ഇടുക്കിയെ രക്ഷിക്കാന്‍ പുതിയ മെത്രാന്റെ ആശയം ഏറ്റെടുത്ത് അനേകം വിശ്വാസികള്‍; 25ഓളം വ്യക്തികളും സ്ഥാപനങ്ങളുമായി നല്‍കിയത് ഏഴേക്കര്‍ ഭൂമി; ജാതിമത ഭേദമന്യേ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും:
ഇടുക്കി: പ്രളയത്തിന്റെ പിടിയില്‍ അകപ്പെട്ട് ദുരിതക്കയത്തില്‍ വീണു പോയ ഇടുക്കിയെ രക്ഷിക്കാന്‍ അവിടുത്തെ പുതിയ മെത്രാന് നല്കിയ ആശയം വിശ്വാസ സമൂഹം ഒന്നടങ്കം ഏറ്റെടുക്കുന്നു. പ്രളയത്തില്‍ വീടും സ്ഥലവും എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി പകരം സ്ഥലം കണ്ടെത്തി നല്‍കുക എന്ന വലിയ ദൗത്യത്തിന് ഇടുക്കിയുടെ പുതിയ മെത്രാന് രൂപപ്പെടുത്തിയ ആശയമാണ് ഇപ്പോള്‍ ഇടുക്കിക്കാര് ഏറ്റെടുത്തിരിക്കുന്നത്.
ഇടുക്കി രൂപതയില്‍ പുതുതായി ചുമതലയേറ്റ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആഹ്വാനപ്രകാരം 25 ഓളം വ്യക്തികളാണ് പാവപ്പെട്ടവരെ സഹായിക്കാന്‍ സ്ഥലം വാഗ്ദാനം ചെയ്തത്.
ഇതിനകം തന്നെ ഏഴേക്കറോളം സ്ഥലം വിവിധ പള്ളികളും സന്യാസ സമൂഹങ്ങളും വ്യക്തികളും മെത്രാന്റെ ആഹ്വാന പ്രകാരം വാഗ്ദാനം ചെയ്തു കഴിഞ്ഞു. ഇടുക്കിക്കാരനായ ഈ പുതിയ മെത്രാന്റെ ആശയം ഏറ്റെടുത്ത വിശ്വാസികളുടെ തീരുമാനത്തിന് പൊതു സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.ഏറ്റെടുക്കുന്ന സ്ഥലം അര്‍ഹരായവരെ കണ്ടെത്തി നല്‍കാനാണ് സഭയുടെ തീരുമാനം. ജാതിമതഭേദമെന്യേ ഏറ്റവും അര്‍ഹരായവരെ ആയിരിക്കും സ്ഥലം നല്കാന് തിരഞ്ഞെടുക്കുകയെന്നും രൂപത വ്യക്തമാക്കി. അതത് മേഖലകളില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്കായിരിക്കും മുന്‍ഗണന. പള്ളികളുടെ സ്ഥലം ദാനം ചെയ്യുന്നതിനായി ഇടവക പൊതുയോഗം കൂടി തീരുമാനമെടുത്തിട്ട് രൂപതാ കേന്ദ്രത്തില്‍ നിന്ന് അനുവാദം വാങ്ങണം. വികാരി ജനറല്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഇടുക്കി രൂപതയുടെ പുതിയ മെത്രാനാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കിക്കാരന് തന്നെയായ അദ്ദേഹം സ്വന്തം നാട്ടുകാരുടെ പുനഃരധിവാസത്തിന് പദ്ധതി തയ്യാറാക്കി ജാതി മത ഭേദമന്യേ അര്‍ഹരായവര്‍ക്ക് ഭൂമി നല്കാന് സ്വന്തം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു. മെത്രാനില്‍ പൂര്‍ണ്ണ വിശ്വാസമുള്ള വിശ്വാസികള്‍ തങ്ങളുടെ ഭൂമി ഇല്ലാത്തവന് വിട്ടുനല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. വ്യക്തികള്‍ക്ക് പുറമേ പള്ളികളും സന്യാസ സമൂഹങ്ങളും മെത്രാന്റെ ഈ ആശയം ഏറ്റെടുത്തു. ഇനിയും അനേകം പേര് ഈ സഹായ ചങ്ങലയില്‍ കണ്ണികളാവാന്‍ എത്തുമെന്ന് തന്നെയാണ് മെത്രാന്റെ പ്രതീക്ഷ.
മെത്രാന്റെ ഈ ആശയം ഇടുക്കിക്കാര് ഏറ്റെടുത്തതോടെ കേരളം നേരിട്ട വന്‍ പ്രളയത്തില്‍ വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ട പാവങ്ങളുടെ പുതു ജീവിതത്തിനാണ് പ്രതീക്ഷ പകരുന്നത്. കേരളത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു പദ്ധതിക്കാണ് മെത്രാന് രൂപം നല്‍കിയിരിക്കുന്നത്. പ്രളയത്തില്‍ സര്‍വ്വതും ഒലിച്ചു പോയ കേരളത്തിന് ഒരു താങ്ങാവും ഇടുക്കി രൂപതാധ്യക്ഷന്റെ ഈ ആശയം. ഇടുക്കിക്കാര് മാത്രമല്ല കേരളത്തിലുള്ള മുഴുവന്‍ ജനങ്ങളും മെത്രാന്റെ ഈ ആശയം ഏറ്റെടുത്ത് പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട സാധാരണക്കാരുടെ പുനരധിവാസത്തിനു വേണ്ടി മുന്നോട്ട് വരിക തന്നെ വേണം.