമായി നിലകൊള്ളുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.ശുഭദിനം
Vinod Panicker