പെസഹാ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ‘ക്രിസം മാസി’ൽ (തൈലാശീർവാദ ദിവ്യബലി) നിന്ന്. ഒരു രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ അഭിഷേകതൈലം ആശീർവദിക്കുന്ന ദിവ്യബലിയാണ് ‘ക്രിസം മാസ്’. റോമൻ ആരാധനക്രമ പ്രകാരം ‘ക്രിസം മാസ്’ അർപ്പിക്കപ്പെടുന്നത് പെസഹാ ദിനത്തിലാണ്.
വത്തിക്കാൻ സിറ്റി: പീഡനങ്ങളും കുരിശുകളും സുവിശേഷ പ്രഘോഷണവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കുരിശുകളെ ആശ്ലേഷിക്കാതെ സുവിശേഷപ്രഘോഷണം അസാധ്യമെന്നും ഫ്രാൻസിസ് പാപ്പ. സുവിശേഷം ഫലവത്താകുന്നത് സുവിശേഷപ്രഘോഷകന്റെ വാചാലതകൊണ്ടല്ല, മറിച്ച്, ക്രിസ്തുവിന്റെ കുരിശിന്റെ ശക്തിയാലാണെന്നും പാപ്പ പറഞ്ഞു. പെസഹാ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച ‘ക്രിസം മാസി’ൽ (തൈലാശീർവാദ ദിവ്യബലി) മുഖ്യകാർമികത്വം വഹിക്കുകയിരുന്നു അദ്ദേഹം.
ആനന്ദപൂർണമായ വചനപ്രഘോഷണത്തിന്റെ വിനാഴിക, പീഡനത്തിന്റെ വിനാഴിക, കുരിശിന്റെ വിനാഴിക ഇവയെല്ലാം സുവിശേഷ പ്രഘോഷകന്റെ ജീവിതത്തിൽ ഒത്തുചേരുന്ന യാഥാർത്ഥ്യങ്ങളാണ്. അവ അവരുടെ ജീവിതത്തിന്റെ ഭാഗധേയങ്ങളുമാണ്. സുവിശേഷ പ്രഘോഷണം എപ്പോഴും പ്രത്യേക കുരിശുകളെ ആശ്ലേഷിക്കുന്നു. തുറവുള്ള ഹൃദയങ്ങളെ വചനം പ്രകാശിപ്പിക്കുന്നു. എന്നാൽ, തുറവില്ലാത്തവർ അത് നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. വലിയ നിന്ദനങ്ങൾ സുവിശേഷ പ്രഘോഷകർക്കും മിഷണറിമാർക്കും നേരിടേണ്ടി വന്നേക്കാമെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, വചനപ്രഘോഷണത്തിൽ രഹസ്യാത്മകമായിരിക്കുന്ന കുരിശിനെയും പീഡനങ്ങളെയും വെളിപ്പെടുത്തുന്ന വചനഭാഗങ്ങൾ ഉദ്ധരിക്കുകയും ചെയ്തു.
‘നല്ല വിത്തുകൾ നൂറും അറുപതും മേനി വിള നൽകുന്നു. എന്നാലും അസൂയാലുവായ ശത്രു വന്ന് രാത്രിയിൽ നല്ല വയലിൽ കള വിതറുന്നു. സ്നേഹസമ്പന്നനായ പിതാവ് ധൂർത്തനായ പുത്രൻ മടങ്ങിയെത്തിയപ്പോൾ അവനെ ആശ്ലേഷിച്ചു സ്വീകരിച്ചു. എന്നാൽ മൂത്തവൻ ഇടറിനിൽക്കുന്നു. മുന്തിരത്തോട്ടത്തിന്റെ ഉടമസ്ഥൻ എല്ലാഭൃത്യരോടും ഔദാര്യത്തോടെ പെരുമാറി, എല്ലാവരുടെയും കടങ്ങൾ ഇളവുചെയ്തു. എന്നിട്ടും സ്വപുത്രനെ തന്റെ തോട്ടത്തിലേക്ക് പറഞ്ഞയച്ച പിതാവിന്റെ മഹാമനസ്കതയെ ഭൃത്യന്മാർ അവഗണിച്ച് അവകാശിയെ വകവരുത്തി,’ പാപ്പ ഓർമിപ്പിച്ചു.
ക്രിസ്തു ഏറ്റെടുക്കാനിരുന്ന പീഡനങ്ങളും കുരിശും അവിടുത്തെ ജനനത്തിനു മുമ്പുതന്നെ മറിയത്തിലും യൗസേപ്പിലും നിഴലിച്ചിരുന്നു. അതുപോലെ നമ്മുടെയും ദൗത്യനിർവഹണത്തിൽ കുരിശ് അഭേദ്യമായി ഒളിഞ്ഞിരിപ്പുണ്ട്. കുരിശിൽ രക്ഷയുണ്ടെന്ന് ക്രിസ്തുവാണ് പഠിപ്പിച്ചത്. അതിനാൽ കുരിശ് രക്ഷയുടെ അടയാളമാണ്. അത് തിന്മയെ കീഴടക്കി വിജയം വരിച്ചു. അതിനാൽ നമുക്കും ക്രിസ്തുവിന്റെ മാതൃക അനുകരിക്കാം. തിന്മയുടെ വിഷധ്വംസനത്തിലും പുത്രന്റെ അപാരമായ വിനയവും പിതൃഹിതത്തോടുള്ള വിധേയത്വവുമാണ് വിജയം വരിച്ചത്. അതിനാൽ, ജീവിതവഴികളിലെ കുരിശിനെതിരായ വിഷധ്വംസനം ഉയരുമ്പോൾ അവയെ വിവേചിച്ച് തള്ളിക്കളയാനുള്ള വിവേകത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
പാവങ്ങൾക്കായുള്ള തന്റെ സന്തോഷപൂർണമായ സദ്വാർത്ത തടസപ്പെട്ടപ്പോഴൊന്നും യേശു നിരാശനായില്ല, അവിടുന്ന് പിന്നെയും നന്മചെയ്തുകൊണ്ട് പരസ്യജീവിതം തുടർന്നു. പ്രേഷിത ജീവിതത്തിൽ ഉണ്ടാവുന്ന യാതനകൾ ക്രിസ്തുവിന്റെ കുരിശിൽനിന്ന് വരുന്നവയാണ്. അതിനാൽ കൃപയ്ക്കും കാരുണ്യത്തിനുമായി അവിടുത്തോടു യാചിക്കാം. ദൈവം നമുക്കു തരുന്ന കൃപകൾ അവിടുത്തെ ഹിതത്തിനു ചേർന്ന വിധമായിരിക്കുമെന്ന് മനസിലാക്കണമെന്ന് ഉദ്ബോധിപ്പിച്ച പാപ്പ, ക്ലേശങ്ങൾ വർദ്ധിക്കുമ്പോഴും ദൈവഹിതം ജീവിതത്തിൽ ആത്മനാ ഉൾക്കൊള്ളണമെന്നും കൂട്ടിച്ചേർത്തു.
ഒരു രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും അടുത്ത ഒരു വർഷത്തേക്ക് ഉപയോഗിക്കാൻ ആവശ്യമായ അഭിഷേകതൈലം ആശീർവദിക്കുന്ന ദിവ്യബലിയാണ് ‘ക്രിസം മാസ്’. റോമൻ ആരാധനക്രമ പ്രകാരം ‘ക്രിസം മാസ്’ അർപ്പിക്കപ്പെടുന്നത് പെസഹാ ദിനത്തിലാണ്. റോമാ രൂപതയിലേതുപോലെതന്നെ ലോകമെമ്പാടുമുള്ള രൂപതാ കത്തീഡ്രലുകളിൽ അതിരൂപതാധ്യക്ഷന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ‘ക്രിസം മാസി’ൽ രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായിരിക്കും.