*’മെയ്ഡേ കോളിൽ’ ആയിരിക്കുന്ന ഇന്ത്യൻ ജനാധിപത്യം*

അഹമ്മദാബാദിലെ വിമാന ദുരന്തത്തിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്കായിരുന്നു ‘മെയ്ഡേ’ (Mayday). ആകാശത്തിലെയും കടലിലേയും യാത്രാ സംവിധാനങ്ങൾ അപായത്തിൽ പെടുമ്പോൾ ആ വിവരം പുറംലോകത്തെ അറിയിക്കുവാനായി അത്രമേൽ അടിയന്തര സാഹചര്യത്തിൽ ആ യാത്രാവാഹനത്തെ നിയന്ത്രിക്കുന്നവർ പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പാണ് ‘മെയ്ഡേ’ . ഫ്രഞ്ച് വേരുകളുള്ള (m’aider ) ഈ വാക്കിൻറെ അർത്ഥം ‘എന്നെ സഹായിക്കൂ’ (Help Me) എന്നാണ് . ജീവൻ പോലും അപകടത്തിലായേക്കാവുന്ന അത്രമേൽ ആപത്കരമായ സാഹചര്യത്തിൽ തന്റെയും മറ്റുള്ളവരുടെയും രക്ഷക്കായുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. അഹമ്മദാബാദ് വിമാനദുരന്തത്തിലും പൈലറ്റ് ഈ വാക്ക് ആവർത്തിച്ചു വിളിച്ചു പറഞ്ഞിരുന്നു. അപകടരമായ സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ട് നൽകുന്ന അപായ സൂചനയാണ് ‘മെയ്ഡേ കാൾ’. അങ്ങനെയെങ്കിൽ ഈ അടുത്തകാലത്ത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ ഗുരുതരമായ അപകട സാഹചര്യത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് സമകാലീന പല സംഭവങ്ങളും സൂചിപ്പിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ജീവനാഡിയായ ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും ഫെഡറൽ സംവിധാനങ്ങളും എന്തിന് ജനവിധി പോലും
താറുമാറാവുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. മാത്രമല്ല മത ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വർഗീയതയുടെ ഇരകളായി മാറ്റപ്പെടുകയും കലാ സംസ്കാരിക രംഗത്തുപോലും ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ അടിച്ചേല്പിക്കുകയും അന്വേഷണ ഏജൻസികളും നിയമ വ്യവസ്ഥകളും വ്യവഹാരങ്ങൾപോലും അവരുടെ ചൊല്പ്പടിക്കു നിൽക്കുകയും ചെയ്യുന്നു എന്നുള്ളതും അതിനെതിരെ പ്രതികരിക്കുന്ന പ്രതിഷേധ സ്വരങ്ങളെ തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ചു ദുർബലപ്പെടുത്തുന്നു എന്നുള്ളതും വല്ലാത്തൊരു അപകട സാധ്യതയാണ് നമ്മുടെ നൽകുന്നത്. സമകാലീന ഇന്ത്യൻ ജനാധിപത്യത്തിൽ ഉയർന്നു പൊങ്ങിയ അത്തരം ചില അപായ സൂചനകളെ നമുക്കൊന്ന് ചർച്ചാവിഷയമാക്കാം.
*മതേതരത്വത്തിന്റെ മുറിവ്*

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് മതേതരത്വം (Secularism) . ഭരണഘടനയുടെ ആരംഭത്തിൽ തന്നെ അതിനു മതേതര സ്വഭാവം ഉണ്ടെകിലും 1976 ൽ ഭരണഘടനയുടെ 42 ഭേദഗതിയിലൂടെയാണ് മതേതരത്വം (Secularism) എന്നുള്ള ഒരു പദം ഭരണഘടനയിൽ കൂടിച്ചേർക്കപ്പെട്ടത്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന നമുക്ക് നൽകുന്നുണ്ട്. പൗരന്മാർ ഏതു മതത്തിൽ വിശ്വസിച്ചാലും രാഷ്ട്രത്തിനു ഒരുപോലെയാണ്. വിവേചനം ഭരണഘടനാ വിരുദ്ധമാണ്. എന്നാൽ ഇന്ത്യൻ മതേതരത്വവും മത സ്വാതന്ത്ര്യവും മുൻപെങ്ങും ഇല്ലാത്ത വിധം അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചു ക്രൈസ്തവർ ഒന്നിന് പുറകെ ഒന്നായി ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു . യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷന്റെ (UCF) കണക്ക് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് ഏകദേശം നാലായിരത്തി അറന്നൂറോളം ഒറ്റയ്ക്കും കൂട്ടവുമായിട്ടുള്ള ആക്രമണങ്ങൾക്ക് ക്രൈസ്തവർ വിധേയരായി എന്നുള്ളതാണ്. അതായത് ഓരോ 36 മണിക്കൂറിലും ഒരു ഇന്ത്യൻ ക്രൈസ്തവൻ ആക്രമിക്കപ്പെടുന്നു എന്ന് ചുരുക്കം. 2014ൽ ക്രൈസ്തവർക്ക് എതിരായ ആക്രമണങ്ങൾ കേവലം 127 ആയിരുന്നെങ്കിൽ 2024 ആയപ്പോഴേക്കും ഏകദേശം 834 ഓളം കേസുകളാണ് ക്രൈസ്തക്കെതിരെയുള്ള ആക്രമണ സംഭവങ്ങളായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ഛത്തീസ്ഗഡിൽ രണ്ട് സന്യസ്തർ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ചു ബജ്‌രംഗ്ദൽ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടതും ജയിലടക്കപ്പെട്ടതും തുടർന്നുള്ള ദിവസങ്ങളിൽ ഒഡീഷയിൽ ഏതാനും വൈദികരും സന്യസ്തരും ഇത്തരത്തിൽ തന്നെ ആൾക്കൂട്ട ആക്രമണത്തിന് വിധേയമായതും ഏറെ ആശങ്കയോടെയാണ് മതേതര സമൂഹം നോക്കി കാണുന്നത്. ഇത്തരം സംഭവങ്ങളിൽ ഏറെ സങ്കടകരമായ കാര്യം ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് നിയമപാലകരും ജന നേതാക്കളും മൗന സമ്മതം നൽകുന്നു എന്നുള്ളതാണ്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റേഴ്സിനെ പോലീസിന്റെ സാന്നിധ്യത്തിൽ ഏതാനും ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതും അവരുടെ ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ അതു ആഘോഷമായി മാറ്റിയതുമെല്ലാം ഇന്ത്യൻ മതേതരത്വം എത്ര അപകടമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത് എന്നതിന് പ്രകടമായ ഉദാഹരണമാണ് .
*ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം എന്ന ‘കോമഡി ഷോ‘*
എഴുപത്തി ഒന്നാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ടകൾ കുറേക്കൂടി മറ നീക്കി പുറത്തുവന്നു എന്ന് വേണം പറയാൻ. കലാമൂല്യമുള്ള, പ്രകടനം കൊണ്ടും നിർമ്മാണ മികവുകൊണ്ടും ഏറെ നിലവാരം പുലർത്തിയ കലാസൃഷ്ടികളെ ബോധപൂർവ്വം മാറ്റിനിർത്തിക്കൊണ്ട് ‘കേരള സ്റ്റോറി’ പോലെ വർഗീയ വിഷം പ്രചരിപ്പിക്കുന്ന ‘പ്രൊപഗാന്ത സിനിമകൾക്ക്’ അവാർഡ് നൽകിയപ്പോൾ അവാർഡ് നിർണയ കമ്മിറ്റിയുടെ നിഷ്പക്ഷതയും ഉദ്ദേശ ശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ട ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ അടുത്ത് തന്നെ ഇറങ്ങിയ ‘എംബുരാൻ’ എന്ന ചലച്ചിത്രത്തിന് സെൻസർഷിപ്പിന് ശേഷവും 17 ‘കട്ട്’ കൊടുത്തതും ‘ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയിലെ ‘ ജാനകിയുടെ പേര് വി. ജാനകി എന്നാക്കി പലയിടങ്ങളിലും ‘മ്യൂട്ട്’ ചെയ്യിക്കേണ്ടി വന്നതും കലാ സംസ്കാരിക രംഗത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എത്രത്തോളം കടിഞ്ഞാൺ വീണുകഴിഞ്ഞു എന്നതിൻറെ ഉത്തമ ഉദാഹരണമാണ്. ഭരണവർഗത്തെ പ്രീതിപ്പെടുത്തുന്ന ദൃശ്യ ആവിഷ്കാരങ്ങൾക്കും മാധ്യമ സൃഷ്ടികൾക്കും കൂടുതൽ പരിഗണനയും ഉപഹാരങ്ങളും നൽകുകയും അവരെ വിമർശിക്കുന്ന കലാസൃഷ്ടികളെയും കലാകാരന്മാരെയും മാധ്യമ പ്രവർത്തകരെയും ബോധപൂർവ്വം തഴയുകയും ചെയ്യുന്ന പ്രവണത ഒരു ജനാധിപത്യത്തിൽ എത്ര ലജ്ജാകരമാണ്. അതുകൊണ്ടുതന്നെ നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഒരു ദുരന്ത നാടകമായോ കോമഡി ഷോ മാത്രമായോ കാണാനാവൂ.
*ഓപ്പറേഷൻ മഹാദേവപുരം*
‘ഓപ്പറേഷൻ മഹാദേവപുരം’ എന്നപേരിൽ പ്രതിപക്ഷനേതാവ് ശ്രീ രാഹുൽഗാന്ധി മുന്നോട്ടുവെച്ച വോട്ടുമോഷണമെന്ന ആരോപണം അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും നോക്കുകുത്തിയാക്കികൊണ്ടു അതല്ലെങ്കിൽ അവരുടെ തന്നെ മൗന അനുവാദത്തോടുകൂടി ജനാധിപത്യത്തിലെ ഏറ്റവും വലിയ വോട്ടിംഗ് സംവിധാനം അട്ടിമറിക്കപ്പെട്ടു എന്നുള്ളത് ഏറെ ആശങ്കാജനകമാണ്. വ്യാജ വോട്ടർമാരെ കൂട്ടിച്ചേർത്തും , ഒരേ വോട്ടർമാർ പലയിടങ്ങളിലായി മൾട്ടിപ്പിൾ വോട്ടിംഗ് ചെയ്തും , പുതിയ വോട്ടന്മാർ എന്ന പേരിൽ തെറ്റായ വ്യക്തികൾ വോട്ടർ പട്ടികയിൽ ഇടം പിടിച്ചതും ഒരേ മേൽവിലാസത്തിൽ ഒട്ടനേകം പേർ വോട്ടു ചെയ്തതുമെല്ലാം വ്യക്തമായ തെളിവുകൾ നിരത്തി പ്രതിപക്ഷ നേതാവ് അവതരിപ്പിക്കുമ്പോൾ അവിടെ പ്രതിക്കൂട്ടിലാവുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ വിശ്വാസ്യതയുമാണ്. ആ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ തീർച്ചയായും കഴിഞ്ഞ ലോക്സഭ ഇലക്ഷനിലെ, കേരളത്തിലെ തൃശൂർ അടക്കമുള്ള പല മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് വിജയം സംശയത്തിന്റെ മുൾമുനയിൽ നിൽക്കുകയാണ്. ജനാധിപത്യ രാജ്യത്തു ഏറ്റവും സുതാര്യവും കണിശവുമായി നടക്കേണ്ട വോട്ടിംഗ് സംവിധാനം പോലും അട്ടിമറിക്കപ്പെട്ടു എന്നുള്ള ആരോപണം ഏറെ ആശങ്കയോടെ നമ്മൾ വിലയിരുത്തേണ്ടതാണ്.
*കാവിവത്ക്കരണത്തിന്റെ രണ്ടാം വരവ്*
മുൻപ് വാജ്‌പേയ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ , കലാ- രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നടന്ന കാവിവത്ക്കരണം നമ്മൾ കണ്ടു കഴിഞ്ഞതാണ് . വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരാണ് എന്ന് നമ്മൾ പറയുമ്പോൾ അതല്ല അതിനുമുമ്പ് ഇന്ത്യയിൽ രാവണൻ ‘പുഷ്പക വിമാനം’ ഉപയോഗിച്ചിരുന്നു എന്ന് പറയുന്ന പഴയ ഫലിതത്തിന് ഇപ്പോഴും പ്രസക്തിയുണ്ട് എന്ന് തോന്നുന്നു. തികച്ചും മതേതരത്വ സ്വഭാവം പുലർത്തുന്ന ഇന്ത്യൻ ഭരണഘടനയെ മാറ്റിയെഴുതാനും ഇന്ത്യ എന്ന സെക്കുലർ രാജ്യത്തെ ഹൈന്ദവവത്കരിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അംഗീകരിക്കാവുന്നതല്ല . ‘ഇൻഡ്യ’ എന്ന രാജ്യം ഒരു ദിവസം ‘ഭാരതം’ എന്നാകുന്നതും ‘ഇന്ത്യൻ പീനൽ കോഡ്’ (IPC) ഒരു സുപ്രഭാതത്തിൽ ‘ഭാരതീയ ന്യായ സംഹിത’ (BNS) യായി മാറുന്നതും അലഹാബാദ് എന്ന നഗരം ‘പ്രയാഗ് രാജ്’ ആയി മാറ്റപ്പെടുന്നതും അഹമ്മദ് നഗർ, ‘അഹല്യ നഗർ’ ആക്കി മാറ്റപ്പെടുന്നതും ഗുഡ്ഗാവ് എന്നത് ‘ഗുരുഗ്രാം’ ആക്കി മാറ്റുന്നതും ഉത്തർ പ്രദേശിലെ മുഗൾ സ്വരാജ് റെയിൽവേ സ്റ്റേഷൻ ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ ആക്കി മറ്റുന്നതുമെല്ലാം ഏറെ സംശയത്തോടെ നമ്മൾ നോക്കി കാണേണ്ടതാണ്. ഏകദേശം പത്തോളം വലിയ റെയിൽവേ സ്റ്റേഷനുകൾക്കാണ് ഈ അടുത്തിടെയായി ഇത്തരത്തിൽ പേര് മാറ്റപെട്ടത്. നഗരങ്ങളുടെയും വിമാനത്താവളങ്ങളുടെയും റയിൽവേ സ്റ്റേഷനുകളുടെയും പേരു മാറ്റത്തിന് പുറമേ ഏകദേശം 122 ഓളം വ്യത്യസ്ത ഭാഷകളുള്ള (2011 സെൻസസ് പ്രകാരം) ഇൻഡ്യാ മഹാരാജ്യത്ത് ഹിന്ദിയെ ഏക ദേശീയ ഭാഷയാക്കാനായി ചിലർ നടത്തുന്ന ശ്രമങ്ങളും കണ്ടില്ലെന്നു നടിച്ചു കൂടാ. ഏതാണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നുള്ള ചോദ്യത്തിന് തമിഴ് നാട്ടിലെ ഡിഎംകെ നേതാവ് ശ്രീമതി. കനിമൊഴി നൽകിയ മറുപടി ‘നാനാത്വത്തിൽ ഏകത്വം’ (Unity in Diversity) എന്നുള്ളതാണ് ഇന്ത്യയുടെ ദേശീയ ഭാഷ എന്ന പ്രസ്താവന ഈയിടെ ഏറെ ശ്രദ്ധിക്കപ്പെടുന്നതും അതുകൊണ്ടാണ്.
*മത പരിവർത്തനവും ‘ഘർ വാപ്പസിയും‘*
ഒരു ഇന്ത്യൻ പൗരന് തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്നതിനുള്ള അവകാശം ഭരണഘടന നല്കിയിരിക്കെ പല സംസ്ഥാനങ്ങളും മത പരിവർത്തന നിരോധന നിയമം പാസാക്കുകയും അത്തരം ഒരാരോപണം ഉന്നയിച്ചു സദുദ്ദേശത്തോടെ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തങ്ങളിൽ പോലും കരിനിഴൽ വീഴ്ത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കാവുന്നതല്ല. അതേസമയം ഹൈന്ദവവിശ്വാസധാരയിൽ നിന്നും മറ്റു മതങ്ങളിലേക്ക് ചേക്കേറിയവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വീണ്ടും ഹൈന്ദവ ധർമ്മത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി ‘ഘർ വാപ്പസി’ എന്ന പേരിൽ നടക്കുന്ന മത പരിവർത്തനത്തിനു പിന്നിലെ ഉദ്ദേശശുദ്ധിയെയും പരിശോധിക്കേണ്ടിയിരിക്കുന്നു . പല കാരണങ്ങളാൽ ഒരിക്കൻ ഹൈന്ദവ വിശ്വാസം
ഉപേക്ഷിച്ചവരെ വീണ്ടും തിരിച്ചു കൊണ്ടുവരുവാൻ ചില തീവ്ര താൽപര്യ കക്ഷികൾ ശ്രമിക്കുമ്പോൾ അതു മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ വരാത്തത് എന്തുകൊണ്ടാണ് എന്നുള്ളതാണ് ഒരു സംശയം. അതുകൊണ്ടു തന്നെ ക്രൈസ്തവരെ പ്രതിക്കൂട്ടിലാക്കുക എന്ന ദുരുദേശത്തോടെ ചില തീവ്ര വർഗീയ ശക്തികളുടെ കയ്യിലെ തുറുപ്പു ചീട്ടായി പലപ്പോഴും ഈ മത പരിവർത്തന നിരോധിത നിയമം മാറുന്നു എന്നുള്ളതാണ് വാസ്തവം.
*ജാതി സെൻസസ് എന്ന ചതിക്കുഴി*
തങ്ങൾ മുന്നോട്ടു വച്ച യൂണിഫോം സിവിൽ കോഡ് (UCC), സിറ്റിസൺ അമ്മൻന്റ്മെന്റ് ആക്റ്റ്(CAA), ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, യുവജനങ്ങളെ ആകർഷിക്കാൻ മുന്നോട്ടുവെച്ച ‘അഗ്നിപദ്’ പോലുള്ള ആശയങ്ങൾക്കും പദ്ധതികൾക്കും വേണ്ടത്ര ജന പിന്തുണ ലഭിച്ചില്ല എന്നു കണ്ടപ്പോൾ വോട്ട് ബാങ്ക് ഭിന്നിപ്പിനായി കൊണ്ടുവരുന്ന സംവരണ രാഷ്ട്രീയത്തിന്റെ കാലിൽ ഊന്നിയ ജാതി സെൻസസ് നടപ്പിലാക്കുക എന്നുള്ള തീരുമാനം വീണ്ടും അപകടമായൊരു സാമൂഹിക ക്രമത്തിലേക്കാനു നമ്മുടെ രാജ്യത്തെ കൊണ്ട്ചെന്ന് എത്തിക്കുക. ഏതൊരു ജാതീയ വിഷമാണോ ഈ രാജ്യത്തു നിന്നും എടുത്തുകളയാൻ നമ്മുടെ ഭരണഘടനാ ശിപ്പികളും രാഷ്ട്രനിർമ്മിതിയിൽ പങ്കുകാരായ ക്രാന്ത ദർശികളായ നേതാക്കന്മാരും ആഗ്രഹിച്ചത് ആ ‘വിഷ സർപ്പം’ കൂടുതൽ ശക്തമായി തിരിച്ചുവരുന്നതിനു ഈ ജാതി സെൻസസ് കാരണമാകും എന്നത് ഇവിടെ ആർക്കാണ് അറിഞ്ഞുകൂടാത്തത് ? അത് കൊണ്ട് വെറും വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ട് ഈ രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുവാനുള്ള ശ്രമങ്ങളെ , അതു ഭരണ- പ്രതിപക്ഷ ഭാഗത്തുനിന്നായാലും നാം ചെറുക്കേണ്ടതുണ്ട്.

*മെയ്ഡേ അലർട്ട്*
പറഞ്ഞു തുടങ്ങിയത് അഹമ്മദാബാദിലെ വിമാനദുരന്തവും അതിലെ ‘മെയ്ഡേ’ സന്ദേശത്തെയും കുറിച്ചാണ്. അത്രമേൽ അടിയന്തരമായ സാഹചര്യത്തിൽ മൂന്ന് പ്രാവശ്യം ‘മെയ്ഡേ’ എന്ന വാക്ക് പുറപ്പെടുവിക്കുന്നതുപോലെ നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യത്തിന്റെ മുന്നറിയിപ്പ് ഈ അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രാജ്യത്തിലെ മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു വെയ്ക്കുന്ന കാഴ്ച്ച നമ്മൾ കണ്ടു കഴിഞ്ഞു. തനിക്കു നേരിടേണ്ടി വന്നിട്ടുള്ള പരാജയങ്ങളേയും പരിഹാസങ്ങളേയും അതിജീവിച്ചു ദീർഘവീക്ഷണവും തികഞ്ഞ ജനാധിപത്യ ബോധവുമുള്ള കർമ്മോത്സകനുമായ ഒരു നേതാവിനെ അവിടെ കാണാൻ കഴിഞ്ഞു എന്നുള്ളത് ശുഭകരമായ സൂചനയാണ്. അദ്ദേഹത്തിൻറെ ആത്മാർത്ഥതയും ആത്മസമർപ്പണവും കണ്ടുകൊണ്ടും ഒപ്പം വിഷയത്തിന്റെ ഗൗരവം മനസിലാക്കിയതു കൊണ്ടുമായിരിക്കാം പൊതുവെ ഉറക്കത്തിലായിരുന്നു പ്രതിപക്ഷ പാർട്ടികൾ ഒത്തൊരുമിച്ച് രാജ്യ തലസ്ഥാനത്തിന്റെ തെരുവിലേക്ക് ഇറങ്ങിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹരമായ കാഴ്ചയായി… വരാനിരിക്കുന്ന മഹാ ദുരന്തത്തിൽ നിന്നും നമ്മുടെ ജനാധിപത്യ രാജ്യത്തെ കൈപിടിച്ചുയർത്താൻ അവർക്ക് കഴിയട്ടെ….
*ഫാ. നൗജിൻ വിതയത്തിൽ*
