“സഭയുടെ മൂത്ത പുത്രി” എന്ന് ഫ്രാൻസിനെ 2015-ൽ ഫ്രാൻസിസ് മാർപ്പാപ്പാ വിളിച്ചിരുന്നു. കാരണം ഫ്രഞ്ച് രാജാക്കന്മാരെ “സഭയുടെ മൂത്ത പുത്രൻ” എന്നാണ് മാർപ്പാപ്പമാർ വിളിച്ചിരുന്നത്.
അത്രമാത്രം കത്തോലിക്കരായിരുന്നു ഒരിക്കൽ ഫ്രഞ്ചുകാർ.
496- ൽ മാമോദീസ സ്വീകരിച്ച ആദ്യത്തെ ഫ്രഞ്ച് രാജാവായ ക്ളോവിസ് മുതൽ നെപ്പോളിയൻ (1769-1821) വരെ “സഭയുടെ മൂത്ത പുത്രൻ” എന്ന പേര് ഫ്രഞ്ചുരാജാക്കന്മാർ ആസ്വദിച്ചു. നെപ്പോളിയനെ സഭയുടെ മൂത്ത പുത്രൻ എന്ന് വിളിക്കാൻ അന്നത്തെ മാർപ്പാപ്പ തയ്യാറായില്ല (Pius VII).
കത്തോലിക്കാസഭയിൽ വിശുദ്ധരാലും കത്തോലിക്കാ ദൈവശാസ്ത്രജ്ഞരാലും മനോഹരങ്ങളായ വാസ്തുവിദ്യകളാൽ അലംകൃതമായ ദേവാലയങ്ങളാലും ആശ്രമങ്ങളാലും സമ്പന്നമായ ഫ്രാൻസ് ഇന്ന് പക്ഷെ പണ്ടത്തെപ്പോലെ അത്ര കത്തോലിക്കമല്ല. കുടിയേറ്റത്തിലൂടെ ശക്തിപ്പെട്ടുവരുന്ന ഇസ്ലാമിക വിശ്വാസമാണ് ഫ്രാൻസിന്റെ മറ്റൊരു പ്രതിഭാസം.
എന്നാൽ മതവിശ്വാസകാര്യങ്ങളെ ആക്ഷേപഹാസ്യമാക്കുന്ന രീതി നൂറ്റാണ്ടുകളായി ഫ്രാൻസിലുണ്ട്.
കാരണം സംസ്കാരവും സംഗീതവും കലയും വാസ്തുശില്പവും എല്ലാം മതകേന്ദ്രീകൃതവും മതത്തിന്റെ സംഭാവനയും ആയിരുന്നു.
വ്യത്യസ്തമായൊന്നും വിഷയമാക്കാൻ അവിടെ സമൂഹത്തിന്റെ ശ്രദ്ധ പിടിക്കത്തക്കതായി മറ്റൊന്നുംതന്നെ ലഭ്യമല്ലായിരുന്നു.
അല്ലെങ്കിൽ മറ്റൊന്നും അവർക്കത്ര പ്രധാനപ്പെട്ടതായിരുന്നില്ല.
മതവിഷയങ്ങളുടെ ആക്ഷേപഹാസ്യം പൊതുവെ അവർ ആസ്വദിച്ചു.
അതൊന്നും അന്നൊക്കെ അവരുടെ വിശ്വാസജീവിതത്തെ തെല്ലും ദുർബലമാക്കിയില്ല. അതവരുടെ സംസ്കാരത്തിൽ ഒതുങ്ങി നിൽക്കുകയും ചെയ്തു.
എന്നാൽ ഇനിയത് നടക്കില്ലെന്നാണ് അനുഭവങ്ങൾ സാക്ഷിക്കുന്നത്.
സംസ്ക്കാരവും സാഹചര്യങ്ങളും ഫ്രാൻസിൽ മാറി.
ഒരു സംസ്കാരവും അതിൽത്തന്നെ ഒതുങ്ങാതായി.
ടെക്നോളജിയും മാധ്യമങ്ങളും കുടിയേറ്റവും അതിന് കാരണമായി.
മറ്റു സംസ്കാരങ്ങളും ഫ്രാൻസിൽ അതിർത്തികൾ തീർത്തുതുടങ്ങി.
„Charlie Hebdo“ യിലെ മൊഹമ്മദിനെകുറിച്ചുള്ള “ഹാസചിത്രം” അക്രമത്തിനും പത്രാധിപരുടെ കൊലപാതകത്തിനും ഏതാനും വർഷങ്ങൾക്കുമുൻപ് ഇടയാക്കിയിരുന്നു.
സഭയും ഫ്രാൻസിൽ ദുർബലവും വ്യത്യസ്തവുമായി.
2024 ഒളിമ്പിക്സിലെ ഡാവിഞ്ചിയുടെ അന്ത്യ അത്താഴ ചിത്രത്തിന്റെ പാരഡി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ കാരണമാക്കി.
ഫ്രഞ്ച് ബിഷപ്‌സ് കോൺഫറൻസ്, ഇറ്റാലിയൻ ഡെപ്യൂട്ടി പ്രൈം മിനിസ്ട്രർ തുടങ്ങിയവർ ആദ്യമേ വിമർശിച്ചു.
സംഘാടകർ ഖേദം പ്രകടിപ്പിച്ചു.
ഫ്രാൻസ് ഇതുവരെ തുടർന്ന ശൈലി തിരുത്തുമോ ?
തിരുത്തേണ്ടതുണ്ടോ?
ജോസഫ് പാണ്ടിയപ്പള്ളിൽ