കീശയ്ക്ക് അനുസരിച്ച് താമസം, ഇതാണല്ലോ യാത്രയിലെ നമ്മുടെ നയം. അതെ നടക്കുകയുള്ളൂ താനും. പക്ഷേ ഞാൻ ഇതിനുമുമ്പ് എഴുതിയതുപോലെ ഒരു ‘ട്രാവൽ ഫണ്ട്’ ( Travel Fund) നാം സ്വയം രൂപീകരിക്കുകയാണെങ്കിൽ വല്ലപ്പോഴും ഈ നയം ഒന്നു മാറ്റാം.ചെറുപ്പത്തിലേ മാസാമാസം ഒരു തുക അതിനായി ഒരു അക്കൗണ്ടിലേക്ക് മാറ്റിവെച്ച് ! അങ്ങനെ മാറ്റിയാൽ ലഭിക്കുക സുന്ദരാനുഭവങ്ങളുടെ മറ്റൊരു അഭൗമലോകമാണ്!

സാധാരണ നമ്മൾ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്ക് പോയിക്കഴിഞ്ഞാൽ ഏറ്റവും ചെലവ് കുറഞ്ഞ താമസ സൗകര്യം ആണ് നോക്കുക. അപ്പോൾ കൂടുതൽ ലഭിക്കുക ഹോട്ടലാണ്. പലപ്പോഴും നാം റിസോർട്ടുകളിലേക്ക് പോകാറില്ല .റിസോർട്ടുകളിലേക്ക് മാത്രം പോകുന്ന ധാരാളം പേർ ഉണ്ട് താനും.

റിസോർട്ടും ഹോട്ടലും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒരു റിസോർട്ട് എന്നത് ശരിക്കും ഒരു ഡെസ്റ്റിനേഷൻ പോലെ ആണ്.ഹോട്ടലുകളിൽ കിട്ടാത്ത പല അനുഭവങ്ങളും അവിടെ ലഭിക്കുന്നു. പലപ്പോഴും ഒരു ഹോട്ടൽ എന്നത് കുറഞ്ഞ വിസ്തൃതിയിൽ ഒന്നോ രണ്ടോ കെട്ടിടങ്ങളിൽ ഒതുങ്ങുമ്പോൾ ഒരു റിസോർട്ട് എന്നത് വളരെ വിശാലമായ സ്ഥലത്ത് കോട്ടേജുകളും ബിൽഡിങ്ങുകളും പ്രത്യേക

പൂൾവില്ലകളും പൂളുകളും വിവിധ ആക്ടിവിറ്റികളും ഒക്കെയായി അങ്ങനെ വ്യാപിച്ചു കിടക്കുന്നു. ഒരു റിസോർട്ട് പ്രദാനം ചെയ്യുന്ന അന്തരീക്ഷമാണ് പ്രധാനം. അവിടുത്തെ പുൽത്തകടികൾ, ഗാർഡൻ, മരങ്ങൾ, നടപ്പാതകൾ , ലൈറ്റിംഗ് , അലങ്കാരങ്ങൾ, പ്രത്യേകിച്ചുള്ള ആയൂർവ്വേദ / സ്പാ , റസ്റ്റോറന്റ്, ബാർ, ഓർഗാനിക് തോട്ടം, ബട്ടർഫ്ലൈ പാർക്ക്, നേച്ചർ വാക്ക് പോലുള്ള പ്രവൃത്തികൾ ഇതെല്ലാം ചേർന്നൊരുക്കുന്ന ഒരു അന്തരീക്ഷം. ഒരു വെറും ഹോട്ടൽ മുറിയിൽ വെറുതെ കിടക്കുന്ന അനുഭവം അല്ല ഒരു റിസോർട്ടിൽ നമുക്ക് ലഭിക്കുക.

പലവിധത്തിലാണ് റിസോർട്ടുകൾ. ബീച്ച് റിസോർട്ടുകൾ, ഹിൽ റിസോർട്ടുകൾ ,ബാക്ക് വാട്ടർ റിസോർട്ടുകൾ ,ആയുർവേദ റിസോർട്ടുകൾ,വില്ലേജ് റിസോർട്ടുകൾ , ഇക്കോ റിസോർട്ടുകൾ അങ്ങനെ നിരവധി അനവധി തരം .

കേരളത്തിലെ പല റിസോർട്ടുകളും സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതല്ല.അവയൊക്കെ തന്നെ ആഭ്യന്തര -വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയുള്ളതാണ്.എന്നാൽ നമുക്ക് താങ്ങാൻ പറ്റുന്നവയും ധാരാളമുണ്ട്.നിരവധി ട്രാവൽ വ്ലോഗുകൾ ഇന്ന് അവ നമുക്ക് പരിചയപ്പെടുത്തിത്തരുന്നുമുണ്ട്.

കുമരകത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് ബാക്ക് വാട്ടർ റിസോർട്ടുകൾ ആണ് കോക്കനട്ട് ലഗൂൺ , കുമരകം ലേക്ക് റിസോർട്ട് , ലേക്ക് സോങ് എന്നിവ. അബാദിന്റെ Whispering Palms, Lake Song എന്നിവ ഒരു ട്രാവൽ ഫണ്ടിന്റെ സഹായത്തോടെ നമുക്ക് തങ്ങാവുന്നവയാണ്.

മാരാരി ഇതുപോലെ മികച്ച ഒരു ബീച്ച് ആണ്.അബാദിന്റെ തന്നെ Turtle Beach Resort ഒരു വിധം മീഡിയം റേഞ്ചിൽ വരുന്ന ഒന്നാണ് .മാരാരി ബീച്ച് റിസോർട്ട് ആകട്ടെ ഒരു high end റിസോർട്ടും.

കേരളത്തിലെ നിരവധി റിസോർട്ടുകളിൽ താമസിച്ചിട്ടുണ്ടെങ്കിലും എൻറെ മനസ്സിൽ വല്ലാതെ കയറിപ്പറ്റിയ ഒരു റിസോർട്ടാണ് തേക്കടിയിലെ Shalimar Spice Garden. കാട്ടുകമ്പുകളും ഓലമേഞ്ഞ മേൽക്കൂരയും ഒക്കെയായി ഒരു താഴ്വാരത്തിൽ വർഷത്തിൽ മിക്ക ദിവസങ്ങളിലും സുഖദായകമായ ഒരു കുളിരു പകർന്ന് ഒരു റിസോർട്ട്! കെടിഡിസിയുടെ ആരണ്യ നിവാസും പെരിയാർ ഹൗസും ലേക്ക് പാലസും ഒക്കെ കാടിനുള്ളിലെ അനുഭൂതി പകർന്നു തരുമ്പോൾ നിരവധി റിസോർട്ടുകൾ മറ്റൊരു അന്തരീക്ഷവുമായി തേക്കടിയിലുണ്ട്.നമ്മൾ പലതും അറിയാതെ പോകുന്നു. ഒരു മീഡിയം റേഞ്ചിൽപ്പെട്ട ഒന്നാണ് Coffee Routes.

മൂന്നാറിന്റെ കാര്യം പറയേണ്ടല്ലോ. റിസോർട്ടുകളുടെ പറുദീസ എന്നു തന്നെ പറയാം.അവിടെയും എനിക്കിഷ്ടം ലച്ച്മി എസ്റ്റേറ്റിലെ Camelot ആണ്. തേയിലത്തോട്ടവും ഫ്രൂട്ട് ഗാർഡനും ഒക്കെയുള്ള ഒരു അതിമനോഹര അന്തരീക്ഷം. തൊട്ടപ്പുറത്ത് ആനവരെ വന്നു പോകുന്നത് കാണാം. ചിന്നക്കനാലിൽ നമുക്കൊക്കെ തങ്ങാൻ മികച്ച മറ്റൊരാന്തരീക്ഷത്തിൽ The Great Escapes എന്നൊരു റിസോർട്ട് ഉണ്ട്.

വയനാട്ടിൽ അതുപോലെ അവിടുത്തെ തന്നെ ആദ്യത്തെ റിസോർട്ട് എന്നൊക്കെ പറയാവുന്ന Vythiri Resort. വയനാട്ടിൽ ടൂറിസം കൊണ്ടുവരാൻ മുൻകൈയെടുത്ത രവിയേട്ടന്റെ Pranavam Resort.

കാട്ടിക്കുളത്ത് ഗോപവർമ്മയുടെ Pugmarks….

നമ്മുടെ നാട്ടിൽ നാം സഞ്ചരിക്കുമ്പോൾ ഓർമിക്കേണ്ട ചില കാര്യങ്ങളുണ്ട്.അതിലൊന്നാണ് നമ്മുടെ യാത്രകൾ ഒരു മാസ് ടൂറിസത്തിന് കാരണമായി നമ്മുടെ ഡെസ്റ്റിനേഷനുകൾ നശിക്കരുത് എന്നുള്ളത്.രണ്ടാമത്തേത് ഡെസ്റ്റിനേഷനുകളിലെ അച്ചടക്കം നിറഞ്ഞ നമ്മുടെ പെരുമാറ്റമാണ്. ഒരു ഡെസ്റ്റിനേഷൻ എങ്ങനെ മലിനമാകാതെ നമ്മൾ നോക്കുന്നു എന്നുള്ളത് വളരെ പ്രധാനം.നമ്മുടെ പല ഡെസ്റ്റിനേഷനുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റ് നിരവധി ന്യൂനതകളും ഉണ്ട് എന്നിരിക്കിലും ഉത്തരവാദിത്വത്തോടെ പെരുമാറുക എന്നത് നമ്മുടെ കടമയാണ് എന്നോർക്കുമല്ലോ ! പ്രകൃതി ഇല്ലെങ്കിൽ നമ്മളുമില്ല , ടൂറിസവുമില്ല.

Prasanth Vasudev Nair

മുൻ ഡപ്യൂട്ടി ഡയറക്ടർ

ടൂറിസം വകുപ്പ്

നിങ്ങൾ വിട്ടുപോയത്