ഇടയനായി മാറിയ തൂപ്പുകാരൻ
നട്ടുച്ച സമയം. ആ കുഞ്ഞികടയുടെ മേശപ്പുറത്തിരുന്ന ഫോണടിച്ചു. അതെടുത്തത് കടയുടമയുടെ മകന്‍ ഡാനിയേല്‍. അങ്ങേതലയ്ക്കൽനിന്ന് ശബ്ദമുയർന്നു
”ഡാനിയേലേ, ഇത് ഞാനാ കര്‍ദിനാള്‍ ജോര്‍ജ്”.
കേട്ടപാടെ മനുഷ്യനെ പറ്റിക്കാന്‍ വേണ്ടി ഓരോരുത്തന്മാരു ഇറങ്ങിക്കോളും എന്നായിരുന്നു ഡാനിയേലിന്റെ ചിന്ത. കാരണം അയാള്‍ക്കറിയാവുന്ന കര്‍ദിനാള്‍ ജോര്‍ജ് നാലു ദിവസം മുന്‍പാണ് മാര്‍പ്പാപ്പയായത്. കര്‍ദിനാളായിരുന്ന സമയത്ത് സ്ഥിരമായി പത്രം വരുത്തിയിരുന്നത് ആ കടയില്‍ നിന്നാണ്. ന്നാലും ഇനി പത്രം വേണ്ടെന്ന് പറയാന്‍ ഏതേലുമൊരു മാര്‍പാപ്പ നേരിട്ട് വിളിക്കുമോ എന്നായിരുന്നു അയാളുടെ സംശയം. ആ സംശയം അമ്പരപ്പിലേക്കും അമ്പരപ്പ് സന്തോഷചിരിയിലേക്കും വഴിമാറിയത് പെട്ടെന്നാണ്. അര്‍ജന്റീനയിലെ ആ കൊച്ചുകടയിലേക്ക് ഫോൺവന്നത് ആയിരക്കണക്കിന് മൈലുകളകലെയുള്ള റോമിൽ നിന്ന്…. ഇത്രേം സാധാരണക്കാരനായി ഒരു മാര്‍പ്പാപ്പ പെരുമാറുമോയെന്ന് ആ മനുഷ്യന്‍ ചോദിച്ച ചോദ്യം പിന്നീട് ഒരുപാട് മനുഷ്യർ ചോദിക്കാനിരിക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു.
2013 മാര്‍ച്ച് 3 ന് ഇറങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയൊരു വെളിപ്പെടുത്തലുണ്ടായി. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു
‘‘നിശാക്ലബിന്റെ കാവല്‍ക്കാരനായി ഞാന്‍ ജോലി ചെയ്തീട്ടുണ്ട്..”
വായിച്ചവർ അമ്പരന്നു. കാരണം ആ വെളിപ്പെടുത്തല്‍ നടത്തിയത് നിസാരക്കാരനായിരുന്നില്ല. അത് 137 കോടി വിശ്വാസികളുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു. തന്റെ ചെറുപ്പകാലത്തേക്കുറിച്ച് യുവജനങ്ങളോട് പങ്കുവച്ചതായിരുന്നു പാപ്പ. ഒരു കാര്യംകൂടി പാപ്പ കൂട്ടിച്ചേര്‍ത്തിരുന്നു ”തുണിക്കമ്പനിയിലെ തൂപ്പുകാരനായിട്ടാണ് ഞാനാദ്യം ജോലി ചെയ്തത്.”
ആ തൂപ്പുകാരനില്‍നിന്ന് വലിയ ഇടയനിലേക്കും നിശാക്ലബിന്റെ കാവല്‍ക്കാരനില്‍നിന്ന് സഭയുടെ കാവല്‍ക്കാരനിലേക്കുള്ള വളര്‍ച്ചയില്‍ പാപ്പാ എഴുതിച്ചേര്‍ത്തത് സഭാചരിത്രത്തിന് അന്നുവരെ പരിചയമല്ലാത്ത പുതിയ അദ്ധ്യായങ്ങള്‍.. തിരുത്തിയെഴുതിയത് അന്നുവരെ നിലനിന്ന ചില കീഴ് വഴക്കങ്ങൾ…
ആരംഭിച്ചതുതന്നെ അത്തരം പൊളിച്ചെഴുത്തിലൂടെയായിരുന്നു. ജെസ്യൂട്ട് സഭയില്‍ നിന്നും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുമൊക്കെയുള്ള ആദ്യത്തെ മാര്‍പ്പാപ്പ, ഫ്രാന്‍സിസെന്ന പേരു സ്വീകരിക്കുന്ന ആദ്യത്തെ പാപ്പ അങ്ങനെതുടങ്ങി ആശീര്‍വാദം കാത്തുനിന്ന ജനതയോട് തന്നെയാശീര്‍വദിക്കാന്‍ ആവശ്യപ്പെട്ടതും പേപ്പല്‍ കൊട്ടാരത്തിലെ താമസം വേണ്ടെന്നുവച്ച് വത്തിക്കാന്റെ ഗസ്റ്റ് റൂമില്‍ താമസിക്കാന്‍ തുടങ്ങിയതും മെത്രാന്മാരുടെ ഡികാസ്റ്ററിയിലെ താക്കോല്‍സ്ഥാനം വനിതയ്ക്കു നല്കിയതുമുള്‍പ്പെടെയുള്ള വിപ്ലവതീരുമാനങ്ങള്‍ കേട്ടുപഴകിയതുകൊണ്ട് കൂടുതലെഴുതുന്നില്ല അതിനെക്കുറിച്ചൊക്കെ…..
പാപ്പ മുടങ്ങാതെ ചൊല്ലിയിരുന്നൊരു പ്രാര്‍ത്ഥനയോടെ നിർത്തുകയാണീ കുറിപ്പ്… കൗതുകം നിറഞ്ഞതായിരുന്നു ആ പ്രാര്‍ത്ഥന.
”കര്‍ത്താവേ, എനിക്ക് നര്‍മ്മബോധം നല്‍കണമേ. ഒരു തമാശ മനസ്സിലാക്കാനും, ജീവിതത്തില്‍ അല്‍പ്പം സന്തോഷം കണ്ടെത്താനും, അത് മറ്റുള്ളവരുമായി പങ്കിടാനും എനിക്ക് കൃപ നല്‍കണമേ..”
പാപ്പ എന്നും ചൊല്ലിക്കൊണ്ടിരുന്ന പ്രാര്‍ത്ഥനയാണിത്. വി. തോമസ് മൂറിന്റെ നല്ല നര്‍മ്മത്തിനായുള്ള പ്രാർത്ഥന. സന്തോഷമാണ് ക്രിസ്ത്യാനിയുടെ മുഖമുദ്രയെന്നും വിഷമിച്ചിരിക്കാനുള്ളതല്ല ജീവിതമെന്നും നിരന്തരം പഠിപ്പിക്കുന്നൊരാള്‍ക്ക് അതിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കാൻ എങ്ങിനെ കഴിയും??
വിശുദ്ധമായ ചിരിയുടെ ഉടമക്ക്….
അനുകമ്പയുടെ നല്ലിടയന്…
പ്രാർത്ഥനയുടെ കൂപ്പുകൈ…
റിന്റോ പയ്യപ്പിള്ളി