തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ കഴിഞ്ഞ അൻപതു വർഷത്തെ ചരിത്രത്തിൽ ആകെ രണ്ടു തവണയേ പെൺകുട്ടികൾ ഒന്നാമത്തെ കസേരയിലിരുന്നിട്ടുള്ളൂ.
2010 ലായിരുന്നു ആദ്യത്തേത്. നെടുമങ്ങാടിനടുത്തുള്ള കരകുളം ഇടവകയിലെ മിനി മേരി എന്ന പെൺകുട്ടി പ്രസിഡന്റു സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്യപ്പെട്ടു. രണ്ടാമത്തേത് 2022 ലാണ്. നെടുമങ്ങാട്ടെ ഇരുമ്പ ഇടവകയിൽ നിന്ന് കുമാരി രഞ്ചിത പ്രസിഡന്റു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സാങ്കേതികമായി പറഞ്ഞാൽ, അരനൂറ്റാണ്ടിനിടയിൽ, തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്റ്.
ഇത്തിരി വൈകിപ്പോയി എന്നൊരു ചെറിയ പരിഭവമുണ്ടെങ്കിലും നിറയെ അഭിമാനമുണ്ട്. പ്രിയപ്പെട്ട യുവജനങ്ങളേ, കാലത്തിന്റെ ചുവരെഴുത്തുകളെ മനസ്സിലാക്കി പ്രതികരിക്കാത്ത ഒരു പ്രസ്ഥാനവും അധികകാലം നിലനിൽക്കില്ലെന്നത് ചരിത്ര വസ്തുതയാണ്. സ്ത്രീപക്ഷ പോരാട്ടങ്ങൾ മുമ്പെന്നത്തേക്കാൾ പ്രാധാന്യം നേടിയെടുക്കുന്ന ആധുനിക സമൂഹത്തിൽ, പുരുഷ കേസരികളുടെ ചങ്കുറപ്പു മാത്രമല്ല വനിതാ രത്നങ്ങളുടെ പോരാട്ട വീര്യവും ചേർന്നതാണ് നിങ്ങളുടെ പ്രസ്ഥാനത്തിന്റെ മൂലധനമെന്ന് നിങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു.
ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ക്രിസ്തുവിന്റെ പേരിൽ, സഭയുടെ മേൽവിലാസത്തിൽ നിങ്ങൾ സംഘടിക്കുമ്പോൾ നിങ്ങൾക്കൊരു സ്ത്രൈണമുഖവും ആവശ്യമുണ്ട്. ലിംഗവ്യത്യാസങ്ങൾക്കപ്പുറത്ത് മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും നീതിക്കും നിങ്ങളുടെ മാനിഫെസ്റ്റോയിൽ ഇടമുണ്ടെന്ന് ലോകം മനസ്സിലാക്കട്ടെ!
ഇന്നേക്ക് ഒരു വർഷം മുമ്പാണ് ഫ്രാൻസിസ് മാർപ്പാപ്പ Nathalie Becquart എന്ന ഫ്രഞ്ച് സന്യാസിനിയെ മെത്രാൻമാരുടെ സിനഡിൽ വോട്ടവകാശമുള്ള സെക്രട്ടറിയായി നിയമിച്ചത്; അതും ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി. ‘ഒരു പുതിയ വാതിൽ തുറക്കപ്പെട്ടിരിക്കുന്നു’ എന്നാണ് വത്തിക്കാൻ അതിനെ വിശേഷിപ്പിച്ചത്.
സഭയൊന്നാകെ അത്തരം വാതിലുകൾ തുറന്നുവയ്ക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു നാഴിക മുമ്പേ നിങ്ങളതിനു പാകപ്പെട്ടിരിക്കുന്നു എന്നതാണ് നിങ്ങളെക്കുറിച്ചുള്ള സന്തോഷം. ലോകം മുഴുവൻ മാറിച്ചിന്തിക്കുമ്പോൾ ആ മാറ്റത്തെ സർവാത്മനാ ഉൾക്കൊള്ളാൻ നിങ്ങൾ തയ്യാറായി എന്നതാണ് ജൂബിലി വർഷത്തിൽ നിങ്ങൾ പൊതു സമൂഹത്തിനു നൽകുന്ന ഏറ്റവും വലിയ സന്ദേശം. രഞ്ചിത മിടുമിടുക്കിയാണ്. സിവിൽ സർവീസ് സ്വപ്നങ്ങളുള്ള, കേരള യൂണിവേഴ്സിറ്റി റാങ്കു ജേതാവാണ്. വാക്കിലും പ്രവൃത്തിയിലും നേതൃപാടവമുള്ള, കഴിവുകൾ ഏറെയുള്ള പെൺകരുത്ത്. ഞങ്ങൾ ഒരുപാടു പ്രാർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു. പുതിയ കാലഘട്ടത്തിന്റെ യുവജന ശുശ്രൂഷയ്ക്ക് ദൈവം കരുത്തു പകരട്ടെ.
ഭാരതത്തിന്റെ ഒന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധി പറഞ്ഞ ഒരു വാചകമുണ്ട്:
“Women sometimes go too far, it’s true. But it’s only when you go too far that others listen.”Dear Renjitha, Go far beyond! We are committed to listening!!!
Fr. Sheen Palakkuzhy