സാൻ ഫ്രാൻസിസ്കോ: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡലിയോണി. കത്തോലിക്ക വിശ്വാസിയെന്ന് അവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വിശുദ്ധ കുർബാന നൽകുന്നതിനെപ്പറ്റി ചർച്ചകൾ സജീവമായിരിക്കെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മെയ് ഒന്നാം തീയതി വിശുദ്ധ കുർബാന സ്വീകരിക്കാൻ ആവശ്യമായ യോഗ്യത എന്താണെന്ന് വിശദീകരിച്ചുകൊണ്ട് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് ഇടയലേഖനം ഇറക്കിയത്.
ബൈഡന് വിശുദ്ധകുർബാന നൽകുന്നതിനെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായങ്ങൾ അടങ്ങിയ ലേഖനം അടുത്തിടെ അസോസിയേറ്റഡ് പ്രസും, വാഷിംഗ്ടൺ പോസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക രാഷ്ട്രീയ നേതാക്കൾക്ക് സഭാപ്രബോധനങ്ങൾ വ്യക്തമായി വിശദീകരിച്ച് നൽകുന്ന ഒരു ഭാഗം തന്നെ ഇടയലേഖനത്തിലുണ്ട്. ഭ്രൂണഹത്യ പോലുള്ള പാപങ്ങൾക്ക് കൂട്ടു നിൽക്കുന്നവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല എന്നത് ആദ്യകാലം മുതലേ സഭയിൽ മാറ്റമില്ലാത്ത പഠനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “സഭയുടെ പഠനം വ്യക്തമാണ്: ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ സഹായിക്കുന്നവരോ, കൊല ചെയ്യുന്നവരോ, ഭ്രൂണഹത്യ നടത്താൻ അമ്മയെ പ്രേരിപ്പിക്കുന്നവരോ, അതിന് പണം നൽകുന്നവരോ, ഭ്രൂണഹത്യ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരോ, ഭ്രൂണഹത്യ നിയമവിധേയമാക്കാൻ രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യുന്നവരോ ആയ ആളുകൾ വലിയ ഒരു തിന്മ ചെയ്യാൻ പിന്തുണ നൽകുന്നവരാണ്. “തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്താല്‍ അവന് കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു”എന്ന 1 കോറിന്തോസ് 11 : 27ൽ നിന്നുള്ള ബൈബിൾ വചനം ആർച്ച് ബിഷപ്പ് തന്റെ ഇടയലേഖനത്തിൽ ഉദ്ധരിച്ചു.
സഭാ പ്രബോധനങ്ങൾ വിശ്വസിക്കാത്തവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന സഭാപിതാക്കന്മാരുടെ വാചകങ്ങളും അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. കത്തോലിക്ക വിശ്വാസികളായി അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കൾ ഭ്രൂണഹത്യയെ പിന്തുണക്കുമ്പോൾ അത് മാനുഷികമായ ഒരു ദൗർബല്യമായി കണക്കാക്കാൻ സാധിക്കില്ലെന്നും മറിച്ച് അത് പൊതുഇടത്തില്‍ തുടർച്ചയായി കത്തോലിക്കാ വിശ്വാസത്തെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നും സാൽവത്തോർ കോർഡലിയോണി അഭിപ്രായപ്പെട്ടു. ജീവിക്കാൻ വേണ്ടിയുള്ള അവകാശമാണ് അടിസ്ഥാനപരമായ അവകാശമെന്നും, അതില്ലെങ്കിൽ മറ്റ് അവകാശങ്ങളെ പറ്റിയുള്ള ചർച്ചകൾ കൊണ്ട് കാര്യമൊന്നുമില്ലെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ഗർഭസ്ഥ ശിശുക്കളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന രാഷ്ട്രീയക്കാർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം അവസാനിക്കുന്നത്. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ കത്തോലിക്കനാണെന്ന് ബൈഡന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ നേരത്തെ പ്രസ്താവിച്ചിരിന്നു.