ഒക്ടോബർ 16, കേരളക്കര അഭിമാനത്തോടെ ഓർക്കുന്ന ഒരു പുണ്യപുരോഹിതൻ്റെ ഓർമ്മ ദിനം, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാൾ ദിനം. അഗസ്റ്റിൻ അച്ചൻ്റെ ദിവ്യകാരുണ്യത്തോടുള്ള അഗാധമായ പ്രണയം സമൂഹത്തിലെ ഏറ്റവും ചെറിയവരിൽ ഈശോയെ കാണുന്നതിനും അവർക്കുവേണ്ടി നിലകൊള്ളുന്നതിനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.

വി. കുർബാന അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിന്റെയും വൈദിക സേവനത്തിന്റെയും അടിസ്ഥാനമായിരുന്നു. അനുദിനമുള്ള വിശുദ്ധ കുർബാന അതിശയകരമായ ഭക്തിയോടെയാണ് അച്ചൻ അർപ്പിച്ചിരുന്നത്, ദിവ്യകാരുണ്യം തന്റെ ദൗത്യത്തിന്‍റെയും അനുഗ്രഹത്തിന്റെ ഉറവിടമാണെന്ന് വിശ്വസിച്ച കുഞ്ഞച്ചൻ “ദിവ്യകാരുണ്യം എന്റെ വൈദിക ജീവിതത്തിന്റെ ഹൃദയമിടിപ്പാണ്,” എന്നു കൂടെക്കൂടെ പറയുമായിരുന്നു.

വി. കുർബാനയോടുള്ള കുഞ്ഞച്ചൻ്റെ അടങ്ങാത്ത സ്നേഹത്തിന്റെ പ്രതിഫലനം ആയിരുന്നു ഈ വാക്കുകൾ . ക്രിസ്തുവിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വ്യക്തിപരമായ പ്രാർത്ഥനകളിൽ മാത്രമല്ല, മറിച്ച് ദളിതർ അടക്കമുള്ള സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കായി ചെയ്ത സേവനത്തിലും പ്രകടമായിരുന്നു. ദിവ്യകാരുണ്യത്തിലും ദരിദ്രരിലും അദ്ദേഹം ക്രിസ്തുവിനെ കണ്ടു. “എൻ്റെ ദരിദ്രരെ ശുശ്രുഷിക്കുമ്പോൾ ക്രിസ്തുവിനെ തന്നെയാണ് ശുശ്രൂഷിക്കുന്നത്,” എന്ന് അദ്ദേഹം ആവർത്തിച്ചു പറയുകയായിരുന്നു.

ദിവ്യകാരുണ്യത്തെ അടിസ്ഥാ‌നമാക്കി കുഞ്ഞച്ചൻ അജപാലന ശുശ്രൂഷ നിറവേറ്റി. പ്രായാധിക്യത്തിലും, ദൂരെയുള്ള സ്ഥലങ്ങളിൽ വി. കുർബാന അർപ്പിക്കാനായി അദ്ദേഹം നീണ്ട ദൂരം നടക്കുമായിരുന്നു, “ദിവ്യകാരുണ്യം നമ്മെ പോഷിപ്പിക്കുകയും നമ്മുടെ യാത്രയിൽ ശക്തി നൽകുകയും ചെയ്യുന്നു,” എന്ന വിശ്വാസത്തിൽ ഇടവക ജനങ്ങളെ പ്രതിദിന കുർബാനയിൽ പങ്കെടുപ്പിക്കുകയും ആരാധനയ്ക്കായി സമയം ചെലവഴിക്കുകയും ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. “ദിവ്യകാരുണ്യം ക്രിസ്തു നമുക്ക് നൽകുന്ന മഹത്തായ സമ്മാനമാണ്, അവിടുത്തെ അനന്തമായ സ്നേഹത്തിന്റെ അടയാളമാണ്,” എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു, മറ്റുള്ളവരെ പഠിപ്പിച്ചിരുന്നു.

ദിവ്യകാരുണ്യത്തിന്റെ സ്നേഹ ശക്തി മനസ്സിലാക്കി ദൈവസ്നേഹത്തിൽ വളർന്ന്, മനുഷ്യരോടുള്ള സ്നേഹവും വൈദികശുശ്രൂഷയും നല്ല രീതിയിൽ നിറവേറ്റാൻ പൊക്കംകുറഞ്ഞ “വലിയ കുഞ്ഞച്ചൻ” നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്