സി. റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത

ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് ഇരുപത്തിയൊൻപത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ വിശ്വാസികൾക്ക് എന്നും ആവേശമാണ്.

ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിൻ്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിൻ്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി മരിയ മഴയായാലും വെയിലായാലും എല്ലാ ദിവസവും രാവിലെ ഗ്രാമങ്ങളിലേക്ക് ഓടുമായിരുന്നു, ദൈവസ്നേഹത്തിൻ്റെ തൂമന്ദഹാസമുമായി.

അവൾ ധൈര്യശാലിയായിരുന്നതിനാൽ, ഒരു ഭീഷണികൾക്കും പാവപ്പെട്ടവരെ സഹായിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. അവളുടെ സ്നേഹ ശുശ്രൂഷയ്ക്കു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. 1995ലെ ഫെബ്രുവരി മാസത്തിലെ ഒരു ശനിയാഴ്ച അവൾ സ്വർഗ്ഗത്തിലേക്കു യാത്രയായി

വട്ടാലിൽ കുടുംബത്തിൻ്റെ അരുമ സന്താനം

എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലില്‍ പൈലി ഏലീശ്വ ദമ്പതിമാരുടെ ഏഴുമക്കളില്‍ രണ്ടാമത്തെ പുത്രിയായി സിസ്റ്റര്‍ റാണി മരിയ1954 ജനുവരി 29 ന് ഭൂജാതായി സ്റ്റീഫൻ, ആനി, വർഗീസ്, ത്രേസ്യാമ്മ, സെലിൻ (സി. സെൽമി പോൾ), ലൂസി എന്നിവരായിരുന്നു അവളുടെ സഹോദരങ്ങൾ. റാണി മരിയയുടെ മാതാപിതാക്കൾ ദൈവഭയമുള്ളവരായിരുന്നു, അവർ തങ്ങളുടെ കുട്ടികളെ വിശ്വാസത്തിൻ്റെ പാതയിൽ വളർത്തുന്നതിൽ ദത്ത ശ്രദ്ധരായിരുന്നു. അവളുടെ സഹോദരൻ സ്റ്റീഫൻ “മേരി കുഞ്ഞിനെപ്പറ്റി ” ഇപ്രകാരം ഓർമ്മിക്കുന്നു. ” അവൾ കുറച്ച് മാത്രം സംസാരിക്കുന്ന പെൺകുട്ടിയായിരുന്നു , ബാഹ്യരൂപത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല എപ്പോഴും ആരെയെങ്കിലുമൊക്കെ സഹായിക്കുകയായിരുന്നു അവളുടെ ഇഷ്ട വിനോദം.” മേരിക്കുഞ്ഞിനെക്കുറിച്ച് പറയുമ്പോൾ അമ്മ ഏലീശ്വായ്ക്കു നൂറു നാവായിരുന്നു: “മറ്റ് കുട്ടികളിൽ നിന്ന് അവൾ ചെറുപ്പം മുതൽ വ്യത്യസ്തയും അസാധാരണമായ അനുസരണയും അവൾ ചെറുപ്പം മുതലേ പ്രദർശിപ്പിച്ചിരുന്നു.” അഗാധമായ പ്രാർത്ഥനയുടെയും ഭക്തിയുടെയും അന്തരീക്ഷത്തിൽ വളർന്ന മേരിക്കുഞ്ഞ് വയലുകളിലും വീട്ടുജോലികളിലും തൻ്റെ കഴിവിൻ്റെ പരമാവധി മാതാപിതാക്കളെ സഹായിച്ചിരുന്നു എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ റാണി മരിയ്ക്ക് ഉന്നത വിദ്യാസം നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചിരുന്നു.

സമർപ്പണ ജീവിതത്തിലേക്ക്

മേരിക്കുഞ്ഞിനെക്കുറിച്ച് അവളുടെ മാതാപിതാക്കൾക്ക് ചില സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ദൈവത്തിൻ്റെ പദ്ധതികൾ അതിൽ നിന്നു വ്യത്യസ്തമായിരുന്നു. തൻ്റെ പഠനത്തിൻ്റെ അവസാന കാലത്ത്, സമർപ്പിത ജീവിതം സ്വീകരിക്കാനുള്ള ദൈവത്തിൻ്റെ വിളി അവൾ തിരിച്ചറിഞ്ഞു. അടുത്തുള്ള കോൺവെൻ്റിലേക്കുള്ള അവളുടെ പതിവ് സന്ദർശനങ്ങളും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കന്യാസ്ത്രീകളുമായുള്ള പരിചയവും അവളെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ പ്രവേശിക്കാൻ പ്രേരിപ്പിച്ചു. മകളെ സമർപ്പിത ജീവിതത്തിനായി വിട്ടു നൽകാൻ മാതാപിതാക്കൾക്കു ആദ്യം വൈമനസ്യം ഉണ്ടായിരുന്നെങ്കിലും ദൈവത്തിൻ്റെ വിളിക്ക് ഉത്തരം നൽകണമെന്ന് റാണി മരിയയുടെ വല്യമ്മ അവരെ നിർബന്ധിച്ചിരുന്നു. അങ്ങനെ വട്ടാലിൽ കുടുംബത്തിലെ “മേരിക്കുഞ്ഞ്” 1971 ജൂലൈ മാസം മൂന്നാം തീയതി കിടങ്ങൂരിലെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് മഠത്തിൽ

ബന്ധുവായ സോണി മരിയയ്‌ക്കൊപ്പം പ്രവേശിച്ചു. 1972 നവംബർ 1-ന് മേരിക്കുഞ്ഞും17 കൂട്ടുകാരികളും പോസ്റ്റുലൻസിയിൽ പ്രവേശിച്ചു. 6 മാസം കൊണ്ട് ആ പരിശീലനകാലം പൂർത്തിയാക്കി. 1974 മെയ് 1-ന് മേരിക്കുഞ്ഞും കൂട്ടരും അങ്കമാലി പള്ളിയിൽ വച്ച് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽ നിന്ന് സഭാവസ്ത്രം സ്വീകരിച്ച് പ്രഥമ വ്രതവാഗ്‌ദാനം നടത്തി. ആ സുദിനത്തിൽ മേരിക്കുഞ്ഞ്

“റാണി മരിയ” എന്ന നാമം സ്വീകരിച്ച് ഈശോയുടെ സ്വന്തമായി മാറി.

പ്രേഷിതവയലുകൾ തേടി

വടക്കേ ഇന്ത്യയിൽ അക്കാലത്ത് സമ്പന്നരായ ഭൂവുടമകൾ ദരിദ്രരും നിരക്ഷരരുമായ ജനങ്ങളെ വർഷങ്ങളായി ചൂഷണം ചെയ്യുമായിരുന്നു. ക്രൈസ്തവ മിഷനറിമാർ ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങളെ പഠിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുകയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു. നവ സന്യാസകാലത്ത് മിഷൻ ജിവിതത്തെപ്പറ്റി താനറിഞ്ഞ കേട്ടറിവ് അനുഭവിക്കാൻ റാണി മരിയ സ്വയം ഒരുങ്ങുകയായിരുന്നു. ഉത്തരേന്ത്യയിലെ നിരക്ഷരരും അജ്ഞരുമായ ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ഈശോയുടെ സുവിശേഷം പ്രചരിപ്പിക്കേണ്ടതിൻ്റെ അടിയന്തിരമായ ആവശ്യകത ബോധ്യപ്പെട്ട റാണി മരിയ മിഷൻ തീക്ഷ്ണതയാൽ ജ്വലിച്ചു പലപ്പോഴും “എനിക്കും വടക്കേ ഇന്ത്യയിൽ പോയി പാവങ്ങളെ സേവിക്കുകയും അവർക്കുവേണ്ടി മരിക്കുകയും ചെയ്യണമെന്ന ആഗ്രഹം ” തുറന്നു പറയുമായിരുന്നു.

ഗ്രാമങ്ങളുടെയും കുടിലുകളുടെയും കന്യാസ്ത്രീ

വിവിധ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും നിറഞ്ഞ നാടാണല്ലോ ഭാരതം. ഒരു മിഷനറി എന്ന നിലയിലുള്ള തൻ്റെ പ്രവർത്തനത്തിലെ കൂടുതൽ കാര്യക്ഷമതയ്ക്കായി, ഉത്തരേന്ത്യൻ ഭാഷയിൽ പ്രാവീണ്യം നേടണമെന്ന് റാണി മരിയ തിരിച്ചറിഞ്ഞു. 1975 ജൂലൈ മാസം മുതൽ പട്‌നയിലെ സിസ്‌റ്റേഴ്‌സ് ഓഫ് നോട്ടർ ഡോമിൻ്റെ പ്രൊവിൻഷ്യൽ ഹൗസിൽ താമസിച്ചു ഭാഷാ പഠിച്ച സി. റാണി 1975 ഡിസംബർ 24-ന് ഉത്തരേന്ത്യയിലെ ബിജ്‌നോറിലെ സെൻ്റ് മേരീസ് കോൺവെൻ്റിലെത്തി. അങ്ങനെ ബിജ്‌നോർ സി. റാണി മരിയുടെ മിഷനറി ജീവിതത്തിൻ്റെ പിള്ളത്തൊട്ടിലായി. “ഞാൻ മിഷനറിയായി ജനിച്ചതും വളർന്നതും ബിജ്‌നോറിലായിരുന്നു ” എന്ന് സി. റാണി മരിയ പറയുമായിരുന്നു.

1976 സെപ്റ്റംബർ 8 മുതൽ 1978 ഓഗസ്റ്റ് 7 വരെ സി. റാണി മരിയ ബിജ്നോറിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ അധ്യാപന സമയത്തിന് ശേഷം സാമൂഹിക ശുശ്രൂഷയിലും അവൾ സ്വയം വ്യാപൃതയായി. അതിലൂടെ എല്ലാ കുട്ടികളിലേക്കും, ഉൾഗ്രാമങ്ങളിലേക്കും കുടിലുകളിലേക്കും രോഗികളിലേക്കും അവൾ എത്തിച്ചേർന്നു. വിദ്യാഭ്യാസം ആളുകളെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ സിസ്റ്റർ ബിഷപ്പിൻ്റെ അംഗീകാരത്തോടെ ഗ്രാമങ്ങളിലെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. അവൾ ഗ്രാമങ്ങളിൽ പോയി കുട്ടികളെ പഠിപ്പിക്കുന്നതിൻ്റെ ആവശ്യകത അവരുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തി.

ഈശോ നാമം – ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥന

തുടക്കത്തിൽ മരങ്ങളുടെ ചുവടായിരുന്നു ക്ലാസ് മുറികൾ കുറച്ചു കഴിഞ്ഞപ്പോൾ ഒരു കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റാൻ സി. റാണിക്കു കഴിഞ്ഞു. അവൾ സ്‌കൂൾ ആരംഭിക്കുമ്പോൾ 20 കുട്ടികൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് അവിടെ ആയിരത്തിലധികം കുട്ടികളുണ്ട്. അത്തരത്തിലുള്ള ഒരു സ്കൂൾ ഇല്ലായിരുന്നുവെങ്കിൽ ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്യുകയും നിരക്ഷരരായി തുടരുകയും ചെയ്യുമായിരുന്നു. അവളുടെ ജോലി സമയങ്ങളിൽ, അവൾ ആവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രാർത്ഥനയുണ്ടായിരുന്നു. അത് ഈശോ നാമ ജപമായിരുന്നു. അവസാന ശ്വാസം വരെ അവൾ ഈ ശീലം പാലിച്ചു.

ഉദയ്നഗറിലെ മിഷനറി

1980 മേയ് 22-ന് അങ്കമാലി സെൻ്റ് ഹോർമിസ് പള്ളിയിൽ വച്ചാണ് സി. റാണി മരിയ തൻ്റെ നിത്യവ്രതാനുഷ്ഠാനം നടത്തിയത്. 1983 ജൂലായ് 21-ന് ഒഡഗാഡിയിലേക്ക് സ്ഥലം മാറ്റമായി. ജൂലൈ 25-ന് അവിടെയെത്തി സാമൂഹിക പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ബിജ്‌നോറിൽ പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചതുപോലെ, ഒഡഗാഡിയിലും അവൾ തൻ്റെ പ്രവർത്തനം തുടർന്നു. 1985 ജൂൺ 1 മുതൽ 31 ജൂലൈ വരെ ആലുവയിൽ നിശബ്ദതയിലും ഏകാന്തതയിലും പ്രാർത്ഥനയിൽ ചിലവഴിച്ച സിസ്റ്റർ റാണി മരിയ 1989 മെയ് 30 മുതൽ 1992 മെയ് 15 വരെ ഒഡഗാഡി സമൂഹത്തിൻ്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. ഈ സമയത്താണ് മധ്യപ്രദേശിലെ റീവ സർവകലാശാലയിൽ നിന്ന് സി. റാണി മരിയ സോഷ്യോളജിയിൽ ബിരുദം നേടിയത്. 1992 മെയ് 15 ന് ഉദയനഗറിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

അവഗണിക്കപ്പെട്ടവരുടെ സമർപ്പിത

വർഷങ്ങൾക്കു മുമ്പ് റാണി മരിയ മിഷനിൽ ആദ്യമായി വന്നപ്പോൾ തുടങ്ങി ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന പുരുഷന്മാരോട് മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. 1992-ൽ സി. റാണി മരിയ ഉദയ്‌നഗർ മിഷനിൽ ഉൾപ്പെട്ട കാലാപാനി എന്ന ഗ്രാമത്തിലെത്തി. ഈ ഗ്രാമം സന്ദർശിച്ച ആദ്യത്തെ ക്രിസ്ത്യൻ മിഷനറിയാണ് സി. റാണി മരിയ.

കാലാപാനിയിലെത്തിയ സിസ്റ്റർ സോളങ്കി എന്ന വ്യക്തിയെ പരിചയപ്പെട്ടു. സോളങ്കിയും മറ്റ് പുരുഷന്മാരും തങ്ങളുടെ സമയം വെറുതെ പാഴാക്കുന്നു എന്നു മനസ്സിലാക്കിയ സിസ്റ്റർ അവരോടു ജോലി ചെയ്യാനും സമ്പാദിക്കാനും ആവശ്യപ്പെട്ടു. “ഞങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. അതിനാൽ ഞങ്ങൾ കുടിക്കുകയോ കുപ്രചരണങ്ങൾ നടത്തുകയോ ചെയ്യുന്നു,” എന്നായിരുന്നു സോളങ്കിയുടെ മറുപടി. തോൽക്കാൻ മനസ്സില്ലാത്ത സി. റാണി മരിയ കാലാപാനിയിലും മറ്റ് ഗ്രാമങ്ങളിലും നിരന്തരം സന്ദർശിക്കാൻ തുടങ്ങി. സോളങ്കിയുടെ ഗ്രാമത്തിലെത്താൻ, ചെളി നിറഞ്ഞ പാതകളിലൂടെ അവൾക്ക് ഏകദേശം 10 മൈൽ നടക്കേണ്ടി വന്നു. മദ്യപാനത്തിൻ്റെ ദൂഷ്യഫലങ്ങൾ വിശദീകരിച്ചുകൊണ്ട് സിസ്റ്റർ പുരുഷന്മാരെ നിരന്തരം സമീപിച്ചു

അവർ റാണി മരിയുടെ വാക്കുകൾ കേട്ടിരുന്നെങ്കിലും, മദ്യപാനം ഉപേക്ഷിക്കാൻ അവർക്കു നന്നേ ക്ലേശിക്കേണ്ടിവന്നു. അവൾ തൻ്റെ ശ്രമം തുടർന്നു. സി. റാണി മരിയയുടെ അപ്രതീക്ഷിത സന്ദർശനങ്ങൾ പുരുഷന്മാരെ ഞെട്ടിച്ചു, അവർ ജോലി ചെയ്യാൻ തുടങ്ങി, ക്രമേണ മദ്യപാനം ഉപേക്ഷിച്ചു. അവർ കൃഷിയിലും കന്നുകാലി വളർത്തലിലും മറ്റ് ലാഭകരമായ തൊഴിലുകളിലും സമയം ചെലവഴിക്കാൻ തുടങ്ങി.

ധീരതയുടെ പര്യായം

റാണി മരിയ പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ചു. ദരിദ്രരുടെ ഇടയിൽ തൻ്റെ കൈകളും ഹൃദയവുമാകാൻ അവളെ വിളിച്ച ദൈവത്തിൻ്റെ വിളിയോട് അവൾ പ്രതികരിച്ചു. ധീരയായ സ്ത്രീ റാണി മരിയ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും അധഃസ്ഥിതരുടെ ഉന്നമനത്തിനായി തൻ്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. സി. റാണി സ്ത്രീകൾക്കായി സ്വയം സഹായ സംഘങ്ങൾ ആരംഭിച്ചത് പണമിടപാടുകാരുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചു. റാണി ആരംഭിച്ച സ്വാശ്രയ സംഘങ്ങൾ പണമിടപാടുകാരുടെ പിടിയിൽ നിന്ന് സ്ത്രീകളെ മോചിപ്പിച്ചു.

ശബ്ദമില്ലാത്തവരുടെ ശബ്ദം

സി. റാണി മരിയ അവിടെയുള്ള ഗോത്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു, ഉദയ്നഗറിലെ വ്യാപാരികളും ഭൂവുടമകളും കൗശലത്തോടെ കളിച്ച കെണികളിൽ ഗോത്രവർക്കാർ കബളിക്കപ്പെടുന്നതായി അവൾ വേഗം മനസ്സിലാക്കി. തങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സർക്കാർ അനുവദിച്ചിട്ടുള്ള ഗ്രാൻ്റുകളെ കുറിച്ച് പാവപ്പെട്ടവർ അറിഞ്ഞിരുന്നില്ല. സി. റാണി അവരുടെ അവകാശങ്ങളെക്കുറിച്ചും അവർക്കുണ്ടായ അനീതികളെക്കുറിച്ചും അവരെ ബോധവാന്മാരാക്കി. അങ്ങനെ ഉദയ്നഗറിലെ ഹൃദയമില്ലാത്ത ഭൂവുടമകളുടെ കീഴിലുള്ള അടിമത്തത്തിൽ നിന്ന് അവർ സ്വയം മോചിതരകൻ തുടങ്ങി. സി. റാണിയുടെ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഉദയ്നഗറിലെ ചതുപ്പുനിലങ്ങൾ കൃഷിഭൂമികളായി രൂപാന്തരം പ്രാപിച്ചു. പുരുഷന്മാർ ചെറുകിട കച്ചവടത്തിൽ ഏർപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ കഴിവുള്ളവർക്ക് അവസരം നൽകി.

ദുർബലരുടെ അഭയം

വര്‍ഷം തോറും കൃഷി ചെയ്യാന്‍ ജന്മിമാരില്‍ നിന്ന് കടം വാങ്ങുകയും ആ തുക തിരിച്ച് നല്‍കാന്‍ കഴിയാതെ അവര്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സിസ്റ്റര്‍ കര്‍ഷകര്‍ക്കിടയില്‍ സേവനമാരംഭിച്ചത്. വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും ഉദയ്നഗറിലെ കര്‍ഷകരെ സിസ്റ്റര്‍ റാണി മരിയ പഠിപ്പിച്ചു. കര്‍ഷകരെ സ്വയം തൊഴിലില്‍ പ്രാവീണ്യമുളളവരാക്കാനും സിസ്റ്റര്‍ റാണി മരിയക്ക് സാധിച്ചു. ഒപ്പം

വിദ്യാലയം സ്ഥാപിച്ച് പാവപ്പെട്ട കര്‍ഷകരുടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനും സിസ്റ്റര്‍ റാണി മരിയ ശ്രദ്ധിച്ചു.

ജന്മിമാരില്‍ നിന്ന് കടം വാങ്ങി കൃഷി ചെയ്തിരുന്ന കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചതോടെ സിസ്റ്റര്‍ റാണി മരിയ ജന്മിമാരുടെ നോട്ടപ്പുള്ളിയായി.

ഉദയ നഗറിൽ റാണി മരിയ കുറെ ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് അനീതിക്കെതിരെ നിലകൊള്ളാൻ അവരെ പരിശീലിപ്പിച്ചു. സർക്കാരിൽ നിന്നു സാമ്പത്തിക സഹായം വാങ്ങി പാവപ്പെട്ടവരെ എങ്ങനെ സഹായിക്കാമെന്ന് അവൾ അവരെ പഠിപ്പിച്ചു. ഒരിക്കൽ ഒരു ബാങ്ക് മാനേജർ സി. റാണി മരിയയോടു ചോദിച്ചു, “നിങ്ങൾ എന്തിനാണ് ഈ കർഷകർക്ക് വേണ്ടി സമരം ചെയ്യുന്നത്?” കഴുത്തിൽ തൂങ്ങിക്കിടക്കുന്ന കുരിശ് കൈയിൽ പിടിച്ച്, റാണി മരിയ ഓഫീസറോട് താഴ്മയോടെ പറഞ്ഞു, ‘സർ, ഞങ്ങൾ ഈ ജീവിതരീതി സ്വീകരിച്ചു ഇവിടെ വന്നിരിക്കുന്നത് വീട്ടിൽ ഞങ്ങൾക്ക് ഉപജീവനമാർഗം ഇല്ലാത്തതുകൊണ്ടോ ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ കുടുംബത്തിൽ നിന്ന് പുറത്താക്കിയതുകൊണ്ടോ അല്ല, നോക്കൂ, ദരിദ്രരിൽ ക്രിസ്തുവിനെ കണ്ട് അവനു വേണ്ടി പ്രവർത്തിക്കാൻ വേണ്ടിയാണ് ത്യാഗപൂർണ്ണമായ ഈ ജീവിതരീതി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ” ക്രമേണ അവളുടെ സൗമ്യമായ പെരുമാറ്റം ബാങ്ക് മാനേജരുടെ പ്രശംസ പിടിച്ചുപറ്റി, ഗ്രാമീണരെ സഹായിക്കാൻ ആവശ്യമായ കാര്യങ്ങൾ അദ്ദേഹം സന്നദ്ധനായി.

ജീവൻ കൊടുക്കേണ്ടിവന്ന ബലിയർപ്പണം

സി. റാണി മരിയയുടെ നേതൃത്വത്തിൽ ദരിദ്രർക്കും ഗോത്രവർഗക്കാർക്കും ചെയ്തു കൊടുത്ത സഹായങ്ങൾ പണമിടപാടുകാരിലും ജന്മികളിലും സി. റാണി മരിയായോടുള്ള ശത്രുത്ര വർദ്ധിപ്പിച്ചു. സി. റാണിയുടെ പ്രധാന എതിരാളികളിൽ ഒരാളായിരുന്നു ജീവൻ സിംഗ്. അയാൾ ഗ്രാമത്തിലെ ഒരു ഗുണ്ടാസംഘത്തലവനായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നൂറിലധികം കുറ്റവാളികൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് നേടിയെടുക്കുക അവരുടെ പതിവായിരുന്നു. പക്ഷേ, 1994 ഡിസംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ അവർ ഉദ്ദേശിച്ച രീതിയിൽ പഴയതുപോലെ ആയിരുന്നില്ല. സി. റാണി മരിയ ഗ്രാമവാസികളിൽ നടത്തിയ ബോധവത്കരണം കാരണം ഗ്രാമവാസികളിൽ കുറച്ചുപേർ ജീവൻ സിംഗിനെ അനുസരിക്കാൻ തയ്യാറായില്ല. ക്ഷുഭിതനായ ജീവൻ സിംഗ് വ്യാജ പരാതി നൽകി ആ ഗ്രാമവാസികളെ ജയിലിലടച്ചു. സി. റാണി ഇടപെട്ട് അവരെ ജാമ്യത്തിൽ വിട്ടു. ഇതു വീണ്ടും ജീവൻ സിങ്ങിനെയും അദ്ദേഹത്തിൻ്റെ കൂട്ടാളികളെയും വീണ്ടും പ്രകോപിപ്പിച്ചു. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജന്മിമാര്‍ സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്താന്‍ വാടകഗുണ്ടയെ ഏര്‍പ്പാടാക്കി.

ബലിദിനം

1995 ഫെബ്രുവരി 25. സി. റാണി മരിയ അന്ന് പ്രഭാതത്തിലേ തന്നെ ഉണർന്നു. രാവിലെ 7-ന് പോകുന്ന ബസ്സിൽ ഇൻഡോറിലെത്തണം. അവിടെ നിന്ന് ഭോപ്പാൽ പ്രൊവിൻഷ്യൽ ഹൗസിൽ … പിന്നെ കേരളത്തിൽ … മാതാപിതാക്കളോടൊപ്പം

“സമയമായപ്പോൾ നീണ്ടു നിൽക്കുന്ന ഹോൺ മുഴക്കികൊണ്ടു ബസ് മഠത്തിന്റെ പടിക്കലെത്തി. എല്ലാവരും യാത്ര പറഞ്ഞു. ഞാനും സി. റാണിയും കൂടി റോഡിൻ്റെ മറുഭാഗത്തേക്കു നീങ്ങി. എന്റെ കയ്യിലിരുന്ന പെട്ടി, ബസ്സിൻ്റെ പടിയിൽ വച്ചപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് എൻ്റെ കയ്യിൽ നിന്നും പെട്ടി വാങ്ങി ബസ്സിന്റെ മുൻവശത്തേക്കു വച്ചു. ബസ്സിൻ്റെ ബെല്ലടിച്ചു. ബസ്സ് കുതിച്ചു.

സി. റാണി മരിയയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് അന്ന് ബസ്സി ലുണ്ടായിരുന്ന ഒരാളുടെ സാക്ഷ്യത്തോട് ചേർത്ത് സി. ലിസ റോസ് വിവരിക്കുന്നു:

ബസിൽ ഏകദേശം 50 യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ 3 പുരഷന്മാർ റാണി മരിയയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അതിൽ കയറിയതാണ്! സംഘത്തിൻ്റെ തലവനായ ജീവൻ സിംഗ് , അവൻ്റെ അംഗരക്ഷകനായ ധർമേന്ദ്രയ്‌ക്കൊപ്പം ബസിൻ്റെ പിൻസീറ്റിൽ ഇരുന്നു.

മൂന്നാമത്തെയാൾ സി. റാണി മരിയയ്ക്ക് സമീപം ഇരുന്ന സമന്ദർ സിംഗ് ആയിരുന്നു. “നീ എന്തിനാണ് കേരളത്തിൽ നിന്ന് ഇവിടെ വന്നത്? ഈ പാവപ്പെട്ട ആദിവാസികളെ ക്രിസ്ത്യാനികളാക്കാനാണോ? ഞങ്ങൾ അത് അനുവദിക്കില്ല” എന്നു പറഞ്ഞ് ജീവൻ സിംഗ് അവളെ അപമാനിക്കാൻ തുടങ്ങി.

“ബസ്സ് ‘നാച്ചൻമ്പോർ’ മലയുടെ പ്രവേശന സ്ഥാനത്തെത്തിയ പ്പോൾ വെള്ളവസ്ത്രം ധരിച്ചിരുന്ന സമന്ദർസിംഗ് എന്നയാൾ ഡ്രൈവറുടെ അടുത്തുചെന്ന് ബസ്സ് നിർത്തുവാൻ ആവശ്യപ്പെട്ടു. ഒരു തേങ്ങ കയ്യിലെടുത്ത് ധൃതിയിൽ ബസ്സിൽ നിന്നു ചാടിയിറങ്ങിയ അയാൾ അത് തൻ്റെ നെറ്റിയിൽ തൊടുവിച്ച ശേഷം വഴിയരികിലുള്ള ഒരു കല്ലിൽ എറിഞ്ഞുടച്ചു. തേങ്ങാ കഷണങ്ങളുമായി തിരികെ ബസ്സിൽ കയറി അത് കത്തികൊണ്ടുമുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു. സിസ്റ്ററിൻ്റെ മുമ്പിലും വന്ന് ഒരു കഷണം വച്ചുനീട്ടിയിട്ട് കളിയാക്കുന്നതുപോലെ തിരിച്ചു വലിച്ചു, കൊടുത്തില്ല. ആഹ്ല‌ാദ ത്തിമർപ്പോടെയുള്ള അയാളുടെ പെരുമാറ്റം കണ്ട സിസ്റ്റർ അയാളോടു ചോദിച്ചു: ‘ഇന്നെന്താണിത്ര സന്തോഷം?’ ‘ഇതു തന്നെ’ എന്ന് അയാൾ മറുപടി പറയുകയും വയറ്റിൽ കത്തി കൊണ്ട് ആഞ്ഞു കുത്തുകയും ചെയ്‌തു!!!

“രക്തം വാർന്നൊഴുകി. ‘യേശുവേ’ എന്ന് വിളിച്ച് കൊണ്ട് സിസ്റ്റർ വാവിട്ടു കരയുകയും കത്തിക്കുകയറി പിടിക്കുകയും ചെയ്തു!!!. യാത്രക്കാർ ബസ്സിൽ നിന്നും ഇറങ്ങി ഓടി.

സിസ്റ്റര്‍ റാണി മരിയയെ 54തവണയാണ് അക്രമി കുത്തിയത്.

പ്രതിഫലേച്ഛ കൂടാതെ പാവപ്പെട്ടവര്‍ക്കായി ജീവിതം സമർപ്പിച്ച സി. റാണി മരിയ “ഈശോ” എന്ന നാമം ഉരുവിട്ടു കൊണ്ട് സ്വർഗ്ഗത്തിലേക്ക് യാത്രയായി.

അനുരഞ്ജന ദൗത്യം

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സമന്ദർ സിങ്ങിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും മറ്റ് രണ്ട് പേരെ വിചാരണയ്ക്കിടെ വെറുതെ വിടുകയും ചെയ്തു. ഫാ സദാനന്ദ് (സ്വാമിജി) എന്ന സിഎംഐ വൈദീകൻ്റെ ഇടപെടലിലൂടെയാണ് കൊലപാതകിയുടെ അത്ഭുതകരമായ മാനസാന്തരം സാധ്യമായത്.

റാണി മരിയ താമസിച്ചിരുന്ന സ്ഥലങ്ങളും അവർ കൊല്ലപ്പെട്ട സ്ഥലവും സന്ദർശിച്ച സ്വാമി അച്ചൻ ഈ ക്രൂര കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെ കാണണമെന്ന് ചിന്തിച്ചു. സ്വാമിജിക്ക് കുറ്റകൃത്യത്തിന് പിന്നിലിൽ പ്രവർത്തിച്ചവരുടെ ഇടയിൽ അനുരഞ്ജനത്തിൻ്റെ സന്ദേശവുമായി ചെന്നുവെങ്കിലും സ്വാമിജിയെ അവർ സ്വീകരിച്ചില്ല. നിരാശയോടെ സ്വാമിജി നരസിംഹപൂരിലെ ആശ്രമത്തിലേക്ക് മടങ്ങി.

റാണി മരിയയുടെ കൊലപാതകത്തിന് അഞ്ച് വർഷത്തിന് ശേഷം ഉദയനഗറിലെ റാണി മരിയ ആശ്രമത്തിലെ ക്ലാരസഭയിലെ നവ സന്യാസിനിമാർക്ക് ധ്യാനം നടത്തുവാൻ സ്വാമിജിയെ ക്ഷണിച്ചു. ആ സഹോദരിമാരിൽ പിടികൂടിയിരുന്ന ഭയത്തിൻ്റെ ആഴം അച്ചനു കഴിഞ്ഞു. ഇതാണ് സ്വാമിജിയെ അനുരഞ്ജനദൗത്യം വീണ്ടും തുടരാൻ പ്രേരിപ്പിച്ചത്. റാണി മരിയ ജോലി ചെയ്തിരുന്ന ഗ്രാമങ്ങളിലേക്ക് സ്വാമിജി താമസം മാറ്റി. അവളുടെ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. അവൾ ഒരു വിശുദ്ധയാണന്ന് ഗ്രാമവാസികൾ മനസ്സിലാക്കിയതായി അദ്ദേഹം തിരിച്ചറിഞ്ഞു.

നരസിംഹപൂർ ജലയിൽ സൂപ്രണ്ടായിരുന്ന സുഹൃത്തിൻ്റെ സഹായത്തോടെ, സ്വാമിജിക്ക് സമന്ദറിനെ കാണാൻ കഴിഞ്ഞു, ഒരാഴ്ചത്തെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കു ശേഷമാണ് സ്വാമിജി ഈ കൂടിക്കാഴ്ച നടത്തിയത്. സ്വാമിജി സമന്ദറിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ നിരാശ ആ മുഖത്തെ ആവരണം ചെയ്തിരുന്നു.

സമന്ദര്‍സിംഗിനോടു ക്ഷമിക്കുന്നു.

റാണി മരിയയോടുള്ള ആദരവ് ഭക്തിയിലേക്ക് വഴിമാറിയപ്പോൾ സ്വാമിജിക്ക് ഇതൊരു വഴിത്തിരിവായി. ആ ഗ്രാമവാസികളിലെല്ലാം ഒരു ഭയം അലയടിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. സ്വാമിജി ഇൻഡോർ ജയിലിലേക്ക് യാത്രയായി. ജന്മിമാർ അവരുടെ ഉദ്ദേശ്യം നിറവേറ്റിയതിന് ശേഷം ഉപേക്ഷിച്ചുപോയ കൊലപാതകിയായ സമന്ദർ സിങ്ങുമായി ഒരു കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശം.

സ്വാമിജി അവനോട് ക്ഷമിച്ചുവെന്നും, താൻ ഒരു ദൂതനായാണ് അവിടെ വന്നതെന്നും പറഞ്ഞു. അവർ ദീർഘനേരം സംസാരിച്ചു. സ്വാമിജി തിരികെ നടക്കാൻ തുടങ്ങിയപ്പോൾ, പിന്നിൽ നിന്ന് ഒരു ആശ്വാസകരമായ ശബ്ദം കേട്ടു, “വീണ്ടും വരൂ”

സ്വാമിജി വീണ്ടും സമന്ദറിനെ സന്ദർശിക്കുകയും അവരുടെ ബന്ധം ദൃഢമാവുകയും ചെയ്തു, പ്രത്യേകിച്ചും മൂന്നാമത്തെ സന്ദർശനത്തോടെ സ്വാമിജി സമന്ദറിനെ ശാന്തനായി കണ്ടെത്തി. കണ്ണുനീർതൂകി കൊലപാതകത്തിൻ്റെ മുഴുവൻ കഥയും അവൻ സ്വാമിജിയുമായി പങ്കുവച്ചു. തുടർന്ന്, സമന്ദർ, സ്വാമിജിക്ക് തൻ്റെ ഗ്രാമ ഭാഷയിൽ അഞ്ച് കത്തുകൾ എഴുതി തൻ്റെ മാനസാന്തരം വെളിപ്പെടുത്തി.

രക്ഷാബന്ധൻ ദിനത്തിൽ റാണി മരിയയുടെ സഹോദരി സി സെൽമിയെയും രണ്ട് കന്യാസ്ത്രീകളെയും സമന്ദറിനെ ജയിലിൽ സന്ദർശിക്കാൻ സ്വാമിജി ക്ഷണിച്ചു. തുടരുന്ന ബന്ധത്തിൻ്റെ പ്രതീകമായി സി. സെൽമി സമന്ദർ സിംഗിങ്ങിൻ്റെ കൈത്തണ്ടയിൽ രാഖി കെട്ടി. ഇതിനിടെ റാണി മരിയയുടെ കുടുംബം അന്നത്തെ മധ്യപ്രദേശ് ഗവർണർ ബൽറാം ജാഖറിന് സമന്ദർ സിംങ്ങിനായി ഒരു ദയാഹർജി നൽകി, അവരുടെ അപേക്ഷ അംഗീകരിച്ചു. 2006 ൽ സിംഗ് പുറത്തിറങ്ങി.

2007 ജനുവരിയിൽ രോഗിയായ തൻ്റെ പിതാവ് പോൾ വട്ടാലിയെ സന്ദർശിക്കാൻ സി. സെൽമി വീട്ടിലേക്ക് വരാൻ തയ്യാറെടുക്കുമ്പോൾ, സമന്ദർ സിംഗ് അവളെ അനുഗമിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു.

കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടതറിഞ്ഞു ഭാര്യയും മകനും സമന്ദറിനെ ഉപേക്ഷിച്ചു പോയി . ഈ സംഭവം “ജീവിതത്തോടുള്ള എൻ്റെ മനോഭാവത്തെ മാറ്റിമറിച്ചതായി അവൻ പറയുന്നു ” ഇന്നു “ഞാൻ ഒരു പുതിയ മനുഷ്യനാണ്, ഞാൻ മറ്റുള്ളവരെ സഹായിക്കുന്നു..” ഇന്ന്, സമന്ദർ സാമൂഹിക പ്രവർത്തനത്തിനായി തൻ്റെ ജീവിതം സമർപ്പിക്കുകയും നിരാലംബരായ കുടുംബങ്ങളിലെ ആളുകളെ സഹായിക്കുകയും ചെയ്യുന്നു. സമയം കിട്ടുമ്പോഴെല്ലാം അവൻ റാണിയുടെ സ്മാരകം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. സമന്ദർ സിംഗ് അവളെ കൊന്ന അതേ സ്ഥലത്താണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. “കർത്താവേ, ഈ പാപം അവനെതിരെ ചുമത്തരുതേ” എന്ന വാചകം അതിൽ എഴുതി ചേർത്തിരിക്കുന്നു.

സി . റാണി മരിയെ വാഴ്ത്തപ്പെട്ടവളാക്കുന്ന അവസരത്തിൽ സഹോദരിയെ കുത്തിക്കൊന്നയാളെ സി. റാണിയുടെ ജ്യേഷ്ഠൻ സ്റ്റീഫൻ വട്ടാലിൽ ആലിംഗനം ചെയ്തപ്പോൾ സിങ്ങിൻ്റെ കവിളിലൂടെ കണ്ണുനീർ ഒഴുകി. “

നാമകരണ നടപടികൾ

റാണി മരിയയോടുള്ള ബഹുമാനാർത്ഥം അവളുടെ മാതൃ ഇടവകയായ പുല്ലുവഴിയിൽ ഒരു മ്യൂസിയമുണ്ട്. സി. റാണി മരിയുടെ ഭൗതികാവശിഷ്ടങ്ങൾ 2016 നവംബർ 18 ന് ഇൻഡോറിൽ പരിശോധനയ്‌ക്കും പുനഃസംസ്‌കാരത്തിനുമായി പുറത്തെടുത്തു. 2003 സെപ്തംബർ 26-ന് ദൈവദാസി എന്ന പദവി സി. റാണി മരിയ്ക്കു നൽകുകയും നാമകരണ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. 2017 മാർച്ച് 23 ന് ഫ്രാൻസിസ് മാർപാപ്പ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ അംഗീകാരം നൽകുകയും 2017 നവംബർ നാലാം തീയതി ഇൻഡോറിൽ വച്ച് കർദിനാൾ ആഞ്ചലോ അമാത്തോ സി.റാണി മരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു.

റാണി മരിയാ നൽകുന്ന ഏറ്റവും വലിയ പാഠം

സിസ്‌റ്റർ റാണി മരിയയുടെ ആറു സഹോദരങ്ങളിൽ ഇളയവളായ സിസ്‌റ്റർ സെൽമിയുടെ അഭിപ്രായത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം “സാധാരണക്കാർക്ക് വേണ്ടി മരിക്കാനും ഞാൻ തയാറാണ് എന്ന് ചേച്ചി എപ്പോഴും പറയുമായിരുന്നു. ഞാൻ കാൻസർ ബാധിതയായി അതിന്റെ്റെ ശസ്ത്രക്രിയയ്ക്കു ശേഷം രോഗമുക്തയാകുന്ന സമയത്താണ് ചേച്ചിയുടെ മരണവാർത്ത അറിയുന്നത്…. ഇൻഡോറിൽ എത്തുമ്പോഴേക്ക് എന്റെ മനസ്സ് മുഴുവൻ ചേച്ചിയുടെ വാക്കുകൾ മുഴങ്ങുകയായിരുന്നു, പാവങ്ങൾക്കു വേണ്ടി മരിക്കാനും എനിക്ക് ഭയമില്ല, നമ്മളല്ലാതെ മറ്റാരാണ് അവർക്കു വേണ്ടി പ്രവർത്തിക്കാനുള്ളത്? എന്നോട് പലവട്ടം ഇങ്ങനെ പറഞ്ഞ ചേച്ചി അവരുടെ ലക്ഷ്യത്തിലേക്കുള്ള മാർഗത്തിലായിരുന്നു ജീവൻ വെടിഞ്ഞത്. ചേച്ചിക്കും കൊലയാളികളോട് ക്ഷമിക്കാനെ സാധിക്കൂ. അതാണ് ഞങ്ങൾക്കും അത്തരത്തിലൊരു വഴികാണിച്ചു തന്നത്.”

ദൈവകാരുണ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചും ജീവിച്ചും കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി ജീവിച്ച ജേഷ്ഠ്യ സഹോദരിയെ നിൻ്റെ അതുല്യ മാതൃകൾക്കു മുമ്പിൽ പ്രണാമം.

നിങ്ങൾ വിട്ടുപോയത്