ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു : “നീ മരിക്കേണ്ടി വരും”. “എന്താ പറഞ്ഞത്? ” ക്ലാര മനസ്സിലാവാതെ ചോദിച്ചു. “കുരിശിൽ, ക്രിസ്തുവിനോടൊത്ത് ” ഫ്രാൻസിസ് മറുപടിയായി പറഞ്ഞു. അതിനവൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.
പ്രഭുകുടുംബത്തിൽ ജനിച്ച് കൊട്ടാരം പോലുള്ള വീട്ടിൽ വളർന്ന ക്ലാര പതിനാറ് വയസ്സുള്ളപ്പോൾ ഫ്രാൻസിസിനെ പറ്റി കേട്ടു തുടങ്ങിയതാണ്. സമ്പന്നകുടുംബത്തിലെ ആർഭാടങ്ങളും പിതാവിന്റെ സ്വത്തും ഒക്കെ ഈശോയെപ്രതി വേണ്ടെന്നു വെച്ച് ദാരിദ്ര്യമണവാട്ടിയുടെ കയ്യും പിടിച്ചു ഇറങ്ങിതിരിച്ച ആ യുവാവ് ഫ്രാൻസിസ്കൻ സഭക്ക് രൂപം കൊടുത്തത് നാട്ടിൽ പാട്ടാണ്.ഭദ്രാസനപ്പള്ളിയിൽ വന്ന് അമ്പതുനോമ്പിന്റെ സമയത്തും മറ്റും ഫ്രാൻസിസ് പ്രസംഗിക്കുന്നത് അവൾ കേട്ടിട്ടുമുണ്ട്. തനിക്കുള്ളതെല്ലാം വിറ്റ് ദാരിദ്രർക്ക് കൊടുത്ത് തന്നെ അനുഗമിക്കാൻ പറയുന്ന ഈശോയെ, ഫ്രാൻസിസ്കരെ പ്പോലെ അനുസരിക്കാൻ അവളും കൊതിച്ചു. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ‘പ്രകാശം പരത്തുന്ന’, സുന്ദരി പെൺകുട്ടിയായിരുന്നു അവൾ.
ക്ലാര വിശ്വസ്തയായ ഒരു സുഹൃത്തിന്റെ കൂടെ പലവട്ടം ഫ്രാൻസിസിനെ കാണാൻ പോയി. ദൈവത്തിന് കൊടുക്കേണ്ട ആരാധനയെക്കുറിച്ചും പശ്ചാത്താപത്തെ കുറിച്ചും, ശത്രുക്കളോടു വേണ്ട സ്നേഹത്തേക്കുറിച്ചും എളിമയെക്കുറിച്ചും നിത്യകന്യാവ്രതത്തെക്കുറിച്ചുമൊക്കെ ഫ്രാൻസിസ് അവളോട് സംസാരിച്ചു. അവസാനം ക്ലാരക്ക് ലോകത്തെ പരിത്യജിച്ചു ഇറങ്ങിവരാനുള്ള ദിവസമായി 1212 ഓശാനഞായറാഴ്ചയെ നിശ്ചയിച്ചു.
അന്ന് കുടുംബാംഗങ്ങളോടൊത്തു അവസാനമായി പള്ളിയിൽ പോയപ്പോൾ അവൾ വളരെ വേദനയനുഭവിച്ചു. പ്രിയപ്പെട്ട അമ്മയെയും അനിയത്തിമാരെയും നോക്കുമ്പോഴൊക്കെ, ഇനി തനിക്കിവരെ കാണാനൊക്കില്ലല്ലോ, പോകുന്നത് അമ്മയോട് പറയണോ, തന്റെ തീരുമാനം ശരി തന്നെയല്ലേ എന്നൊക്കെയുള്ള ചിന്തകൾ. ഓശാന ഞായറിന്റെ തിരുകർമ്മങ്ങൾ പോലും ശ്രദ്ധിക്കാനാകാതെ പള്ളിയിൽ ഇരുന്ന അവൾക്ക് ഗീദോമെത്രാൻ മദ്ബഹായിൽ നിന്ന് ഇറങ്ങി വന്ന് കുരുത്തോല കയ്യിൽ കൊടുത്തു. തന്റെ തീരുമാനത്തെ ദൈവം അംഗീകരിച്ചതായി അവൾക്ക് അപ്പോൾ തോന്നി.
അന്ന് രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞെന്നുറപ്പായപ്പോൾ അവൾ തന്റെ ഏറ്റവും മനോഹരമായ വസ്ത്രവും ആഭരണവും ധരിച്ചു. . ‘എന്തൊക്കെയായാലും ‘ അവൾ സ്വയം പറഞ്ഞു,’ ‘ഞാൻ ഒരു വധുവിനെപ്പോലെ പോകണം. സാക്ഷാൽ യേശുക്രിസ്തുവിന്റെ വധു ആകാനല്ലേ ഞാൻ പോകുന്നത്’.പുറകിലെ വാതിലിലൂടെ പുറത്തിറങ്ങുമ്പോൾ അവളതിനെ ‘മരണത്തിന്റെ വാതിൽ’ എന്ന് വിളിച്ചു. മരിച്ചവരെ പുറകിലെ വാതിലിലൂടെയാണ് അന്നൊക്കെ പുറത്തുകൊണ്ടുപോയിരുന്നതെന്ന് തോന്നുന്നു. ക്ലാര ഇനി ആ കുടുംബത്തിന് മരിച്ചവളെപ്പോലെ തന്നെ ആണല്ലോ. ലോകത്തിന് മരിച്ചവൾ ആയിട്ടാണ് അവൾ ഇറങ്ങുന്നതും.പുറത്തു കാത്തുനിന്നിരുന്ന കൂട്ടുകാരി പസിഫിക്കയുടെ കൂടെ ‘മാലാഖമാരുടെ രാജ്ഞി’ യുടെ ദേവാലയത്തിലേക്ക് തിടുക്കത്തിൽ അവൾ പോയി.
അവിടെ ഫ്രാൻസിസും സഹോദരരും കത്തുന്ന തിരികൾ പിടിച്ച് കാത്തുനിന്നിരുന്നു. ക്ലാരയും കൂട്ടുകാരിയും പള്ളിയിലേക്ക് കയറിയപ്പോൾ അവർ ഒരു സങ്കീർത്തനം ആലപിച്ചു. അവളുടെ മനോഹരമായ വസ്ത്രത്തിന് പകരം പരുക്കൻ ചാക്കുവസ്ത്രം പോലുള്ള ചാരനിറത്തിലുള്ള അങ്കി, അരയിൽ കെട്ടുകളിട്ട കയർ കൊണ്ട് ബന്ധിച്ചു. ക്‌ളാരയുടെ മനോഹരമായ സ്വർണ്ണതലമുടി മുറിഞ്ഞു വീണു. മുണ്ഡനം ചെയ്ത തലയിൽ ശിരോവസ്ത്രം അണിഞ്ഞു. ക്ലാര വ്രതവാഗ്ദാനം ചെയ്തു. അവളുടെ സുന്ദരവസ്ത്രവും ആഭരണവും സ്വർണ്ണമുടിയും ഇപ്പോഴും അസ്സീസ്സിയിൽ ചെന്നാൽ സന്ദർശകർക്ക് കാണാമെന്നാണ് പറയുന്നത്.രണ്ടര മൈൽ അകലെയുള്ള ബെനഡിക്ടൈൻ മഠത്തിലേക്ക് അവരെ ഫ്രാൻസിസ് അയച്ചു.’പാവപ്പെട്ട കന്യകകളുടെ സഭ ‘ അല്ലെങ്കിൽ ക്ലാരസഭയുടെ തുടക്കം ഇതായിരുന്നു.
ക്ലാരയെ വീട്ടിൽ കാണാതെ ആകെ ബഹളമായി. അവളുടെ പിതാവിന്റെ ആകസ്മികമരണത്തിന് ശേഷം പിതൃസഹോദരനായ മെനാൾദോ പ്രഭു ആയിരുന്നു കുടുംബഭരണം കയ്യാളിയിരുന്നത്. മഠത്തിൽ വന്ന് ബലാൽക്കാരമായി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, ക്ലാര തന്റെ മുണ്ഡനം ചെയ്ത തല കാണിച്ചുകൊടുത്തു. ‘ഇനി മുതൽ ഞാൻ ദൈവത്തിന്റേത് മാത്രമാണ് ‘ അവൾ പറഞ്ഞു. അമ്പരന്ന് പോയ അവർ ക്ലാരയെ വിട്ടിട്ടു പോയി. കുടുംബസ്വത്തിന്റെ അവകാശം കൊടുക്കില്ലെന്ന് പറഞ്ഞത് ക്ലാരക്ക് സമ്മതമായിരുന്നില്ല. തങ്ങളുടെ സ്വത്തുക്കളെല്ലാം പാവങ്ങൾക്ക് കൊടുത്തിട്ടാണല്ലോ ഫ്രാൻസിസ്കൻസ് സന്യാസികളായിരുന്നത്. തന്റെ അവകാശം മുഴുവൻ കിട്ടണമെന്ന് ശഠിച്ച ക്ലാര അത് വാങ്ങിച്ചെടുത്തു പാവങ്ങൾക്ക് ദാനം ചെയ്തു.പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളു എങ്കിലും ക്ലാരയുടെ നിശ്ചയദാർഢ്യവും ഉപവിയും ഈ സംഭവങ്ങളിൽ നിന്നെല്ലാം വ്യക്തമാണ്.
ക്‌ളാരയുടെ പതിനഞ്ചു വയസ്സുള്ള സഹോദരി ആഗ്നസ് ചേച്ചിയെ കാണാൻ വന്നതിനു ശേഷം തിരിച്ചു പോകുന്നില്ലെന്ന് തീരുമാനിച്ചു. ഇപ്രാവശ്യം മെനാൾദോ പ്രഭു വന്നത് കുറെ പടയാളികളുമായിട്ടാണ്. മാടമ്പികളുടെ വീടുകളിലെ സ്ത്രീകളെല്ലാം ഇങ്ങനെ തുടങ്ങിയാൽ ശരിയാവില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് വന്ന അവർ ആഗ്നസിനെ മർദ്ദിച്ച് മുടിയിൽ പിടിച്ചു വലിച്ചിഴച്ചു. ക്ലാര ദിവ്യകാരുണ്യസന്നിധിയിലേക്ക് ഓടി.’എന്റെ കർത്താവേ നിന്നെ ശുശ്രൂഷിക്കാൻ ഇറങ്ങി പുറപ്പെട്ടവരെ കൈവിടല്ലേ’ എന്ന് പ്രാർത്ഥിച്ചു. പെട്ടെന്ന് ആഗ്നസിന് ഈയത്തെപ്പോലെ ഭാരം കൂടി. അവർക്കവളെ അനക്കാൻ പോലും കഴിഞ്ഞില്ല. ആഞ്ഞോരടി കൊടുത്ത മെനാൾദോ പ്രഭു വേദന കൊണ്ട് പുളഞ്ഞു. അവർ മഠം വിട്ടു പോയി.
ഇതെല്ലാമറിഞ്ഞ ഫ്രാൻസിസ് ഓടിവന്നു പറഞ്ഞു, ‘ഇത് നിന്റെ നോവീഷ്യെറ്റായിരുന്നു ആഗ്നെസ്, ഇപ്പോൾ തന്നെ വ്രതവാഗ്ദാനം ചെയ്യാം’ . രണ്ട് ടീനേജ് സഹോദരികൾ ചേർന്ന് ഫ്രാൻസിസ്കൻ രണ്ടാം സഭക്ക് (ക്ലാരസഭ ) രൂപം നൽകി. സെന്റ് ഡാമിയൻ പള്ളിക്ക് സമീപം ഒരു ചെറിയ ഭവനം ഫ്രാൻസിസ് അവർക്ക് നൽകി .സംഭവമെല്ലാം നാട്ടിൽ പാട്ടായി. സമൂഹത്തിലെ നാനാതുറയിൽ പെട്ട പെൺകുട്ടികൾ ധാരാളം മുന്നോട്ടുവന്നു.അവരിൽ ക്‌ളാരയുടെ മാതാവ് ഓർത്തോലാന പോലുമുണ്ടായിരുന്നു. ഫ്രാൻസിസ് കാണിച്ചു കൊടുത്ത മാർഗ്ഗത്തിൽ നിന്ന് ക്‌ളാര അണുവിട മാറിയില്ല.
മൂന്ന് കൊല്ലത്തിന് ശേഷം 21 വയസ്സായപ്പോൾ ക്‌ളാര മനസ്സില്ലമനസ്സോടെ ഫ്രാൻസിസിന്റെ നിർബന്ധത്തിന് വഴങ്ങി സുപ്പീരിയറാകാൻ സമ്മതിച്ചു. പൂർണ്ണമായും ദാരിദ്യാരൂപിയിൽ അധിഷ്ഠിതമായതും ലോകത്തെ പരിത്യജിച്ചുകൊണ്ടുമുള്ള ജീവിതരീതി ആയിരുന്നു അവരുടേത്. അത്യാവശ്യ സാധനങ്ങൾ അല്ലാതെ ഒന്നും സ്വന്തമായി ഉണ്ടായിരുന്നില്ല. 40 വർഷങ്ങളോളം ക്ലാര, മഠത്തിന്റെ ചുവരുകൾക്കുള്ളിൽ പ്രാർത്ഥനാപൂർവ്വം കഴിച്ചു കൂട്ടി.
മറ്റ് സന്യാസിനികൾക്ക് അവൾ സ്നേഹമുള്ള അമ്മയായിരുന്നു. രോഗികളായവരെ അവൾ തന്നെ ശുശ്രൂഷിച്ചു, ഭക്ഷണം യാചിക്കാൻ പോയി ക്ഷീണിച്ചു വരുന്ന സന്യാസിനികളുടെ കാൽ കഴുകി മുത്തി. അൾത്താരവിരി തുന്നാൻ അവരെ പഠിപ്പിച്ചു. ” ഏറ്റവും ആദ്യം എഴുന്നേൽക്കുന്നതും മറ്റുള്ളവരെ വിളിച്ചുണർത്തുന്നതും തിരികൾ തെളിക്കുന്നതും വിശുദ്ധ ബലിക്ക് ഒരുക്കങ്ങൾ ചെയ്യുന്നതും ആത്മീയമായും ഭൗതികമായും സന്യാസിനിമാരുടെ ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നതും എല്ലാം അവളായിരുന്നു”.
ആഴമേറിയ ധ്യാനാരൂപിയായിരുന്നു ക്ലാരക്കെങ്കിലും ദൈനംദിനജീവിതത്തിന് മുടക്കൊന്നും വന്നില്ല. ഒരാളുടെ ജീവിതം മുഴുവൻ പ്രാർത്ഥനയാക്കാൻ കഴിയുമെന്നവൾക്കറിയാമായിരുന്നു. ധ്യാനം എന്നാൽ അവൾക്ക് നിരന്തരമുള്ള ദൈവസാന്നിധ്യാവബോധം ആയിരുന്നു. തന്റെ നിത്യേനയുള്ള പണികളുടെ കൂടെ അഭംഗുരം അവളത് കൊണ്ടുപോയി. “എല്ലാ സമയത്തും ദൈവം നിന്നോട് കൂടെ ഉണ്ടായിരിക്കട്ടെ! എപ്പോഴും നീ അവനിലും ആയിരിക്കട്ടെ ” ഇങ്ങനെ പറഞ്ഞാണ് അവൾ തന്റെ ആത്മീയപുത്രിമാരെ ആശിർവദിച്ചിരുന്നത്.
‘നിസ്സാര സഹോദരരുടെ സഭക്ക് ‘(Order of Friars Minor) പാവപ്പെട്ട സഹോദരിമാരുടെ സഭ ( Order of Poor Ladies ( പഴയ പേര് ) or Order of Poor Clares) ) ആത്മീയബലം നൽകുന്ന ഒരു ശക്തി സ്രോതസ്സ് ആയിരുന്നു. ഫ്രാൻസിസ്കൻ സൈന്യം അധാർമ്മികതക്കെതിരെയും തെറ്റുകൾക്കെതിരെയുമൊക്കെ ആത്മീയമായും അല്ലാതെയും പടപൊരുതുമ്പോൾ, ഇസ്രായേൽ ജനത്തിന്റെ വിജയത്തിനായി മലമുകളിൽ കൈയുയർത്തിപ്പിടിച്ചു പ്രാർത്ഥിച്ച മോശയുടെ പോലെ ആയിരുന്നു ക്ലാരയും സഹോദരിമാരും.
ക്ലാരസഭ പെട്ടെന്ന് വളർന്നു. ക്‌ളാരയുടെ ജീവിതകാലത്തു തന്നെ പേറൂജിയാ, പാദുവ, റോം, വെനീസ്, ബോളോന, മിലാൻ. സിയന്നാ, പിസ എന്നിവിടങ്ങളിലെല്ലാം മഠങ്ങൾ രൂപം കൊണ്ടു. ബോഹീമിയയിൽ നിന്നുള്ള ആഗ്നസ് രാജകുമാരി അസീസ്സിയിൽ വന്ന് ക്ലാരയുടെ രീതികൾ കണ്ടുപഠിച്ച് തിരികെപോയി പ്രേഗിൽ ക്ലാരമഠം സ്ഥാപിച്ചു. ഇന്ന് അവൾ അറിയപ്പെടുന്നത് പ്രേഗിലെ വാഴ്ത്തപ്പെട്ട ആഗ്നസ് എന്നാണ്.
ദിവ്യകാരുണ്യം പിടിച്ചുകൊണ്ടുള്ള വിശുദ്ധ ക്ലാരയുടെ ചിത്രങ്ങൾ പ്രസിദ്ധമാണ്. അതിന് കാരണമായ സംഭവം ഇതാണ് : ജർമ്മൻ ചക്രവർത്തിയായ ഫ്രെഡറിക്ക് ദ്വിതീയൻ, മാർപ്പാപ്പക്കെതിരായി യുദ്ധം ചെയ്യാനും ഇറ്റലിയിലെ നഗരങ്ങൾ തീയിടാനുമൊക്കെയായി മുഹമ്മദീയരെ പട്ടാളത്തിൽ ചേർത്തിരുന്നു. 1240 സെപ്റ്റംബർ മാസത്തിൽ അവർ അസ്സീസിയിൽ സെന്റ് ഡാമിയന്റെ മഠത്തിൽ പ്രവേശിക്കാനൊരുങ്ങി. അവർ മതിൽക്കെട്ടിന്റെ ചുമരിലൂടെ മേലോട്ട് വന്ന് തുടങ്ങിയപ്പോൾ കന്യാസ്ത്രീകൾ പരിഭ്രാന്തരായി.
ക്ലാര അപ്പോൾ ദിവ്യകാരുണ്യമുള്ള ‘ കുസ്തോദി ‘ കയ്യിലെടുത്ത് അവളുടെ തല അതിനോട് ചേർത്തുവെച്ചു പ്രാർത്ഥിച്ചു, ‘ നിന്റെ ദാസിമാരെ കാക്കണമേ തമ്പുരാനെ, എനിക്ക് ഇപ്പോൾ ഒന്നിനും സാധിക്കുന്നില്ലെന്ന് നിനക്കറിയാമല്ലോ ‘ ശത്രുക്കളുടെ കൈകളിൽ നിന്ന് മോചിപ്പിക്കാൻ സങ്കീ.31:15 പറഞ്ഞു പ്രാർത്ഥിച്ചു. അവൾ ഒരു ശബ്ദം കേട്ടു, ‘ഞാൻ എപ്പോഴും നിന്നെ കരുതുന്നവനാണ് ‘ ആഹ്ലാദത്തോടെ അവൾ മറ്റുള്ളവരോട് ഒന്നും പേടിക്കാനില്ലെന്നും ക്രിസ്തുവിൽ വിശ്വാസമർപ്പിക്കാനും പറഞ്ഞു. ശത്രുക്കൾ മരവിച്ചു നിൽക്കുകയും നിലംപതിക്കുകയും ചെയ്തു. അവർ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു.
പീയൂസ് പന്ത്രണ്ടാമൻ പാപ്പ 1958ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയെ ടെലിവിഷന്റെയും വായു തരംഗങ്ങളുടെയുമൊക്കെ മധ്യസ്ഥയായി പ്രഖ്യാപിച്ചിരുന്നു. അതിനൊരു കാരണമുണ്ട്. 1252ലെ ക്രിസ്മസ് രാത്രിയിൽ ക്ലാര തീരെ സുഖമില്ലാതെ കിടക്കയിലായിരുന്നു. മറ്റ് സന്യാസിനികൾ പാതിരാകുർബ്ബാനക്ക് പോയപ്പോൾ അവൾക്ക് പോകാൻ വളരെ ആഗ്രഹം തോന്നി. പക്ഷേ എങ്ങനെ പോകും. കുറച്ചു കഴിഞ്ഞപ്പോൾ പെട്ടെന്ന് അവൾക്ക് മനസ്സിലായി അവൾ കിടക്കുന്നത് പള്ളിയിലാണെന്ന്. മുഴുവൻ കുർബ്ബാനയിലും അവൾ പങ്കെടുത്തു. ക്രിസ്മസ് ഗാനങ്ങൾ കേട്ടു, എരിയുന്ന മെഴുകുതിരിയുടെയും കുന്തിരിക്കത്തിൻെറയും സുഗന്ധം പോലും അവൾക്കനുഭവപ്പെട്ടു. ഈശോയുടെ കയ്യിൽ നിന്ന് തന്നെ വിശുദ്ധ കുർബ്ബാന സ്വീകരിച്ചു. മറ്റ് സന്യാസിനികൾ തിരിച്ചുവന്നപ്പോൾ ചിരിച്ചുകൊണ്ട് അവൾ തന്റെ സന്തോഷം പങ്കുവെച്ചു.
1253 ഓഗസ്റ് 10 ന് നാലാം ഇന്നസെന്റ് പാപ്പ ‘പാവപ്പെട്ട ക്ലാരയുടെ’ (Poor Clares) നിയമാവലി അംഗീകരിച്ചത് കാണാനുള്ള ഭാഗ്യം ക്‌ളാരക്കുണ്ടായി. അടുത്ത ദിവസം ഓഗസ്റ് 11ന് ദൈവത്തെ സ്തുതിച്ചുകൊണ്ട് തന്റെ ആത്മാവിനെ അവൾ ദൈവത്തിന്റെ കരങ്ങളിൽ അർപ്പിച്ചു . മാർപ്പാപ്പയും കർദ്ദിനാൾമാരും അവളുടെ ശവസംസ്കാരത്തിനുണ്ടായിരുന്നു. രണ്ട് കൊല്ലത്തിനു ശേഷം 1255 ൽ പോപ്പ് അലക്സാണ്ടർ നാലാമൻ അവളെ വിശുദ്ധപദവിയിലേക്കുയർത്തി.അവളുടെ ജീവിതം ക്ലാരസഭയുടെ നിയമാവലിയിലെ ഒരു വാചകമായി സംഗ്രഹിക്കാം : ‘To live according to the perfection of the Holy Gospel ‘. അവൾക്കു വേണ്ടി അവൾ ജീവിച്ചിട്ടില്ല..
അസ്സീസ്സിയിലെ വിശുദ്ധ ക്ലാരയുടെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്