തിരുവനന്തപുരം: കേരളത്തിലെ ദളിത വിഭാഗത്തെക്കാൾ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കമാണോ മുസ്ലീം വിഭാഗക്കാരെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ.
സംസ്ഥാനത്തെ ആയിരം സമ്പന്നരെ എടുത്താൽ അതിൽ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതൻ പോലും ആ പട്ടികയിൽ ഉണ്ടാകില്ല. എന്നിട്ടും മുസ്ലീങ്ങൾ, സച്ചാർ കമ്മീഷൻ കണ്ടെത്തിയ പോലെ, ദളിതരെക്കാൾ പിന്നാക്കമാണെന്നും അവർക്ക് വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കണമെന്ന പാലൊളി കമ്മീഷന്റെ കണ്ടെൽ അതിശയകരം തന്നെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
ഡോ. കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
മുസ്ലീങ്ങൾ ദളിതരെക്കാൾ പിന്നാക്കമാണോ?
ഇന്ത്യയിൽ ചിലയിടങ്ങളിൽ മുസ്ലീം ജനവിഭാഗത്തിന്‍റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ അവസ്ഥ ദളിത ജനവിഭാഗങ്ങളുടെ അവസ്ഥയെക്കാൾ പരിതാപകരമാണെന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തിയിരുന്നു. അവിടങ്ങളിൽ മുസ്ലീം ജനതയുടെ പുരോഗതിക്കാവശ്യമായ ആശ്വാസ നടപടികൾ ഉണ്ടാകണമെന്ന് കമ്മീഷൻ നിർദേശിച്ചു.
ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ സർക്കാർ നിയോഗിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മീഷനാണ് മുസ്ലീങ്ങൾക്ക് വിദ്യാഭ്യാസം നിർവഹിക്കാനായി സാമ്പത്തിക സഹായം നൽകണമെന്ന് ശുപാർശ ചെയ്തത്. ആ ശുപാർശ നടപ്പിലാക്കിയപ്പോഴാണ് 80:20 എന്ന അനുപാതത്തിൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്.
കേരളത്തിലെ ദളിത വിഭാഗത്തെക്കാൾ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ മുസ്ലീങ്ങൾ പിന്നാക്കമാണോ എന്നതാണ് കാതലായ ചോദ്യം. അല്ല എന്നാണ് വസ്തുതകളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്പന്നരെ എടുത്താൽ അതിൽ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതൻ പോലും ആ പട്ടികയിൽ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്. എന്നിട്ടും മുസ്ലീങ്ങൾ, സച്ചാർ കമ്മീഷൻ കണ്ടെത്തിയ പോലെ, ദളിതരെക്കാൾ പിന്നാക്കമാണെന്നും അവർക്ക് വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകണമെന്നും പാലൊളി കമ്മീഷൻ കണ്ടെത്തി എന്നത് അതിശയകരം തന്നെ.
ഉടുതുണിക്ക് മറുതുണിയില്ലാതെ ദളിതൻ ഉപ്പും മുളകും മേടിക്കുമ്പോൾ നൽകുന്ന നികുതിപ്പണമാണ് പൊതുഖജനാവിൽ എത്തുന്നത്. പൊതുപ്പണം അനർഹർക്ക് വിതരണം നടത്തുന്നത് പൊതുപ്പണം കൊള്ളയടിക്കുന്നത്തിന് തുല്യമാണ്. ഒരുവൻ അർഹിക്കുന്നത് അവന് കൊടുക്കാതിരിക്കുകയും അനർഹന് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസി ദൈവത്തിന്‍റെ മുന്നിൽ കണക്ക് പറയേണ്ടി വരും എന്ന ഖുർആൻ വാക്യം ഖുർആൻ വായിച്ചിട്ടുള്ള പാലൊളിക്ക് ഓർമ്മയുണ്ടാകും എന്നു കരുതാം.
കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ സമ്പന്നരായ മുസ്ലീങ്ങളെ കൂടുതൽ സമ്പന്നരാക്കാനായി അങ്ങ് നൽകിയ ശുപാർശ മുസ്ലീം പ്രീണനത്തിനു വേണ്ടിയാണെന്നു ഞാൻ ആക്ഷേപിക്കുന്നില്ല. മതവിശ്വാസത്തിൽ അങ്ങ് മുസ്ലീമാണെങ്കിലും കമ്മ്യൂണിസ്റ്റായത് കൊണ്ട് അങ്ങ് സെക്യുലറിസ്റ്റാണെന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.
അതുപോലെ, മതത്തിന്റെ അടിസ്ഥാനത്തിൽ ജോലി സംവരണം നൽകാൻ ഭരണഘടനയുടെ സമ്മതമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്. ജാതി വ്യവസ്ഥയാണ് ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തിന്റേയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന കണ്ടെത്തലാണ് ജാതി സംവരണം ഏർപ്പെടുത്താൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടായത്. അറുന്നൂറ് കൊല്ലം ഇന്ത്യ ഭരിച്ച ഇസ്ലാംമതവും ഇരുന്നൂറ് കൊല്ലം ഭരണ ഭാരം നിർവഹിച്ച ക്രിസ്തുമതവും പിന്നാക്കാവസ്ഥക്ക് കാരണം ആണോ? 80:20 അനുപാതത്തിന്‍റെ അപ്പീൽ ഹർജിയുടെ പരിഗണനാ വേളയിൽ ഇക്കാര്യവും പരിഗണനയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കാം.