ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു
കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാൻസിസ്. ഫ്രാൻസിസിൻ്റെ ജീവിതദർശനങ്ങളും മാർഗങ്ങളും ഒട്ടേറെ മേഖലകളിൽ ഇന്ന് പരാവർത്തനം ചെയ്യപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖമായത് സാഹോദര്യം എന്ന പരികല്പനയാണ്. അതാവട്ടെ സാമൂഹിക- സാംസ്കാരിക – സാമ്പത്തിക – പാരിസ്ഥിതിക മേഖലകളിലെല്ലാം സാധുവാണുതാനും. അതായത് സമൂഹത്തിന്റെ പുനർനിർമ്മിതിയുടെ കാര്യം വരുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം വരുമ്പോഴും സാംസ്കാരികമായ സഹകരണത്തിന്റെ കാര്യം വരുമ്പോഴും സാമ്പത്തികമായ വ്യവസ്ഥിതി മാറ്റത്തിന്റെ കാര്യം വരുമ്പോഴും സാഹോദര്യം എന്ന ആശയം തന്നെയാണ് ഇപ്പോൾ മുന്നിട്ടു വരുന്നത്. ചുരുക്കത്തിൽ, ലോകത്തിന്റെ മുന്നിലുള്ള, മുന്നോട്ടുള്ള പാത സഹോദര്യത്തിൻ്റേതാണ് എന്നർത്ഥം.
ഫ്രാൻസിസിൻ്റെയും അനുചരന്മാരുടെയും ജീവിതത്തിലുണ്ടായിരുന്നതും, സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും ധ്വനി സാധ്യതകളുള്ളതുമായ ചില അടിസ്ഥാന സൂചനകൾ മാത്രം വെറുതേ ഒന്ന് സ്പർശിച്ചു പോകാം.
1 അക്കാലത്തെ സന്ന്യാസ ആശ്രമങ്ങളെല്ലാം പട്ടണങ്ങളിലും നഗരങ്ങളിലും നിന്ന് അതിവിദൂരമായ സ്ഥലങ്ങളിൽ സ്ഥാപിതമായിരുന്നു. മലമുകളിലും വനപ്രാന്തങ്ങളിലും ഉൾന്നാടുകളിലും ആയിരുന്നു അവയെല്ലാം. എന്നാൽ, ഫ്രാൻസിസും കൂട്ടരും തുടങ്ങിയതുതന്നെ അസ്സീസി പട്ടണത്തിൽനിന്ന് വെറും ഒരു മൈൽ അകലെയായിരുന്നു. അവർ എല്ലായിടത്തും ആശ്രമങ്ങൾ സ്ഥാപിച്ചതും പട്ടണങ്ങളുടെ പ്രാന്ത പ്രദേശങ്ങളിൽ ആയിരുന്നു. കച്ചവടം എന്നത് സന്ന്യാസത്തിന് തീരെ ചേരാത്ത കാര്യം എന്ന നിലയിൽ കച്ചവടക്കാരിൽനിന്ന് സന്ന്യാസികൾ ഒത്തിരി അകലം പാലിച്ചു. എന്നാൽ, ഒരു കച്ചവടക്കാരന്റെ മകനായിരുന്നു ഫ്രാൻസിസ്. അവൻ കച്ചവടം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കച്ചവടക്കാരിൽനിന്ന് അകലം പാലിക്കാൻ ഫ്രാൻസിസ് ശ്രമിച്ചില്ല. നഗരത്തിൻ്റെ ഓരത്തുകൂടി ദരിദ്രരോടും കച്ചവടക്കാരോടും ഒരുപോലെ ഫ്രാൻസിസ്കൻ സന്ന്യാസിമാർ ചേർന്നുനടന്നു.
2 മറ്റുള്ള സന്ന്യാസ പരിശ്രമങ്ങളിൽനിന്ന് വ്യത്യസ്തമായി ഫ്രാൻസിസ് തന്റെ കൂട്ടുകാരെ കൂലിവേലയ്ക്ക് അയച്ചു. ഗോതമ്പ് കൊയ്യാനും ഒലിവ് പറിക്കാനും മുന്തിരി വിളവെടുക്കാനും മരം വെട്ടാനും വിറക് കീറാനും വിറക് ചുമക്കാനും പോയിരുന്നു സന്ന്യാസിമാർ. എന്നാൽ, പണം കൈകാര്യം ചെയ്യാൻ അവർ വിസമ്മതിച്ചു. തൊഴിലിന് ‘പണം’ കൂലിയായി നൽകുമ്പോഴും വിളവിന് ‘പണം’ പ്രതിഫലമായി നൽകുമ്പോഴും അവിടെയെല്ലാം ചൂഷണമുണ്ട് എന്നുള്ള തിരിച്ചറിവ് ഫ്രാൻസിസിന് ഉണ്ടായിരുന്നിരിക്കണം.പണം കൈകാര്യം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് ചൂഷണപരമായ വ്യവസ്ഥിതിയിൽ പങ്കുചേരാതെ, അതിൽനിന്നവർ അകന്നുനടന്നു.
3 അധ്വാനത്തിന് വസ്തുക്കളാണ് അവർ കൂലിയായി ചോദിച്ചത്. മുന്തിരി പറിച്ചാൽ മുന്തിരി മതി. ഒലിവ് പറിച്ചാൽ ഒലിവ്, വിറകുവെട്ടിയാൽ വിറക്. തങ്ങൾക്ക് കിട്ടുന്നതിൽ ഒരു വിഹിതം അവർ പാവപ്പെട്ട സഹോദരങ്ങൾക്ക് നൽകി. മറ്റൊരു പങ്ക് ക്ലാരയുടെയും സഹോദരിമാരുടെയും അടുക്കളക്ക് പിന്നിലും. അധ്വാനത്തിൻ്റെ ഒരു ചെറിയ വിഹിതം മാത്രം അവർ ആശ്രമത്തിലേക്ക് കൊണ്ടുപോന്നു. അത്തരം ശാരീരിക അധ്വാനം ചെയ്യാൻ കഴിവില്ലാത്തവരാകട്ടെ, ഭിക്ഷ യാചിക്കാനും പോയി.
4 വ്യക്തിയുടെ ഒറ്റ തിരിവിനെയും (ഇൻഡിവിജ്വലിസം) വ്യക്തിയെ മറച്ചുകളയുന്ന സംഘാധിപത്യത്തെയും (കളക്റ്റിവിസം) അവർ തുണച്ചില്ല. സന്ന്യാസങ്ങൾ അക്കാലത്ത് ശീലിച്ചിരുന്നത് ഏതാണ്ട് കളക്റ്റിവിസം ആയിരുന്നു. അവിടെ ‘വ്യക്തി’ അപ്രസക്തമായിരുന്നു – കമ്മ്യൂണിറ്റി മാത്രമായിരുന്നു മുഖ്യം. ഫ്രാൻസിസ്കൻ ശൈലിയിൽ കമ്മ്യൂണിറ്റിയും ഉണ്ട്, വ്യക്തിയും ഉണ്ട്. അതുകൊണ്ടുതന്നെ വ്യക്തിക്ക് വ്യക്തിത്വവും അതിനടുത്ത സ്വാതന്ത്ര്യവും ഉണ്ടായിരുന്നു, ഫ്രാൻസിസ്കൻ സന്ന്യാസത്തിൽ.
5 സ്നേഹത്തിനും അധ്വാനത്തിനും പങ്കുവെപ്പിനും പ്രാർത്ഥനക്കുപോലും സാഹോദര്യമായിരുന്നു അടിസ്ഥാനം.
6 “കീഴാളത്തം” (minority) പ്രധാനമായിരുന്നു. Friars Minor – കീഴാള സഹോദരന്മാർ – എന്നായിരുന്നു അവർ അറിയപ്പെട്ടത്. അതുകൊണ്ടുതന്നെ തങ്ങളിൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിന് അവർക്കിടയിൽ വലിയ പ്രസക്തിയുണ്ടായിരുന്നില്ല. അപ്പോൾ മാത്സര്യവുമില്ല.
7 സമൂഹത്തിൽ ചേരുന്നവർ തങ്ങളുടെ പേരിൽ സമ്പത്ത് ഉണ്ടെങ്കിൽ അത് ദരിദ്രർക്ക് വിതരണം ചെയ്യണം എന്നത് കർക്കശമായി നടപ്പാക്കിയിരുന്നു. അതുപോലെ, അവർ ഭിക്ഷ യാചിക്കുമെങ്കിലും അവർ നല്കുന്നത് ഭിക്ഷയായിരുന്നില്ല. സാഹോദര്യത്തിലുള്ള പങ്കുവെപ്പാണ് അവർ ചെയ്തിരുന്നത്. പത്ത് രൂപ കൊടുക്കുകയല്ല, തങ്ങളുടെ അധ്വാന ഫലം പങ്കുവെക്കുകയാണ് അവർ ചെയ്തിരുന്നത് എന്നർത്ഥം. ഈ രണ്ടു വിധത്തിലും അവർ സമ്പത്തിന്റെ പുനർ വിതരണത്തിന് (redistribution of wealth) നിമിത്തമായി.
8 ഫ്രാൻസിസിൻ്റെയും കൂട്ടുകാരുടെയും തീക്ഷ്ണമായ ദാരിദ്ര്യാരൂപിയും ലളിത ജീവിതവും അതിൽത്തന്നെ സാമ്പത്തികമായ ഒരു സൂചനയാണ്. ഉപഭോഗപരതയിൽ നിന്ന് അവർ മുഖം തിരിച്ചുകളഞ്ഞു.
9 പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള സഹോദര്യ മനോഭാവമാണ് അടുത്തത്. എല്ലാറ്റിനെയും വ്യക്തിത്വമുള്ളവയായി കാണുമ്പോൾ അവിടെ ബന്ധം ഉടലെടുക്കുകയായി; ഉത്തരവാദിത്വം കടന്നുവരികയായി.
10 ഫ്രാൻസിസും സഹോദരന്മാരും മാത്രമല്ല ഫ്രാൻസിസ്കൻ സന്ന്യാസധാര. അതിൽ ക്ലാരയും സഹോദരിമാരും കൂടിയുണ്ട്. അന്നത്തെ സംസ്കാരിക പശ്ചാത്തലത്തിൽ ക്ലാരയും കൂട്ടരും തെരഞ്ഞെടുത്തത് ആവൃതിക്കകത്തെ ജീവിതമാണ് എന്നിരിക്കലും, സ്ത്രൈണഭാഗം കൂടിയുള്ളതാണ് ഫ്രാൻസിസ്കൻ ദർശനം എന്ന കാര്യം നാം മറന്നുകൂടാ.
സാമ്പത്തിക നിർവ്വഹണം എന്നർത്ഥം വരുന്ന economy എന്ന പദത്തിൻ്റെ സ്രോതസ്സ് പരിശോധിച്ചാൽ രണ്ട് ഗ്രീക്ക് പദങ്ങൾ കൂടിച്ചേർന്ന് ഉണ്ടാവുന്ന ഓയ്കൊണോമിയ (oikonomia ) എന്ന പദത്തിൽ നിന്നാണെന്നു കാണാം. (പരിസ്ഥിതിശാസ്ത്രം എന്നർത്ഥം വരുന്ന ecology എന്ന പദവും അതേ വാക്കിൽ നിന്നു തന്നെയാണ് ഉത്ഭവിക്കുന്നത് എന്നു കാണാം.) ഓയ്കോസ് (oikos) എന്നാൽ, വീട് /ഭവനം എന്നാണർത്ഥം. നെമെയ്ൻ (nemein) എന്നാൽ പാലിക്കുക, കൈകാര്യംചെയ്യുക നിർവഹിക്കുക എന്നെല്ലാമാണ് അർത്ഥം. അപ്പോൾ, ഇക്കോണമി എന്നത് വീടുപാലനം, വീട് കൈകാര്യം ചെയ്യൽ എന്നെല്ലാമായിരിക്കുമല്ലോ അർത്ഥം പറയേണ്ടത്. ഭവനവാസികൾക്കെല്ലാം തക്കസമയത്ത് ഭക്ഷണവും മറ്റും നല്കാൻ നിയുക്തനായ കാര്യസ്ഥനെക്കുറിച്ച് യേശു പലപ്പോഴും പറയുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കുക. അയാൾ ചെയ്യുന്ന പ്രവൃത്തിയാണ് ഇകോണമി.
ഓരോരോ കാലഘട്ടത്തിൽ ഈ ‘ഭവനനടത്തിപ്പ് ‘ ഓരോരോ രൂപം കൈക്കൊണ്ടിട്ടുണ്ട്. നമ്മുടെ കാലഘട്ടത്തിലേക്ക് വരുമ്പോൾ അത് മുതലാളിത്ത രീതിയിൽ ആവശ്യം-വിതരണം എന്നീ അടിസ്ഥാനങ്ങളിന്മേൽ ഊന്നി കച്ചവട ബലതന്ത്രങ്ങളിന്മേൽ ചലിക്കുന്ന രാക്ഷസീയമായ ഒരു ഘടനയായി മാറിയിട്ടുണ്ട്. ലാഭം മാത്രമാണ് അതിന്റെ ഏകലക്ഷ്യം എന്ന് വന്നിരിക്കുന്നു. എല്ലാം വിപണിക്ക് കീഴിലാവുകയും, ഓഹരി വിപണി അതിനെല്ലാം മുകളിൽ സ്ഥാനം പിടിക്കുകയും, കുത്തിപ്പൊക്കുന്ന കാളക്കൂറ്റൻ സമൂഹത്തിൻ്റെ ആനന്ദ ചിഹ്നമാവുകയും ചെയ്യുന്നതാണ് നമ്മുടെ ലോകം! ഈ വ്യവസ്ഥ മനുഷ്യരെ കൂടുതൽ കൂടുതൽ ചൂഷണ വിധേയരാക്കുകയും കിരാതമായ ഒരു ന്യൂനപക്ഷത്തിന്റെ കൈകളിലേക്ക് ലോക സമ്പത്ത് മുഴുവനും തന്നെ എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുന്നതായി തോന്നിപ്പിക്കുന്ന മായക്കാഴ്ചയ്ക്ക് പിന്നിലും അത് വർദ്ധിച്ചുകൊണ്ടിരിക്കുക തന്നെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം എന്ന് ചിന്തിക്കുന്നവരാണ് സുമനസ്സുകളെല്ലാം. കാര്യങ്ങൾക്ക് മാറ്റം വരിക വളരെ സാവധാനത്തിൽ ആയിരിക്കും. എന്നിരുന്നാലും ലോകത്തിൽ അങ്ങിങ്ങ് അതിനുള്ള സൂചനകളും അതിലേക്കുള്ള സൂചകങ്ങളും ഉയർന്നു വരുന്നുണ്ട്. അവിടെയാണ് ഫ്രാൻസിസ്കൻ ദർശനങ്ങൾക്കുള്ള സമകാലിക പ്രസക്തി. അത്തരം ചില ദിശാ സൂചകങ്ങൾ മുമ്പ് കോറിയിട്ട ചില ഫ്രാൻസിസ്കൻ ഊന്നലുകളിൽനിന്ന് കണ്ടെടുക്കാമെന്ന് തോന്നുന്നു.
1 ഇനിയുള്ള കാലത്ത് ആത്മീയത എന്നത് സാമ്പത്തിക ഘടനയും കച്ചവടവും ഒഴിവാക്കിയുള്ള ഒന്നായിരിക്കില്ല, മറിച്ച് അവയെയും പരിവർത്തിപ്പിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതുമായ ഒന്നായിരിക്കും.
2 ഫ്രാൻസിസ്കൻ രീതിയിൽ അധ്വാനം എന്നത് ദരിദ്രരും ഓരംതള്ളപ്പെട്ടവരുമായവരോടുള്ള സോളിഡാരിറ്റി കൂടി ഉൾക്കൊള്ളുന്നതാണ്. എന്റെ അധ്വാനഫലം എന്റേത് – എന്ന രീതിയിൽനിന്ന് വ്യത്യസ്തമായിത്തീരണം കാര്യങ്ങൾ.
3 കൂലിയും കച്ചവടവും മാത്രമല്ല ലോക സാമ്പത്തിക വ്യവസ്ഥ തന്നെയും കൂടുതൽ ന്യായബോധം (fairness) ഉള്ളതായിത്തീരണം. ആവഴിക്കാവണം മുന്നോട്ടുള്ള ചലനം.
4 വ്യക്തിവികാസം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെയെല്ലാം ഇന്നത്തെ നിർവചനങ്ങൾ വൈകല്യമുള്ളവയാണ്. കൂടുതൽ മൂല്യബദ്ധമായും, സമൂഹം എന്ന സംഘാതത്വത്തിന്റെ പശ്ചാത്തലത്തിലും അവ നിർവചിക്കപ്പെടേണ്ട തുണ്ട്.
5 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality, Fraternity) എന്നിവയായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ ആപ്തവചനങ്ങൾ. അതേ വഴി പിൻചെന്നുകൊണ്ട് മറ്റു പല ലോക രാഷ്ട്രങ്ങളുടെയും മോട്ടോയിൽ ‘സാഹോദര്യം’ എന്ന വാക്ക് കയറിവന്നു. എന്നാൽ അവിടങ്ങളിലൊന്നും സാഹോദര്യം മാത്രം കയറി വന്നില്ല. സാഹോദര്യം എന്ന ആശയത്തിന്മേൽ ലോകം പുനർ നിർമ്മിക്കപ്പെടേണ്ടതുണ്ട്. സ്വാഭാവികമായും, ലോക സാമ്പത്തികഘടനയും.
6 ‘മത്സരം’ ആണ് ഇന്നത്തെ മുതലാളിത്ത- കച്ചവട- സാമ്പത്തികമേഖലയുടെ ബലതന്ത്രം. സാമൂഹിക വികസനം മണ്ണിൽ ഇഴയുമ്പോൾ, ഇത്രയും ആയത്തിൽ സാമ്പത്തിക വികസനം മുന്നോട്ടുപോകുന്നതിനെ ഏറെ ഭയത്തോടെ നാം നോക്കി കാണേണ്ടതുണ്ട്. അതിനാൽ, സാമ്പത്തിക മേഖലയെ നയിക്കുന്ന ആശയങ്ങൾക്കുതന്നെ ഈ ദിശയിൽ മാറ്റം വരേണ്ടതുണ്ട് എന്ന് ധാരാളം പേർ ഇന്ന് നിരീക്ഷിക്കുന്നുണ്ട്.
7 മുതലാളിത്ത വൃത്തങ്ങളിൽ നിന്നുതന്നെ സമ്പത്തിന്റെ പുനർവിതരണത്തെക്കുറിച്ചുള്ള ചിന്തകൾ വരുന്നുണ്ട് എന്നത് ശുഭോദർക്കമാണ്. ആശയപരമായും ശാസ്ത്ര-സാങ്കേതികമേഖലകളിലും സാമ്പത്തികമായും ഇത്രയും മുന്നോട്ടു പോയ ഒരു ലോകത്ത് സഹസ്ര കോടികൾ മനുഷ്യത്വഹീനമായ ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുന്ന സാഹചര്യം ലോകത്തെ ആകമാനം നോക്കി കൊഞ്ഞനംകുത്തുന്നുണ്ട്. ഒരു പൊളിച്ചെഴുത്ത് കൂടിയേ തീരൂ.
8 ഉപഭോഗപരത അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു ഇന്ന്. കാർബൺ വമനം ഈ ലോക ജീവിതംതന്നെ താറുമാറാക്കിയിരിക്കുന്നു. ഭൂമി ഒരു ചപ്പുചവറ് കൂമ്പാരമായി തീർന്നിരിക്കുന്നു. ജനസംഖ്യാ വർദ്ധനവിന് അനുസരിച്ച് നമ്മുടെ സാങ്കേതികവിദ്യയും ഉൽപാദനവും വിതരണവും മാറേണ്ടതായിട്ടുണ്ട്. പഴയ ഉൽപാദന- ഉപഭോഗ – വിതരണ രീതികളുമായി നമുക്ക് മുന്നോട്ട് പോകാനാവില്ല. ഉത്തരവാദിത്വപൂർണ്ണമായ ഉപഭോഗം (responsible consumption) മാനവകുലം ശീലിക്കേണ്ടതായി വരും.
9 പ്രകൃതിയെ വസ്തുക്കളായി കാണുന്ന രീതിതന്നെ മാറേണ്ടതുണ്ട്. ഒന്നും മറ്റൊന്നിനോട് ബന്ധപ്പെടാതില്ല. “പരാനപേക്ഷം പ്രാണിക്കമരാൻ” ആവില്ലെന്നു തന്നെയാണ് പരിസ്ഥിതി ബോധനം. ഭൂമിയുമായും പ്രകൃതിയുമായും സ്നേഹ-സാഹോദര്യ ബന്ധത്തിലേക്ക് മാനവകുലം വളരേണ്ടതായിട്ടുണ്ട്. കുറേ ലാഭക്കൊതിയന്മാരുടെ ഇച്ഛയ്ക്കും തീരുമാനത്തിനും ലോകത്തെയും ഭൂമിയെയും വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാണ്.
10 ലോക സാമ്പത്തിക രംഗം ആണധികാര രീതിയിലാണ് ചലിക്കുന്നത്. വിനാശകരമാണ് നടപ്പുരീതികൾ. പ്രസ്തുത മേഖലയിൽ സ്ത്രൈണതയും മാതൃഭാവങ്ങളും കൂടി ഉൾച്ചേർന്നു വരേണ്ടതായിട്ടുണ്ട്.
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മിനിമലിസ്റ്റ് ചിന്ത കൂടുതൽ ജനകീയമാകുന്നുണ്ട്. കൂടുതൽ കൂടുതൽ പേർ ഏറ്റവും കുറച്ചു മാത്രം ഉപഭോഗം ചെയ്തും സഹജീവികളെക്കൂടി സഹായിച്ചും സഹകരിച്ചും, കൂടുതൽ ലളിതമായി ജീവിക്കാനായി ശീലിച്ചും വരുന്നു. ഇക്കോണമി ഓഫ് ഫ്രാഞ്ചെസ്കോ (EoF) എന്നൊരു യുവജന പ്രസ്ഥാനം കഴിഞ്ഞ ഏതാനും വർഷങ്ങളായി യൂറോപ്പിൽ അങ്ങിങ്ങ് വേരുപാകി വരുന്നു. പുതിയൊരു സാമ്പത്തിക ക്രമത്തിനുവേണ്ടി അവർ ദാഹിക്കുന്നു. പരിസ്ഥിതി പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും പുതിയ മേഖലകളിലേക്കുകൂടി തങ്ങളുടെ ചിന്തയും പ്രവർത്തനവും വ്യാപിപ്പിക്കുന്നു. ഭൂമിയെ വീണ്ടും ഒരു ഹരിതഗ്രഹം ആക്കാനുള്ള പരിശ്രമങ്ങളും കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ലോകം തീർക്കാനുള്ള മുൻകൈകളും അവിടവിടെ കാണാനുണ്ട്.
ഇക്കോളജിയെയും ഇക്കോണമിയെയും ഒരുമിപ്പിച്ച് അവയുടെ ആദിമാർത്ഥങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ ഫ്രാൻസിസിൻ്റെ ജീവചൈതന്യം പേറുന്ന ഭൂമിയുടെ സഹോദരരെ തെരയുകയാണ് ലോകമിന്ന്.
ജോർജ് വലിയപാടത്ത്
(Capuchin Friar)