ജൂൺ 12, അഡോൾഫ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau concentration camp) മരണമടഞ്ഞ വാഴ്ത്തപ്പെട്ട രക്തസാക്ഷികളുടെ ഓർമ്മ ആചരിക്കുന്നു.
ദാഹാവ് തടങ്കൽ പാളയം സ്ഥിതി ചെയ്യുന്ന ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിംഗ് അതിരൂപതയാണ് 2017 മുതൽ ജൂൺ 12ന് ദാഹാവിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനം അനുസ്മരിച്ചു തുടങ്ങിയത്. 1933 മുതൽ 1945 വരെയുള്ള കാലയളവിൽ രണ്ടു ലക്ഷത്തോളം രാഷ്ടീയ തടവുകാരെയാണു ഹിറ്റ്ലർ സ്ഥാപിച്ച ആദ്യത്തെ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിരുന്നത്. അവരിൽ 41500 പേർ ജയിൽവാസത്തിനിടയിൽ മരിക്കുകയോ കൊല ചെയ്യപ്പെടുകയോ ഉണ്ടായി. ദാഹാവ് തടങ്കൽ പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. വൈദിക ബ്ലോക്ക് (Pfarrerblock ) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. വൈദീക ബ്ലോക്കിലെ തടവുകാരിൽ 90 ശതമാനവും കത്തോലിക്കാ പുരോഹിതരായിരുന്നു. അതിൽ തന്നെ പോളണ്ടിൽ നിന്നുള്ള വൈദികരായിരുന്നു ഭൂരിഭാഗവും. തടങ്കൽ പാളയത്തിലെ 2720 വൈദികരിൽ 1780 പേർ പോളണ്ടുകാരായിരുന്നു, അവരിൽ 868 പേർ ദാഹാവിൽ മരണപ്പെട്ടു. 447 വൈദീകർ ജർമ്മനി ഓസ്ട്രിയ എന്നിവടങ്ങളിൽ നിന്നായിരുന്നു അവരിൽ 94 പേർ മരണത്തിനു കീഴടങ്ങി.
ദാഹാവിൽ മരണമടഞ്ഞ 200 പേരെ കത്തോലിക്കാ സഭ രക്ത സാക്ഷികളായി ആദരിക്കുന്നു. കാരണം അവരുടെ മരണം ക്രിസ്തു വിശ്വാസത്തിൻ്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. അവരിൽ ഇതുവരെ 57 പേരെ സഭ ഓദ്യോഗികമായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. അവരിൽ പുരോഹിതർ, സന്യസ്തർ, അല്മായ സഹോദരങ്ങൾ എന്നിവർ ഉൾപ്പെടുന്നു.
പോളണ്ടിലെ 108 രക്തസാക്ഷികൾ
1999 ജൂൺ പതിമൂന്നിനു ഹിറ്റ്ലറിൻ്റെ നാസി ഭരണത്തിൻ്റെ കീഴിൽ രക്തസാക്ഷിത്വം വഹിച്ച 108 പോളീഷ് രക്തസാക്ഷികളെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു. ഇവരിൽ മൂന്നു മെത്രാൻമാരും 79 വൈദീകരും 7 സന്യാസ സഹോദരന്മാരും 8 സന്യാസിനികളും 11 അല്മായ സഹോദരങ്ങളും ഉൾപ്പെടുന്നു. പോളീഷ് കത്തോലിക്കാ സഭ ജൂൺ 12നു ഈ വിശുദ്ധ രക്തസാക്ഷികളുടെ തിരുനാൾ ആഘോഷിക്കുന്നു. 108 രക്തസാക്ഷികളിൽ 45 പേർ ദാഹാവിൽ നിന്നുള്ളവരായിരുന്നു.
ആറു മക്കളുടെ പിതാവും പോളീഷ് കാത്താലിക് ആക്ഷൻ മേധാവിയുമായിരുന്ന സ്റ്റനിസ്ലാവ് കോസ്റ്റക സ്റ്റാരൊവെയ്സകി അവരിൽ പ്രധാനിയാണ്. പോളണ്ടിലെ സഹായ മെത്രാനായിരുന്ന ബിഷപ്പ് മൈക്കൽ കോസൽ, ഫാ. സ്റ്റെഫാൻ വിൻസെൻ്റി ഫ്രെലിച്ചോവ്സ്കി ഇവരെ നേരത്തെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു.
ഹോളണ്ടിൽ നിന്നുള്ള കർമ്മീലാത്ത വൈദീക ടൈറ്റസ് ബ്രാൻഡ്സമ, ടൂറിനിൽ നിന്നുള്ള ഡോമിനിക്കൻ സഭാഗം ഗ്യൂസെപ്പേ ഗിരോട്ടി, ആസ്ട്രിയയിൽ നിന്നുള്ള കാൾ ലാംപെർട്ട്, ഓട്ടോ നൊയ്ററർ, പ്രാഗിൽ നിന്നുള്ള ഗെർഹാർഡ് ഹിർഷ്ഫെൽഡർ, ജർമ്മൻകാരായ എങ്കൽമാർ ഉൺസൈറ്റിങ്ങ്, കാൾ ലെയ്സ്നർ, ജോർജ് ഹേഫ്നർ എന്നിവരും ദാഹാവിൽ ക്രിസ്തീയ വിശ്വാസത്തിനു വിരോചിതമായ സാക്ഷ്യം നൽകി ജീവിച്ചവരും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്ഉയർത്തപ്പെട്ടവരുമാണ്
വിശുദ്ധ ടൈറ്റസ് ബ്രാൻഡ്സ്മ – ദാഹാവ് നാസി തടങ്കൽ പാളയത്തിലെ പ്രഥമ വിശുദ്ധൻ
ഹോളണ്ടുകാരനായ കർമ്മലീത്താ വൈദീകൻ ടൈറ്റസ് ബ്രാൻഡ്സ്മയെ (1881-1942) 2022 മെയ് പതിനഞ്ചാം തീയതി ഫ്രാൻസീസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതു വഴി വിശുദ്ധ പദവിയിലേക്കു ഉയർത്തിപ്പെട്ട ദാഹാവിലെ ആദ്യ രക്തസാക്ഷിയായി ടൈറ്റസച്ചൻ മാറി. 1985ലാണ് ടൈറ്റസച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. ജൂലൈ 27 നാണ് അദ്ദേഹത്തിന്റെ ഓർമ്മ ദിനം. .ഡാച്ചൗവിൽ മാരകമായ കുത്തിവയ്പ്പിനെ തുടർന്നാണ് ബ്രാൻഡ്സ്മ മരിച്ചത്.
ഹോളണ്ടുകാരനായ ടൈറ്റസ് ബ്രാൻഡ്സ്മ, ആരംഭം മുതലേ നാസികളുടെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു. 1941 നവംബറിൽ നാസി ഭരണകൂടം കത്തോലിക്കാ മാധ്യമങ്ങളെ നിയന്ത്രിക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹം അതിനെ എതിർക്കുകയും നാസി ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തു. അധികം താമസിയാതെ അദ്ദേഹം നാസികളുടെ കരിമ്പട്ടികയിൽ ഇടം നേടി.
1942 ജനുവരി 19-ന് ഹോളണ്ടിലെ നിജ്മെഗനിലെ കർമ്മലീത്തൻ ആശ്രമത്തിൽ വെച്ച് നാസി പട്ടാളം ടൈറ്റസച്ചനെ അറസ്റ്റ് ചെയ്തു. നിരവധി ജയിലുകളിലെ കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ആ കർമ്മലീത്താ വൈദീകനെ 1942 ജൂലൈ 26 ന് ദാഹാവ് തടങ്കൽ പാളയത്തിൽ വച്ചു മാരകമായ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. യഹൂദാര നാടുകടത്തുന്നതിനെതിരെ നാസി ഭരണകൂടത്തെ വിമർശിച്ചുകൊണ്ടുള്ള ഹോളണ്ടിലെ മെത്രാൻമാരുടെ കത്ത് പള്ളികളിൽ വായിക്കുന്ന ദിവസമായിരുന്നു അത്.
സത്യത്തിനും നീതിക്കു വേണ്ടി നിലകൊള്ളുന്ന പത്രപ്രവർത്തകർക്കുള്ള നല്ല മാതൃകയാണ് ടൈറ്റസച്ചൻ
ദാഹാവിലെ മാലാഖ എങ്കൽമാർ ഉൺസൈറ്റിങ്ങ്”ദഹാവിലെ മാലാഖ
” ( Angel of Dachau) എന്നാണ് ഫാദർ എങ്കൽമാർ ഉൺസൈറ്റിങ്ങ് (Fr. Engelmar Unzeitig ) അറിയപ്പെട്ടിരുന്നത് ദാഹാവിലെ നാസി തടങ്കൽ പാളയത്തിൽ ടൈഫോയിഡ് പനി ബാധിച്ചവരെ ശുശ്രൂഷിച്ചിരുന്ന സമയത്ത് ആ അസുഖം ബാധിച്ചാണ് ഫാ: എങ്കൽമാർ മരണത്തിനു കീഴടങ്ങിയത്.
1911 മാർച്ച് ഒന്നിന് ചെകോസ്ലോവാക്യയിലാണ് എങ്കൽമാർ അച്ചൻ ജനിച്ചത്. ഹ്യൂബർട്ട് എന്നായിരുന്നു കുട്ടിക്കാലത്തെ നാമധേയം. ഹ്യൂബർട്ടിന് 5 വയസ്സുള്ളപ്പോൾ 1916 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് റഷ്യൻ തടങ്കൽ പാളയത്തിൽ വച്ച് പിതാവ് മരണമടഞ്ഞു. പിന്നിട് അമ്മയാണ് 6 മക്കളെ ഒറ്റയ്ക്കു വളർത്തിയത്. ഒരു മിഷനറി ആകണമെന്ന തീവ്രമായ ആഗ്രഹത്താൽ പതിനേഴാമത്തെ വയസ്സിൽ Missionary Order of Mariannhill (Congregatio Missionarium de Mariannhill CMM) എന്ന സന്യാസസഭയിൽ ചേർന്നു. എങ്കൽമാർ എന്ന സഭാ നാമം സ്വീകരിച്ചു. തത്വശാസ്ത്രവും ദൈവശാസ്ത്രവും വ്യൂർസ്ബുർഗിൻ പഠിച്ച എങ്കൽമാർ 1939 ൽ പുരോഹിതനായി അഭിഷിക്തനായി. തന്റെ പൗരോഹിത്യ ജീവിതത്തിലെ ആകെയുള്ള ആറു വർഷങ്ങളിൽ നാലും ചെലവഴിച്ചത് ദാഹാവിലെ നാസി തടങ്കൽ പാളയത്തിലാണ്. മനുഷ്യനെക്കാൾ കൂടുതൽ ദൈവത്തെയാണ് അനുസരിക്കേണ്ടത് എന്നതായിരുന്നു എങ്കൽമാറച്ചന്റെ വിശ്വാസ പ്രമാണം.
ഹിറ്റ്ലറിന്റെ നയങ്ങൾക്കെതിരെ യഹൂദ ജനതയെ സംരക്ഷിച്ചു എന്ന കാരണത്താൽ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് എങ്കൽ മാറച്ചനെ ദാഹാവിലെ നാസി കോൺസൻട്രേഷൻ ക്യാമ്പിൽ അടച്ചത്.തടവറയും ഒരു പ്രേഷിത വയലായാണ് പുരോഹിതർ കണ്ടിരുന്നത്. ആത്മീയ ഉപദേശങ്ങൾ നൽകിയും, കൂദാശകൾ രഹസ്യമായി പരികർമ്മം ചെയ്തും, എല്ലാറ്റിനും ഉപരിയായി ഒപ്പം സഹിച്ചും അവർ ക്രിസ്തുവിനു സാക്ഷ്യം നൽകി.റഷ്യൻ തടവുകാരുടെ കാര്യത്തിൽ അതീവ ശ്രദ്ധ എങ്കൽമാറച്ചൻ വച്ചിരുന്നു. അവരുമായുള്ള സമ്പർക്കത്തിലൂടെ റഷ്യൻ ഭാഷ പഠിക്കുവാനും, അതുവഴി അവരെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുവാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
1944 അവസാനം ടൈഫോയിഡ് പനി തടങ്കൽ പാളയത്തിൽ പടർന്നു പിടിച്ചു. ശുശ്രുഷക്കായി 20 വൈദീകർ സ്വയം സന്നദ്ധരായി. രോഗം ബാധിച്ച് ദിവസവും 100 മരണമെങ്കിലും ശരാശരി ഉണ്ടായിരുന്നു. വി. മാക്സിമില്യാൻ കോൾബയേപ്പോലെ മരണത്തെ മുമ്പിൽ കണ്ടു കൊണ്ട് തന്നെയാണ് എങ്കൽമാറച്ചനും മറ്റു വൈദീകരും ശുശ്രൂഷയ്ക്കായി സന്നദ്ധരായത്.
ഒരു സഹവൈദീകൻ തന്റെ ഓർമ്മ പങ്കുവയ്ക്കുന്നു: “എങ്കൽമാർ നൽകിയ സഹായങ്ങൾ അദ്ദേഹത്തിന്റെ ശുശ്രൂഷാ പൗരോഹിത്യത്തോടും, സഹോദര സ്നേഹത്തിന്റെയും ഫലങ്ങളായിരുന്നു. അവന്റെ പാവപ്പെട്ട അജഗണങ്ങളുംടെ കുമ്പസാരം അവൻ സന്തോഷപൂർവ്വം കേട്ടു, സ്വസിദ്ധമായ ശാന്തതകൊണ്ടും, അലിവുകൊണ്ടും അവരുടെ കഷ്ടതകളിൽ സമാശ്വാസം നൽകി… സമയവും, നിസ്വാർത്ഥമായ ശുശ്രൂഷയും മാത്രമല്ല അവൻ നൽകിയത് . പൗരോഹിത്യ സ്നേഹം മുഴുവനായി തന്റെ പ്രിയപ്പെട്ടവർക്ക് പകർന്നു നൽകി.. മരണം അവന്റെ ജീവൻ കവർന്നെടുക്കുംവരെ അതായിരുന്നു അവന്റെ ലക്ഷ്യം.”
പ്രതികൂല സാഹചര്യങ്ങളിലും ക്രിസ്തീയ വിശ്വാസത്തിനു സ്വജീവിതം കൊണ്ടു സാക്ഷ്യം നൽകിയ ദാഹാവിലെ രക്തസാക്ഷികളും 108 പോളിഷ് രക്തസാക്ഷികളും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാൻ നമുക്കു പ്രചോദനമാകട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs