കൊറോണ സംബന്ധിച്ച് ജോലിയും കൂലിയുമൊക്കെ കുറഞ്ഞതിനാൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽനിന്ന് ഒരുപാട് കുട്ടികൾ ഗവ. സ്കൂളുകളിലേക്ക് മാറുന്നതായാണ് അറിയുന്നത്.

മുൻപ് പ്രൈവറ്റ് സ്കൂളിലായിരുന്നെങ്കിലും, സ്വയം എഴുത്തും വായനയുമൊക്കെ തുടങ്ങിയപ്പോഴേ, കൊറോണയൊക്കെ വരുന്നതിന് മുൻപ് തന്നെ വീട്ടിലെ പീക്കിരീസിനെ ഗവ. സ്കൂളിലേക്ക് മാറ്റിയിരുന്നു.

ഒരുതരത്തിൽ അൺഎയ്ഡഡ് സ്കൂളുകളുടെ വളർച്ചയ്ക്ക് കാരണം തന്നെ ഗവ. സ്കൂളുകളിൽ നിലനിനിരുന്ന അനാസ്ഥയാണ്.

ഗവ. സ്കൂളിൽ ജോലിക്ക്‌ ശ്രമിക്കുന്നവരും ശ്രമിക്കാത്തവരും ശ്രമിച്ചിട്ട് കിട്ടാത്തവരുമൊക്കെയാണ് അൺഎയ്ഡഡ്‌ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. പക്ഷെ കുട്ടികൾ നേരാവണ്ണം പഠിക്കണമെങ്കിൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽത്തന്നെ അയക്കണം. സമൂഹത്തിൽ പല തുറയിലുള്ള കുട്ടികൾ ഒരുമിച്ച് പഠിക്കുന്ന ഗവ. സ്കൂളിൽ നേരാംവണ്ണം പഠിക്കുന്നത് പോയിട്ട് ലക്ഷ്യബോധം പോലും നേടാൻ കഴിയാതെ പാഴായിപോകുന്ന ഒരു കാലമുണ്ടായിരുന്നു. അനന്തരഫലമായി വിദൂര ചിന്താഗതിയുള്ളവർ, കൂലിപ്പണി ചെയ്യുന്നവരാണെങ്കിൽപ്പോലും, സ്വന്തം മക്കളെ ചോദിക്കുന്ന ഫീസ് നൽകി അൺഎയ്ഡഡ്‌ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി.

പക്ഷെ ആ അവസ്ഥയൊക്കെ ഇപ്പോൾ ഒരുപാട് മാറിയതായാണ് കാണുന്നത്. ഗവ. സ്കൂളുകളിൽ പഠനം മുൻപുള്ളതിനേക്കാൾ വളരെയധികം മെച്ചപ്പെട്ടതായാണ് അനുഭവത്തിൽനിന്ന് മനസിലാകുന്നത്.

എന്നിരുന്നാലും ഇപ്പോഴും, കിട്ടുന്നതിൽ ഏറ്റവും മോശം കളർ പെയിന്റ് വാങ്ങി സ്കൂളിന്റെ ഭിത്തിക്ക് തേയ്‌ക്കും. ഏറ്റവും മോശം തുണിയിൽ (കളറിലും) കുട്ടികൾക്ക് യൂണിഫോം തയ്യാറാക്കും. അൺഎയ്ഡഡ്‌ സ്കൂളുകളിലേതുപോലെ മെച്ചപ്പെട്ട രീതിയിൽ ചെയ്യുവാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കെയാണ് ഇങ്ങനെതന്നെ തുടരുന്നത്.

ഗവ. സ്കൂൾ എന്ന് കേൾക്കുമ്പോഴേ എല്ലാവരുടെയും മനസിൽ ഒരു പിന്നോക്കാവസ്ഥ തോന്നണമെന്നുണ്ടാകണം.

AC Mathew Aattirambil