വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പയുമായി ഇന്നലെ നടന്ന അംബാസഡർമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. ഐ.സ്. അഥവാ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 2014 ൽ തകർത്ത പരി. അമലോത്ഭവ മാതാവിൻ്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പാപ്പ സന്ദർശനം നടത്തും, അതിനായി കത്തീഡ്രലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. മാർച്ച് 5 മുതൽ 8 വരെയാണ് പാപ്പയുടെ ഇറാഖ് സന്ദർശനം. ബാഗ്ദാദ്, മോസ്സൂൾ, നജാഫ്, ക്വാർകോഷ് എന്നിവിടങ്ങളിൽ പാപ്പ സന്ദർശനം നടത്തും എന്നാണ് അറിയിച്ചിട്ടുള്ളത്.
മാർച്ച് മാസം 5 തിയ്യതി വെള്ളിയാഴ്ച രാവിലെ പുറപെട്ട് ഉച്ചയോട് കൂടെ ബാഗ്ദാദിൽ ഇറങ്ങി, ഇറാഖി പ്രധാന മന്ത്രിയുമായി കൂടികാഴ്ച നടത്തും. അതിന് ശേഷം ഇറാഖി പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിൽ ഉള്ള കൂടികാഴ്ചക്ക് ശേഷം ബാഗ്ദാദിലെ കത്തീഡ്രൽ പള്ളിയിൽ വച്ച് കൽദായ സുറിയാനി കത്തോലിക്കരെ കാണും. 6 തിയ്യതി ശനിയാഴ്ച പൂർവ്വ പിതാവായ അബ്രഹാമിൻ്റെ നാടായ ഊർ എന്ന പ്രദേശം സന്ദർശിച്ച് അവിടെ വച്ചാണ് വിവിധ മത നേതാക്കളുമായി ചർച്ച നടത്തുന്നത്. അതിന് ശേഷം ബാഗ്ദാദിൽ തിരിച്ച് വന്ന് വി. ഔസേപ്പിതാവിൻ്റെ പേരിൽ ഉള്ള കാൽഡിയൻ കത്തീഡ്രൽ ദേവാലയത്തിൽ വി. ബലി അർപ്പിക്കും.
ഞായറാഴ്ച ഏർബിൽ വച്ച് കുർഡിസ്ഥാൻ അധികാരികളുമായിയുള്ള ചർച്ചക്ക് ശേഷം ക്വാർകോഷിൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത ദേവാലയം സന്ദർശിച്ച് പ്രാർത്ഥന നടത്തും. 2014-2016 വരെ ഈ ദേവാലയം ഇസ്ലാമിക് സ്റ്റേറ്റ് കൈവശം വച്ചിരിക്കുകയായിരുന്നു. 2016ൽ വീണ്ടും തിരുകർമ്മങ്ങൾ ആരംഭിച്ചെങ്കിലും 2019 ൽ ആണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ദേവാലയത്തിൻ്റെ ഉൾവശം അവർ വെടിവെപ്പ് പരിശീലനം ചെയ്യാൻ ആയും ഉപയോഗിച്ചിരുന്നു. ഈ കഴിഞ്ഞ ജനുവരിയിൽ ആണ് ദേവാലയത്തിൻ്റെ മുകളിലെ തകർന്ന മാതാവിൻ്റെ രൂപം പുനർസ്ഥാപിച്ചത്. അതിന് ശേഷം ഫ്രാൻസോ ഹരീരി സ്റ്റേഡിയതിൽ പാപ്പ പൊതുവായി ദിവ്യ ബലി അർപ്പിക്കും. 8 തിയ്യതി രാവിലെയാണ് തിരികെ റോമിലെക്കുള്ള വിമാനം സജീകരിച്ചിരിക്കുന്നത്. ലോകത്ത് പീഡനം അനുഭവിക്കുന്നവരോടും, അടിച്ചമർത്തപെട്ടവരോടും ഉള്ള പാപ്പയുടെ അനുകമ്പയും, സുവിശേഷവൽകരണവും, അക്രമങ്ങൾ നിർത്തലാക്കുവാനുമുള്ള ആഹ്വാനമാണ് ഈ സന്ദർശനം ലക്ഷ്യം വയ്ക്കുന്നത് എന്ന് പാപ്പ പറഞ്ഞു.
റോമിൽ നിന്ന് ഫാ ജിയോ തരകൻ