‘പരമാധികാര’ ദിനാശംസകൾ !
രാജ്യം ഇന്ന് വീണ്ടും ഒരു പരമാധികാര ദിനം കൊണ്ടാടുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് മഹാമാരിയെ നേരിടുന്നതിനോടനുബന്ധിച്ച് മുഖം മറച്ചാണ് ആചരിക്കുന്നത്. മാസ്ക് ധരിക്കുന്നത് കൊണ്ട് വായ മൂടി കെട്ടുന്നു എന്ന് അർത്ഥമില്ല. എന്നാൽ അതിന് സമാനമായ പ്രതീതി ചിലയിടങ്ങളിൽ ഉണ്ടാക്കുന്നു, പ്രത്യേകിച്ച് ലോകായുക്ത ഓർഡിനൻസ് പോലുള്ള നിയമഭേദഗതി കളുടെ കാര്യത്തിൽ.
എന്താണ് ലോകായുക്ത ?
അധികാര സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ സാധാരണക്കാർക്ക് സമീപിക്കാവുന്ന സംവിധാനമാണ് ലോകായുക്ത. 1999 ൽ ഇ.കെ.നായനാരുടെ കാലത്താണ് കേരളത്തില്‍ ലോകായുക്ത നിലവില്‍ വരുന്നത്. സർക്കാർ ജീവനക്കാർക്കെതിരായ ആരോപണം, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കാം. അഴിമതി, അധികാര ദുർവിനിയോഗം എന്നിവയിൽ നടപടിയെടുക്കാം എന്നതാണ് മുഖ്യ അധികാരം.
കുറ്റം തെളിഞ്ഞാൽ എന്തുണ്ടാകും?
ആരോപിക്കുന്ന വിഷയത്തിൽ അഴിമതി തെളിഞ്ഞാൽ പൊതു പ്രവർത്തകൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു വിധിക്കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ട്. ഇത്തരത്തിലുള്ള വിധി ബന്ധപ്പെട്ട അധികാരികൾക്ക് നൽകണമെന്നതാണ് നിയമം. ഇത് അംഗീകരിക്കാൻ അധികാരികൾ ബാധ്യസ്ഥരാണ്.
ആർക്കെതിരെ നടപടി ഉണ്ടാകാം?
ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കോർപറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, സവർവകലാശാല മേധാവികൾ എന്നിവർക്കെതിരെ പൊതുജനങ്ങൾക്ക് ലോകായുക്തയെ നേരിട്ട് സമീപിക്കാം.
ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് ലോകായുക്ത. ജഡ്ജിമാർക്ക് ഉപലോകായുക്തയാകാം. ഒരു ലോകായുക്ത, രണ്ട് ഉപലോകായുക്ത എന്നിവരടങ്ങിയതാണ് സംവിധാനം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനുള്ള സംവിധാനവും ലോകായുക്തയ്ക്കുണ്ട്.
അടുത്തിടെ ഉണ്ടായ നടപടികളെന്ത്?
ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയ കെ.ടി.ജലീലിനു അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നു 2021 ഏപ്രിൽ 9ന് ഉത്തരവിട്ടതാണ് ലോകായുക്തയുടെ സുപ്രധാന വിധി. വിധിക്കെതിരെ ജലീൽ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ്, കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനു ശുപാർശ നൽകിയ മന്ത്രി ആർ.ബിന്ദുവിനെതിരെയുള്ള കേസ് തുടങ്ങിയവയാണ് സർക്കാരിനെതിരെ ലോകായുക്തയുടെ പരിഗണനയിലുള്ള കേസുകൾ.
പുതിയ ഭേദഗതിയെന്ത്?
ലോകായുക്തയുടെ വിധി തള്ളാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് രണ്ടാം പിണറായി സർക്കാർ പുതിയതായി കൊണ്ടുവരുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി കൈമാറി. അധികാരസ്ഥാനങ്ങളിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗണ്യമായി ചുരുക്കുന്നതാണ് ഓര്‍ഡിനന്‍സ്. ലോകായുക്തയുടെ പ്രസക്തി തന്നെ ഇല്ലാതെയാക്കുന്ന നിയമഭേദഗതിയാണ് ഓര്‍ഡിനന്‍സ് ആയി വരുന്നത്.
എന്താണ് മാറ്റം?
നിലവില്‍ ലോകായുക്ത വിധിനടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മൂന്നുമാസത്തിനകം നടപ്പാക്കിയില്ലെങ്കിൽ വിധി നടപ്പിലായതായി കണക്കപ്പെടും. ഓര്‍ഡിനന്‍സ് നിലവില്‍ വന്നാല്‍ ലോകായുക്തയുടെ വിധിയില്‍ സര്‍ക്കാരിന് ഹിയറിങ് നടത്താനാവും. വിധി തള്ളിക്കളയാനോ നടപ്പാക്കാനോ ഉള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകും. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണര്‍ക്കും, മന്ത്രിമാര്‍ക്കെതിരെയുള്ള പരാതി മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി ചീഫ് സെക്രട്ടറിക്കും പരിഗണിക്കാനാവുന്ന സ്ഥിതിവരും. ഇതോടെ ലോകായുക്തയുടെ നിയമപരമായ അധികാരം നഷ്ടപ്പെടും. ലോകായുക്ത വിധി ഇപ്പോള്‍ ചോദ്യം ചെയ്യാനാവുന്നത് ഹൈക്കോടതിയിലാണ്. ഇന്തയിൽ മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സ്ഥാനം നഷ്ടപ്പെടുന്ന നിയമവ്യവസ്ഥ ഇല്ല എന്നുള്ളതാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നതിന് കാരണമായി പറയുന്നത്.
Adv Sherry J. Thomas