പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എന്താണെന്ന് ഞാൻ മനസിലാക്കിയത് മനോരമയിൽ എഡിറ്റോറിയൽ ഡയക്ടർ തസ്തികയിൽ നിന്ന് വിരമിച്ച ശ്രീ തോമസ് ജേക്കബിൽ നിന്നാണ് .
1984 ലാണ് സംഭവം. മൊബൈൽ ഫോണും ഇന്റെർനെറ്റുമൊന്നും ഇല്ലാതിരുന്നകാലം. രാജസ്ഥാനിലെ ഉദയപ്പൂർ സർവകലാശാലയിൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ ഉപരിപഠനം നടത്തുകയായിരുന്നു ഞാൻ. ആ സമയത്തു പുതുതായി രൂപീകരിച്ച ഉദയപ്പൂർ രൂപതയുടെ പ്രഥമബിഷപ്പായി മലയാളിയായ റവ ഫാ ജോസഫ് പതാലിലിനെ നിയമിച്ചുകൊണ്ട് മാർപാപ്പ പ്രഖ്യാപനം നടത്തി. നിയുക്ത ബിഷപ്പിനെ ഇന്റർവ്യൂ ചെയ്തു ഒരു ലേഖനം തയ്യാറാക്കി അയച്ചാൽ പ്രസിദ്ധീകരിക്കാൻ പറ്റുമോ എന്നാരാഞ്ഞു കൊണ്ട് മലയാളത്തിലെ രണ്ടു മൂന്നു പ്രമുഖ പത്രങ്ങൾക്കു ഞാൻ കത്തെഴുതി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു മനോരമയിയിലെ, അന്നത്തെ ചീഫ് ന്യൂസ് എഡിറ്ററായിരുന്ന തോമസ് ജേക്കബിന്റെ മറുപടി കിട്ടി. ( മറ്റു പത്രങ്ങൾ പ്രതികരിച്ചതേയില്ല ) .
അഭിമുഖം തയാറാക്കി അയക്കൂ പ്രസിദ്ധീകരിക്കാം എന്നു അറിയിക്കുക മാത്രമല്ല, സ്ഥാനാരോഹണച്ചടങ്ങിന്റെ റിപ്പോർട്ട് തയ്യാറാക്കാനും അദ്ദേഹം എന്നെ ചുമതലപ്പെടുത്തി. ( അന്ന് ഉദയപ്പൂരിൽ മനോരമയ്ക്ക് റിപ്പോർട്ടർ ഉണ്ടായിരുന്നില്ല.) സ്ഥാനാരോഹണത്തിന്റെ ഫോട്ടോകൾ അന്നേദിവസം രാത്രി വിമാനത്തിലെ ജോലിക്കാരുടെ കൈവശം കൊടുത്ത് മനോരമയുടെ ഡൽഹി ബ്യുറോയിൽ എത്തിക്കാൻ പറ്റുമോയെന്നും എന്നെ കോണ്ടാക്റ്റ് ചെയ്യാനുള്ള ഫോൺ നമ്പർ തരാമോയെന്നും ചോദിച്ചു. ഉദയപ്പൂർ വിമാനത്താവളത്തിൽ ജോലിചെയ്യുന്ന ഒരാൾ എന്റെ പരിചക്കാരനായിരുന്നതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ട് ഫോട്ടോ എത്തിക്കാമെന്ന് ഞാൻ ശ്രീ തോമസ് ജേക്കബിനെ കത്തുമുഖേന അറിയിച്ചു . എന്നെ കോൺടാക്റ്റ് ചെയ്യാനുളള നമ്പർ കൊടുക്കുകയും ചെയ്തു . ഡൽഹി ബ്യുറോ ലേഖകന് എന്റെ കോണ്ടാക്ട് നമ്പർ കൊടുത്തിട്ട് എന്നെ ബന്ധപ്പെടാൻ അദ്ദേഹം നിർദേശം നൽകി.
നിശ്ചിത ദിവസം വൈകുന്നേരം നാലുമണി മുതലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രൂപതാധികാരികളുമായി ബന്ധപ്പെട്ട് ചടങ്ങിന്റെ ഫോട്ടോകൾ പരിപാടി കഴിഞ്ഞയുടനെ ഞാൻ സംഘടിപ്പിച്ചു. റിപ്പോർട്ട് ഞാൻ തന്നെ തയ്യാറാക്കി . ആ രാത്രിയിൽ തന്നെ ഫോട്ടോകൾ ഞാൻ വിമാനത്തിലെ ജോലിക്കാരുടെ കൈവശം കൊടുത്ത് ഡൽഹിയിലെത്തിച്ചു. (ഡൽഹി വിമാനത്താവളത്തിൽ അത് കൈപ്പറ്റാൻ മനോരമ ആളെ ഏർപ്പെടുത്തിയിരുന്നു. ഡൽഹിയിൽ നിന്ന് അന്നത്തെ സാങ്കേതികവിദ്യയായ വയർലെസ്സ് ടെലിഫോട്ടോ സംവിധാനത്തിലൂടെ അന്നുതന്നെ അത് കോട്ടയത്തു മനോരമയിൽ എത്തിച്ചു . )
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം രാത്രി എട്ടുമണിക്ക് ഡൽഹി ബ്യുറോ ലേഖകൻ എന്നെ ഫോണിൽ വിളിച്ചു വാർത്ത എഴുതിഎടുത്തു. പിറ്റേന്നത്തെ പത്രത്തിൽ സ്ഥാനാരോഹണത്തിന്റെ ഫോട്ടോയും വിശദമായ റിപ്പോർട്ടും മനോരമയിൽ അച്ചടിച്ചു വന്നു. മറ്റൊരു മലയാള പത്രത്തിലും അന്നേദിവസം സ്ഥാനാരോഹണത്തിന്റെ ഫോട്ടോ വന്നില്ല. ( അഭിമുഖം എന്റെ പേരോടുകൂടി നേരത്തെ തന്നെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു ).
എനിക്ക് അന്ന് ചിലവായ തുക (250 രൂപ ) യുടെ ഡീറ്റെയിൽസ് ഒരു കടലാസ്സിൽ ടൈപ്പ് ചെയ്ത് ഞാൻ ശ്രീ തോമസ് ജേക്കബിന്റെ പേരിൽ അയച്ചു കൊടുത്തു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചിലവായതിന്റെ മൂന്നിരട്ടി തുകയുടെ ചെക്ക് പ്രതിഫലമായി എനിക്ക് അയച്ചു തന്നു.
എന്തു ത്യാഗം സഹിച്ചും രാജ്യത്ത് എവിടെയുമുള്ള വാർത്ത ശേഖരിച്ചു ഏറ്റവും വേഗം വായനക്കാരിൽ എത്തിക്കാനുള്ള മനോരമയുടെ പ്രൊഫഷണൽ മികവ് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെയാവാം അരനൂറ്റാണ്ടായി മനോരമ പ്രചാരത്തിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്.
പിന്നീട് നാട്ടിൽ വന്നശേഷം ഒരിക്കൽ മനോരമയിൽ നേരിട്ട് ചെന്ന് ഞാൻ ശ്രീ തോമസ് ജേക്കബിനെ പരിചയപ്പെട്ടു. മംഗളത്തിൽ ജോലിചെയ്യുമ്പോഴും ഒരിക്കൽ ചെന്ന് പരിചയം പുതുക്കി. പിന്നെ രണ്ടരപതിറ്റാണ്ടായിട്ട് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
അഞ്ചു വർഷം മുൻപ് ഞാൻ അദ്ദേഹത്തിന്റെ ഒരു കാരികേച്ചർ വരച്ചു അദ്ദേഹത്തിന് ഇമെയിൽ ചെയ്തു. പഴയ പരിചയം അദ്ദേഹം മറന്നില്ലെന്ന് മാത്രമല്ല പിന്നീട് പരിചയം പുതുക്കാതിരുന്നതെന്തെയെന്ന് ചോദിച്ചുകൊണ്ട് കത്തെഴുതി .
പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി നല്ല ഗ്രാഹ്യമുള്ള വ്യക്തിയായിരുന്നു ശ്രീ തോമസ് ജേക്കബ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു കാർട്ടൂണിസ്റ്റാവാൻ വന്നു ജേണലിസ്റ്റായി മനോരമയുടെ ഏറ്റവും ഉന്നതിയിലെത്തിയ ആളാണ് തോമസ് ജേക്കബ്. 26 മത്തെ അദ്ദേഹം ന്യുസ് എഡിറ്ററായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ന്യൂസ് എഡിറ്റർ എന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ് . 1969 ൽ തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിയ പത്രപ്രവർത്തന പരിശീലന കോഴ്സിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ആ ബഹുമതി കിട്ടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി. പത്രപ്രവർത്തകർക്കുള്ള ഏറ്റവും വലിയ ബഹുമതിയായ , സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്കാരം നേടി. 56 വർഷം മനോരമയിൽ സേവനം ചെയ്ത് നാലു വർഷം മുൻപ് 2017 ൽ വിരമിച്ചു. ഇപ്പോൾ എഴുത്തും വായനയുമായി വിശ്രമ ജീവിതത്തിലാണ് ശ്രീ തോമസ് ജേക്കബ്.
പഴയ അനുഭവങ്ങളും രസകരമായ സംഭവങ്ങളും കോർത്തിണക്കി അദ്ദേഹം മനോരമ ആഴ്ചപ്പതിപ്പിൽ എഴുതുന്ന ”കഥക്കൂട്ട്” ഏറെ ഹൃദ്യവും അറിവ് പകരുന്നതുമാണ്