സഭ ചരിത്രപരവും പ്രാദേശികവുമായ പരിതോവസ്ഥയോട് (circumstances), തന്റെ ദൗത്യം നിർവഹിക്കുന്നതിന് എത്രത്തോളം തന്നെതന്നെ അനുരൂപപ്പെടുത്തണം?
സഭയുടെ ധാർമികവും വിശ്വാസത്തെ സംബന്ധിക്കുന്നതുമായ സത്യത്തെ മിഥ്യ ആകുവാൻ ഒരുമ്പെടുന്ന സംപേക്ഷവാദത്തിന്റെ അഥവാ ആപേക്ഷികതാവാദത്തിന്റെ (relativism) അപകടത്തിൽ നിന്നും സഭ എങ്ങനെ സൂക്ഷിക്കണം?

എന്നാൽ അതേസമയം തന്നെ “ഞാൻ എല്ലാവരെയും രക്ഷിക്കേണ്ടത് എല്ലാവർക്കും എല്ലാമായി” (1 കോറി 9:22) എന്നു പറഞ്ഞ വി.അപ്പസ്തോലന്റെ മാതൃകയനുസരിച്ചു എല്ലാ മനുഷ്യരെയും രക്ഷിക്കുവാൻ എല്ലാവരോടും സമീപിക്കുന്നതിന് അവൾ എങ്ങനെ സ്വയം യോഗ്യയാക്കണം?

ലോകത്തിന്റെ പുറമേനിന്നു കൊണ്ട് അതിനെ രക്ഷിക്കുവാൻ സാധ്യമല്ല. ദൈവവചനം മനുഷ്യനായതുപോലെ ഓരോ മനുഷ്യനും അവൻ മിശിഹായുടെ സന്ദേശം പകരുവാനാഗ്രഹിക്കുന്നതാരോടോ, അയാളുടെ ജീവിതാനുഭവങ്ങളോട് ഒട്ടേറെ തന്നെത്തന്നെ താദാത്മ്യപ്പെടുത്തേണ്ടതുണ്ട്. തന്നെ ശ്രവിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെങ്കിൽ മിശിഹായെ പകർന്നു കൊടുക്കുന്നവൻ ആനുകൂല്യങ്ങൾക്കായി അഭ്യർത്ഥിക്കരുത്; ആനുകൂല്യങ്ങൾ വിഭിന്നതകളെ വർദ്ധിപ്പിക്കുകയേയുള്ളൂ; അഗ്രാഹ്യമായ ഭാഷയിൽ അഭിനയിക്കാതെ, ഏറ്റവും താഴ്ന്നവർക്കുപോലും മനസ്സിലാകുന്ന സാധാരണരീതിയെ – അത് മാനുഷികവും മാന്യവും ആയിരിക്കുന്നിടത്തോളം – അവലംബിക്കേണ്ടതാണ്.

ഒരുവനോട് സംഭാഷിക്കുന്നതിനു മുൻപ് അയാളെ ശ്രവിക്കുവാൻ നോക്കണം. അയാളുടെ ശബ്ദത്തെ മാത്രമല്ല, ഹൃദയത്തെയും. ഏതൊരു മനുഷ്യനെയും മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്; ഇത് സാധിച്ചാൽ അയാളെ നേടി. മനുഷ്യരുടെ പ്രബോധകരും വൈദികരും അജപാലകരുമായിത്തീരുന്നവർ അതിനാൽ തന്നെ തങ്ങളെ മനുഷ്യരുടെ സഹോദരന്മാർ ആക്കി തീർക്കണം. സംഭാഷണത്തിന്റെ അരൂപീയിരിക്കുന്നത് സൗഹാർദ്ദത്തിലാണ് ; അതിലുമുപരിയായി സേവനത്തിലും. ഇതൊക്കെ നാം ഓർമ്മിക്കുകയും ക്രിസ്തുനാഥൻ നമുക്ക് നൽകിയിരിക്കുന്ന മാതൃകയ്ക്കും കൽപ്പനയ്ക്കുമനുസരണമായി (യോഹ 13:14-17) പ്രാവർത്തികമാക്കുകയും ചെയ്യണം. എങ്കിലും ഒരു തിന്മ അവശേഷിക്കുന്നുണ്ട്. ഒരു അപ്പസ്തോലന്റെ ഉദ്യമം അപകടപൂർണ്ണമാണ്: സഹോദരന്മാരെപ്പോലെ അടുത്തു പെരുമാറുവാനുള്ള ആഗ്രഹം സത്യത്തെ തരംതാഴ്ത്തുന്നതിലേയ്ക്കോ ഭംഗപ്പെടുത്തുന്നതിലേയ്ക്കോ ചായരുത്. നമ്മുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്നതിന് കോട്ടംതട്ടാവുന്നതാവരുത് നമ്മുടെ സംഭാഷണം. നമ്മുടെ അപ്പസ്തോലവേലയിൽ ക്രിസ്തുമതാടിസ്ഥാനങ്ങളായ വിശ്വാസത്തിന്റെയും പ്രവർത്തികളുടെയും തത്വങ്ങളെ സംബന്ധിച്ചു ഒത്തുതീർപ്പിനൊരുങ്ങുവാൻ നമ്മുക്ക് സാധ്യമല്ല. സമാധാനം ഉണ്ടാക്കുവാനും എന്തും സഹിച്ച് വിഭിന്നതകളെ നിർമ്മൂലനം ചെയ്യുവാനും ഉള്ള അമിതാഗ്രഹം, അടിസ്ഥാനപരമായി പറഞ്ഞാൽ നാം പ്രസംഗിക്കാനുദ്ദേശിക്കുന്ന ദൈവവചനത്തിന്റെ അർത്ഥത്തേയും ആഴത്തെയും സംബന്ധിച്ചുള്ള ഒരു സന്ദേഹാവസ്ഥയാണ് ( skepticism). ക്രിസ്തുവിന്റെ പഠനത്തോട് പൂർണമായും വിശ്വസ്തത കാണിക്കുവാൻ സാധിക്കുന്നവനു മാത്രമേ ഒരു അപ്പസ്തോലനായിരിക്കാൻ സാധിക്കൂ. അതുപോലെ ക്രിസ്തീയജീവിതത്തെ പൂർണ്ണമായും ജീവിതത്തിൽ പകർത്തുന്ന ഒരുവന് മാത്രമേ, തന്നെ അഭിമുഖീകരിക്കുന്ന തിന്മകളാൽ മലിനമാക്കപ്പെടാതിരിക്കുവാൻ പറ്റു.
( വി പോൾ ആറാമൻ മാർപാപ്പ; ചാക്രിക ലേഖനം -“എക്ളെസിയം സുവാം, നമ്പർ 86 മുതൽ 88 വരെ” )കൂടുതൽ കത്തോലിക്കാ വിശ്വാസസംബന്ധമായ വിഷയങ്ങൾക്കായി,
Zion Catholic Media Youtube Link- https://youtube.com/c/Isaiah2567

Jinto Chittilappilly