പുതിയ മദ്യനയത്തിലൂടെ സർക്കാർ വീണ്ടും കേരള ജനതയെ ലഹരിക്കടിമകളാക്കുന്നു.ജനങ്ങളുടെ ക്ഷേമം തകർത്ത് അവരുടെ അധ്വാനഫലം കൊള്ളയടിച്ച് മദ്യമാഫിയകൾക്ക് നൽകുന്ന ഇടനിലക്കാരന്റെ ജോലിയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.ഒരു ജനതയെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിക്ക് അടിമകള്‍ ആക്കാനുള്ള ഗൂഢ പദ്ധതികളിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ സാമൂഹ്യ തിന്മയെ വളർത്തുന്ന സംസ്ഥാനമായി നാം മാറും.
കൊവിഡ് മഹാമാരിയുമായി ബന്ധപെട്ടു വിവിധ കാലയളവുകളില്‍ ബാര്‍ ലൈസന്‍സ്,ബിയര്‍/വൈന്‍ പാര്‍ലര്‍ ലൈസന്‍സ്,ക്ലബ് ലൈസന്‍സ് എന്നിവ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു.ഇത്തരം സർക്കാർ ആനുപാതിക ലൈസന്‍സ് ഫീസുകൾക്ക് എന്ത് മാനദണ്ഡത്തിലാണ് ഇളവുകൾ അനുവദിച്ചത്?
സ്വന്തം അംഗങ്ങൾ മദ്യപിക്കരുതെന്ന് വാശിപിടിക്കയും ചെയ്യുന്നവർത്തന്നെ തൊഴിലാളി സ്‌നേഹത്തിന്റെ പേരിൽ മദ്യക്കച്ചവടത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും രംഗത്തു വരികയും ചെയ്യുന്നത് ദു:ഖകരമാണ്.സമൂഹത്തെ നന്മകളിലേക്ക് നയിക്കുന്ന നയങ്ങൾ രാഷ്ട്രീയനേതൃത്വങ്ങൾക്ക് അന്യമാകുന്നു.നീതിപൂര്‍വകമായ വികസന മാതൃകകള്‍ ഇല്ലാതെ സമൂഹത്തെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആകില്ല എന്ന സത്യം നമ്മുടെ ഓർമയിലിരിക്കട്ടെ.
മദ്യം കുത്തിയൊഴുക്കാൻ തീരുമാനിച്ചതിനു പിന്നിൽ സർക്കാർ ഉയർത്തുന്ന വാദഗതികൾ ദുർബ്ബലങ്ങളാണെന്നു മാത്രമല്ല, ജനവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണ്.കേരളത്തിന്റെ പുതിയ മദ്യനയത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്തില്ലെങ്കില്‍ ഭയാനകമായ ഭാവിയിലേക്കാണ് നാം ചെന്നെത്തുക. മദ്യനയത്തിനെതിരെയുള്ള നീക്കങ്ങൾ അട്ടിമറിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ആരോഗ്യമുള്ള മനസ്സും ശരീരവും സമാധാനപൂര്‍ണമായ സാമൂഹികാന്തരീക്ഷവും ക്രിയാത്മകമായ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന തലമുറയുമാണ് കേരളത്തിന് വേണ്ടത്.കേരളത്തെ മദ്യത്തിൽ മുക്കികൊല്ലാൻ ശ്രമിക്കുമ്പോൾ സാമൂഹ്യനന്മയും സമാധാനവും സുരക്ഷയും കാംക്ഷിക്കുന്ന ജനങ്ങൾ ആശങ്കയിലാണ്.
ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം മദ്യം ലഭ്യമാക്കുകയെന്നത് മദ്യരാജാക്കന്മാരുടെ താല്പര്യമാണ്.ഒരിക്കലും ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ അത് മാനദണ്ഡമാക്കരുത്.മദ്യവിൽപ്പനകൊണ്ടു കേരളത്തിന് എന്തുനേട്ടമുണ്ടായി എന്നു വിലയിരുത്തേണ്ടിയിരിക്കുന്നു.ഒരു തൊഴിലാളി മദ്യം കൊണ്ട് ഉപജീവനം നടത്തുമ്പോള്‍ ആയിരങ്ങള്‍ മദ്യം കുടിച്ചു നശിക്കുന്നുണ്ട്.സര്‍ക്കാരിനു മദ്യംകൊണ്ടു കിട്ടുന്ന വരുമാനം അതിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ തികയില്ല.
സ്ത്രീകളുടെ സ്വൈര്യജീവിതത്തിനും സുരക്ഷിതത്വത്തിനും സർക്കാർ തെല്ലും വില കൽപ്പിക്കുന്നില്ല എന്നാണ് മദ്യനയം വ്യക്തമാക്കുന്നത്.കേരളത്തിൽ സ്ത്രീകൾക്കും പിഞ്ചുപെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഭയാനകമാം വിധം വർദ്ധിക്കുന്നതിന് മദ്യവും തജ്ജന്യമായ മനോവൈകല്യങ്ങളും കാരണമാകുന്നുണ്ട്.
മദ്യം യഥേഷ്ടം ലഭ്യമാക്കുകവഴി സമൂഹത്തെ അനാരോഗ്യത്തിലേക്കു തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.കേരള സമൂഹത്തെ മദ്യക്കെടുതികളില്‍ നിന്നും മോചിപ്പിക്കുന്നതിനു പകരം മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങള്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല.
ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ