എന്റെ രണ്ടാഴ്ചത്തെ സിഡ്‌നി യാത്രക്കിടയിൽ, താഴെ കാണിച്ചിരിക്കുന്ന ഫോട്ടോയിൽ വിശുദ്ധയെ നോക്കുന്ന പോലെ, സെന്റ് മേരീസ് കത്തീഡ്രൽ സിഡ്‌നിയിൽ വെച്ച് പോസ് ചെയ്യുമ്പോൾ, അതാരാണെന്ന് എനിക്കറിയുമായിരുന്നില്ല. പക്ഷേ ഇപ്പോൾ അറിയാം. ഇന്ന് ആ വിശുദ്ധയുടെ തിരുന്നാൾ ആണ്.
കത്തോലിക്കാസഭയിൽ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളവരിൽ ഓസ്ട്രേലിയയിൽ നിന്നുള്ള വിശുദ്ധയാണ് വിശുദ്ധ മേരി മക്കിലോപ്പ് ( Mary of the Cross ). 2010 ഒക്ടോബർ 17ന്, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാൽ അൾത്താര വണക്കത്തിലേക്കുയർന്ന, വിശുദ്ധയുടെ തിരുന്നാൾ ദിവസമാണ് ഓഗസ്റ് 8.
വ്രതവാഗ്ദാനസമയത്ത് ലഭിച്ച, Mary of the ക്രോസ്സ് ( കുരിശിന്റെ മേരി )എന്ന പേരിൽ താൻ വളരെ സന്തുഷ്ടയാണെന്ന് അമ്മയായ ഫ്ലോറക്ക് അവൾ എഴുതി. അവൾ വിചാരിച്ച പോലെ തന്നെ, കുരിശുകളും സഹനങ്ങളും വിടാതെ അവളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു, സഭയിൽ അവൾക്ക് ഏർപ്പെടുത്തിയ വിലക്ക് അടക്കം!
സ്ക്കോട്ടിഷ് കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക്, 1842 ൽ മെൽബണിൽ വെച്ചാണ് അവൾ ജനിക്കുന്നത്. 14 വയസുള്ളപ്പോൾ മുതൽ അവൾ കുടുംബത്തിനായി അധ്വാനിക്കാൻ തുടങ്ങി. കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം കൊടുക്കാൻ അവൾ ആരംഭിച്ചത് പാവപ്പെട്ട കുട്ടികളിലേക്കും വ്യാപിച്ച്, 1866ൽ ജൂലിയൻ ടെന്നിസൻ വുഡ്‌സ് എന്ന പുരോഹിതനോടൊപ്പം കന്യാസ്ത്രീകൾക്കായി ഓസ്ട്രേലിയയിലെ ആദ്യ സന്ന്യാസസഭ The sisters of St.Joseph of the Sacred Heart ( The Josephites) സ്ഥാപിക്കുന്നതിലെത്തി ചേർന്നു. ഓസ്ട്രേലിയയിൽ അങ്ങോളമിങ്ങോളം നിരവധി സ്‌കൂളുകളുടെയും സഭാസ്ഥാപനങ്ങളുടേയും പിറവിക്കും നടത്തിപ്പിനും പാവപ്പെട്ട അനേകം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുമാണ് ഇത് വഴി തെളിച്ചത്. അനേകം സ്ത്രീകൾ സന്യാസസഭയിൽ ആകൃഷ്ടരായി മുന്നോട്ട് വന്നു. വ്രതവാഗ്ദാനത്തിന് ശേഷം സിസ്റ്റർ മേരി മക്കിലോട്ട് അവരുടെ ആദ്യത്തെ മദർ സുപ്പീരിയർ ആയി. തുടർന്നുള്ള കൊല്ലങ്ങളിൽ അവർ സ്‌കൂളുകളും ഓർഫനേജും ജയിലിൽ നിന്നിറങ്ങുന്ന സ്ത്രീകൾക്കുള്ള പുനരധിവാസകേന്ദ്രവുമൊക്കെ തുടങ്ങി. ദൈവികപരിപാലനയിൽ ആശ്രയിച്ചു കൊണ്ട്, ദാരിദ്യവ്രതത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സഭാനിയമം നടപ്പിൽ വരുത്താനായിരുന്നു മേരി മക്കിലോപ്പ് തുനിഞ്ഞത്.
അവളുടെ സ്വതന്ത്രമായ ചിന്തകളും സഭാനിയമങ്ങളും സഭയിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തതും ഒരു ഐറിഷ് പുരോഹിതന്റെ ലൈംഗികപീഡനക്കേസ് വെളിച്ചത്തു കൊണ്ടുവന്നതുമെല്ലാം വഴി അവൾ അനേകം പുരോഹിതരുടെയും ബിഷപ്പുമാരുടെയും കണ്ണിൽ കരടായി. ആ എതിർപ്പുകൾ അവൾക്ക് സഭയിൽ വിലക്ക് ഏർപ്പെടുത്തുന്നതിൽ വരെ ചെന്നെത്തി. പിന്നീട് യാഥാർഥ്യങ്ങൾ മനസ്സിലാക്കി വിലക്ക് എടുത്തുകളഞ്ഞു. എങ്കിലും അവസാനം വരേക്കും അവൾക്ക് സഭയിൽ ധാരാളം എതിർപ്പുകളും നിസ്സഹകരണവും നേരിടേണ്ടി വന്നു. 1888ൽ ലിയോ പതിമൂന്നാമൻ പാപ്പ അവരുടെ സന്യാസസഭക്ക് അംഗീകാരം നൽകി.
മികച്ചൊരു സാമൂഹ്യപരിഷ്കർത്താവും ഓസ്ട്രേലിയയിലും ന്യൂസിലണ്ടിൽ പോലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പിനും അനേകം പാവപ്പെട്ട കുട്ടികളുടെ പഠനത്തിന് കാരണക്കാരിയാവുകയും ചെയ്ത സിസ്റ്റർ മേരി മക്കിലോപ്പ് ( Mary of the Cross) മരിക്കുന്നത് 1909, ഓഗസ്റ്റ് 8 ന്,നോർത്ത് സിഡ്‌നിയിലെ ഒരു കോൺവെന്റിൽ വെച്ചാണ്. അന്നു സിഡ്നിയിലെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ മോറാൻ പറഞ്ഞത് താൻ ഇന്ന് ആത്മത്തിന് വേണ്ട കാര്യങ്ങൾക്കായി സഹായിച്ചത് മരണകിടക്കയിൽ കിടക്കുന്ന ഒരു വിശുദ്ധയെ ആണെന്നാണ്.
അവളുടെ ശവകുടിരത്തിൽ നിന്ന് പതിവായി ആളുകൾ മണ്ണെടുത്തു കൊണ്ടുപോവാൻ തുടങ്ങി. 1914 ൽ നോർത്ത് സിഡ്‌നിയിലെ മൗണ്ട് സ്ട്രീറ്റിൽ ‘കന്യകമറിയത്തിന്റെ’ അൾത്താരക്ക് സമീപം പണിത ശവകുടീരത്തിലേക്ക് മാറ്റി. അത് പിന്നീട് അറിയപ്പെട്ടത് മേരി മക്കിലോപ്പ് മെമ്മോറിയൽ ചാപ്പൽ എന്നാണ്.
1995ൽ പോപ്പ് ജോൺപോൾ രണ്ടാമൻ പാപ്പ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2010 ഫെബ്രുവരിയിൽ, മരണത്തിന്റെ വക്കോളം എത്തിച്ച ക്യാൻസർ സിസ്റ്റർ മേരി മാക്കിലോപ്പിനോട് മാധ്യസ്ഥം യാചിച്ചതിന്റെ ഫലമായി മാറി എന്ന ഒരു ഓസ്ട്രേലിയൻ യുവതിയുടെ സാക്ഷ്യത്തിന് ശേഷം ഒക്ടോബറിൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ അവളെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.
അവളുടെ ശവകുടിരത്തിൽ എഴുതി വെച്ചിട്ടുണ്ട്, Remember we are but travellers here. അതെ നമ്മൾ യാത്രക്കാരാണ്, ഇന്നല്ലെങ്കിൽ നാളെ പോകേണ്ടവർ. ഈ കുറച്ച് സമയം അർത്ഥവത്തും നല്ലതുമാക്കി തീർക്കാൻ നമുക്ക് പരിശ്രമിക്കാം.
ഓസ്ട്രേലിയയുടെ മധ്യസ്ഥയായ വിശുദ്ധ മേരി മക്കിലോപ്പിന്റെ ( Mary of the Cross ) തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്