ഈ വർഷവും വീട്ടിലും വിദ്യാലയത്തിലും പുൽക്കൂട് ഒരുക്കി…
വർണ്ണ ശോഭയുള്ള വൈദ്യുതി ലൈറ്റുകൾ കൊണ്ടും,അലങ്കാര വസ്തുക്കൾ കൊണ്ടും ഉണ്ണീശോയുടെയും യൗസേപിതാവിന്റെയും മാതാവിന്റെയും പൂജ രാജാക്കന്മാരുടെയും മൃഗങ്ങളുടെയും എല്ലാം മനോഹരമായ രൂപങ്ങൾ കൊണ്ട് വീട്ടിലെയും വിദ്യാലയത്തിലെയും പുൽക്കൂട് ദൈവകൃപയാൽ എനിക്ക് മനോഹരമാക്കാൻ സാധിച്ചു .

പണ്ട് ആരക്കുഴ മലേകുരിശു- പള്ളിക്കടുത്തുള്ള എന്റെ ചെറിയ ഓലപ്പുരയിൽ, അമ്മച്ചിയും ഞാനും നിർമ്മിച്ചിരുന്ന പുൽകൂട്ടിൽ ഉണ്ണീശോയുടെയൊ മാതാവിന്റെയൊ രൂപങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു,
കാരണം, ഉണ്ണീശോ സെറ്റ് വാങ്ങാനുള്ള പണമില്ലാത്തതിനാൽ അതുകൊണ്ടുതന്നെ പുൽക്കൂട്ടിൽ ബലൂണോ അലങ്കാരങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു ..
വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ അന്ന് മെഴുകുതിരിയാണ് പുൽക്കൂട്ടിൽ കത്തിച്ചിരുന്നത് ,
ഈറ്റ കൊണ്ട് നിർമ്മിച്ച് മുറ്റത്തെ കശുമാവിൽ തൂക്കിയ നക്ഷത്രത്തിന് വെളിച്ചമേകാൻ ഉപയോഗിച്ചിരുന്നത് മണ്ണെണ്ണ വിളക്ക് ..

ഒരിക്കൽ ചിതൽപ്പുറ്റ് മണ്ണുകൊണ്ട് ഉണ്ണീശോയുടെ രൂപം ഞാൻ നിർമ്മിച്ചു..
അങ്ങനെ ആ ഉണ്ണി ആവർഷത്തെ ക്രിസ്തുമസിന് എന്റെ പൂക്കൂട്ടിൽ ഉറങ്ങി..
പുൽക്കൂട്ടിൽ ഉറങ്ങുന്ന ഉണ്ണിയെ ഓർത്ത് ഏറെ സന്തോഷത്തിൽ ആ ക്രിസ്തുമസ് രാത്രി എന്റെ കൊച്ചുകുരയിൽ ഞാനും ഉറങ്ങി…

അടുത്ത വർഷം ചിതൽപുറ്റ് മണ്ണുകൊണ്ട് പുൽക്കൂടിനു വേണ്ടി പല രൂപങ്ങളും ഞാൻ നിർമ്മിച്ചു..
അതെല്ലാം പുൽക്കൂട്ടിൽ വച്ചപ്പോൾ പുൽക്കൂടിന് ഭംഗി കൂടിയത് പോലെ തോന്നി…

കുട്ടിക്കാലത്തെ മറക്കാനാവാത്ത ക്രിസ്മസിന്‍റെ ഓർമ്മകൾ മനസ്സിലുള്ളത് കൊണ്ടാണ്
ആ പഴയകാലത്തെ കുട്ടിയുടെ മനസ്സോടെ ഇപ്പോഴും പുൽക്കൂട് നിർമ്മിക്കുന്നത് .

ജോലിയിൽ പ്രവേശിച്ചിട്ട് ഇത് പത്താമത്തെ വർഷം.. എല്ലാവർഷവും ജോലിചെയ്യുന്ന സ്കൂളിൽ പുൽക്കൂട് നിർമ്മിക്കുന്നത് ഞാനാണ്..
മുൻ വർഷങ്ങളിലൊക്കെ സ്കൂളിൽ പുൽക്കൂട് നിർമ്മിക്കുമ്പോൾ കുട്ടികൾ വന്ന് സഹായിക്കുമായിരുന്നു..
പുൽക്കൂട്ടിൽ വെക്കാനുള്ള ഉണങ്ങിയ പുല്ലുകൾ. മരക്കമ്പുകൾ.. അലങ്കാര വസ്തുക്കൾ ,, ഇവയെല്ലാം കുട്ടികൾ സംഘടിപ്പിച്ച് കൊണ്ടു വന്നു തരുമായിരുന്നു..
പുൽക്കൂട് നിർമ്മാണത്തിൽ സഹായിക്കുക എന്നത് കുട്ടികൾക്ക് വലിയ ഹരമായിരുന്നു..
ഈ വർഷം സ്കൂളിൽ പുൽക്കൂട് നിർമ്മിച്ചപ്പോൾ കുട്ടികൾ ആരും ആ ഭാഗത്തേക്ക് വന്നില്ല. വന്ന കുട്ടികൾ പരിഹാസ ചോദ്യങ്ങളും . ഇതിനിടയിൽ അലങ്കാരവസ്തുക്കൾ അഴിച്ചു മാറ്റാൻ ശ്രമിക്കുന്നവർ വേറെയും…
സ്കൂളിൽ പുൽക്കൂട് നിർമ്മിച്ചപ്പോൾ നാലു ദിവസവും എന്നോടൊപ്പം സഹായിയായി ഉണ്ടായിരുന്ന പ്യൂൺ ഷാനോചേട്ടൻ,പറഞ്ഞ വാക്കുകൾ..

എന്തിനാണ് ഈ പുൽക്കൂട് എന്നൊക്കെ ആളുകൾക്ക് തോന്നാം.
പക്ഷേ ഈ പുൽക്കൂട് കാണുന്ന ചില കുട്ടികൾക്കെങ്കിലും വീട്ടിൽ പുൽക്കൂട് ഒരുക്കാനുള്ള ഒരു പ്രചോദനമാണ്… .
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.. അതുപോലെതന്നെ
പുൽക്കൂട് ഒരുക്കുന്നവരെ ആരും അറിയാറില്ല,, പക്ഷേ അവർ നിർമ്മിച്ച പുൽക്കൂട് അനേകർക്ക് അനുഭവമാകും…
പ്യൂണായ ആ വ്യക്തി തന്റെ ജോലിത്തിരക്കിലും പുൽക്കൂട് നിർമ്മിക്കാൻ എന്നെ സഹായിച്ചതും അതുകൊണ്ടുതന്നെ

തലമുറകളായി തുടർന്നുപോരുന്ന ആഹ്ലാദത്തിന്റെ അനുഭവം പങ്കുവെക്കുന്ന സ്നേഹത്തിന്റെ ഉണ്ണി പുൽക്കൂട് ഒരു ശിശുവിനെ പോലെ ചെറുതായികൊണ്ട് നമുക്ക് നമ്മുടെ പുതുതലമുറയിലേക്ക് പകർന്നു നൽകാം.
കാരണം പുതുതലമുറ പുൽക്കൂടിനെ വെറും കളിക്കൂടായി കാണുകയാണ്..


.
പുൽക്കൂട് നിർമ്മിക്കുന്നവർ ശിശുവിനെ പോലെ നിഷ്കളങ്കർ ആയി മാറുകയാണ്..
നമ്മളും നമ്മുടെ തലമുറയും എല്ലാവരും ശിശുക്കളെപ്പോലെ നിഷ്കളങ്കരായി മാറട്ടെ….

സാബു ആരക്കുഴ

നിങ്ങൾ വിട്ടുപോയത്