സമകാലീന രാഷ്ട്രീയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വലിച്ചിഴക്കപ്പെടുകയും വിവാദമാകുകയും ചെയ്ത പേരുകളിലൊന്നാണ് – മദർ തെരേസ എന്ന സന്യാസിനിയുടേത് .
അഗതികൾക്കും പാവപ്പെട്ടവർക്കും , അനാഥർക്കും , തെരുവിലെറിയപ്പെട്ടവർക്കും , വേശ്യകൾക്കും , കുഷ്ഠ രോഗികൾക്കും വേണ്ടി തന്റ ജീവിതം മുഴുവൻ സമർപ്പിച്ച ഉദാര വ്യക്തിത്വത്തിനുടമയായിരുന്നു അവർ . മതം മാറ്റത്തിനായി അവർ തന്റ സന്യാസ സമൂഹത്തെയും വിശ്വാസത്തെയും ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട അലോസര ശബ്ദങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മദറിന്റ ദൈവ വിളിയുടെയും കാരുണ്യ സേവന പ്രവർത്തനങ്ങളുടെയും ചലച്ചിത്ര ആവിഷ്കാരമാണ് മദർ & മി ( Mother Teresa & Me ). മദറിന്റ ഉപവി പ്രവർത്തനങ്ങളെക്കുറിച്ച് സംശയമുള്ളവർക്ക് ഈ സിനിമ ഒരു സംശയനിവാരണ ഉപാധിയായിത്തീരുമെന്നുള്ള കാര്യം ഉറപ്പാണ് .
മദർ തെരേസയുടെ ഇന്ത്യയിലെ ആദ്യ വർഷങ്ങളിൽ (1940-കളുടെ പകുതി മുതൽ) ദരിദ്രരെയും , രോഗികളെയും , മരിക്കുന്നവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ കഥയാണ് ഈ സിനിമ. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ വംശജയായ ഇംഗ്ലീഷ് യുവതിയായ കവിതയുടെ മോഡേൺ ജീവിതവും അവരുടെ ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും , തെരേസ എന്ന സന്യാസിനി തന്റ സന്യാസ ജീവിതത്തിലെ ധൗത്യം തിരിച്ചറിയുന്നതുമായ രണ്ട് സ്ത്രീകളുടെ ജീവിതം, വികാരാധീനവും , വിട്ടുവീഴ്ചയില്ലാത്തതും , തലമുറകളിലൂടെയുള്ള രണ്ട് സമാന്തര തലങ്ങളിൽ ഇഴചേർന്നിരിക്കുന്നു. വ്യക്തിപരമായ വലിയ സംശയങ്ങൾക്കിടയിലും രണ്ട് സ്ത്രീകളും അവരുടെ തൊഴിൽ തിരിച്ചറിയുന്നു. ഈ ഇഴചേർന്ന കഥകൾ, മിഥ്യയുടെ പിന്നിലെ സ്ത്രീയായ മദർ തെരേസയെ തികച്ചും പുതിയൊരു മാനത്തിൽ നമുക്ക് കാണിച്ചുതരുന്നു.
എന്നാൽ ഈ സിനിമ ഒരു കത്തോലിക്കാ കന്യാസ്ത്രീയുടെ കഥ പറയുന്ന മറ്റുള്ള സിനിമകളെ പോലെയല്ല. സ്വിസ്സ് – ഇന്ത്യൻ വംശജനായ സംവിധായകൻ കമൽ മുസാലെ തന്റെ ജീവിതത്തിലെ 10 വർഷങ്ങൾ ഈ സിനിമക്കായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ചു: മദർ തെരേസയുടെ “ദൈവ വിളി” മുതൽ ചേരികളിലെ അവളുടെ ജോലിയുടെ തുടക്കം വരെയുള്ളതാണ് കഥയുടെ ഇതിവൃത്തം . അങ്ങനെ 10 വർഷത്തെ കാത്തിരിപ്പിനും സംഭാവനകൾക്കും തിരക്കഥകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം Curry Western Movies ന്റ ബാനറിൽ മദർ തെരേസ & മി എന്ന സിനിമ 2022 ൽ പിറന്നു.
റോമിൽ നടന്ന അന്താരാഷ്ട്ര സംഘടനയായ മിറാബൈൽ ഡിക്റ്റസ് ആതിഥേയത്വം വഹിച്ച ചലച്ചിത്രോത്സവത്തിൽ മദർ & മി വളരെയേറെ പ്രശംസ പിടിച്ചുപറ്റി. സെപ്റ്റംബർ 2022 ന് റിലീസ് ചെയ്ത ഈ ചിത്രം സാർവത്രിക ധാർമ്മിക മൂല്യങ്ങളും നല്ല മാതൃകയും പ്രോത്സാഹിപ്പിക്കുന്നതിനാൽ ചിത്രത്തിന് സിൽവർ ഫിഷ് അവാർഡ് ലഭിച്ചു .
റോബിൻ സക്കറിയാസ്